Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഴീക്കോട് ഇരുമുന്നണികളെയും കടത്തിവെട്ടി പി കെ രാഗേഷിന്റെ ശക്തമായ സാന്നിധ്യം; മരണവീട്ടിലും കല്യാണ വേദികളിലും മിന്നൽ പോലെയെത്തി വിമതൻ; യുഡിഎഫിനെ വിറപ്പിച്ച് പ്രചരണം: എൽഡിഎഫിന് വിജയപ്രതീക്ഷയേറി

അഴീക്കോട് ഇരുമുന്നണികളെയും കടത്തിവെട്ടി പി കെ രാഗേഷിന്റെ ശക്തമായ സാന്നിധ്യം; മരണവീട്ടിലും കല്യാണ വേദികളിലും മിന്നൽ പോലെയെത്തി വിമതൻ; യുഡിഎഫിനെ വിറപ്പിച്ച് പ്രചരണം: എൽഡിഎഫിന് വിജയപ്രതീക്ഷയേറി

രഞ്ജിത് ബാബു

കണ്ണൂർ: വിമതനെന്നും സ്വതന്ത്രനെന്നും വിളിക്കപ്പെടുന്ന കണ്ണൂരിലെ പി.കെ. രാഗേഷ് അഴീക്കോട് നിയമസഭാ മന്ദിരത്തിൽ അരങ്ങു തകർക്കുകയാണ്. മൂന്നുമുന്നണി സ്ഥാനാർത്ഥികളെക്കാൾ നേരത്തെ എന്നും മണ്ഡലത്തിൽ സാന്നിധ്യം ഉറപ്പിക്കുന്നത് രാഗേഷ് തന്നെ. 

മണ്ഡലത്തിന്റെ പരിധിയിൽ ആരെങ്കിലും മരിച്ചാലോ അപകടത്തിൽപ്പെട്ടാലോ അരമണിക്കൂറിനുള്ളിൽ ചുരുങ്ങിയത് ഇരുപതംഗ സംഘവുമായി രാഗേഷ് കുതിച്ചെത്തുന്നു. കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ്സ് ജില്ലാ നേതാവിന്റെ സഹോദരന്റെ മരണവിവരം പുറംലോകം അറിഞ്ഞു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അതുവഴി പോയ രാഗേഷിന്റെ പ്രചാരണ വാഹനത്തിലുള്ളവർ വിവരം രാഗേഷിനെ അറിയിച്ചു. സ്ഥലവും വീടും മനക്കണക്കിൽ കൂട്ടിയ രാഗേഷ് അനുയായികളുമായി മരണവീട്ടിൽ കുതിച്ചെത്തി. ഏറെ സമയം അവിടെ ചെലവഴിച്ചു. മറ്റ് സ്ഥാനാർത്ഥികൾ അവിടെയെത്തിയത് മണിക്കൂറുകൾ കഴിഞ്ഞ്. മൃതദേഹം സംസ്‌ക്കരിക്കുന്ന വേളയിലും രാഗേഷ് അണികളുമായെത്തി. ഇത് രാഗേഷിന്റെ ഒരു ശൈലിയാണ്.

അഴീക്കോട് മണ്ഡലം മുഴുവൻ അരിച്ചു പെറുക്കിയുള്ള പ്രചാരണമാണ് രാഗേഷ് കാഴ്ചവക്കുന്നത്. പ്രചാരണ വാഹനത്തിൽ മലയാളത്തിനു പുറമേ ഇംഗ്ലീഷിലും വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള അനൗൺസ്‌മെന്റ്. പള്ളിക്കുന്ന് പഞ്ചായത്തിലെ പ്രചാരണത്തിന് മണലിൽനിന്ന് തുടക്കം. പള്ളിയാം മൂലവരെയാണ് സ്‌ക്വാഡ് പ്രവർത്തനം. അമ്പതോളം പേർ ഇരു ഭാഗങ്ങളിലുമുള്ള വീടുകൾ കയറുകയാണ്. ഇടക്ക് രാഗേഷ് എത്തി. സ്‌ക്വാഡിന്റെ പുരോഗതി വിലയിരുത്തുന്നു. ഈ അവസരം വിനിയോഗിച്ച് ക്യാമറക്ക് പോസ് ചെയ്യാൻ ഒരുങ്ങിയപ്പോൾ ഞങ്ങളെ നിരാശനാക്കി അടുത്ത കേന്ദ്രത്തിലേക്ക് രാഗേഷ് പായുകയാണ്. അല്ല പറക്കുകയാണ്.

ക്യാമറ അദ്ദേഹത്തിന്റെ ചിഹ്നമായിട്ടു കൂടി ഇങ്ങനെയുമുണ്ടോ ഒരു സ്ഥാനാർത്ഥി! രാഗേഷിന്റെ വലം കൈയായ പ്രദീപ് കുമാറും പ്രചാരണത്തലവൻ നസീറും ഉൾപ്പെട്ട സംഘമാണ് വീടുകൾ കയറുന്നത്. ഒരു വീടിനു മുന്നിൽ വോട്ടഭ്യർത്ഥിക്കുകയാണ്. എൽ.ഡി.എഫിന്റെയോ യു.ഡി.എഫിന്റേയോ പ്രചാരകരാണെന്നാണ് ഞങ്ങൾ കരുതിയത്. ചിഹ്നം ഉയർത്തിക്കാട്ടിയപ്പോൾ അത് ക്യാമറയെന്ന് വ്യക്തമായി. ത്രിവർണ്ണത്തിലടിച്ച പോസ്റ്ററുകളും സ്റ്റിക്കറുകളും മണ്ഡലം മുഴുവൻ നിറഞ്ഞിരിക്കയാണ്. ചിഹ്നവും അഭ്യർത്ഥനയും എടുത്ത് സ്ത്രീകൾ ഉൾപ്പെടെ അണികൾ രാഗേഷിനു വേണ്ടി വോട്ട് തേടുന്നു. രാഗേഷിന്റെ പ്രചാരണത്തിൽ കണ്ണും നട്ടിരിക്കയാണ് എൽ.ഡി.എഫ്. അവരുടെ പ്രതീക്ഷക്ക് ചിറക് വച്ചിരിക്കയാണ്. യു.ഡി.എഫിന് ഭീതിയും വിതയ്ക്കുന്നു.

മുസ്ലിം ലീഗിലെ സിറ്റിങ് എംഎ‍ൽഎ.യായ കെ.എം. ഷാജിയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. സിപിഐ.(എം). സ്ഥാനാർതഥിയായി എം. വി. നികേഷ് കുമാറും മത്സരിക്കുന്നു. ബിജെപി. സ്ഥാനാർതഥിയായി എ.വി. കേശവനും എസ്.ഡി.പി.ഐ യുടെ കെ.കെ. അബ്ദുൾ ജബ്ബാർ, വെൽഫെയർ പാർട്ടിയുടെ എം. ജോസഫ് ജോൺ, എസ്. യു. സി. ഐ. യുടെ പി.സി. വിവേക് എന്നിവരാണ് ഔദ്യോഗിക പാർട്ടികളുടെ സ്ഥാനാർതഥികൾ. കെ.എം. ഷാജി എന്ന പേരിൽ രണ്ടുസ്വതന്ത്രന്മാരേയും ഇറക്കിയിട്ടുണ്ട്. എന്നാൽ മണ്ഡലത്തിലെ താരം പി.കെ.രാഗേഷ് തന്നെ. മുന്നണി സ്ഥാനാർതഥികൾ പോലും കാഴ്ചവെക്കാത്ത പ്രകടനമാണ് രാഗേഷിന്റേത്. കോൺഗ്രസ്സ് നേതാവ് കെ.സുധാകരന്റെ വിശ്വസ്തരിൽ പ്രധാനിയായിരുന്നു നേരത്തെ രാഗേഷ്. സുധാകരനുമായി ഇടഞ്ഞ ശേഷം കണ്ണൂർ കോർപ്പറേഷനിൽ വിമതനായി മത്സരിച്ച് ജയിക്കുകയും ചെയ്തു. അതോടെ കണ്ണൂർ കോർപ്പറേഷൻ രാഗേഷിന്റെ ഒറ്റയാൾ ഭൂരിപക്ഷത്തിൽ കോൺഗ്രസ്സിന് നഷ്ടമായി.

ജില്ലാ നേതൃത്വം മുതൽ മുഖ്യമന്ത്രി വരെ അനുരഞ്ജന ചർച്ചകൾ നടത്തിയെങ്കിലും രാഗേഷ് പ്രശ്‌നം പരിഹരിക്കാനായില്ല. രാഗേഷ് പാർട്ടിയിൽ വന്നാൽ കെ.സുധാകരന്റെ ഗ്രൂപ്പിലെ നേതാവാകണമെന്നതായിരുന്നു രഹസ്യ അജണ്ട. ആഭ്യന്തര മന്ത്രി ചെന്നിത്തലയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഗേഷിന് എ.വിഭാഗത്തോടായിരുന്നു അടുപ്പം. ഉറച്ച തീരുമാനമായതിനാൽ രാഗേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അതോടെയാണ് രാഗേഷ് യു.ഡി.എഫിനെതിരെ മത്സര രംഗത്ത് ഇറങ്ങിയത്.

തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായതോടെ കെ.എം. ഷാജിയുടെ വിജയപ്രതീക്ഷക്കാണ് മങ്ങലേൽക്കുന്നത്. രാഗേഷിന്റെ വോട്ടുകൾ ഉയരുന്നതിനനുസരിച്ച് എൽ.ഡി.എഫിന്റെ നേട്ടം വർദ്ധിക്കും. 2011ലെ തിരഞ്ഞെടുപ്പിൽ 483 വോട്ടിനാണ് കെ.എം. ഷാജി ജയിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 5010 വോട്ടിന്റെ ലീഡ് നേടിയതാണ് ഈ മണ്ഡലം. എന്നാൽ ഈ ഭൂരിപക്ഷത്തിൽ എത്ര കണ്ട് ഭിന്നത ഉണ്ടാക്കാൻ രാഗേഷിന് കഴിയും എന്നത് ഇവിടത്തെ വിജയം മാറ്റി മറിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP