Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിയമലംഘനം വഴി സിഗരറ്റ് ഭീമന്മാർ കേരളത്തിൽ നിന്നു രണ്ടര മാസത്തിനിടെ തട്ടിയെടുത്തത് 2500 കോടിയോളം രൂപ; ഐടിസി അടക്കം നിയമം ലംഘിച്ചു പഴയ സ്റ്റോക്കു വിറ്റഴിച്ചു; ചട്ടലംഘനം കണ്ടെത്തി നടപടിയെടുക്കാൻ ആരോഗ്യവകുപ്പ്; റെയ്ഡുകൾക്ക് തുടക്കം

നിയമലംഘനം വഴി സിഗരറ്റ് ഭീമന്മാർ കേരളത്തിൽ നിന്നു രണ്ടര മാസത്തിനിടെ തട്ടിയെടുത്തത് 2500 കോടിയോളം രൂപ; ഐടിസി അടക്കം  നിയമം ലംഘിച്ചു പഴയ സ്റ്റോക്കു വിറ്റഴിച്ചു; ചട്ടലംഘനം കണ്ടെത്തി നടപടിയെടുക്കാൻ ആരോഗ്യവകുപ്പ്; റെയ്ഡുകൾക്ക് തുടക്കം

എം എസ് സനിൽകുമാർ

തിരുവനന്തപുരം:  സിഗരറ്റ് കുത്തക കമ്പനികൾ  മലയാളികളെ രണ്ടരമാസം കൊണ്ട് 'വലിപ്പിച്ച് ' ഉണ്ടാക്കിയത് 2500 കോടിയോളം  രൂപ. നിയമം ലംഘിച്ച് പഴയ സ്റ്റോക്ക് വിറ്റഴിച്ചാണ് കമ്പനികൾ  ഈ തുക കൈക്കലാക്കിയത്.

സിഗരറ്റ് കവറിന്റെ പുറത്തുള്ള ചിത്രങ്ങൾ മാറ്റി കൂടുതൽ വലിപ്പമുള്ള ചിത്രങ്ങൾ ചേർത്തുവേണം 2016 ഏപ്രിൽ ഒന്നുമുതൽ വിൽപ്പന നടത്താനെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. സിഗരറ്റ് ആൻഡ് ടുബാക്കോ പ്രോഡക്ട് നിയമം അനുസരിച്ചായിരുന്നു ഈ നിർദ്ദേശം. ഏപ്രിൽ ഒന്നിന് മുൻപ് പഴയ സ്റ്റോക്ക് മുഴുവൻ വിപണിയിൽ നിന്ന് പിൻവലിക്കണം. കവറിന്റെ പുറത്ത് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന വലിപ്പത്തിൽ സിഗരറ്റ് വലി അപകടമാണെന്ന് മുന്നറിയിപ്പ് നൽകുന്ന പുതിയ ചിത്രം ചേർത്ത് മാത്രമേ പിന്നീട് വിൽപ്പന നടത്താൻ പാടുള്ളൂ.

ഈ നിയമമാണ് ഐ ടി സി അടക്കമുള്ള  കമ്പനികൾ  ലംഘിച്ചത്. പഴയ സ്റ്റോക്ക് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഇവർ  തയ്യാറായില്ല. പഴയ വലിപ്പത്തിലുള്ള ചിത്രം ചേർത്ത ലക്ഷക്കണക്കിന് പാക്കറ്റുകളാണ് മാർച്ച് അവസാനിക്കുമ്പോൾ വിപണിയിലുണ്ടായിരുന്നത്. ഇതത്രയും പിൻവലിക്കുമ്പോൾ കോടികളുടെ നഷ്ടമാണ് കമ്പനികൾക്കുണ്ടാകുക. ഈ നഷ്ടം ഒഴിവാക്കാൻ സിഗരറ്റ് ഭീമന്മാർ  പഴയ സ്റ്റോക്ക്  പിൻവലിക്കാതെ മാർക്കറ്റിൽ നിലനിർത്തി. അത് മുഴുവൻ വിറ്റുതീരുന്നതു വരെ കാത്തിരുന്നു.  കേരളത്തിൽ ഇപ്പോഴും വിവിധ കമ്പനികളുടെ പഴയ സിഗരറ്റ് പാക്കറ്റിന്റെ വിൽപ്പന നിർബാധം തുടരുകയാണ്. സംസ്ഥാനത്തെ 40 ശതമാനം ജനങ്ങൾ സിഗരറ്റ് വലിക്കാരാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.  അതായത് ഒരുകോടിക്ക് മേൽ ആളുകൾ പ്രതിദിനം കേരളത്തിൽ സിഗരറ്റ് വലിക്കുന്നു. സിഗരറ്റ് വിൽപ്പനയിലൂടെ പ്രതിമാസം കേരളത്തിൽ നിന്ന് സിഗരറ്റ് കമ്പനികൾ കൊണ്ടുപോകുന്നത് 1000 കോടി രൂപയോളമാണ്. പഴയ സിഗരറ്റ് പാക്കറ്റുകൾ രണ്ടര മാസം വിറ്റഴിച്ചത് വഴി ഈ കമ്പനികൾ നേടിയത് ഏകദേശം 2500 കോടി രൂപ.

സിഗരറ്റുവലി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2003 ലാണ് സിഗരറ്റ് ആൻഡ് ടുബാക്കോ പ്രോഡക്ട് നിയമം പാർലമെന്റ് പാസാക്കുന്നത്. 2004 മുതൽ നടപ്പാക്കി തുടങ്ങി. ഘട്ടം ഘട്ടമായായിരുന്നു നടപ്പാക്കൽ. പൊതുസ്ഥലത്തെ പുകവലി ആദ്യം നിരോധിച്ചു. പിന്നീട് പുകവലി പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ വിലക്കി. കുട്ടികൾക്ക് സിഗരറ്റ് വിൽക്കുന്നത് നിരോധിക്കുന്നതായിരുന്നു അടുത്ത പടി. നാലാം ഘട്ടമായാണ് സിഗരറ്റ് ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളുടെ പുറത്ത് നിശ്ചിത വലിപ്പത്തിൽ ചിത്രവും സിഗരറ്റ് വലി അപകടമാണെന്ന മുന്നറിയിപ്പും ചേർക്കണമെന്ന നിബന്ധന നടപ്പിലാക്കിയത്. 2008 ൽ ഇതിനായി ചട്ടങ്ങൾ നിലവിൽ  വന്നു.  പാക്കറ്റിന്റെ വലിപ്പത്തിന്റെ നാൽപത് ശതമാനം വലിപ്പത്തിൽ വേണം ചിത്രം ചേർക്കാൻ എന്നായിരുന്നു ആദ്യം നിയമം. ഓരോ രണ്ടുവർഷം കൂടുമ്പോഴും ചിത്രം മാറ്റണം. പിന്നീട് വന്ന ഒരു പാർലമെന്റ് കമ്മിറ്റി ചിത്രത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് പുതിയ ശുപാർശ സമർപ്പിച്ചു. പാക്കറ്റിന്റെ വലിപ്പത്തിന്റെ 85  ശതമാനം ചിത്രം ചേർക്കണമെന്നായിരുന്നു ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിൽ 2015 ൽ പുതിയ ചട്ടങ്ങൾ നിലവിൽ  വന്നു. ഇതനുസരിച്ച് പാക്കറ്റിന്റെ 85 ശതമാനം വലിപ്പത്തിൽ ചിത്രവും മുന്നറിയിപ്പും ചേർക്കണം.

എന്നാൽ സിഗരറ്റ് കമ്പനികളുടെ ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായി നടപ്പാക്കൽ ഒരു വർഷം നീണ്ടു. ഒടുവിലാണ് 2016 ഏപ്രിൽ ഒന്നുമുതൽ ഈ നിബന്ധന കർശനമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സിഗരറ്റ് പാക്കറ്റിന്റെയും പുറത്ത് 85 ശതമാനം  ചിത്രവും സിഗരറ്റ് വലി അപകടമാണെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും വേണം. 40 ശതമാനം വലിപ്പത്തിൽ ചിത്രം ചേർത്തിരിക്കുന്ന പഴയപാക്കറ്റുകൾ ഒന്നാകെ നിശ്ചിത ദിവസത്തിന് മുൻപ് വിപണിയിൽ നിന്ന് പിൻവലിക്കാനും കേന്ദ്ര സർക്കാർ സിഗരറ്റ് കമ്പനികൾക്ക് നിർദ്ദേശം നൽകി. ഈ ഉത്തരവാണ് കമ്പനികൾ നഗ്‌നമായി ലംഘിച്ചത്.

നിയമപ്രകാരമുള്ള വിൽപനയല്ലെങ്കിൽ വിൽപനക്കാർക്കെതിരെയും നിർമ്മാതാക്കൾക്കെതിരെയും സർക്കാരിന് കേസെടുക്കാം. നിയമം നിർദ്ദേശിക്കുന്ന തരത്തിലുള്ള  മുന്നറിയിപ്പില്ലാതെയുള്ള പാക്കറ്റുകൾ വിൽക്കുന്നവർക്ക് ആദ്യത്തെ തവണ 1000 രൂപ പിഴയോ ഒരു വർഷം തടവോ രണ്ടും കൂടിയോ ആണ് ശിക്ഷ. രണ്ടാം തവണ തെറ്റ്  ആവർത്തിച്ചാൽ  തടവുശിക്ഷ നിയമം ഉറപ്പാക്കുന്നു. നിർമ്മാതാക്കൾക്ക് ആദ്യതവണ 2 വർഷം തടവോ 5000 രൂപയോ ആണ് ശിക്ഷ. രണ്ടാം തവണ 5 വർഷം തടവുശിക്ഷ. ഇത്ര കർക്കശമായ ശിക്ഷ നിലനിൽക്കുമ്പോഴാണ് നിയമത്തെ നോക്കുകുത്തിയാക്കി നിയമവിരുദ്ധകച്ചവടം കേരളത്തിൽ പൊടിപൊടിക്കുന്നത്. 

നിയമവിരുദ്ധ കച്ചവടം ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് തൃശൂർ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ പൊതുജനാരോഗ്യവിഭാഗം വ്യാപകമായ റെയ്ഡ് ആരംഭിച്ചു. ഇന്ന് രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ . സുഹിത, ജില്ലാ ഹെൽത്ത് ഓഫീസർ പി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് . 85 സംഘങ്ങളാണ് പരിശോധന നടത്തുന്നത്. 150 കേന്ദ്രങ്ങളിലെങ്കിലും മിന്നൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP