Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാറ്റൂർ കഥകൾ

മലയാറ്റൂർ കഥകൾ

നോവൽ സാഹിത്യത്തിലും കഥയിലും ചിത്രകലയിലും കാർട്ടൂണിലും ചലച്ചിത്രത്തിലും ഒരേപോലെ വ്യാപരിച്ച പ്രതിഭയായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ. വേരുകൾ, യന്ത്രം, യക്ഷി, ആറാം വിരൽ, ശിരസ്സിൽ വരച്ചത്, രക്തചന്ദനം തുടങ്ങിയ നോവലുകളിലൂടെയും സർവ്വീസ് സ്‌റ്റോറി എന്റെ ഐ എ എസ് ദിനങ്ങൾ, ഓർമ്മകളുടെ ആൽബം തുടങ്ങിയ ഓർമ്മപ്പുസ്തകങ്ങളിലൂടെയും ശ്രദ്ധേയനായിരുന്ന മലയാറ്റൂരിന്റെ കഥകളുടെ വിപുലമായൊരു സമാഹാരം കഥകൾ മലയാറ്റൂർ എന്ന പേരിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു.

പ്രശസ്തമായ അനന്തപുരം ക്ലബ്ബിലെ സ്ഥിരാംഗം ബ്രിഗേഡിയർ വിജയൻ മേനോൻ നായകനായ മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകളൊഴിച്ചുള്ള രചനകളാണ് കഥകൾ മലയാറ്റൂർ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. ഈ രൂപത്തിൽ മലയാറ്റൂരിന്റെ കഥാപ്രപഞ്ചം ആദ്യമായാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഏതു കാലത്തെയും മനുഷ്യന്റെ പ്രശ്‌നസങ്കീർണ്ണമായ ജീവിതാവസ്ഥകളെ സത്യസന്ധമായി വിലയിരുത്തുന്നു എന്നതാണ് ഈ കഥകളുടെ പ്രധാന സവിശേഷത.

വീട്ടാനാകാത്ത കടം, അവസാനം, പന്ത്രണ്ട് പവൻ, ഇരുപതു മിനിട്ടുകളുടെ കഥ, മരണക്കിണർ, നിങ്ങൾക്കിതു സംഭവിക്കാതിരിക്കട്ടെ, മകൻ, അതിരിൽ പൂത്തുനിന്ന മരങ്ങൾ തുടങ്ങി വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്ന കാലത്തുതന്നെ അനുവാചകശ്രദ്ധ പിടിച്ചുപറ്റിയ അറുപതോളം കഥകൾ ഇതിൽ സമാഹരിച്ചിരിക്കുന്നു. മലയാറ്റൂരിന്റെ ഭാവനാപ്രപഞ്ചം സൃഷ്ടിച്ച അപരിചിതലോകങ്ങളെ അടുത്തറിയാൻ വായനക്കാരെ വിനീതമായി ക്ഷണിക്കുന്ന കൃതിയാണ് കഥകൾ മലയാറ്റൂർ.

മലയാറ്റൂർ രാമകൃഷ്ണൻ 1927 മെയ്‌ 30ന് പാലക്കാട് ജില്ലയിലെ പുതിയ കല്പാത്തിയിൽ ജനിച്ചു. 1955ൽ മട്ടാഞ്ചേരിയിൽ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1958ൽ ഐഎഎസ് ലഭിച്ചു. സബ് കലക്ടർ, കലക്ടർ, വകുപ്പ് മേധാവി, ഗവൺമെന്റ് സെക്രട്ടറി, പൊതുമേഖലാ സ്ഥാപനങ്ങളിൽ ചെയർമാനും എംഡിയും, റവന്യൂ ബോർഡ് മെമ്പർ എന്നീ നിലകളിൽ ജോലി നോക്കി. 1981 ഫെബ്രുവരിയിൽ ഐഎഎസ്സിൽ നിന്ന് രാജിവച്ചു. ഏഴു വർഷക്കാലം മലയാറ്റൂർ രാമകൃഷ്ണൻ ലളിതകലാ അക്കാദമി ചെയർമാനായിരുന്നു.

മലയാറ്റൂരിന്റെ ഇരുപതിലധികം കൃതികൾ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേരുകൾ കേരള സാഹിത്യ അക്കാദമി അവാർഡും യന്ത്രം വയലാർ അവാർഡും സാഹിത്യ പ്രവർത്തക അവാർഡും നേടിയിട്ടുണ്ട്. 1997 ഡിസംബർ 27ന് അദ്ദേഹം അന്തരിച്ചു.

കഥകൾ മലയാറ്റൂർ
മലയാറ്റൂർ രാമകൃഷ്ണൻ
ഡി സി ബുക്‌സ്
വില-325

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP