Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിലെ കോൺഗ്രസിൽ അടി; ശിവദാസൻ നായർക്കെതിരേ ഡിസിസി ഭാരവാഹികൾ ഒറ്റക്കെട്ട്; കാലുവാരിയവരെ പേരെടുത്തു പറഞ്ഞ് ശിവദാസൻ നായർ

പത്തനംതിട്ടയിലെ കോൺഗ്രസിൽ അടി; ശിവദാസൻ നായർക്കെതിരേ ഡിസിസി ഭാരവാഹികൾ ഒറ്റക്കെട്ട്; കാലുവാരിയവരെ പേരെടുത്തു പറഞ്ഞ് ശിവദാസൻ നായർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കുത്തകസീറ്റിൽ അപ്രതീക്ഷിതമായ തോൽവിയേറ്റ് വാങ്ങിയ ശിവദാസൻ നായരും ഡി.സി.സി ഭാരവാഹികളും തമ്മിൽ തുറന്ന പോര്. പരസ്പരം ചെളിവാരിയെറിഞ്ഞ് ഇരു കൂട്ടരും മുന്നേറുമ്പോൾ അരമനരഹസ്യം അങ്ങാടിപ്പാട്ടാകുന്നു. ആറന്മുളയിൽ 10,000 വോട്ടിന് ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ശിവദാസൻ നായരുടെ മർമത്തേറ്റ അടിയായിരുന്നു വീണാ ജോർജിന്റെ വിജയം.

ഫലം വന്നയുടൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജിനെ രൂക്ഷമായി വിമർശിക്കുകയും തന്റെ തോൽവിയുടെ കാരണം അദ്ദേഹത്തിന്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്തുകൊണ്ടാണ് ശിവദാസൻ നായർ തുടങ്ങിയത്. പ്രചാരണം നടത്തേണ്ട സമയത്ത് തനിക്കെതിരേ പരാതിപ്പെടാൻ നടന്നതാണ് ശിവദാസൻ നായരുടെ തോൽവിക്ക് കാരണമെന്ന് ഡി.സി.സി പ്രസിഡന്റ് തിരിച്ചടിച്ചു. തൊട്ടുപിന്നാലെ ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ്, സെക്രട്ടറിമാരായ ഷാം കുരുവിള, എം.സി ഷെരീഫ് എന്നിവരുടെ പേരുകൾ എടുത്ത് പറഞ്ഞ് ശിവദാസൻ നായർ കെപിസിസി പ്രസിഡന്റിന് പരാതി നൽകി. കുമ്പനാട്, പുല്ലാട്, ഇരവിപേരൂർ മേഖലകളിലെ പെന്തക്കോസ്ത് വിഭാഗത്തിന്റെയും പത്തനംതിട്ട നഗരസഭയിലെ മുസ്ലിം മേഖലകളിലും യു.ഡി.എഫിന് വോട്ടുകുറയാൻ ഇവരുടെ പ്രവർത്തനം ഇടയാക്കിയെന്ന് പരാതിയിൽ പരാമർശിച്ചിരുന്നു.

ചില നേതാക്കൾ കൂടെ നടന്നു വിവരങ്ങൾ ശേഖരിച്ച് എതിർസ്ഥാനാർത്ഥിക്ക് കൈമാറി. ഡി.സി.സി. പ്രസിഡന്റ് കാര്യക്ഷമമായി പ്രവർത്തിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആരുമറിയാതെ മണ്ഡലത്തിൽ 30 ബ്ലോക്ക് ഭാരവാഹികളെ നാമനിർദ്ദേശം ചെയ്തു. രാഷ്ട്രീയ പാരമ്പര്യമില്ലാതെ ആദ്യമായി ജയിച്ചു വച്ച ഭാര്യയെ നഗരസഭാ അധ്യക്ഷയാക്കാത്തതാണ് എം.സി. ഷെരീഫ് പാലം വലിക്കാൻ കാരണമെന്നും 30-ാം വാർഡിൽ സീറ്റ് കിട്ടാതെ പോയതാണ് അനിൽ തോമസിന്റെ പകയെന്നും പരാതിയിൽ ഉണ്ടായിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ചാണ് ഡി.സി.സി അംഗങ്ങൾ രംഗത്തുവന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സഹപ്രവർത്തകരേയും സ്വന്തം പാർട്ടിയേയും പുലഭ്യം പറയുന്ന ശിവദാസൻ നായർ സമചിത്തത വീണ്ടെടുക്കണമെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു. ശിവദാസൻ നായരുടെ കാലുവാരൽ മൂലം പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാർത്ഥികളായിരുന്ന മാലേത്ത് സരളാദേവിയും എം വി രാഘവനും അദ്ദേഹത്തെ അധിക്ഷേപിക്കാൻ തുനിഞ്ഞതായി കേട്ടിട്ടില്ല. ശിവദാസൻ നായരുടെ വാക്കും പെരുമാറ്റവും പാർട്ടി പ്രവർത്തകരേയും ജനങ്ങളേയും പലപ്പോഴും മുറിവേൽപ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രായത്തേയും പദവിയേയും മാനിച്ച് ആരും പ്രതികരിച്ചിരുന്നില്ല. ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന ആറന്മുള നിയോജക മണ്ഡലത്തിൽ വികസനരംഗത്തുണ്ടായ മുരടിപ്പും ജനങ്ങളുമായുള്ള സമ്പർക്കമില്ലായ്മയും ജനരോഷം ക്ഷണിച്ചു വരുത്തി.

ദേശീയതയും മതേതരത്വവും മുഖമുദ്രയാക്കിയ കോൺഗ്രസ് പ്രസ്ഥാനത്തിന് യോജിക്കാത്ത തരത്തിലുള്ള ഭാഷയാണ് പ്രചാരണരംഗത്ത് ബിജെപി.- എൽ.ഡി.എഫ്. സ്ഥാനാർത്ഥികളുടെ ജാതി പറഞ്ഞ് ഉപയോഗിച്ചത്. ആറന്മുള മണ്ഡലത്തിലെ 193 ബൂത്തുകളിൽ 87 ൽ എൽ.ഡി.എഫും 36 ൽ ബിജെപി.യും ഭൂരിപക്ഷം നേടുകയും സ്വന്തം ബൂത്തായ ആറന്മുള പഞ്ചായത്തിലെ 67 ൽ മൂന്നാം സ്ഥാനത്ത് പോകുകയും ചെയ്തത് എങ്ങനെയെന്ന് മനസിലാക്കാൻ ശിവദാസൻ നായർ ആത്മപരിശോധന നടത്തണം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തുടക്കം മുതൽ എല്ലാ കാര്യങ്ങളിൽ നിന്നും തന്നെ അകറ്റി നിർത്തിയ ശിവദാസൻ നായർ തെരഞ്ഞെടുപ്പ് നടത്തിപ്പുകാരുടെ ബൂത്തുകളിൽ ലഭിച്ച വോട്ടുകളുടെ കണക്ക് പരിശോധിക്കുന്നത് നന്നായിരിക്കും.

പത്തനംതിട്ട നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എക്കാലത്തേയും സിറ്റിങ് സീറ്റായ ടൗൺ വാർഡ് 30 ൽ തന്നെക്കൊണ്ട് പോസ്റ്റർ അടിപ്പിച്ചതിനു ശേഷം മറ്റൊരു പാർട്ടിക്കാരന് മറിച്ചുകൊടുത്ത ശിവദാസൻ നായർ ഉൾപ്പെടെയുള്ള ആരോടും പരാതിയില്ലെന്നും തന്റെ സങ്കടം ദൈവം മുമ്പാകെ കരഞ്ഞു തീർത്തുവെന്നും അനിൽ തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സമുദായം പറഞ്ഞ് തനിക്കും പെന്തക്കോസ്ത് സഭാവിഭാഗത്തിനം എതിരെ ഉറഞ്ഞ് തുള്ളുന്ന ശിവദാസൻ നായരുടെ നിലപാട് തികഞ്ഞ നന്ദി കേടാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാം കുരുവിള പറഞ്ഞു.

ശിവദാസൻ നായരുടെ സ്വന്തം ബൂത്ത് ഉൾപ്പെടുന്ന ആറന്മുള പഞ്ചായത്തിൽ ബിജെപി.യും സിപിഐ- എമ്മും പരസ്പരം മത്സരിച്ച് ഭൂരിപക്ഷം വർധിപ്പിച്ചപ്പോഴും കോയിപ്രം പഞ്ചായത്തിലെ തന്റെ ബൂത്തായ 29 ൽ യു.ഡി.എഫിന് 103 വോട്ടിന്റെ ഭൂരിപക്ഷമാണ് ജനങ്ങൾ നൽകിയത്.
ആറന്മുള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന തന്നെ മാറ്റി പകരം ശിവദാസൻ നായരുടെ അടുത്ത ബന്ധുവായ വി.ആർ.ഉണ്ണികൃഷ്ണൻനായരെ ആക്കിയെങ്കിലും അദ്ദേഹത്തിന്റെ ബൂത്തായ 85 ൽ ബിജെപി. ഒന്നാം സ്ഥാനത്ത് എത്തുകയും കോൺഗ്രസിനെക്കാളും 146 വോട്ട് അധികം നേടുകയും ചെയ്തു.

ശിവദാസൻനായരുടെ സഹോദരീ പുത്രനും ആറന്മുള മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ശിവപ്രസാദിന്റെ 67-ാം നമ്പർ ബൂത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ബിജെപി. 88 വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്തു. ശിവദാസൻ നായരുടെ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ. വി.ആർ.സോജിയുടെ 115-ാം നമ്പർ ബൂത്തിൽ എൽ.ഡി.എഫ്. 52 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. യാഥാർഥ്യം ഇതായിരിക്കെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിലാണ് കോൺഗ്രസ് പ്രവർത്തകരെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ തെരഞ്ഞു പിടിച്ച് ശിവദാസൻനായർ വേട്ടയാടികൊണ്ടിരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിലും ബിജെപി., സിപിഐ(എം). സ്ഥാനാർത്ഥികളുംട ജാതിയും ഉപജാതിയും പറഞ്ഞ് അതിലൂടെ തനിക്ക് നേട്ടം ഉണ്ടാക്കാമോയെന്ന് ശ്രമിച്ച ശിവദാസൻ നായർ സ്‌കൂൾ വിദ്യാഭ്യാസം മുതൽ കെ.എസ്.യു.വിലുടെ കോൺഗ്രസിലെത്തിയ തനിക്കെതിരെ ജാതി പ്രയോഗം നടത്തിയതിലൂടെ കോൺഗ്രസിന്റെ മതേതരമുഖത്ത് കരിവാരി തേക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ശിവദാസൻനായർ നടത്തുന്ന അപവാദ പ്രചാരണം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നല്ല നാളയെ കരുതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അഡ്വ.ഷാം കുരുവിള ആവശ്യപ്പെട്ടുു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP