Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജിലൻസിനെ വെല്ലുവിളിച്ച് കാർഷിക സർവ്വകലാശാലയിൽ വീണ്ടും 'കടുംവെട്ട്'; രജിസ്ട്രാർക്കെതിരെ ഉയരുന്നത് ഗൗരവ ആരോപണങ്ങൾ

വിജിലൻസിനെ വെല്ലുവിളിച്ച് കാർഷിക സർവ്വകലാശാലയിൽ വീണ്ടും 'കടുംവെട്ട്'; രജിസ്ട്രാർക്കെതിരെ ഉയരുന്നത് ഗൗരവ ആരോപണങ്ങൾ

തൃശൂർ: കാർഷിക സർവ്വകലാശാല തട്ടിൽ എസ്‌റേറ്റ് അഴിമതി കേസ്സിൽ ത്വരിതാ ന്വേഷണം നടത്തി അഴിമതി തെളിഞ്ഞ സാഹചര്യത്തിൽ കേസ്സ് രജിസ്റ്റർ ചെയ്യാനിരിക്കെ വീണ്ടും ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണം.

റഗുലർ ടാപ്പിങ്ങിനായി ടെണ്ടർ ചെയ്ത ആയിരക്കണക്കിന്ന് റബ്ബർ മരങ്ങൾ സർവ്വകലാശാല അധികൃതരുടെ ഒത്താശയോടെ ചട്ടം ലംഘിച്ച് കടുംവെട്ട് നടത്തി കരാറുകാരൻ അനധികൃതമായി ലക്ഷക്കണക്കിന്നു രൂപ അമിതലാഭം ഉണ്ടാക്കി സർവ്വകലാശാല റബ്ബർ എസ്‌റേറ്റ് നാമാവശേഷമാക്കി. അവസാന തുള്ളി പാലും ലക്ഷക്കണക്കിന് രൂപയുടെ മരങ്ങളും കരാർ നിയമങ്ങൾ ലംഘിച്ച് കടത്തിക്കൊണ്ടുപോയി. ഇതുമൂലം കാർഷിക സർവ്വകലാശാലക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.

തോട്ടം ആറു ഭാഗങ്ങളായി വേർ തിരിച്ചാണ് രണ്ടു വർഷത്തേക്ക് ടെണ്ടർ നടത്തിയതെങ്കിലും പിന്നീട് മുൻ എസ്‌റേറ്റ് മേധാവിയും ഇപ്പോഴത്തെ രജിസ്റ്റ്രാറു മായുള്ള അവിഹിത കൂട്ടുകെട്ടിൽ സർക്കാർ കരാർ ചട്ടങ്ങൾ ലംഘിച്ച് എല്ലാ ഭാഗങ്ങളും ഒരു കരാറുകാരനിലേക്ക് ഒതുക്കുകയായിരുന്നു. രേഖകളിൽ മറ്റു കരാറുകാരുടെ മേൽവിലാസം നിലനിർത്തി സി.പി. ഐ. സ്വാധീനമുള്ള രജിസ്റ്റ്രാറുടെ ഇഷ്ടക്കാരന് സർവ്വകലാശാല എസ്‌റേറ്റ് തീറെഴുതി കൊടുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഒരു അഭിഭാഷകൻ കൂടിയായ തൃശൂർ അയ്യന്തോൾ സ്വദേശിയായ കരാറുകാരൻ കൃഷിമന്ത്രിയുടെയും സ്ഥലം എംഎ‍ൽഎ.യുടെയും അടുത്ത സുഹൃത്താണെന്നും ആരോപണമുണ്ട്

കരാറുകാരനുമായി സർവ്വകലാശാല ഏർപ്പെട്ടിട്ടുള്ള കരാർ പ്രകാരം കരാർ ജോലി തീർന്നതിനുശേഷം സർവ്വകലാശാലക്ക് കരാറുകാരൻ വഴി നഷ്ടമൊന്നും വരുത്തിയിട്ടില്ലെന്ന തോട്ടം സൂപ്രണ്ടിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാന ത്തിൽ മാത്രമേ നിരതദ്രവ്യം മടക്കികൊടുക്കാനാവു. ഇതിന്നായി പ്രത്യേകം രൂപം കൊടുത്ത വൈസ് ചാൻസിലർ അധ്യക്ഷനായുള്ള കമ്മറ്റിയുടെയും ശുപാർശ ആവശ്യമുണ്ട് നിരതദ്രവ്യം മടക്കികൊടുക്കാൻ. ഈ തുക അംഗീകരിച്ച് അനുവദിച്ചുകൊടുക്കേണ്ടത് സർവ്വകലാശാല കംപ്‌ട്രോളർ ആണ്. എന്നാൽ ഇതൊന്നും പാലിക്കാതെ ലക്ഷങ്ങളുടെ നിരതദ്രവ്യ തുക കരാറു കാരന് കൊടുക്കാൻ മുൻ എസ്‌റേറ്റ് മേധാവി കൂടിയായ രജിസ്റ്റ്രാർ ഉത്തര വിട്ടിരിക്കുകയാണ്. എന്നാൽ സർവ്വകലാശാലക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ആയത് കണക്കാക്കി മാത്രമേ കരാറുകാരന് നിരതദ്രവ്യം മടക്കി കൊടുക്കാ നാവു എന്ന നിലപാടിലാണ് ഇപ്പോഴത്തെ എസേറ്റ് മേധാവി. തന്റെ നിലപാട് ഇപ്പോഴത്തെ എസ്‌റേറ്റ് മേധാവി രേഖാമൂലം രജിസ്റ്റ്രാർക്ക് എഴുതിക്കൊടുത്ത തായും അറിയുന്നു.

റബ്ബർ ബോഡിന്റെ സാങ്കേതിക സഹായത്തോടെ എസ്‌റേറ്റ് ലാഭകരമായി നടത്താൻ നടപടി സ്വീകരിക്കണമെന്നായിരുന്നു സർവ്വകലാശാല എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ തീരുമാനം. റബ്ബർ എസ്‌റേറ്റ് പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് സർവ്വകലാശാല സൈന്റിഫിക് ഓഫീസറുടെ പഠന റിപ്പോർട്ടും ഉണ്ടായിരുന്നു. ഇതെല്ലാം അട്ടിമറിച്ചാണ് സർവ്വകലാശാല അധികൃതർ റബ്ബർ തോട്ടം കരാറു കാർക്ക് തീറെഴുതിയത്.

കേരള കാർഷിക സർവ്വകലാശാല 1971 ൽ ഏറ്റെടുത്ത ചരിത്രപ്രസിദ്ധമായ തട്ടിൽ എസ്‌റേറ്റ് ക്രമക്കേടുകളെക്കുറിച്ചും അഴിമതികളെക്കുറിച്ചും ത്വരിതാ ന്വേഷണം നടത്തിയ തൃശൂർ വിജിലൻസ് അന്വേഷണ ഉദ്യോഗ സ്ഥരാണ് കേസ്സിലെ രണ്ടാം പ്രതിയും മുൻ എസ്‌റേറ്റ് മേധാവിയും ഇപ്പോഴത്തെ രജിസ്റ്റ്രാറുമായ ഡോ. കെ. അരവിന്ദാക്ഷനെ കുറ്റാരോപിതനാക്കിയത്. കേസ്സി ന്നാസ്പദമായ പരാതി സമർപ്പിച്ചത് പൊതു പ്രവർത്തകൻ ടി. ചന്ദ്രശേഖരനാണ്. സർവ്വകലാശാലയുടെ മുൻ രജിസ്റ്റ്രാർ ഒ.കെ. പോൾ ഈ കേസ്സിൽ സുപ്രധാന മൊഴി നൽകിയിട്ടുണ്ട്. കുറ്റക്കാരായ കാർഷിക സർവ്വകലാശാല അധികൃതരിൽനിന്നും ഒരു കോടി മുപ്പത്തേഴു ലക്ഷം തിരിച്ചുപിടിക്കാൻ വിജിലൻസ് അന്വേഷണ വിഭാഗം ശുപാർശ ചെയ്തിരുന്നു.

കേസ്സിൽ ഒന്നാം പ്രതി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. പി. രാജേന്ദ്രനും രണ്ടാം പ്രതി മുൻ എസ്‌റേറ്റ് മേധാവിയും ഇപ്പോഴത്തെ രജിസ്റ്റ്രാറുമായ ഡോ. കെ. അരവിന്ദാക്ഷനും മൂന്നാം പ്രതി സർവ്വീസിൽനിന്ന് മുഴുവൻ ആനുകൂല്യവും കൈക്കലാക്കി വിരമിച്ച സർവ്വ കലാശാല രജിസ്ട്രാർ ഡോ. ഇ.കെ. മാത്യുവുമാണ്. 2016 ജൂലൈ 20 ന് തൃശൂർ വിജിലൻസ് കോടതി അവസാന വിധി പറയാനിരി ക്കെയാണ് സർവ്വകലാശാല രജിസ്റ്റ്രാറുടെ വഴിവിട്ട നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP