Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാറോടിക്കുമ്പോൾ ഒരു നിമിഷം ശ്രദ്ധപാളി; യുകെയിലെ മലയാളി നഴ്‌സിന് ഇനി അഞ്ച് വർഷം ജയിൽ ജീവിതം; തൊടുപുഴ സ്വദേശിനിയായ യുവതിക്ക് വിനയായത് അപകടം നടന്ന ഉടൻ മൊബൈൽ ഫോണിലെ അവസാന കോൾ ഡിലീറ്റ് ചെയ്തത്

കാറോടിക്കുമ്പോൾ ഒരു നിമിഷം ശ്രദ്ധപാളി; യുകെയിലെ മലയാളി നഴ്‌സിന് ഇനി അഞ്ച് വർഷം ജയിൽ ജീവിതം; തൊടുപുഴ സ്വദേശിനിയായ യുവതിക്ക് വിനയായത് അപകടം നടന്ന ഉടൻ മൊബൈൽ ഫോണിലെ അവസാന കോൾ ഡിലീറ്റ് ചെയ്തത്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഒരു വർഷം മുമ്പുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബ്രിട്ടനിലെ മലയാളി നഴ്സിന് ജയിൽ ശിക്ഷ. അഞ്ച് വർഷത്തെ തടവാണ് മലയാളി നഴ്‌സിന് ബ്രിട്ടീഷ് കോടതി വിധിച്ചത്. കേസ് അന്വേഷിച്ച് അപകട സമയം വാഹനം ഓടിച്ച നഴ്‌സ് കുറ്റക്കാരിയാണെന്ന് ഒരു മാസം മുമ്പ് കോടതി കണ്ടെത്തിയിരുന്നു. ഇത് പ്രകാരം കോടതി ഇന്നലെയാണ് കേസ് പരിഗണിച്ച് എല്ലാ ഭാഗങ്ങളും പരിഗണിച്ച് ശിക്ഷ വിധിച്ചത്.

അപകടം ഉണ്ടായ ഉടൻ തനിക്കെതിരായുള്ള തെളിവാകുമെന്ന് ഭയന്ന് മൊബൈൽ ഫോണിൽ വിളിച്ച വിവരങ്ങൾ ഡിലീറ്റ് ചെയ്തതും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ കടുത്ത നിലപാടുമാണ് മലയാളി നഴ്‌സിന് തടവറ ഒരുക്കിയത്. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് ബ്രിട്ടനിലെ നോട്ടിങ്ഹാമിലെ മലയാളി നഴ്‌സിനാണ് അഞ്ചു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. ഇടുക്കി സ്വദേശിയായ നഴ്‌സിനെയാണ് കോടതി ശിക്ഷിച്ചത്. കോടതി വിധി പറയുമ്പോൾ പൊട്ടിക്കരഞ്ഞ മലയാളി നഴ്‌സിനെ പൊലീസ് കൊണ്ടു പോകുന്നത് നോക്കി വിങ്ങിപ്പൊട്ടാനേ ഭർത്താവിനും മക്കൾക്കും കഴിയുന്നൂള്ളൂ.

2014 നവംബറിൽ ലെസ്റ്ററിന് സമീപം എം1 ലെ ജംങ്ഷൻ 21 നും 22 നും ഇടയിൽ വച്ചായിരുന്നു അപകടം നടന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് അശ്രദ്ധയോടെ മോട്ടോർവേയിലേക്ക് കയറിയതു കൊണ്ട് കടന്നു പോയ ലോറിക്കിട്ട് ഇടിച്ചെന്നും ലോറി വെട്ടിച്ചപ്പോൾ സെൻട്രൽ റിസർവേഷൻ തകർത്ത് മറുവശത്തേക്ക് പോയെന്നും കോടതി കണ്ടെത്തി. എതിർ വശത്ത് കൂടി കടന്ന് പോയ ഒരാൾ തൽക്ഷണം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ഗുരതരമായി പരിക്കേറ്റ സ്ത്രീയുടെ മൊഴിയും മലയാളി വീട്ടമ്മയെ ശിക്ഷിക്കുന്നതിന് കാരണമായി. മികച്ച പൊതു പ്രവർത്തക എന്ന നിലയിൽ ചാൾസ് രാജകുമാരനിൽ നിന്നും എംബിഇ വാങ്ങി ഒരാഴ്ച കഴിഞ്ഞായിരുന്നു ഈ സ്ത്രീ അപകടത്തിൽ പെട്ടത്. കോടതിയിൽ ഹാജരായി വളരെ വികാരഭരിതയായി ലീസി ബൗറസ് സ്‌ട്രോ എമ്മന സ്ത്രീ നൽകിയ മൊഴിയാണ് പരമാവധി ശിക്ഷ വിധിക്കുന്നതിന് കാരണമായത്.

38 കാരിയായ മലയാളി നഴ്‌സ് കവൻട്രി ആശുപത്രിയിലേക്ക് നൈറ്റ് ഷിഫ്റ്റിന് പോകുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. അശ്രദ്ധയോടെ വാഹനം ഓടിച്ച് ഉണ്ടായ മരണം, അശ്രദ്ധയോടെ വാഹനം ഓടിച്ചുണ്ടായ പരിക്ക്, നിയമവ്യവസ്ഥ അട്ടിമറിക്കാൻ നടത്തിയ ശ്രമം (മൊബൈൽ ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്തത്) എന്നീ മൂന്ന് കുറ്റങ്ങൾക്കാണ് ബ്രിട്ടീഷ് കോടതി ഇന്നലെ ശിക്ഷ വിധിച്ചത്. മൊബൈൽ ഫോൺ വിവരം ഡിലീറ്റ് ചെയ്തില്ലായിരുന്നെൽ ശിക്ഷ ഇതിലും കുറയുമായിരുന്നു എന്ന് നിയമ വിദഗ്ദ്ധർ പറയുന്നു'' അപകടത്തിന്റെ പുകപടലങ്ങൾ അടങ്ങും മുൻപ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കും മുൻപ് താങ്കൾ മൊബൈൽ ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ധൃതി കാണിച്ചു. നിങ്ങളിലേകക്ക് ആരോപണം എത്തുന്നത് തടയാൻ വേണ്ടി ആയിരുന്നു ഇത് ചെയ്തത്. അതുകൊണ്ട് തന്നെ നിങ്ങൾ കുറ്റക്കാരിയല്ലെന്ന് പറയാൻ വയ്യ വിധി പ്രസ്താവിച്ച് കൊണ്ട് ലെസ്റ്റർ ക്രൗൺ കോർട്ട് ജഡ്ജ് റോബർട്ട് ബ്രൗൺ പറഞ്ഞു.

മൊബൈൽ ഫോൺ ബ്ലൂ ടൂത്ത് വഴിയാണ് ഉപയോഗിച്ചതെന്നുള്ള വാദം കോടയിൽ ഉയർത്തിയെങ്കിലും ഇതും കോടതി തള്ളി. അങ്ങനെ ആണെങ്കിൽകൂടി ഫോൺ എടുക്കുകയും അൺലോക്ക് ചെയ്യുകയും ചെയ്തപ്പോൾ ഉണ്ടായ അശ്രദ്ധമൂലം ആകാം അപകടം എന്നതാണ് പൊലീസ് നിഗമനം. അത് അപകടകരമായ പരാതിയായാണ് കോടതി കണ്ടെത്തിയത്. ഇൻഷുറൻസ് ഉള്ള കാർ ആയിരുന്നെങ്കിലും ഈ കാറുമായി ജോലിക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നില്ല എന്നു പറഞ്ഞ് കമ്പനി ഇൻഷുറൻസും തള്ളിക്കളഞ്ഞു. അതുകൊണ്ട് തന്നെ കേസ് നടത്തിപ്പിനായി ലക്ഷങ്ങൾ ആണ് ഈ കുടുംബം ചെലവാക്കിയത്. അപകടത്തിൽ സംഭവിച്ച നഷ്ടങ്ങളും, പരിക്കേറ്റവരുടെ നഷ്ടങ്ങളും ഒക്കെ ഈ കുടുംബത്തിന് തന്നെ നൽകേണ്ടി വരുമെന്ന് റിപ്പോർട്ടുണ്ട്. അങ്ങനാണെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധയുടെ പ്രതിഫലം അതിക്രൂരമായി മാറുമെന്ന് തീർച്ച. ഇതിനോടകം കേസ് നടത്താനായി ഇവർ ലക്ഷങ്ങൾ ചെലവാക്കി കഴിഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു.

2014 നവംബർ 25നാണ് അപകടം ഉണ്ടായത്. എം 1 മോട്ടോർവേയുടെ ജംഗ്ഷൻ 21 എയ്ക്കും 22നും ഇടയ്ക്ക് മോട്ടോർവേയിലൂടെ ഡ്രൈവ് ചെയ്ത് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഫോണിൽ സംസാരിച്ചു കൊണ്ട് മോട്ടോർവേയിലേയ്ക്ക് കയറിയതുകൊണ്ട് അശ്രദ്ധമൂലം അപകടം ഉണ്ടായി എന്നാണ് പ്രോസിക്യൂഷൻ വാദം. നിയന്ത്രണം തെറ്റിയ സ്‌കോട കാർ ആദ്യം സെൻട്രൽ റിസർവേഷനിലേയ്ക്ക് പാഞ്ഞു കയറുകയും പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് ഇടത് വശത്ത് കൂടി പോയ ലോറിയിൽ ഇടിക്കുകയുമായിരുന്നു. നിയന്ത്രണം തെറ്റിയ ലോറി സെൻട്രൽ റിസർവേഷനിൽ ഇടിച്ചുകയറി മോട്ടോർവേയുടെ മറുവശത്ത് എതിരെ വന്നിരുന്ന ബിഎംഡബ്ല്യുവിൽ ഇടിക്കുകയുമായിരുന്നു. ബിഎംഡബ്ല്യു ഓടിച്ചിരുന്ന ആൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചു. സിംപ്‌സൺ മുറായ് എന്ന 48 കാരൻ ആയിരുന്നു മരിച്ചത്.

അപകടത്തിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. മൂന്നു പേരെ അപ്പോൾ തന്നെ ആശുപത്രിയിലാക്കി. അന്നത്തെ അപകടത്തിൽ പെട്ട ഒരാൾ ഇപ്പോഴും ചികിത്സയിലാണ്. 18 മണിക്കൂർ നേരമാണ് മോട്ടോർവേ അടച്ചിടേണ്ടി വന്നത്. ഈ അപകടം ഉണ്ടാക്കാൻ കാരണം ഫോണിൽ സംസാരിച്ചതുകൊണ്ട് കാർ ഓടിച്ചതാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. ഭർത്താവിനെയും സുഹൃത്തിനെയും ഫോൺ വിളിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. കാറപകടം ഉണ്ടായതിന്റെ കാരണം കണ്ടെത്തിയതോടെ ഇൻഷൂറൻസ് കമ്പനിയും കയ്യൊഴിഞ്ഞു. തടവ് ശിക്ഷയ്ക്കു പുറമെ പരിക്കേറ്റ വാഹനങ്ങളുടെ എല്ലാം നഷ്ടപരിഹാരവും നൽകേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്. വാഹനാപകടങ്ങളിൽ പരുക്കേറ്റവരുടെ പേഴ്‌സണൽ ഇൻജുറിയും ഒരു പക്ഷേ നൽകേണ്ടി വന്നേക്കാം എന്ന സ്ഥിതി വിശേഷമുണ്ട്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഇൻഷുറൻസ് കമ്പനികൾക്ക് കൈയൊഴിയാൻ എളുപ്പമാണ്.

കഴിഞ്ഞ ഏതാനും ദിവസമായി ലെസ്റ്റർ ക്രൗൺ കോടതിയിൽ തുടരുന്ന വാദത്തിൽ കാർ ഡ്രൈവർ ആയ മലയാളി ഗുരുതരമായ തെറ്റു ചെയ്തു എന്നു സ്ഥാപിക്കാൻ ആണ് പ്രോസിക്യൂഷൻ ശ്രമിച്ചത്. എന്നാൽ താൻ ഓടിച്ച ലൈനിൽ പുറകിൽ നിന്നും അപകടകരമായ വിധത്തിൽ ഒരു ട്രെയ്‌ലർ പിന്തുടർന്നു എത്തിയതിനെ തുടർന്നു ഉണ്ടായ വെപ്രാളമാണ് അപകട കാരണം ആയി മാറിയതെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു മലയാളി യുവതി. ഈ ഘട്ടത്തിലാണ്, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചിരുന്നതായും അപകടം നടന്ന ഉടനെ മൊബൈലിൽ നിന്നും കോൾ ലിസ്റ്റ് ബോധപൂർവം നീക്കം ചെയ്യുക ആയിരുന്നു എന്നും പ്രോസിക്യൂഷൻ എതിർ വാദം ഉയർത്തുന്നത്. ഫോൺ വിളിച്ചതിന്റെ വിശദാംശങ്ങൾ ഡിലീറ്റ് ചെയ്തതു ബോധപൂർവ്വം കുറ്റം മറയ്ക്കാൻ ആണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു കോടതി. തുടർന്നാണ് കഴിഞ്ഞ മാസം ഇവരെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. ഇന്നലെ ആയിരുന്നു ശിക്ഷാവിധി.

ഏജൻസി നേഴ്‌സായി കവൻട്രി എൻഎച്ച്എസ് ഹോസ്പിറ്റലിൽ ആയിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. സംഭവ ദിവസം ഇവർ നൈറ്റ് ഡ്യുട്ടിക്ക് വേണ്ടി കവൻട്രി ഹോസ്പിറ്റലിലേക്ക് വരുന്ന വഴിക്കാണ് അപകടം സംഭവിക്കുന്നത്. അപകടത്തിൽ പെട്ട ഒരു ഡ്രൈവർക്കു കഴുത്തിൽ രണ്ടിടത്തായി പരുക്ക് പറ്റുകയും തലച്ചോറിന് ക്ഷതം സംഭവിക്കുകയും ചെയ്‌തെന്നും കോടതിയിൽ വാദം ഉണ്ടായി. ബിയർ കാനുകളുമായി സഞ്ചരിച്ച ലോറി കൂടി അപകടത്തിൽ പെട്ടതോടെ നൂറുകണക്കിന് ബിയർ കാനുകൾ റോഡിൽ ചിതറി തെറിച്ചതും ഇതു നീക്കം ചെയ്തു റോഡ് വൃത്തിയാക്കുന്നതിനും വേണ്ടിയാണ് 18 മണിക്കൂർ സമയം വേണ്ടി വന്നത്. ഓവർ ടേക്ക് ചെയ്യാൻ ഉള്ള ശ്രമത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടത്തിന് കാരണം എന്നു കോടതിയിൽ വാദി ഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

മൊബൈൽ ഫോൺ ഡ്രൈവിങ്ങിൽ ഉപയോഗിച്ചിരുന്നു എന്നു ഇവർ കോടതിയിൽ സമ്മതിച്ചു. എന്നാൽ ഇതു തന്റെ ശീലം അല്ലായിരുന്നു എന്നും അത്യാവശ്യ കാരണത്താൽ മാത്രം ആയിരുന്നു ഹാൻഡ് ഫ്രീ സീറ്റായ ഐ ഫോൺ ഉപയോഗിക്കേണ്ടി വന്നത് എന്നും ഇവർ ബോധിപ്പിച്ചു. ചെയ്ത തെറ്റു അംഗീകരിക്കുന്നതായും കോടതിയിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്. അപകടം സൃഷ്ടിച്ച പരിഭ്രാന്തിയിൽ അബദ്ധത്തിൽ മൊബൈൽ ഫോൺ കോൾ ലിസ്റ്റ് നീക്കം ചെയ്തുവെന്നും ഇതൊരിക്കലും ബോധപൂർവം ആയിരുന്നില്ലെന്നും ഇവർ പറഞ്ഞെങ്കിലും വ്യക്തമായ കാരണം കൊണ്ടു കൂടി ആകണം ഇങ്ങനെ ചെയ്തതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ഗ്രഹാം ഹ്യൂസ്റ്റൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP