Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശകുന്തളയായി മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ അരങ്ങിലെത്തി; കാവാലം നാരായണപ്പണിക്കർക്ക് അശ്രുപൂജയായി അഭിജ്ഞാന ശാകുന്തളം; കാവാലത്തിനു നൽകാവുന്ന ഏറ്റവും വലിയ ആദരവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

ശകുന്തളയായി മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ അരങ്ങിലെത്തി; കാവാലം നാരായണപ്പണിക്കർക്ക് അശ്രുപൂജയായി അഭിജ്ഞാന ശാകുന്തളം; കാവാലത്തിനു നൽകാവുന്ന ഏറ്റവും വലിയ ആദരവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് അശ്രുപൂജയർപ്പിച്ച് അഭിജ്ഞാന ശാകുന്തളം അരങ്ങിലെത്തി. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരാണു സംസ്‌കൃത നാടത്തിൽ ശകുന്തളയായി വേഷമിട്ട് രംഗത്തെത്തിയത്.

നാടകത്തിന്റെ അവതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാവാലത്തിന് നൽകാവുന്ന ഏറ്റവും വലിയ പൂജയാണ് നാടകാവതരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടകം അരങ്ങിലെത്തിക്കുന്ന സോപാനത്തിനും കേന്ദ്ര കഥാപാത്രമാകുന്ന മഞ്ജു വാര്യർക്കും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. നാടകം ഒരു ചാക്രിക യജ്ഞമാണെന്ന് കാവാലം ഉറച്ചുവിശ്വസിച്ചുവെന്ന് മകൻ കാവാലം ശ്രീകുമാർ പറഞ്ഞു. അഭിജ്ഞാന ശാകുന്തളം പൂർണ്ണമായി ചിട്ടപ്പെടുത്തിയതിന് ശേഷമാണ് കാവാലം മടങ്ങിയതെന്നും കാവാലം ശ്രീകുമാർ അനുസ്മരിച്ചു.

അവതരണോദ്ഘാടനത്തിന് ശേഷം നാടകം അരങ്ങിലെത്തി. തിരുവനന്തപുരം ടാഗോർ തീയറ്ററിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു നാടകം അവതരിപ്പിച്ചത്. മുന്മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഒ രാജഗോപാൽ എംഎൽഎ, മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, അഡീഷണൽ സെക്രട്ടറി പ്രഭാവർമ്മ തുടങ്ങിയ പ്രമുഖർ നാടകം കാണാനെത്തി.

കാവാലം ജീവിച്ചിരിക്കെതന്നെ പരിശീലനം ആരംഭിച്ച കാവാലം തന്നെ ചിട്ടപ്പെടുത്തിയ അഭിജ്ഞാന ശാകുന്തളം നിറഞ്ഞ സദസിലാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. നാടകം ചിട്ടപ്പെടുത്തുന്നതിനിടെയാണ് കാവാലം വിടപറഞ്ഞത്. മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്ന പേരിൽ മഞ്ജു തന്നെയാണ് നാടകം നിർമ്മിച്ചിരിക്കുന്നത്. കാവാലത്തിന്റെ നാടകക്കളരിയായ സോപാനമാണ് സ്വരലയയുടെ സഹകരണത്തോടെ നാടകം അരങ്ങിലെത്തിച്ചത്.

സിനിമയ്ക്കപ്പുറം കലാരംഗത്ത് പുതുകാൽവയ്പുകളുമായി എത്തുന്ന മഞ്ജു നേരത്തേതന്നെ നൃത്തവേദികളിൽ സജീമാണ്. നാട്യശാസ്ത്രത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന കാവാലം ഈരംഗത്തും മഞ്ജുവിന് ഉപദേശങ്ങൾ നൽകിയിരുന്നു. ഇപ്രകാരം കാവാലത്തിന്റെ ശിഷ്യയായതോടെയാണ് മഞ്ജുവിന് നാടകത്തിലും താൽപര്യമുണരുന്നത്. അവസാന നാളുകളിൽ കൂടുതലായും തൃക്കണ്ണാപുരത്തുള്ള കാവാലത്തിന്റെ സോപാനം നാടകക്കളരിയിലെ സ്ഥിരം സന്ദർശകയായിരുന്നു മഞ്ജു. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ നാടക അരങ്ങിലെത്താൻ മഞ്ജു പരിശീലനം നടത്തിവരവെയാണ് കാവാലത്തിന്റെ വേർപാടുണ്ടായത്.

 

മെയ് മാസത്തിൽ നാടകം അരങ്ങിലെത്തിക്കാനിരിക്കെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്. കാളിദാസനെഴുതിയ ശാകുന്തളം 1983ലാണ് ആദ്യമായി കാവാലം നാടകമായി അവതരിപ്പിക്കുന്നത്. ഉജ്ജയിനിലെ നാടകോത്സവത്തിനായിരുന്നു അത്. സംസ്‌കൃതനാടകം എന്നതിനെക്കാളുപരി സംഗീതപരമായും കഥകളിയുടെയും കൂടിയാട്ടത്തിന്റെയും അഭിനയനൃത്തരീതികൾ സമന്വയിപ്പിച്ചാണ് കാവാലം നാടകം ഒരുക്കിയത്.

മോഹൻലാലും മുരളിയും മുമ്പ് സിനിമാരംഗത്തുനിന്ന് അഭിനയ മോഹത്തോടെ നാടകവേദികളിൽ എത്തിയിരുന്നു. കാവാലത്തിന്റെ കർണഭാരം എന്ന നാടകത്തിലൂടെയും പ്രശാന്ത് നാരായണന്റെ ഛായാമുഖിയിലൂടെയുമാണ് മോഹൻലാൽ നാടകനവേദിയിൽ എത്തിയത്. ലങ്കാലക്ഷ്മിയിലെ രാവണനായാണ് മുരളി അരങ്ങിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP