Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജാതി രാഷ്ട്രീയത്തിന്റെ വക്താക്കളുമായി കൂട്ടില്ല; മുന്നോട്ടു വയ്ക്കുന്നതു സാമൂഹ്യനീതിയുടെ രാഷ്ട്രീയം: 41 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലത്തിനു പറയാനുള്ളത്

ജാതി രാഷ്ട്രീയത്തിന്റെ വക്താക്കളുമായി കൂട്ടില്ല; മുന്നോട്ടു വയ്ക്കുന്നതു സാമൂഹ്യനീതിയുടെ രാഷ്ട്രീയം: 41 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലത്തിനു പറയാനുള്ളത്

എം പി റാഫി

കോഴിക്കോട്: രാഷ്ട്രീയ കക്ഷിയായി രൂപമെടുത്തശേഷം ആദ്യമായാണ് വെൽഫെയർ പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത രീതിയിൽ മത്സരരംഗത്തുറപ്പിച്ച വെൽഫെയർ പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 41 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്.

പാർട്ടിയുടെ നയനിലപാടുകളും കാഴ്ചപ്പാടുകളും സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം മറുനാടൻ മലയാളിയോടു പങ്കുവെയ്ക്കുകയാണ്. ജാതി ശക്തികളായി നിന്ന് നിലവിലുള്ള രാഷ്ട്രീയത്തിൽ സമ്മർദം ചെലുത്തുന്ന ഒരു വിഭാഗമായും ഞങ്ങൾ കൂട്ടുകൂടില്ലെന്നു മാത്രമല്ല, വോട്ട് അഭ്യർത്ഥിക്കുകയില്ലെന്നും സാമൂഹ്യ നീതിയുടെ രാഷ്ട്രീയമാണ് മുന്നോട്ടു വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടത്, വലത് മുന്നണികളുടെ രാഷ്ട്രീയ നിലപാടുകൾ കോർപ്പറേറ്റുകളാണ് രൂപപ്പെടുത്തുന്നതെന്നും ഈ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മറുനാടനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മങ്കട മണ്ഡലത്തിൽ സ്ഥാനാർത്ഥി കൂടിയായ വെൽഫെർ പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം:

  • വെൽഫെയർ പാർട്ടി ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയ-വികസന കാഴ്ചപ്പാട് എന്തൊക്കെയാണ്?

ങ്ങൾ അടിസ്ഥാനമായി സമൂഹത്തോട് പറയുന്നത്, പ്രത്യേകിച്ച് നിലവിൽ കേരളത്തിന്റെ വികസന കാഴ്പ്പാടുകൾ അടിസ്ഥാന വിഭാഗങ്ങളെ മറന്നും പരിസ്ഥിതിയെ മറുന്നുമുള്ളതാണ്. ഈ വികസന കാഴ്ചപ്പാടാണ് കുറച്ചു കാലങ്ങളായി ഇരു മുന്നണികളും കേരളത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി ഓരോ പൗരനേയും സ്വയം പര്യാപ്തനാക്കുക, അഭിമാന ബോമുള്ളവനാക്കുക, അന്തസുള്ളവനാക്കുക, സ്വയം ആശ്രയിക്കുന്നതിലേക്ക് എത്തിക്കുക ആ രീതിയിലുള്ള വികസന കാഴ്ചപ്പാടുമായിട്ടാണ് ഞങ്ങളുടെ പാർട്ടി ജനങ്ങളെ അഭിമുഖീകരിക്കുന്നത്. പ്രത്യേകിച്ച് വികസനം എന്നത് കെട്ടു കാഴ്ചയായും കോൺഗ്രീറ്റ് കാടുകളായും ഭാരാന്തമായ വികസന പ്രവർത്തനങ്ങളുമായും വ്യാഖ്യാനിക്കുന്ന രീതിയാണ് രണ്ട് മുന്നണികളും കാണിച്ചുകൊണ്ടിരുന്നത്. ഞങ്ങൾ പറയുന്നത് അടിസ്ഥാനാവശ്യങ്ങളുടെ നിർവഹണത്തിലൂടെയായിരിക്കണം വികസനത്തെ വിലയിരുത്തേണ്ടത്. അതുപോലെ രാജ്യത്തിന്റെ ആഭ്യന്തരമായ ഉൽപാദന സാധ്യതകളുള്ള മേഖലകളെ പുരോഗമിപ്പിച്ചു കൊണ്ടായിരിക്കണം വികസനം. വികസനമെന്നത് മനുഷ്യബന്ധുവായിരിക്കണം പരിസ്ഥിതി സൗഹൃദമായിരിക്കണം സുസ്ഥിരമായിരിക്കണം വികസനത്തിന്റെ നേട്ടങ്ങൾ ഏറ്റവും അടിത്തട്ടിലുള്ള പ്രവർതത്തകനും ലഭ്യമാകുന്നതായിരിക്കണം. മനുഷ്യരുടെ ഭൂമി, കുടിവെള്ളം, വസ്ത്രം, ഭക്ഷണം, പാർപ്പിടം, ചികിത്സ, വിദ്യാഭ്യാസം എന്നീ മൗലിക അവകാശങ്ങളുടെ പൂർത്തീകരണം ഉറപ്പു വരുത്തുക. അതിനു വേണ്ടിയാണ് യഥാർത്ഥത്തിൽ വെൽഫെയർ പാർട്ടി ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

  • സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങൾക്ക് ഊന്നൽ നൽകുന്നതാണോ വെൽഫെയർ പാർട്ടിയുടെ പ്രവർത്തനം?

വെൽഫെയർ പാർട്ടിയുടെ സ്വഭാവമെന്നു പറയുന്നത് ഒരു മതേതര ജനാധിപത്യ പ്രസ്ഥാനമാണ് എന്നതാണ്. എല്ലാ വിഭാഗം ആളുകളെയും അത് ഉൾക്കൊള്ളുന്നു. അതിന്റെ നേതൃത്വത്തിലും അതിന്റെ മൊത്തം പ്രകൃതത്തിലും അതുണ്ട്. അതേസമയം ഇന്ത്യയിലെ സാമൂഹിക അവസ്ഥ ഞങ്ങൾ അടിസ്ഥാനപരമായി പരിഗണിക്കുന്നു. ജാതീയതയിൽ അതിഷ്ടിതമായ ഒരു സമൂഹിക ക്രമമാണ്. അതുകൊണ്ടു തന്നെ ചരിത്രപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളാണ് ദളിത് ആദിവാസി വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും. ആ അർത്ഥത്തിൽ സാമൂഹിക നീതി നിഷേധിക്കപ്പെട്ടവർ, അടിസ്താനാവശ്യങ്ങൾ ഇനിയും സാധിച്ചിട്ടില്ലാത്തവർ എന്ന അർത്ഥത്തിൽ ഇവിടെയുള്ള ദളിത്, ആദിവാസി, പിന്നോക്ക, മതന്യൂന പക്ഷങ്ങളുടെ പ്രശ്‌നങ്ങളെ പാർട്ടി ഏറ്റെടുക്കുന്നുണ്ട്. പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നത് ഒരിക്കലും ജാതിയമായോ സാമുദായികമായോ അല്ല. പ്രശ്‌നങ്ങൾ ഉള്ളവരെന്ന അർത്ഥത്തിലും പ്രശ്‌നങ്ങൾക്ക് കാരണമുണ്ടെന്ന ബോധ്യത്തിലും സാമൂഹിക നീതി എന്ന ഭരണകടനയുടെ പൂർത്തീകരണത്തിനു വേണ്ടി ഞങ്ങളുടെ ഊന്നൽ അത്തരം വിഭാഗങ്ങഴളുടെ കാര്യങ്ങളിലാണുള്ളത്.

  • ജമാഅത്തേ ഇസ്ലാമിയുടെ രാഷ്ട്രീയ ഘടകമാണ് വെൽഫെയർ പാർട്ടിയെന്ന പ്രചാരണം മറ്റു ജനവിഭാഗങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ കാരണമാകില്ലേ?

ഥാർത്ഥത്തിൽ പാർട്ടിയുടെ നാലു വർഷത്തെ പ്രവർത്തന അനുഭവത്തിൽ നിന്നും പൊതു സമൂഹം അത്തരം ആരോപണങ്ങൾ ഇപ്പോൾ പാർട്ടിക്കെതിരെ ഉന്നയിക്കാറില്ല. അതിനു കാരണം ഞങ്ങളുടെ പാർട്ടി സ്വന്തമായി അസ്ഥിത്വമുള്ള പാർട്ടിയാണ്. വെൽഫെയർ പാർട്ടിയെന്നത് സ്വന്തമായി നയരൂപീകരണങ്ങളും നയങ്ങളുമുള്ള പാർട്ടിയാണ്. ദേശീയ സംസ്ഥാന തലങ്ങളിൽ ഫെഡറലൽ വർക്കിങ് കമ്മിറ്റികൾ, സ്റ്റേറ്റ് തലത്തിൽ ജനറൽ കൗൺസിൽ, ജില്ലാ കമ്മിറ്റികൾ ഏറ്റവും അടിത്തട്ടിലുള്ള ലോക്കൽ കമ്മിറ്റികൾ വരെ ബാലറ്റ് പേപ്പർ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തിലൂടെ നേതാക്കളെ തെരഞ്ഞെടുക്കുന്ന രജിസ്റ്റേർഡ് ആയ സ്വന്തം അസ്ഥിത്വമുള്ള പാർട്ടിയാണ് വെൽഫെയർ പാർട്ടി. പാർട്ടിയുടെ സമിതികളെടുക്കുന്ന തീരുമാനമനുസരിച്ചാണ് അത് മുന്നോട്ടു പോവുക. ഇവിടെ രാഷ്ട്രീയ പാർട്ടികളുടെ അരാഷ്ട്രീയ വൽക്കരണം കൊണ്ട് നവ സാമൂഹിക പ്രസ്ഥാനങ്ങൾ, ചെറിയ ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പരിസ്ഥിതി, മനുഷ്യാവകാശ സംഘടനകൾ ഒക്കെയാണ് ഇന്ത്യൻ രാഷ്ട്രീയത്തെ യഥാർത്ഥമായി പ്രതിനിധീകരിക്കുന്നത്. അത്തരം സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും ഇവിടെ സർക്കാറിൽ സമ്മർദം ചെലുത്താനും ചില കാര്യങ്ങൾ നേടിയെടുക്കാനും പറ്റും. ഇതിനുമപ്പുറത്ത് ഈ സിവിൽ പോളിറ്റിക്‌സ് അധികാരത്തിൽ വന്നാലാണ് അത് മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളെ കൃത്യമായി നടപ്പിലാക്കാൻ കഴിയൂ എന്ന ചിന്തകളിൽ നിന്ന് ഇവരെല്ലാം കൂടിച്ചേർന്നപ്പോഴാണ് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പ്രസ്ഥാനമുണ്ടായത്. അതിന്റെ രാഷ്ട്രീയം വേരൂന്നുന്നത് സിവിൽ പൊളിറ്റിക്‌സിലും വളരുന്നതും വലുതാകുന്നതും അതിന്റെ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനും പവർ പൊളിറ്റിക്‌സിനും വേണ്ടിയാണ്. ജമാഅത്തേ ഇസ്ലാമിയുടെ പൊളിറ്റിക്‌സ് എന്നത് അവരുടെ നിലപാടിന്റെ ഭാഗമാണ്. അവരുടെ ചരിത്രം പരിശോധിച്ചാൽ അറിയാം പല സന്ദർഭങ്ങളിലും മൂല്യബോധമുള്ള രാഷ്ട്രീയത്തെ പിന്തുണക്കുന്ന നിലപാട് അവർക്കുണ്ടായിരുന്നു. പല കാലങ്ങളിൽ വ്യത്യസ്ത മുന്നണികളെ അവർ പിന്തുണക്കുകയാണുണ്ടായത്. എന്നിട്ട് ഈ മുന്നണികൾക്കൊന്നും യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതുപോലെ തന്നെ വെൽഫെയർ പാർട്ടി മുന്നോട്ടു വെയ്ക്കുന്ന സാമൂഹ്യനീതി എന്ന രാഷ്ട്രീയം ഇവിടെ പുലരണമെന്നും നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നതു കൊണ്ടാണ് അവർ ഞങ്ങളെ പിന്തുണക്കുന്നത്. ഇനി അവർ ഉദ്ദേശിച്ച രീതിയിൽ അല്ല വെൽഫെയർ പാർട്ടി എങ്കിൽ ജമാഅത്തെ ഇസ്ലാമി കൂടെ ഉണ്ടാവില്ല. ജമാഅത്തെ ഇസ്ലാമി കൂടെയുള്ളത് പോസിറ്റീവായാണ് ഇപ്പോൾ ഞങ്ങൾ കാണുന്നത്. മുമ്പ് എൽ.ഡി.എഫിന് അവരുടെ പിന്തുണ കിട്ടിയിട്ടും പോസിറ്റീവായിട്ടാണല്ലോ എൽഡിഎഫും കണ്ടിരുന്നത്. പിന്നെ വെൽഫെയർ പാർട്ടി മാത്രം നെഗറ്റീവായി കാണേണ്ടതില്ലല്ലോ.

  • സാമുദായിക പിന്തുണ പാർട്ടി പ്രതീക്ഷിക്കുന്നുണ്ടോ?

തസംഘടനകളും സാമുദായികമായുള്ള ചേരികളും കേരളത്തിൽ മാത്രമാണ് ഇത്രയും ശക്തമായിട്ടുള്ളത്. ഇവിടത്തെ സാമുദായിക രാഷ്ട്രീയത്തിലാണ് മതസംഘടനകൾ ഒരു അളവോളമുള്ളത്. എന്നാൽ ഇതേ മത സംഘടനകളുടെ ആളുകൾ ഇവിടത്തെ സെക്യുലർ പാർട്ടികളിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ വെൽഫെയർ പാർട്ടിയിൽ സുന്നി, മുജാഹിദ് തുടങ്ങി വിവിധ മുസ്ലിം വിഭാഗങ്ങളും വ്യത്യസ്ത മത വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഏത് പാർട്ടിയിൽ പ്രവർത്തിക്കണമെന്നും രാഷ്ട്രീയം വേറെയാണെന്നും തിരിച്ചറിഞ്ഞ് തുടക്കം മുതലേ പ്രവർത്തിക്കുന്നവരാണ് അവർ. നാലു വർഷം ആയതുകൊണ്ടു തന്നെ ഇതര വിഭാഗങ്ങൾ ഞങ്ങളുടെ പാർട്ടിയിൽ കുറവാണ്. ഒരു പാർട്ടി എന്ത് മുന്നോട്ടു വെയ്ക്കുന്നു ഏത് രീതിയിലായിരിക്കും അതിന്റെ പ്രവർത്തനം അതനുസരിച്ചായിരിക്കും പൊതു സമൂഹത്തിൽ നിന്നും പിന്തുണ ലഭിക്കുക. ഇത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഞങ്ങൾ തിരിച്ചറിഞ്ഞതാണ്. 42 സീറ്റുകളിൽ ഞങ്ങൾക്ക് വിജയം നേടാൻ സാധിച്ചു. ആർഎസ്എസ് കാര്യാലയത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും മത സാമുദായിക കേന്ദ്രങ്ങളിലോ പോയി ഞങ്ങൾ ഒരിക്കലും വോട്ടഭ്യർത്ഥിക്കുകയില്ല. ഇത്തരം വോട്ടുകൾ ഞങ്ങൾ ചോദിച്ചു വാങ്ങുകയോ ഈ വോട്ടിനായി മറ്റേതതെങ്കിലും വഴി സ്വീകരിക്കുകയോ ഇല്ല. മാത്രമല്ല, ജാതി ശക്തികളായി നിന്ന് നിലവിലുള്ള രാഷ്ട്രീയത്തിൽ സമ്മർദം ചെലുത്തുന്ന ഒരു വിഭാഗമായും ഞങ്ങൾ വോട്ട് അഭ്യർത്ഥിക്കുകയില്ല.

  • പരമ്പരാഗത പാർട്ടികൾക്കിടയിൽ പാർട്ടിയുടെ നിലനിൽപ്പ് എത്രമാത്രമാണ്?

രമ്പരാഗമായ പാർട്ടികളുടെ നയനിലപാടുകൾ ഒന്നായികൊണ്ടിരിക്കുന്ന ഈ കാലത്ത് സമൂഹത്തെയും രാഷ്ട്രത്തെയും രക്ഷപ്പെടുത്തുക എന്ന വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വ നിർവഹണത്തിനു വേണ്ടിയാണ് വെൽഫെയർ പാർട്ടി രംഗത്ത് വരുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെത്തെ രാഷ്ട്രീയ പാർട്ടികളുടെയെല്ലാം നിലപാട് രൂപീകരിക്കുന്നത് കോർപ്പറേറ്റുകളാണ്. ഉമ്മൺ ചാണ്ടി സർക്കാറിന്റെ വികസന കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമല്ല സിപിഎമ്മിന്റെ പഠന കോൺഗ്രസിൽ ചർച്ച ചെയ്യുന്നത്. ഇവർ തമ്മിൽ വ്യത്യസ്ഥതയുള്ളതായി തോന്നുന്നില്ല. പിന്നെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയമെന്നത് സാമുദായികമാണ്. ആത്മീയതയെ വോട്ടുബാങ്കാക്കി ജനത്തെ വഞ്ചിക്കുന്ന സമീപനമാണ് മുസ്ലിം ലീഗിന്റേത്. അതിനോട് യോജിപ്പുള്ളവരല്ല ഞങ്ങൾ. ജാതി, മതത്തിനു അപ്പുറത്തായിരിക്കണം പാർട്ടിയും നിലപാടുകളും വേണ്ടത്. പ്രത്യേകിച്ച് ഫാസിസ്റ്റ് വർഗീയ പാർട്ടികൾ ശക്തിപ്പെടുന്ന കാലഘട്ടത്തിൽ. ഞങ്ങൾ ഉയർത്തുന്ന ആശയങ്ങളാണ് അതിന്റെ സാധ്യതകളെ വെട്ടിതുറക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ പതിനൊന്ന് സ്റ്റേറ്റിൽ ഈ പാർട്ടി പ്രവർത്തിക്കുന്നുണ്ട്. ബംഗാളിൽ 18 വാർഡ് മെമ്പർമാരും തെലുങ്കാനയിൽ 25 പഞ്ചായത്ത് പ്രസിഡന്റുമാരും കാർണാടകയിൽ 30 വാർഡ് മെമ്പർമാരുമുണ്ട്. കേരളത്തിൽ ഇപ്പൊ 42 വാർഡ് മെമ്പർമാരെ കിട്ടി. ഇത് തെളിയിക്കുന്നത് ഞങ്ങൾക്ക് ഇവിടെ സ്‌പേസ് ഉണ്ടെന്നും വളർച്ചയുണ്ടെന്നുമാണ്. ഇവിടത്തെ ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കാൻ സഹായിച്ചാൽ തീർച്ചയായും ജനം ഏറ്റെടുക്കുകയും ഇവിടെ നിലനിൽപ്പ് സാധ്യമാകുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ.

  • നിലവിൽ എത്ര സീറ്റുകളിലാണ് വെൽഫെയർ പാർട്ടി മത്സരരംഗത്തുള്ളത്?

നിയമസഭാ തെരഞ്ഞെടുപ്പിൽ 41 മണ്ഡലങ്ങളിലാണ് ഞങ്ങൾ മത്സര രംഗത്തുള്ളത്. സ്ഥാനാർത്ഥികൾ കൂടുതലുള്ളത് മലബാർ ജില്ലകളിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട്, കാസർകോഡ് ജില്ലകളിൽ ഒരു സ്ഥാനാർത്ഥികൾ വീതവും ആലപ്പുഴ, തൃശൂർ ജില്ലകളിൽ രണ്ടും പാലക്കാട് -3ഉം എറണാകുളം, കണ്ണൂർ ജില്ലകളിൽ അഞ്ചും കോഴിക്കോട് ആറും മലപ്പുറത്ത് 12ഉം സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. പാർട്ടിയുടെ പ്രത്യേകത എന്നത് കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ഘടകങ്ങളുണ്ടെയെന്നതാണ്. 120 മണ്ഡലങ്ങളിൽ പാർട്ടിക്ക് ഘടകങ്ങളും കീഴ്ഘടകങ്ങളുമുണ്ട്.

  • ഈ തെരഞ്ഞെടുപ്പിൽ എത്രമാത്രം നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ?

ലരും അത് നിരീക്ഷിച്ചതും എഴുതിയതുമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ വോട്ടുബാങ്കിൽ വലിയ അസ്വസ്ഥതകളും ആശങ്കകളും സൃഷ്ടിക്കുകയെന്നതാണ് ഈ തെരഞ്ഞെടുപ്പിൽ സംഭവിക്കാൻ പോകുന്നത്. അത് സൃഷ്ടിക്കുന്നു എന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. സാധാരണ ഗതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വിജയ പരാജയങ്ങളെ മുൻകൂട്ടി കാണാൻ കഴിയുന്ന ഒരു വോട്ട് ബാങ്ക് ഉണ്ടായിരുന്നു. ഇന്ന് അത് ഇല്ലാതായിരിക്കുന്നു. ഞാൻ ഇപ്പോൾ മത്സരിക്കുന്ന മങ്കട മണ്ഡലത്തിൽ തന്നെ രണ്ട് പഞ്ചായത്തിൽ ഭരണ മാറ്റം സംഭവിച്ചത് വെൽഫെയർ പാർട്ടിയുടെ രംഗ പ്രവേശനം കൊണ്ടാണ്. എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്ത വിധം പരമ്പരാഗത പാർട്ടികളുടെ വോട്ടുകൾ ഞങ്ങൾക്ക് കിട്ടുന്നുണ്ട്. ഇതെല്ലാം ഞങ്ങളുടെ കേഡർ വോട്ടുകളല്ല, അതിനപ്പുറമുള്ള പൊതു വോട്ടുകൾ ഞങ്ങൾക്ക് കിട്ടി തുടങ്ങിയിട്ടുണ്ട്. അത് ഇത്തവണ കുറച്ചു കൂടി കൂടും.

  • എത്ര സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്?

ത് ഞങ്ങളുടെ ആദ്യത്തെ നിയമസഭാ മത്സരമാണ്. ആദ്യമായാണ് ഞങ്ങൾ അസംബ്ലി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ലോക്‌സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഈ തെരഞ്ഞെടുപ്പുമായി ഒരുപാട് വ്യത്യാസമുണ്ട്. ഇതെല്ലാം പരിഗണിച്ച് ഞങ്ങൾക്കു പറയാനുള്ള മറുപടി, വെൽഫെയർ പാർട്ടിയെന്നത് തള്ളിക്കളയാൻ പറ്റാത്ത പ്രബല ശക്തിയാണ് എന്നത് ബോധ്യപ്പെടും. ആ രീതിയിലുള്ള ശക്തമായ പ്രകടനം വെൽഫെയർ പാർട്ടി കാഴ്ചവെയ്ക്കും. അക്കൗണ്ട് തുറക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ ഉള്ളത്. അതാണ് ഞങ്ങളുടെ പ്രതീക്ഷയും. പിന്നെ റിസൾട്ടിനെ കുറിച്ച് പത്തൊമ്പതാം തിയ്യതിക്കു ശേഷം മാത്രമല്ലെ പറയാൻ പറ്റുകയുള്ളൂ. പ്രത്യേകിച്ച് രാഷ്ട്രീ ട്രെന്റ് മാറികൊണ്ടിരിക്കുന്ന, മാറ്റം വേണമെന്ന് ജനം ആഗ്രഹിക്കുന്ന സാഹചര്യത്തിൽ.

  • അക്കൗണ്ട് തുറന്നാൽ ഏത് മുന്നണിയോടൊപ്പമായിരിക്കും നിലകൊള്ളുക?

വിടെ എങ്ങിനെയാണ് ഗവൺമെന്റ് രൂപ്പപെടുന്നത് എന്നുള്ള സ്വഭാവവും രീതിയുമെല്ലാം പരിഗണിച്ചായിരിക്കും ആ തീരുമാനം എടുക്കുക. രണ്ട് മുന്നണികളും സംതൃപ്തമല്ലാത്ത അനുഭവങ്ങൾ പകർന്നു നൽകിയതു കൊണ്ടാണല്ലോ ഞങ്ങൾ മത്സരിക്കുന്നതു തന്നെ. ഞങ്ങളുടേതായ ഒരു അസ്ഥിത്വത്തിനു വേണ്ടിയാണല്ലോ വെൽഫെയയർ പാർട്ടി മത്സര രംഗത്തുള്ളത്. എന്നിരുന്നാലും ഒരു ഗവൺമെന്റ് രൂപപ്പെടുമന്നത് തീർച്ചയാണ്. ഈ സാഹചര്യത്തിൽ ഏത് ഗവൺമെന്റായിരിക്കും നന്നാവുക, അതിന്റെ സാധ്യതകൾ എന്തൊക്കെയാണ്, അവർ എങ്ങിനെയൊക്കെയാണ് നീക്കുപോക്കുകൾ രൂപപ്പെടുത്തുന്നത് എന്നൊക്കെ നോക്കിയിട്ട് മാത്രമെ അഭിപ്രായം പറയാൻ പറ്റൂ. പ്രത്യേകിച്ച് കേരളത്തിൽ ബിജെപിയുടെ ഒരു പ്രവേശനത്തെ ഒരുപക്ഷെ അധികാര തുടർച്ചക്കു വേണ്ടി ആരെങ്കിലും അതിനെ തെറ്റായ വഴിയിൽ വടകര, ബേപ്പൂർ മോഡൽ ഉപയോഗപ്പെടുത്തുന്ന ഒരു അന്തരീക്ഷം രൂപ്പപെട്ടു വരികയാണെങ്കിൽ അതുണ്ടാക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തെ സ്വാഭാവികമായും മറികടക്കാൻ ആവശ്യമായ കാര്യങ്ങൾ അപ്പോൾ സ്വീകരിക്കും. ഇപ്പോഴത്തെ അന്തരീക്ഷത്തിൽ അത് മുൻകൂട്ടി പറയാൻ കഴിയില്ല.

  • വെൽഫെയർ പാർട്ടി നടത്തി വന്നിരുന്ന ഭൂസമരങ്ങളും ഇടപെടലും വോട്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

തീർച്ചയായും പ്രതീക്ഷിക്കുന്നു. ധാരാളം ഭൂരഹിതർ ഞങ്ങളോടൊപ്പമുണ്ട്. ഭൂരഹിതരായ സ്ത്രീകളാണ് അധികവും ഞങ്ങളോടൊപ്പം നിൽക്കുന്നതും സമരഭൂമിയിൽ എത്തിച്ചേർന്നതും. ഭൂ സമരങ്ങൾ ഞങ്ങൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ട് കഴിഞ്ഞ കാലങ്ങളേക്കാളും ഏറെ പിന്തുണ ഇത്തവണ ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഞങ്ങൾക്ക് തീരെ സ്വാധീനമില്ലാതിരുന്ന അങ്കമാലി, ചാലക്കുടി പോലുള്ള പ്രദേശങ്ങളിൽ 1500ൽ അധികം വോട്ട് ഞങ്ങൾക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിക്കുകയുണ്ടായി. ഇതു ഞങ്ങൾ പഠന വിധേയമാക്കിയപ്പോൾ ഭൂരഹിതരുടെ വോട്ടുകളാണെന്ന് മനസിലാക്കാൻ സാധിച്ചു. അവിടെ ആയിരത്തോളം ആളുകൾക്ക് ഭൂമി വാങ്ങിക്കൊടുക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. വരും കാലങ്ങളിൽ ഭൂരഹിതരോടൊപ്പം നിൽക്കാനാണ് ഞങ്ങളുടെ തീരുമാനം.

വെൽഫെയർ പാർട്ടി മത്സരിക്കുന്ന സീറ്റുകളും സ്ഥാനാർത്ഥികളും

 

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP