Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കന്നഡയും തുളുവും മറാഠിയും മലയാളവും ഇവിടെ കേൾക്കാം; ഭാഷാന്യൂനപക്ഷങ്ങൾ ജനവിധിയെ മാറ്റിമറിക്കും; ത്രികോണ പോരിൽ തിളച്ച് കാസർഗോഡ്; മഞ്ചേശ്വരം കടക്കാൻ ബിജെപിക്കാകുമോ? ഉദുമയിൽ താരമാകാൻ സുധാകരന് കഴിയുമോ?

കന്നഡയും തുളുവും മറാഠിയും മലയാളവും ഇവിടെ കേൾക്കാം; ഭാഷാന്യൂനപക്ഷങ്ങൾ ജനവിധിയെ മാറ്റിമറിക്കും; ത്രികോണ പോരിൽ തിളച്ച് കാസർഗോഡ്; മഞ്ചേശ്വരം കടക്കാൻ ബിജെപിക്കാകുമോ? ഉദുമയിൽ താരമാകാൻ സുധാകരന് കഴിയുമോ?

രഞ്ജിത് ബാബു

കാസർഗോഡ്: കന്നട മനസ്സുള്ള മഞ്ചേശ്വരവും കാസർഗോഡും ഐക്യ കേരളത്തിൽ ചേർത്തപ്പോൾ എതിർപ്പുമായി വന്നവരായിരുന്നു ഈ മേഖലയിലുള്ളവർ. കർണ്ണാടക സമിതിയുടെ പ്രാദേശിക വാദങ്ങൾ ചെറുത്തു തോൽപ്പിച്ചതിൽ കോൺഗ്രസ്സിനും സിപിഐ.(എം). നും മുസ്ലിം ലീഗിനും ഒരു പോലെ പങ്കുണ്ട്. കാസർഗോഡ് ജില്ലയിലെ ഈ രണ്ട് മണ്ഡലങ്ങളിലും കർണ്ണാടകക്കാരായിരുന്നു ഒരു കാലത്ത് ഭൂരിപക്ഷം. എന്നാൽ കാസർഗോഡ് സ്ഥിതി മാറി. ഇന്ന് മഞ്ചേശ്വരത്ത് മാത്രമാണ് കർണ്ണാടക സ്വാധീനം പൂർണ്ണമായും ഉള്ളത്. മഞ്ചേശ്വരത്തെത്തിയാൽ ഇത് കേരളമാണോ എന്ന് ഏതൊരാളും സംശയിക്കും.

തുളുവും കന്നടയും മറാഠിയും മലയാളം ചേർന്ന സങ്കര ഭാഷയും സംസാരിക്കുന്നവരാണ് ഇവിടെ. ഒരു കാലത്ത് മഞ്ചേശ്വരക്കാരായ സിപിഐ.(എം). രാമണ്ണറെയും കോൺഗ്രസ്സിലെ ഐ. രാമറായിയും കാസർഗോഡിനെ പ്രധിനിധീകരിച്ച് ലോകസഭയിൽ എത്തിയിരുന്നു. കേരള നിയമസഭയിൽ സിപിഐ.ക്കാരനായ സുബ്ബറാവു മന്ത്രിയുമായിരുന്നു. അതല്ലാം പഴയ കഥ. ഭാഷാ ന്യൂനപക്ഷങ്ങളിലെ ഒരു പ്രതിനിധി നിയമസഭയിലെങ്കിലും സാമാജികരാകണമെന്ന അവരുടെ ആഗ്രഹം ഇന്ന് വിലപ്പോകുന്നില്ല. ഒരു മുന്നണിയും അവരെ പരിഗണിക്കാറുമില്ല.

ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം കാസർഗോഡ് ജില്ല ആർക്കൊപ്പം എന്നതാണ്. മൂന്ന് മുന്നണികളും അവകാശപ്പെടുന്നത് മഞ്ചേശ്വരം സ്വന്തമാക്കുമെന്നാണ്. യു.ഡി.എഫ് മുസ്ലിം ലീഗിനു നല്കിയ സീറ്റിൽ പി.സി. അബ്ദുൾ റസാക്ക് രണ്ടാം തവണയാണ് ജനവിധി തേടുന്നത്. ബിജെപി.യിലെ കെ.സുരേന്ദ്രൻ തന്നെ വീണ്ടും ഇവിടെ അങ്കം കുറിക്കുന്നു. ബിജെപി. അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. 2006 ലെ തിരഞ്ഞെടുപ്പിൽ മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയെ അട്ടിമറിച്ച് എൽ.ഡി.എഫിലെ സി.എച്ച് കുഞ്ഞമ്പു ജയിച്ചതും ചരിത്രം.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 14 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും 5,828 വോട്ടിന്റെ ഭൂരിപക്ഷം നേടിയ യു.ഡി.എഫിലെ അബ്ദുൾ റസാക്ക് വിജയം ഉറപ്പെന്ന വിശ്വാസത്തിലാണ്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പോരടിക്കുന്ന മണ്ഡലമായി മാറിയിരിക്കയാണ് മഞ്ചേശ്വരം. മൂന്ന് പേർക്കും ഈ മണ്ഡലം പ്രതീക്ഷയും നൽകുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ കെ.സുരേന്ദ്രനും സി.എച്ച്്് കുഞ്ഞമ്പുവും സിറ്റിങ് എംഎ‍ൽഎ. യായ അബ്ദുൾ റസാക്കും മഞ്ചേശ്വരം തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മ വിശ്വാസത്തിലാണ്.

ഇടതു മുന്നണിയുടെ ബാലികേറാമലയാണ് കാസർഗോഡ്. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രവും. മുസ്ലിം ലീഗും അഖിലേന്ത്യാ ലീഗും തമ്മിലായിരുന്നു 1982 വരെ ഇവിടുത്തെ പ്രധാന മത്സരം. 87 ൽ ബിജെപി. രണ്ടാം സ്ഥാനത്ത് എത്തിയതോടെ മുസ്ലിം ലീഗ് കരുതലോടെ പ്രവർത്തിക്കുകയാണ്. ഐ.എൻ എൽ. ൽ നിന്നും കൂടുമാറി ലീഗിലെത്തിയ എൻ.എ. നെല്ലിക്കുന്ന് വീണ്ടും ജനവിധി തേടുകയാണ് ഇവിടെ. കുണ്ടാർ രവീശ തന്ത്രിയെയാണ് ബിജെപി.യുടെ സ്ഥാനാർത്ഥിയാക്കി നിർത്തിയിട്ടുള്ളത്. മനസ്സില്ലാ മനസ്സോടെ ഐ.എൻ.എൽ. ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ. എ.എ. അമീൻ ഇവിടെ പോരിനിറങ്ങിയിട്ടുണ്ട്.

ഐ.എൻ.എൽ ലെ പഴയ കാല സൗഹൃദം മാറ്റി വച്ചാണ് ഇരുവരും അങ്കം വെട്ടുന്നത്. എൽ.ഡി.എഫ്. ഐ.എൻ.എൽ ന് നീക്കിവച്ച മണ്ഡലമായ കാസർഗോഡ് ഇത്തവണയും പതിവ് തെറ്റിക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 10,000 ത്തോളം വോട്ടിനാണ് നെല്ലിക്കുന്ന് കാസർഗോഡ് ജയിച്ചത്. എന്നാൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ലീഡ് 13,000 കവിഞ്ഞു. ഇവിടെ പ്രധാന മത്സരം മുസ്ലിം ലീഗും ബിജെപി.യും തമ്മിലാണ്. ഒരിക്കൽ പോലും ഈ മണ്ഡലത്തിൽ എൽ.ഡി.എഫിന് വിജയക്കൊടി നാട്ടാനായിട്ടില്ല.

കാസർഡോഡ് ജില്ലയിലെ സംസ്ഥാന ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലമായി മാറിയിരിക്കയാണ് ഉദുമ. കോൺഗ്രസ്സിലെ പ്രബലനായ കെ.സുധാകരൻ മണ്ഡലം പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ചാണ് കണ്ണൂർ വിട്ട് ഉദുമയിലേക്ക് എത്തിയത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 835 വോട്ടിന് യു.ഡി.എഫ് ലീഡ് ചെയ്തതോടെയാണ് കോൺഗ്രസ്സിന് ഈ മണ്ഡലത്തോട് പ്രണയം ജനിച്ചത്. 1987 ൽ കെ.പി. കുഞ്ഞിക്കണ്ണൻ പാറിച്ച ത്രിവകർണ്ണ പതാക വീണ്ടും പാറിക്കുമെന്ന വാശിയിലാണ് സുധാകരൻ പോരിനിറങ്ങിയത്. ഒരിക്കലും ഇല്ലാത്ത അവസ്ഥയിൽ ഈ മണ്ഡലം തിളച്ചു മറിയുകയാണ്. നിലവിലുള്ള എംഎ‍ൽഎ. കെ.കുഞ്ഞിരാമനെത്തന്നെ വീണ്ടും നിർത്തിയാണ് എൽ.ഡി.എഫിന്റെ പോരാട്ടം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11,350 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ എൽ.ഡി.എഫിനുണ്ട്.

സിപിഐ. (എം). ന്റെ മുഖ്യ ശത്രുവായ സുധാകരന് എതിരെ കതിരൂർ മനോജ് വധക്കേസിലെ പ്രതിയായ പി.ജയരാജൻ എത്തിയതും ഉദുമയുടെ പ്രത്യേകതയാണ്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയുള്ളതിനാൽ വടകരയിൽ നിന്നും വയനാട് വഴി കർണ്ണാടകത്തിലെത്തുകയും അവിടുന്ന സുള്ള്യ വഴി കാസർഗോഡ് ജില്ലയുടെ കിഴക്കൻ മലയോരം കടന്നാണ് ജയരാജൻ ഉദുമയിൽ പ്രചാരണത്തിനെത്തിയത്. ഉദുമയെ നിലനിർത്താൻ സിപിഐ.(എം). എത്രമാത്രം ശ്രമിക്കുന്നു വെന്ന് വേറെ ഉദാഹരണം തേടേണ്ടതില്ല. പ്രവചനങ്ങൾ ഇവിടെ അസാധ്യമാണ്. ബലാബലമായ പോരാട്ടം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 25,000 ലേറെ വോട്ടുകൾ ലഭിച്ച ബിജെപി. ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്തിനെ ഇറക്കിയാണ് മത്സരം കൊഴുപ്പിക്കുന്നത്.

ഇടതു മുന്നണിയുടെ തകർക്കാനാവാത്ത കോട്ടയാണ് കാഞ്ഞങ്ങാട്. സിപിഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ. ചന്ദ്രശേഖരനാണ് ഇവിടെ വീണ്ടും ജനവിധി തേടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേടിയ മുൻതൂക്കവും മുന്നണിയുടെ കെട്ടുറപ്പും ആത്മ വിശ്വാസം നൽകുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിത്വത്തിൽ പകച്ചു നിന്ന മണ്ഡലമാണ് കാഞ്ഞങ്ങാട്. ഡി.സി. സി. ജനറൽ സെക്രട്ടറിയായ ധന്യ സുരേഷ് ആണ് ഇവിടെ എതിർ സ്ഥാനാർത്ഥി. 2011 വരെ എസ്.സി. സംവരണ മണ്ഡലമായിരുന്ന ഹോസ്ദുർഗ്ഗ് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് കാഞ്ഞങ്ങാടായത്. 12, 178 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ഇവിടെ വിജയക്കൊടി നാട്ടിയത്. ഭൂരിപക്ഷത്തിന്റെ കാര്യത്തിലൊഴിച്ച് മണ്ഡലത്തിൽ ചരിത്രം ആവർത്തിക്കുമെന്ന് ഉറപ്പാണ്. എൻ.ഡി.എ. ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ എം. പി. രാഘവനും ഇവിടെ മത്സരിക്കുന്നു.

രണ്ട് കേരള മുഖ്യ മന്ത്രിമാരെ സംഭാവന ചെയ്ത മണ്ഡലമാണ് തൃക്കരിപ്പൂർ. പഴയ നീലേശ്വരം മണ്ഡലം പേര് മാറിയാണ് തൃക്കരിപ്പൂരായത്. സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പിൽ ഇ.എം. എസും 87 ലും 91 ലും ഇ.കെ. നായനാരേയും തെരഞ്ഞെടുത്ത മണ്ഡലം ഒരിക്കൽ പോലും തൃക്കരിപ്പൂരിൽ യു.ഡി.എഫിന് കടന്നു കയറാനായിട്ടുമില്ല. 2011 നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലോകസഭാ തെരഞ്ഞെടുപ്പിലും ഇടതു പക്ഷത്തിന്റെ ഈ കോട്ടയിൽ ഭൂരിപക്ഷം കുറഞ്ഞു കുറഞ്ഞു വരുന്നത് അവരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. 2011 ൽ 8,766 വോട്ടിന് കെ.കുഞ്ഞിരാമൻ ഇവിടെ വിജയിച്ചെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 3,451 വോട്ടായി കുറഞ്ഞു.

തൃക്കരിപ്പൂരിൽ പ്രതീക്ഷ അർപ്പിച്ചാണ് കെ.പി. കുഞ്ഞിക്കണ്ണനെ കോൺഗ്രസ്സ് കളത്തിലിറക്കിയിട്ടുള്ളത്. 2000 വോട്ട് കൂടുതൽ പിടിച്ചാൽ ഇവിടെ 87 ആവർത്തിക്കുമെന്നാണ് കുഞ്ഞിക്കണ്ണന്റെ പ്രതീക്ഷ. ബിജെപി. മണ്ഡലം വൈസ് പ്രസിഡണ്ട് എം. ഭാസ്‌ക്കരനാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. തൃക്കരിപ്പൂരിലെ പോരാട്ടവും ബലാബലത്തിലേക്ക് നീങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP