Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിൻലാദന്റെ മകൻ ലോക ഭീകരതയുടെ തലവനായി ചുമതലയേറ്റോ..? ഇസ്ലാമിക ഭീകര സംഘടനകളെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്നത് ഹംസയെന്ന് റിപ്പോർട്ട്

ബിൻലാദന്റെ മകൻ ലോക ഭീകരതയുടെ തലവനായി ചുമതലയേറ്റോ..? ഇസ്ലാമിക ഭീകര സംഘടനകളെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്നത് ഹംസയെന്ന് റിപ്പോർട്ട്

കൊല്ലപ്പെട്ട അൽ ഖ്വയ്ദ തലവൻ ബിൻലാദന്റെ പേര് വീണ്ടും പാശ്ചാത്യ ലോകത്തെ അലോസരപ്പെടുത്താൻ എത്തുന്നുവെന്നും അൽഖ്വയ്ദ ആഗോള ഇസ്ലാമിക ഭീകരതയുടെ തലപ്പത്തേക്ക് വീണ്ടുമെത്തുന്നുവെന്നുമാണ് പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. ലാദന്റെ മകനായ ഹംസ ബിൻലാദൻ ലോക ഭീകരതയുടെ തലവനായി ചുമതലയേറ്റുവെന്ന ഊഹാപോഹങ്ങൾ ശക്തമായതിനെ തുടർന്നാണ് ഈ ആശങ്ക ഉയർന്ന് വന്നിരിക്കുന്നത്. ആഗോള ഇസ്ലാമിക ഭീകര സംഘടനകളെ ഒരുമിപ്പിക്കാനുള്ള ശ്രമം ഹംസ തുടങ്ങിയെന്നാണ് സൂചന.

തന്റെ പിതാവ് കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷം ഹംസ ഇറക്കിയ സന്ദേശമനുസരിച്ച് ആഗോളതലത്തിലുള്ള മുജാഹിദീനുകളോട് സംഘടിക്കാനും പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യാനുമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങൾ സിറിയയിലെ ജിഹാദിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവിടുത്തെ മുജാഹിദീനുകളെ കൂട്ടിയോജിപ്പിക്കണമെന്നും ഈ ഭീകരൻ ഓഡിയോ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ഇസ്ലാമിക സംഘടനകൾ തമ്മിൽ ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളെ യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നും ലോകം മുഴുവൻ ഇസ്ലാമിനെതിരെ നീങ്ങുന്ന അവസ്ഥയാണിന്നുള്ളതെന്നും ഹംസ പറയുന്നു.സിറിയയിലെ ജിഹാദികളോട് ഒന്നിക്കാൻ ഇപ്പോഴത്തെ അൽഖ്വയ്ദ തലവൻ അയ്മാൻ അൽസവാഹിരി ആഹ്വാനം ചെയ്ത് ദിവസങ്ങൾക്കകമാണ് ഹംസയും ഇതിന് മുതിർന്നതെന്നത് ശ്രദ്ധേയമാണ്. ഇപ്പോഴത്തെ ഐക്യത്തിന്റെ ആവശ്യകത മരണത്തിനും ജീവിത്തതിനും ഇടയിലുള്ളതാണെന്നാണ് ശനിയാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെ സവാഹിരി നിർദേശിച്ചിരിക്കുന്നത്. പാക്കിസ്ഥാനിൽ വച്ച് അമേരിക്കൻ സേന ബിൻലാദനെ വളഞ്ഞ് പിടിച്ച് വധിക്കുമ്പോൾ ഹംസയ്ക്ക് വെറും 17 വയസായിരുന്നു. ലാദനെയും മറ്റ് ചില കുടുംബാംഗങ്ങളെയും സേന വധിച്ചെങ്കിലും ഹംസ രക്ഷപ്പെടുകയായിരുന്നു.അന്ന് അവിടെ ഹംസ ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്. ബിൻ ലാദൻ അവശേഷിപ്പിച്ച് പോയ നിരവധി കാര്യങ്ങളുടെ പേരിൽ തങ്ങൾക്ക് ഇപ്പോഴും മിഡിൽ ഈസ്റ്റിലെ ജിഹാദിനെ പ്രതിനിധീകരിക്കാൻ സാധിക്കുമെന്നാണ് അൽഖ്വയ്ദ ഇപ്പോഴും വിശ്വസിക്കുന്നത്.

ഇക്കഴിഞ്ഞ വർഷങ്ങൾക്കിടെ ഇസ്ലാമിക് സ്‌റ്റേറ്റുമായുണ്ടായ സംഘർഷങ്ങൾക്കിടെ അൽഖ്വയ്ദയ്ക്കും ഇതിന്റെ സിറിയൻ അഫിലിയേറ്റായ ജബാത് അൽ നസ്രയ്ക്കും നിരവധി പ്രദേശങ്ങളും സൈനികരെയും നഷ്ടപ്പെട്ടിരുന്നു. ഐസിസ് നടത്തിയ കൂട്ടക്കൊലകളിലും ബോംബിംഗിലും അൽഖ്വയ്ദയ്ക്ക് നിരവധി നേതാക്കളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ബിൻ ലാദന്റെ യഥാർത്ഥ പാരമ്പര്യവും യുവത്വവും കാരണം ഹംസയ്ക്ക് ആഗോളതലത്തിൽ നിന്നും നിരവധി പേരെ ജിഹാദി പോരാളികളായി റിക്രൂട്ട് ചെയ്യാൻ അടുത്തിടെ സാധിച്ചുവെന്നത് സമീപകാലത്ത് അൽഖ്വയ്ദ കൈവരിച്ച പ്രധാന നേട്ടങ്ങളിലൊന്നാണ്. ഇതിലൂടെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാമെന്ന് ഈ ഭീകരസംഘടന കണക്ക് കൂട്ടുന്നുമുണ്ട്. ഹംസയുടെ ഈ ഉയർന്ന് വരൽ അമേരിക്കയെ ഞെട്ടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. 2011ലെ പാക്കിസ്ഥാൻ റെയ്ഡിൽ ഹംസയും കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം വൈറ്റ് ഹൗസ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത് മറ്റൊരു മകനായ ഖാലിദാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഈ റെയ്ഡിനിടെ ഹംസ എവിടെയായിരുന്നുവെന്നത് ഇപ്പോഴും നിഗൂഢമാണ്.

എന്നാൽ അബോട്ടാബാദ് റെയ്ഡിന് മാസങ്ങൾക്ക് മുമ്പ് തന്നെ ലാദൻ ഹംസയാണ് തന്റെ പിൻഗാമിയെന്നന പ്രഖ്യാപിച്ചതിന്റെ തെളിവുകളായുള്ള കത്തുകൾ പ്രസ്തുത റെയ്ഡിലൂടെ കണ്ടെത്തിയിരുന്നു. അൽഖ്വയ്ദയുടെ ശത്രുക്കളിൽ ഹംസ എത്തിപ്പെടുന്നത് തടയാൻ ലാദൻ നേരത്തെ തന്നെ കരുനീക്കങ്ങൾ നടത്തിയെന്നും സൂചനയുണ്ട്. ഹംസയെ വസീരിസ്ഥാനിൽ നിന്നും അകറ്റി നിർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും കാരണം ഇവിടെ അമേരിക്കയുടെ ഡ്രോൺ ആക്രമണം പതിവാണെന്നും ലാദൻ പറഞ്ഞിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. സിറിയൻ പ്രദേശങ്ങൽ ചിലതിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ പുറത്താക്കുന്നതിൽ ഹംസയ്ക്ക് നിർണായക പങ്കുണ്ടെന്നാണ് യുഎസിലെ ടെററിസം അക്കാദമികും വിദഗ്ധനുമായ മാക്‌സ് എബ്രഹാം അഭിപ്രായപ്പെടുന്നത്.ജിഹാദികളെ ആകർഷിക്കാൻ അൽ ഖ്വയ്ദയും ഐസിസും പരസ്പരം മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ഹംസ ആദ്യമായി ഓഡിയോ സന്ദേശം പുറത്ത് വിട്ടിരുന്നത്. അതിലൂടെ അയാൾ പാശ്ചാത്യ ലോകത്തിന് നേരെ ഭീഷണി മുഴക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP