Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനേഴാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനേഴാം ഭാഗം

ജീ മലയിൽ

തിവു പോലെ നവാഗതരും സീനിയർ വിദ്യാർത്ഥികളും പൊതുമുറിയിൽ എത്തി. പൊതുപരിപാടികൾ തുടങ്ങി. 

അസഭ്യഗാനത്തിന്റെ ഒഴുക്ക് കർണ്ണങ്ങളിൽ വന്ന് ആഞ്ഞടിച്ചു. പെട്ടെന്ന് ഒരു സീനിയർ വിദ്യാർത്ഥി ആജ്ഞാപിച്ചു.

''നിർത്തൂ.''

അവിടെ പൂർണ്ണമായ നിശ്ശബ്ദത പരന്നു. എങ്കിലും ശബ്ദായമാനമായ മനസ്സായിരുന്നു, നവാഗതർക്ക്
.
''അടുത്തത് ഡാൻസാണ്. എല്ലാവരും പാട്ടിനനുസരിച്ച് ഒരേ താളത്തിൽ ഡാൻസു ചെയ്യണം. ആരാണ് ഹേമമാലിനി?'' അയാൾ അവരെ നോക്കി ചോദിച്ചു.

കൂട്ടത്തിലൊരാൾ പയ്യെ എഴുന്നേറ്റുനിന്നു.

വിനോദ്.

''ആരാണ് മുംതാസ്?'' ആ ചോദ്യം കേട്ട് പ്രദീപും എഴുന്നേറ്റു.

''നിങ്ങൾ രണ്ടുപേരും ഇങ്ങുവരണം.''

അവർ അവിടെകൂടിയിരുന്നവരുടെ മുമ്പിൽ ചെന്നു നിന്നപ്പോൾ അയാൾ ചോദിച്ചു. ''നിങ്ങൾക്കു റോക്കന്റോൾ അറിയാമോ?''
അവർ ഇല്ല എന്ന് ഉത്തരം നല്കി.
''ഞാൻ കാണിച്ചുതരാം.''
അയാൾ വിനോദിനെ അടുത്തേക്കു മാറ്റി നിർത്തി തന്റെ ഇടത്തെ കൈയിലെ വിരലുകൾ വിനോദിന്റെ വലത്തെ കൈയിലെ വിരലുകൾക്കുള്ളിൽ കോർത്തു പിടിച്ചു. അയാളുടെ വലതുകരം വിനോദിന്റെ ഇടക്കെട്ടിനു ചുറ്റിപ്പിടിച്ചു. വിനോദിനോടും ഇടതുകരം തന്റെ ശരീരത്തിൽ ചുറ്റിപ്പിടിക്കാനാവശ്യപ്പെട്ടു.

അയാൾ ചുവടുകൾ വച്ചുകൊണ്ട് വിനോദിനു നിർദ്ദേശം നല്കി. ഒരുതരം വാടിയ പുഞ്ചിരിയോടെ വിനോദ് താളാത്മകമായി ചലിച്ചു.

ആ ബന്ധംവിടർത്തിക്കൊണ്ട് അയാൾ മറ്റുള്ളവരോടായി ഉറക്കെപ്പറഞ്ഞു. ''ഇനിയും എല്ലാവരും ഇതുപോലെ നിൽക്കൂ.''


ഹേമമാലിനിയും മുംതാസും അവരുടെയെല്ലാം മുമ്പിലായി അയാൾ പറഞ്ഞതു പോലെ നിന്നു. അതുകണ്ട് ബാക്കിയുള്ള നവാഗതരും ഇരട്ടകളായി പിണഞ്ഞു നിന്നു.

ദർശന രസം ആസ്വദിക്കുന്ന സീനിയർ വിദ്യാർത്ഥികളുടെ മിഴികളിൽ കൗതുകം ഉണർന്നു.

ഗ്രാമഫോണിൽക്കൂടി സംഗീതമധുരവും ശ്രുതിമധുരവുമായ ട്യൂണുകൾ ഒഴുകിയെത്തി. കരങ്ങളും കാലുകളും താളാത്മകമായി ചലിച്ചു തുടങ്ങി.

ആ ആട്ടത്തിനു ശക്തിയും വേഗവും കൂടി. ലയം വർദ്ധിച്ചു. ശ്രവണ നയന മധുരമായ ഗാനങ്ങളും താളങ്ങളും അവിടമാകെ ഒഴുകി നടന്നു.

പൊതുപരിപാടികൾക്കുശേഷം വിനോദിനെ വിളിച്ചുകൊണ്ട് രണ്ടാം വർഷ വിദ്യാർത്ഥിമയായ സെബാസ്റ്റ്യൻ ഹോസ്റ്റലിനു വെളിയിലേക്കു നടന്നു. എവിടേക്കാണു പോകുന്നതെന്ന് വിനോദിനോടു പറഞ്ഞില്ല. സെബാസ്റ്റ്യന്റെ കൂടെയായതിനാൽ വിനോദിന് ഒട്ടുംതന്നെ വ്യാകുലത തോന്നിയില്ല. അവർ ഹോസ്റ്റലിലേക്കുള്ള ടാറിട്ട പാതയിൽഎത്തി.

'നമുക്കിവിടെ കുറച്ചു നേരം ഇരിക്കാം. എന്താ വിനോദേ?'

സെബാസ്റ്റ്യൻ അവിടെ ഇരുന്നിട്ട് ഒരു സിഗററ്റുകത്തിച്ചു.

അല്പനേരം കഴിഞ്ഞപ്പോൾ രണ്ടാംവർഷ വിദ്യാർത്ഥികളായ ജോളിയും ജോജോയും അവിടെയെത്തി.

'എന്തിയേ പാർട്ടി ?'

'ഇപ്പോൾ ജൂനിയർ ഹോസ്റ്റലിൽ ചെന്നു കയറിയിട്ടുണ്ട്.' ജോജോ പറഞ്ഞു.

'അയാൾ പോയിട്ട് കൊണ്ടു വിടാം.'

'ആ അതു മതി.'

ജോളിയും ജോജോയും അവരോടൊപ്പം ആ റോഡിൽ ഇരുന്നു.

'തന്നെ എന്തിനാ ഇവിടെ കൊണ്ടു വന്നെതെന്ന് അറിയാമോ?' സെബാസ്റ്റ്യൻ വിനോദിനോടു ചോദിച്ചു.

'ഇല്ല.'

'ലൂയി ഇന്നു തന്നെ പോക്കുമെന്നു പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. അതു കേട്ടപ്പോൾ ഞങ്ങൾ തീരുമാനിച്ചു, തന്നെ ഇന്ന് അയാൾക്ക് വിട്ടു കൊടിക്കില്ല എന്ന്. അയാൾ ഫുൾ തണ്ണിയിലാ. പിന്നെ സാമിയേം വലിച്ചു കെറ്റുന്നെ കണ്ടു.'

'രണ്ടും കൂടി ആയാൽ അയാൾക്ക് ഭ്രാന്തിളകും.' ജോജോ വിശദീകരിച്ചു.

'സെബീ ഒരു പുക താ.'

സെബാസ്റ്റ്യൻ നീട്ടിയ സിഗററ്റുകത്തിച്ചു കൊണ്ട് ജോളിയും ജോജോയും ആ റോഡിൽ മലർന്നു കിടന്നു. സിഗററ്റിന്റെ കത്തിയെരിഞ്ഞ ചാമ്പൽ ടാറിട്ട പാതയിൽ വീണു പടർന്നു.

എവിടെയൊക്കെയോ വളർന്നുവികസിച്ചു നില്ക്കുന്ന പാലപ്പൂക്കളുടെ മാദകമായഗന്ധം അവിടെ പരന്നു. ഉന്മാദദായകമായ ആ കാറ്റിന്റെ തലോടലേറ്റപ്പോൾ സെബാസ്റ്റ്യനും അവിടെ കിടന്നു.

സിഗററ്റിന്റെ മിന്നിമിന്നി പ്രകാശിക്കുന്ന അഗ്നിഗോളങ്ങൾ ആ ഇരുളിൽ തെളിഞ്ഞുമാഞ്ഞുകൊണ്ടിരുന്നു.

കുന്നിൻ ചരുവിലെ സുഖദായകമായ കാറ്റ് ഒഴുകി വന്നു.

കുന്നിലെ പച്ചപ്പടർപ്പുകളിലും വൃക്ഷത്തലപ്പുകളിലും ഉമ്മ വച്ചെത്തുന്ന മാരുതന്റെ തലോടലിനു എന്തുസുഖമാണെന്നോ.

''എന്താ ആരും ഒന്നും മിണ്ടാത്തെ?'' സെബാസ്റ്റ്യൻ ചോദിച്ചു.

''എന്തു പറയാനാ.'' ജോളിയുടെ പരുപരുത്ത ശബ്ദം വീണുടഞ്ഞു.

''എടോ വിനോദെ, വല്ലതും പറയെന്നെ?'' ജോളിവീണ്ടും പറഞ്ഞു.

വിനോദ് ഒന്നും സംസാരിക്കുന്നില്ലെന്നു കണ്ടപ്പോൾ എന്തെങ്കിലും സംസാരിക്കാൻ വേണ്ടിയെന്ന പോലെ ജോളി വിനോദിന്റെ വീടിനെക്കുറിച്ചന്വേഷിച്ചു.

അവൻ സ്ഥലപ്പേരും അവിടേക്കു പോകാനുള്ളറൂട്ടുകളും പറഞ്ഞുകൊടുത്തു.

തന്നെ റാഗ്‌ചെയ്തിട്ടില്ലാത്ത വ്യക്തികൾ ആണ് മൂവരും. വിനോദിന് അവരെ ഇഷ്ടമായിരുന്നു.

അധികംസംസാരിക്കാത്ത പ്രകൃതമായിരുന്നു ജോജോയുടേത്. നിഷ്‌കളങ്കമായ ചിരി. മറ്റുള്ളവർ റാഗിംഗിൽ താൽപ്പര്യം പ്രകടിപ്പിക്കുമ്പോഴും ജോജോ യാതൊരു താൽപ്പര്യവുമില്ലാത്തവനെപ്പോലെയാണു കാണപ്പെട്ടത്. വിനോദിനെ അയാൾക്കും ഇഷ്ടമായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ ജോജോ വിനോദുമായി സംസാരിക്കുക പതിവാക്കിയിരുന്നു. മറ്റാരുമറിയാതെ റാഗിംഗിൽ നിന്നും വിനോദിനെ രക്ഷിക്കുവാൻ ജോജോ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഒരു ദിവസം കോളേജിൽ നിന്നും ഹോസ്റ്റലിലേക്കുനടക്കുമ്പോൾ ആണ് ജോളിയെ പരിചയപ്പെട്ടത്. സിഗററ്റു പുകയേറ്റു കറുത്തുതടിച്ച അധരങ്ങൾ. ഇരുണ്ട നിറം. മെലിഞ്ഞ ശരീരം. സ്‌നേഹിക്കാൻ കൊള്ളാവുന്നവനാണു ജോളി എന്ന് ആദ്യ കാഴ്ചയിൽതന്നെ വിനോദിനു തോന്നിയിരുന്നു. ആദ്യം കണ്ടയുടൻ ഈർഷ്യയായിരുന്നുതോന്നിയതെങ്കിലും അയാളുടെ പെരുമാറ്റം കണ്ടപ്പോൾ സ്‌നേഹം തോന്നിത്തുടങ്ങി.

കുറെ ദിനങ്ങൾക്കു മുമ്പ് ചേട്ടനെന്ന പേരിൽ പരിചയപ്പെട്ട സെബാസ്റ്റ്യനും സ്‌നേഹമായി പെരുമാറുന്നു.

ഇവരെല്ലാംതന്നെ റാഗിംഗിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു.

'ലൂയിയുടെ ലഹരിനിറഞ്ഞ പിടിത്തത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഇവരെല്ലാം ഈ രാത്രിയുടെ നിശ്ശബ്ദതയിൽ വിജനമായ ഈ പാതയിൽ വന്നിരിക്കുന്നു. എനിക്ക് അപരിചിതരായ മനുഷ്യർ. ഇവിടെവന്നു പരിചയപ്പെട്ടവരാണെല്ലാവരും. ഇവർ എന്തിന് എന്നോട് ഇത്ര സ്‌നേഹം കാണിക്കുന്നു?' വിനോദ് ചിന്തിച്ചു.

'ഈ കോളേജിൽവച്ച് ആദ്യമായി എന്നോടു സ്‌നേഹംകാട്ടിയതാരാണ്?

ഗീവർഗീസ് ഇടിച്ചെറിയ. അയാളും സ്‌നേഹമസൃണമായി എന്നോടുപെരുമാറുന്നു.

ഈ പ്രതിഭാസത്തിന്റെ പിറകിലെ രഹസ്യമെന്ത്? അതിനവർക്കു പ്രചോദനമേകുന്ന സംഗതി എന്ത്? എന്റെ മുഖത്തെ ദൈന്യഭാവം കണ്ടാകുമോ?

ഗീവർഗീസ് ഇടിച്ചെറിയയെ പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം അയാൾ ഒന്നുചിരിക്കും. എന്തെങ്കിലും ചോദിക്കും. മറ്റുള്ളവർ ആ പെരുമാറ്റം കാണാതിരിക്കാനായി വേഗം നടന്നുമറയും. എത്രയെത്ര വൈരുദ്ധ്യങ്ങൾ. ഇവിടം മുഴുവൻ വൈചിത്ര്യങ്ങളും, വൈരുദ്ധ്യങ്ങളും മാത്രം. ആരെയും പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. ചിലരോടു സ്‌നേഹമായി പെരുമാറുന്നവർ മറ്റുചിലരോടു ക്രൂരതകാട്ടുന്നു.

''തന്റെ വീട്ടിൽ ഞങ്ങൾകൂടി വരട്ടെ?'' ജോളിയുടെ ചോദ്യം കേട്ടു വിനോദ് ചിന്തയിൽ നിന്നുംവഴുതിമാറി.

''ഉം.''

''മൂളിയാൽ പോരാ ഞങ്ങളെ ക്ഷണിക്കണം.''

വിനോദ് ചിന്തിച്ചു. 'അവരെ ക്ഷണിക്കാൻ തക്ക ചുറ്റുപാടുകളാണോ എനിക്ക്? സ്‌നേഹിതരായിവരുന്നവർക്കിരിക്കാൻ പറ്റിയ നല്ല വീടില്ല. പണിതീരാത്ത ഒരു വീട്. ഇവരൊക്കെ വലിയവലിയ വീട്ടിലെ ആൾക്കാരായിരിക്കും. അമ്മ ഒരു സർക്കാർ വകുപ്പിലെ ക്ലാർക്ക്. അപ്പ ജോലിയില്ലാത്ത അഭ്യസ്തവിദ്യനും. എം.എ. വരെ പഠിച്ചു. പലസ്ഥലങ്ങളിലും ജോലി നോക്കി. ഒന്നിലും ഉറച്ചു നിന്നില്ല. ഒന്നിൽ നിന്നുംമറ്റൊന്നിലേക്ക്. അവിടെ നിന്നും മറ്റൊന്നിലേക്ക്‌തെന്നിത്തെന്നി നടന്നു. രണ്ടു വർഷം ജോലി നോക്കിയാൽ നാലുവർഷം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന പ്രകൃതം. വീണ്ടും ജോലിക്കു ശ്രമിക്കുന്നു. കിട്ടുന്നു. കളയുന്നു. വീണ്ടും വീട്ടിലിരിപ്പ്. ആവർത്തനങ്ങൾ തന്നെ. ഓരോരുത്തരുടെ തലയിലെഴുത്ത്.

അമ്മയുടെ തുച്ഛമായ ശമ്പളത്തിൽ നിന്നുംമിച്ചംവച്ച് ചെറിയ ഒരു വീട് ഉണ്ടാക്കി. ഇവരെ എങ്ങനെ അവിടെകൊണ്ടു പോകും?'

എങ്കിലും ജോളിയുടെ ചോദ്യം കേട്ടപ്പോൾ അറിയാതെ മൂളിപ്പോയി.

''എന്നാ ജോജോ നമുക്ക് പോകേണ്ടത്?'' ജോളി ആ വിഷയത്തിൽ നിന്നുംമാറിയില്ല. വിനോദിന് ഉള്ളിൽ ഈർച്ച തോന്നി.

''നമ്മളെ ക്ഷണിക്കുമ്പോൾ പോകാം.'' ജോജോയുടെ മറുപടി.

''ഒന്നു ക്ഷണിക്കെടോ? പിന്നെ ഒരു കാര്യംകൂടി പറഞ്ഞേക്കാം. ഞാൻ തന്റെ ചേട്ടനാണ്. എന്നെ വേണം ആദ്യം ക്ഷണിക്കാൻ.'' സെബാസ്റ്റ്യന്റെ ശബ്ദം മുഴങ്ങിക്കേട്ടു.

''ഞാനെന്തിനാ ക്ഷണിക്കുന്നെ? ഒരു അവധി ദിവസം എല്ലാവരും കൂടിവരിക.'' തീരെതാൽപ്പര്യമില്ല എങ്കിലും താൽപ്പര്യം പ്രകടിപ്പിക്കുന്നു എന്നു തോന്നുമാറ് വിനോദ് പറഞ്ഞു.

''തന്റെ വീട്ടിൽ വരാൻ എവിടെ ഇറങ്ങണം?''

കോട്ടയത്തിനടുത്തുള്ള തന്റെ കുഗ്രാമത്തിലേക്കും, അവിടെയെത്തിയാൽ വീട്ടിലേക്കുമുള്ളവഴികളെല്ലാം അവൻ വിശദമായി പറഞ്ഞുകൊടുത്തു. അപ്പോൾഅവന്റെ മുഖത്ത് ഒരു മഞ്ഞളിപ്പു നിഴലിച്ചിരുന്നു. ഇരുട്ടിന്റെ മറ ഉണ്ടായിരുന്നതിനാൽ മറ്റുള്ളവർ അതുകണ്ടുകാണില്ലായിരിക്കും എന്ന് അവൻ ആശ്വസിച്ചു. ഉള്ളിൽ മന്ത്രിച്ചു. 'അവരാരും അങ്ങോട്ടുവരല്ലെ, ഈശ്വരാ.'

ജോളി പറഞ്ഞു. 'നിങ്ങളറിഞ്ഞോ? മേരി നൈനാനെ ജയിംസ് കയറിപ്പിടിച്ച സംഭവം മെക്ക് പ്രൊഫസ്സർ വടിയരി അറിഞ്ഞു. വടിയരി എന്നോടു ചോദിച്ചു. ഇക്കൊല്ലം അവന്റെ സെഷണൽ മാർക്ക് അയാൾ പിടിക്കുമെന്നാ തോന്നുന്നത്. അവന്റെ കാര്യം പോക്കാ.'

'പ്രൊഫസ്സർ ഗ്രിഗെറി സാർ അതു ചെയ്യില്ല. അയാൾക്കതിനുള്ള ധൈര്യം ഇല്ല. അയാളു പാവമാ.' സെബാസ്റ്റ്യൻ മറുപടിയായി പറഞ്ഞു.

'പ്രിൻസിസയും അറിഞ്ഞൂന്നാ കേട്ടേ.'

'അതാര് പറഞ്ഞു?'

'ചെയര്മാറൻ തോമ്മാച്ചനാ പറഞ്ഞെ. പ്രിൻസില തോമ്മാച്ചനോട് ആ കാര്യം തിരക്കി. തോമ്മാച്ചൻ എങ്ങും തൊടാത്ത ഉത്തരം നൽകി രക്ഷപ്പെട്ടു.

'പ്രിൻസിപ്പാളിന് അതാരപ്പാ എത്തിച്ചു കൊടുത്തത്?'

'അവർക്കൊക്കെ പലപല ന്യൂസ് വണ്ടികൾ കാണും.'

അതിനു ശേഷം അവർ അർത്ഥമില്ലാത്ത പലതും പറഞ്ഞ് സമയംതള്ളി നീക്കി.

അവർ പറയുന്നതൊന്നും വിനോദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൻ ആലോചനയിൽ മുഴുകിയിരുന്നു.

'ഇവർ എന്നെ ലൂയിയുടെ പിടിയിൽ പെടാതെ ഇവിടെ കൊണ്ടു വന്ന് ഇരുത്തിയിരിക്കുന്നു. ആ ദുഷ്ടന്റെ പിടിയിൽ പെട്ടു കഴിഞ്ഞ് രക്ഷപ്പെടുത്താൻ പറ്റുമായിരുന്നോ? റാഗിങ് കാലത്ത് സീനിയർ വിദ്യാർത്ഥികൾക്കു പോലും ദുഷ്ടമനസ്‌കരായ സീനിയേഴ്‌സിൽ നിന്നും ഒന്നാം വർഷ വിദ്യാർത്ഥികളെ രക്ഷിക്കാൻ സാധിക്കാറില്ല എന്നത് ഒരു സത്യമാണ്. റാഗിങ് കാലത്തു മാത്രമല്ല അല്ലാത്ത സമയങ്ങളിൽ പീഡിക്കപ്പെട്ടാലും അവർക്കതിനു കഴിയുമെന്നു തോന്നുന്നില്ല.
ദുഷ്ടമനസ്‌കരായവർക്ക് എല്ലാ ദുഷ്ടതയ്ക്കും ദുർവൃത്തിക്കും കൂട്ടായി ഒരു ഗാങ്ങു കൂടെയുണ്ടാവും. കള്ളടിക്കാനും കഞ്ചാവടിക്കാനും പെണ്ണുപിടിക്കാനും ഉള്ള അവരുടെ ഗാങ്ങ്. അവർ സംഘടിതരാണ്. സംഘടിത ശക്തിയെ എല്ലാവർക്കും ഭയമാണ്. സമൂഹത്തിൽ കാണുന്ന അതേ അവസ്ഥ ഇവിടെയും സംഭവിച്ചിരിക്കുന്നു.

സീനിയർ വിദ്യാർത്ഥികളിലും നല്ല മനസ്സുള്ളവർ ധാരാളം പേരുണ്ട്. എങ്കിലും ആ ദുഷ്ടവർഗ്ഗകത്തിന്റെ കാര്യങ്ങളിൽ ആരും ഇടപെടുകയില്ല. അവർക്കു സംഘടിതശക്തിയില്ല. അതിനാൽ ഇതുപോലെ ഒളിഞ്ഞും പതുങ്ങിയും ഒക്കെ വല്ലപ്പോഴും രക്ഷിക്കാൻ പറ്റിയെന്നിരിക്കും. അത്രമാത്രം.

സംഘടിതശക്തിയില്ലാത്തവർക്ക് ദുഷ്ടജനത്തോട് ഉടക്കാൻ പറ്റില്ല. ഉടക്കിയാൽ ആ ഗാങ്ങിന്റെ ശക്തി കാണിക്കാനായി സംഘട്ടനങ്ങൾ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുള്ള കൈയേറ്റങ്ങൾ, അടിപിടി അങ്ങനെ എന്തും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അതോടെ ശക്തി കുറഞ്ഞവരുടെ സമാധാന ജീവിതവും ഉറക്കവും നഷ്ടപ്പെടും. കൂടാതെ ജീവിതാവസാനം വരെ അവർ ശത്രുക്കളുമാകും. അങ്ങനെയൊരു വയ്യാവേലി തലയിൽ കയറ്റി വയ്ക്കാൻ ആരും ആഗ്രഹിക്കുന്നില്ല.

വാച്ചിലെകറങ്ങുന്ന സൂചികളുടെ സ്ഥാനങ്ങൾ നോക്കിയിട്ടു സെബാസ്റ്റ്യൻ പറഞ്ഞു. ''ഇനിയും പോകാം. ലൂയി പോയി ഉറങ്ങിക്കാണുമായിരിക്കും.''

''ഉറങ്ങിയൊന്നും കാണില്ല. ആരെയെങ്കിലും പിടിച്ചുകരയിക്കുന്നുണ്ടാവും.'' ജോളിയുടെ അഭിപ്രായം.

''ഏതായാലും വിനോദിനെ തിരക്കി ഇനിയും വരില്ല. പയ്യെ നീങ്ങാം.'' അവർ എഴുന്നേറ്റു.
പാതിരാക്കോഴി അകലെയെങ്ങോ കൂവുന്നതിന്റെ ശബ്ദതരംഗങ്ങൾ ആ കുന്നിലേക്കു ഒഴുകിയെത്തി. തണുപ്പിന്റെ നേരിയലാഞ്ഛനം പ്രകടമായി. തണുപ്പിനെ അകറ്റാനെന്ന പോലെവൃക്ഷത്തലപ്പുകളിലെ ഇലകൾ അന്യോന്യം ഉരസിചൂടു പകർന്നുകൊണ്ടിരുന്നു. അടുത്തുള്ള ഒരു തെങ്ങിൽ നിന്നും ഉണങ്ങിയ ഒരു ഓലമടൽ അവരുടെ മുമ്പിൽ അടർന്നുവീണു.
വിനോദിനെ മുറിയിൽ കൊണ്ടു വിട്ടിട്ട് അവർ മൂന്നു പേരും പോയി. വിനോദ് കിടക്കയിൽ കിടക്കുമ്പോൾ മേരി നൈനാന്റെ സംഭവം അവന്റെ ചിന്തയിലേക്കു കടന്നു വന്നു.
മാഷും ബിജുവും ആ സംഭവത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടിരുന്നതിനാൽ വിനോദ് നേരത്തേ അത് അറിഞ്ഞിരുന്നു.

ഒരു യുവതിയുടെ വികാര കേന്ദ്രങ്ങളിൽ പൊതു സ്ഥലത്തു വച്ചു കയറി പിടിക്കുക.
ഒരു പെൺകുട്ടിയെ ഒറ്റയ്ക്കു കിട്ടിയാൽ പുരുഷൻ വെറുതെ വിടില്ലെന്നോ? ഞാനാണെങ്കിൽ അതു ചെയ്യുമോ? തീർച്ചയായും ഇല്ല. അങ്ങനെ ചിന്തിക്കാൻ പോലും എനിക്കു സാധിക്കില്ല. അതിൽ നിന്നും എന്തു രസമാണ് ഒരുവനു ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

മറ്റു മനുഷ്യർ കാണുന്നില്ലെങ്കിൽ നമ്മിൽ വസിക്കുന്ന സംസ്‌കാരം നഷ്ടപ്പെടുമോ? ബാലനായിരിക്കുമ്പോൾ അവനെ അഭ്യസിപ്പിക്ക. തന്റെ മരണകിടക്ക വരെയും അവൻ അതു മറക്കുകയില്ല. അതിനു വിരുദ്ധമായി പ്രവർത്തിക്കുകയുമില്ല.

അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവനിലോ? ബാലനായിരിക്കുമ്പോൾ അവനിൽ ആരും തന്നെ ആ സംസ്‌കാരത്തിന്റെ വിത്ത് വിതച്ചിട്ടുണ്ടാവില്ല. അതുകൊണ്ട് അവൻ വളരുമ്പുപ് വലുതായിയെങ്കിലും സ്വാഭാവികമായി തന്നിൽ കുടികൊള്ളുന്ന സകല വിധ അധർമ്മങ്ങളിലും രമിക്കുന്നു. വിദ്യാഭ്യാസം അവനെ ആ പ്രവൃത്തികളിൽ നിന്നും പിന്തിരിപ്പിക്കുകയില്ല. ആ ദുഷ്പ്രവർത്തി മൂലം ഉണ്ടാകാൻ ഇടയുള്ള പ്രശ്‌നങ്ങൾ അവന്റെ ചിന്തയിൽ അപ്പോൾ വരികയുമില്ല. അവനിൽ നിറഞ്ഞിരിക്കുന്ന കാമവികാരത്തിന്റെ അളവാണ് അവനെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്.

അത്തരം ഒരു പുരുഷന്റെ മുമ്പിൽ സ്ത്രീ ഒറ്റയ്ക്കു ചെന്നു പെട്ടാൽ അവിടെ സംസ്‌കാരം അല്ല അരങ്ങേറുക. കാമമാണ്. ആ ദുഷ്പ്രവർത്തിക്കു സാക്ഷികൾ ഉണ്ടെന്നു കണ്ടാൽ അവൻസംസ്‌കാര സമ്പന്നനായി നടിച്ചെന്നു വരും. അത് വെറും പൊയ്മുഖമാണ്.

ആ സ്വഭാവമുള്ള ഒന്നിലധികം ആളുകളുടെ മുമ്പിൽ അവൾ ചെന്നു പെട്ടാലോ? അതെത്ര ഭയാനകമായിരിക്കും.

കാമം എന്നത് ഭയപ്പെടേണ്ട വികാരമാണ്. അത് അമിതമായാൽ വിഷമായി മാറുന്നു. നാണമില്ലാത്ത പുരുഷനാണ് അവളേക്കാൾ ശാരീരികമായ ബലവും ശക്തിയും. അതിനാൽ ആ വിഷം അവളെ നശിപ്പിക്കുന്നു. അവസാനം ആ വിഷം തന്നെ അവനെയും കുഴിച്ചു മൂടുന്നു.

സ്ത്രീ എപ്പോഴും സൂക്ഷിക്കണം. അവൾ തന്റെു പരിമിതികൾ അറിയണം. ചുറ്റുമുള്ള കാമക്കണ്ണുകൾ തന്നെ തെരയുന്നുണ്ട് എന്നുംസെക്‌സിൽ നിയന്ത്രണം നഷ്ടപ്പെട്ട വിഷം നിറഞ്ഞിരിക്കുന്ന അവൻ തന്റെം ചുറ്റിനും കിടന്നു കറങ്ങുന്നുണ്ട് എന്നും മനസ്സിലാക്കി ഓരോ നിമിഷവും ജീവിക്കണം.

ഒരു പുരുഷൻ സ്ത്രീയെ കയറി പിടിക്കുന്നതുപോലെ ആരെങ്കിലും പൊതു സ്ഥലത്തു വച്ചു തന്റെ പ്രൈവറ്റ് ഇടങ്ങളിൽ കയറി പിടിച്ചാൽ അവന് എന്തു തോന്നും?

വിനോദ് പ്രകൃതിയിലേക്കു നോക്കി അതിനുള്ള ഉത്തരം തേടി.

അതു ഗൗനിക്കാതെപ്രകൃതിതന്റെ ചലനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അസ്തമിക്കാത്ത പ്രയാണം.

(തുടരും.............)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP