Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലക്ഷങ്ങൾ വാങ്ങാമായിരുന്നിട്ടും അപരിചിതനായ മുസ്ലിം യുവാവിന്റെ കണ്ണീരൊപ്പാൻ സൗജന്യമായി വൃക്ക നൽകിയ ലേഖ നമ്പൂതിരി ചികിത്സയ്ക്ക് പണമില്ലാതെ ദുരിത ശയ്യയിൽ; നട്ടെല്ലു തകർന്ന്, എണീക്കാൻ വയ്യാതെ ഈ മനുഷ്യസ്നേഹി ചികിത്സ ഇടയ്ക്കുനിർത്തി ആശുപത്രി വിട്ടു

ലക്ഷങ്ങൾ വാങ്ങാമായിരുന്നിട്ടും അപരിചിതനായ മുസ്ലിം യുവാവിന്റെ കണ്ണീരൊപ്പാൻ സൗജന്യമായി വൃക്ക നൽകിയ ലേഖ നമ്പൂതിരി ചികിത്സയ്ക്ക് പണമില്ലാതെ ദുരിത ശയ്യയിൽ; നട്ടെല്ലു തകർന്ന്, എണീക്കാൻ വയ്യാതെ ഈ മനുഷ്യസ്നേഹി ചികിത്സ ഇടയ്ക്കുനിർത്തി ആശുപത്രി വിട്ടു

തിരുവനന്തപുരം: മതങ്ങളുടെ വേലിക്കെട്ടുകൾ മുറിച്ചെറിഞ്ഞ്, മുസ്‌ളീം യുവാവിന് വൃക്കനൽകി വർഷങ്ങൾക്കുമുമ്പ് വാർത്തകളിൽ നിറഞ്ഞ ലേഖാ നമ്പൂതിരിയെ ഓർമ്മയുണ്ടോ? പാലക്കാട് പട്ടാമ്പി സ്വദേശിയായ ഷാഫിയെന്ന ചെറുപ്പക്കാരനെ സ്വന്തം വൃക്ക നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് അവയവദാനത്തിന് മാതൃകയായ ആ വീട്ടമ്മ നട്ടെല്ലുതകർന്ന് ദുരിതക്കിടക്കയിൽ ആശ്രയമില്ലാതെ കഴിയുകയാണിന്ന്. 

കായംകുളത്തുവച്ചുണ്ടായ ഒരു അപകടത്തെത്തുടർന്നാണ് ലേഖ ഈ ദുരവസ്ഥയിലേക്ക് എത്തിപ്പെട്ടത്. രണ്ടാഴ്ചയോളം കണ്ടിയൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്ന ലേഖ ചികിത്സതുടരാൻ പണമില്ലാതായതോടെ കഴിഞ്ഞദിവസം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി. ചെലവേറിയ ഒരു ശസ്ത്രക്രിയയിലൂടെയേ ഇനി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ പ്രതിഫലേച്ഛ കൂടാതെ വൃക്കനൽകി മാതൃകയായ ഈ വീട്ടമ്മ വിധിയുടെ ക്രൂരതയ്ക്കുമുന്നിൽ പകച്ചുനിൽക്കുകയാണിന്ന്. മാവേലിക്കര ചെട്ടികുളങ്ങര ക്ഷേത്രത്തിനടുത്ത് മൂന്നുസെന്റും അതിലൊരു കൊച്ചുവീടും മാത്രം സ്വന്തമായുള്ള ലേഖ രണ്ടു മക്കൾക്കൊപ്പം അവിടെ പരസഹായമില്ലാതെ എഴുന്നേൽക്കാൻപോലുമാകാതെ കഴിയുന്നു.

നന്മയുടെ പ്രകാശമായി ലേഖ വാർത്തകളിൽ നിറയുന്നത് 2012 നവംബറിലാണ്. പണവും മതവുമല്ല, മനുഷ്യത്വമാണ് വലുതെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച മാവേലിക്കര വെട്ടിയാർ 'ശിവദ'ത്തിൽ ലേഖ എം നമ്പൂതിരിയെന്ന മുപ്പത്തൊന്നുകാരി അന്ന് വൃക്കദാനത്തിനൊരുങ്ങിയത് മമ്മുട്ടി ചിത്രം പ്രചോദനമാക്കിയാണ്. റിലീസായി രണ്ടുദിവസം പിന്നിട്ട 'ലൗഡ് സ്പീക്കർ' കാണാനെത്തിയ ലേഖയ്ക്കുമുന്നിൽ മമ്മുട്ടി അവതരിപ്പിച്ച 'മൈക്ക്' നന്മയുടെ പ്രതിരൂപമായി. മറ്റുള്ളവർക്കായി ചെയ്യുന്ന നന്മയിലൂടെയാണ് യഥാർത്ഥത്തിൽ മനുഷ്യനാവുന്നതെന്ന ചിന്തയിൽ കഴിയുമ്പോൾ കഌസിഫൈഡ് പേജിൽ പത്രപ്പരസ്യം. '29 കാരനായ യുവാവിന് എ പോസിറ്റീവ് വൃക്ക ആവശ്യമുണ്ട്'. താഴെ കണ്ട ഫോൺനമ്പരിൽ വിളിച്ചു.

പട്ടാമ്പി വിളയൂരിലെ മുസ്തഫയാണ് ഫോണെടുത്തത്. വൃക്ക നൽകാൻ താത്പര്യമുണ്ടെന്നറിയിച്ചെങ്കിലും സ്ത്രീയല്ലേ... പിന്നീട് പിന്മാറിയാലോ എന്ന് അവർക്ക് ആശങ്ക. ഇല്ലെന്ന് തീർത്തുപറഞ്ഞതോടെ മുസ്തഫ പറഞ്ഞു. 'എന്റെ സഹോദരൻ ഷാഫി നബാസിനാണ് വൃക്ക വേണ്ടത്.' ചികിത്സ നടത്തി ദരിദ്രമായ കുടുംബമാണെന്നും വൃക്കതരാമെന്നു പറഞ്ഞ് പല ഏജന്റുമാരും കബളിപ്പിച്ചെന്നുമെല്ലാം മുസ്തഫ വ്യക്തമാക്കി. പിറ്റേന്നുതന്നെ മാവേലിക്കരയിൽ നിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ബന്ധുവിനൊപ്പം ചെന്ന് ഷാഫിയെ ലേഖ നേരിൽക്കണ്ടു. ഡയാലിലിസ് കഴിഞ്ഞ മടങ്ങവേ കാറിൽ ചാരിയിരിക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ സങ്കടം തോന്നി. മരണത്തെ കാത്തിരിക്കുന്നവന്റെ മുഖം.

ലേഖയോട് കുറേനേരം സംസാരിച്ച ഷാഫി തന്റെ കഥ പറഞ്ഞു. 'പത്തുമക്കളാണ് ഞങ്ങൾ. കുട്ടിയായിരുന്നപ്പോഴേ ബാപ്പ മരിച്ചു. പുറമ്പോക്കിൽ താമസിച്ചിരുന്ന പാവപ്പെട്ട പെൺകുട്ടിയെയാണ് ഞാൻ വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഇതിലും ഭേദം മരിക്കുന്നതാണ്' ഷാഫിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞ് ലേഖ പറഞ്ഞു. എനിക്കു ജീവനുണ്ടെങ്കിൽ എന്റെയൊരു വൃക്കകൊണ്ട് ഷാഫി ജീവിക്കും. പണംകൊണ്ട് സഹായിക്കാൻ എനിക്കാവില്ല. നയാപൈസപോലും വാങ്ങാതെ ഷാഫിക്ക് വൃക്കനൽകാൻ തീരുമാനിച്ചു. മറ്റുപല രോഗങ്ങളും അലട്ടിയിരുന്നതിനാൽ വൃക്കദാനം നീണ്ടുപോയി. ഒടുവിൽ 2012 നവംബർ 15ന് ഷാഫക്ക് എന്റെ വൃക്ക മാറ്റിവച്ചു. പതിനഞ്ചുലക്ഷം രൂപവരെ പ്രതിഫലംവാങ്ങി വൃക്ക കച്ചവടം നടന്നിരുന്ന കാലത്ത് ഒരു പൈസപോലും പ്രതിഫലം വാങ്ങാതെയുള്ള ലേഖയുടെ വൃക്കദാനം വാർത്തകളിൽ നിറഞ്ഞു.

പണംവാങ്ങാതിരുന്നതിന് കുറ്റം പറഞ്ഞവരോട് വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന ബൈബിൾ വാക്യത്തിലാണ് ഞാൻ വിശ്വസിക്കുന്നതെന്ന് ലേഖാ നമ്പൂതിരി മറുപടി പറഞ്ഞു. വൃക്കനൽകിയതു കാരണം ലേഖയ്ക്ക് പിന്നീട് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. പക്ഷേ ലേഖയുടെ ജീവിതത്തിൽ പിന്നീട് വിധിയുടെ വേട്ടയാടൽ ഭീകരമായിരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ നിരവധി പാമ്പുകടിച്ചു. വണ്ടിയിടിച്ച് ആശുപത്രിയിലായി. ഇതുകൊണ്ടെല്ലാമുള്ള ആരോഗ്യപ്രശ്‌നങ്ങൾ നിരന്തരം വേട്ടയാടി. മൂന്നുതവണ ഭർത്താവിന് അറ്റാക്ക് വന്നു. മക്കളിലൊരാൾക്ക് ഇപ്പോഴും ഹീമോഫീലിയയാണ്. മറ്റൊരാൾക്ക് അപ്പെന്റിസൈറ്റിസ് വന്നു. ഇപ്പോൾ നട്ടെല്ലിന്റെ കശേരുക്കൾ പുറത്തേക്കു തള്ളി, കാലിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ നിലയിൽ എഴുന്നേറ്റു നടക്കാൻ പരസഹായം വേണ്ട ലേഖാ നമ്പൂതിരിക്കു മുന്നിൽ ജീവിതം വീണ്ടും ചോദ്യചിഹ്നമുയർത്തുന്നു.ബ്യൂട്ടീഷ്യനായ ലേഖയ്ക്ക് ഇപ്പോൾ ജോലിചെയ്യാനാവില്ല. വിധിയുടെ ക്രൂരതകൾ നേരിടാൻ ആലംബമായി കൂടെയുള്ളത് മക്കളും ഭർത്താവും മാത്രം. ലേഖയ്ക്ക് കൂട്ടിരിക്കുന്ന ഭർത്താവ് സാജനും ജോലിക്കുപോകാനാവാത്തതിനാൽ കുടുംബത്തിന്റെ ജീവിതം അക്ഷരാർത്ഥത്തിൽ ഇരുളിലായി. പഌസ്ടുവിന് പഠിക്കുന്ന മിധുലും പത്താംക്‌ളസ് വിദ്യാർത്ഥിയായ മധുവുമാണ് മക്കൾ.

സഹായത്തിനുണ്ടാവുമോ.. റീമാ കല്ലിങ്കൽ

അങ്കമാലി കുറുകുറ്റിയിലെ ഫിസാറ്റ് കോളേജിൽ ഒരു അവയവദാന-രക്തദാന ക്യാമ്പ്. മുഖ്യാതിഥിയായി ക്ഷണിച്ചത് നടി റീമാ കല്ലിങ്കലിനെ. ക്ഷണിക്കാനെത്തിയവരോട് റീമയ്ക്ക് നിബന്ധന ഒന്നുമാത്രം. ' ചടങ്ങിന് ഞാൻ വരാം. പക്ഷേ, ഒരാളേക്കൂടി ക്ഷണിക്കണം. മാവേലിക്കരയിലെ ലേഖാ നമ്പൂതിരിയെ. അഞ്ചുപൈസപോലും വാങ്ങാതെ, പരിചയംപോലുമില്ലാത്ത ഒരു അന്യമതസ്ഥനാണ് അവർ വൃക്കനൽകിയത്. അവരെയാണ് ആദരിക്കേണ്ടത്.'

അന്നുതന്നെ കോളേജ് അധികൃതർ ലേഖയെ വിളിച്ചു. ലേഖ ചടങ്ങിന് പോയി. നിശ്ചയിച്ച സമയത്തിനും നേരത്തേയെത്തി ഓഫീസിൽ ഇരിക്കുമ്പോൾ റിമ എത്തി. വന്നപാടെ കെട്ടിപ്പിടിച്ച് റിമ പറഞ്ഞു. ' ലേഖച്ചേച്ചിയേ.. ഞങ്ങൾക്കൊക്കെ പറയാനല്ലേ കഴിയൂ.. അത് പ്രവർത്തിച്ചുകൊടുത്തത് ചേച്ചിയാണ്. അവയവദാനത്തിന് എന്നെ പ്രേരിപ്പിക്കുന്നതും ചേച്ചിയാണ്.' അന്ന് ലേഖയോട് വിശദമായി സംസാരിച്ച്, വീട്ടുകാര്യങ്ങളും കുടുംബ പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞാണ് റിമ പിരിഞ്ഞത്. 2014 മാർച്ചിൽ നടന്ന ആ കൂടിക്കാഴ്ചയുടെ വിവരങ്ങൾ റിമ ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. രണ്ടുവർഷത്തിനിപ്പുറം ലേഖാ നമ്പൂതിരിയുടെ ഈ ദുരവസ്ഥയറിഞ്ഞ് സഹായത്തിന് റിമയും കൂട്ടുകാരും ഉണ്ടാവുമോ?

യാത്രയാവുന്നു.. മറ്റുചില മനുഷ്യസ്‌നേഹികൾ

ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പത്തനംതിട്ടയിൽ നിന്ന് ചില മനുഷ്യസ്‌നേഹികൾ യാത്രയിലാണ്. ലേഖയുടെ വിവരമറിഞ്ഞ് അവരെ കാണാനാണ് യാത്ര. സാമൂഹ്യ പ്രവർത്തകനായ കെന്നഡി ചാക്കോ. കൂടെ സുഹൃത്തുക്കളായ ഷിജു വെണ്ണിക്കുളവും കടമ്മനിട്ട കാട്ടൂരിലെ അൻസാരിയും. അവരെ കാണണം. എന്തെല്ലാമാണ് സഹായം ചെയ്യാൻ കഴിയുകയെന്ന് തിരക്കണം. പഞ്ചായത്തുകാരെ കണ്ട് അവരുടെ സഹായവും ഉറപ്പാക്കണം. - കെന്നഡി യാത്ര തുടരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP