Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിക്കിംഗിലും കെഎഫ്‌സിയിലും ഡൊമിനോയിലും പിസ്സ ഹട്ടിലും ചെന്നാൽ ഇനി ആദ്യം വിലനോക്കി ഉറപ്പാക്കുക; ഫാറ്റ് ടാക്‌സ് നിലവിൽ വന്നതോടെ ജങ്ക് ഫുഡ് സ്റ്റാളുകളിൽ ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ ഉയർന്നു

ചിക്കിംഗിലും കെഎഫ്‌സിയിലും ഡൊമിനോയിലും പിസ്സ ഹട്ടിലും ചെന്നാൽ ഇനി ആദ്യം വിലനോക്കി ഉറപ്പാക്കുക; ഫാറ്റ് ടാക്‌സ് നിലവിൽ വന്നതോടെ ജങ്ക് ഫുഡ് സ്റ്റാളുകളിൽ ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ ഉയർന്നു

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും കൗതുകവും ശ്രദ്ധേയവുമായ കാര്യമായിരുന്നു ജങ്ക് ഫുഡുകൾക്കായി ഫാറ്റ് ടാക്‌സ് ഏർപ്പെടുത്തിയ നടപടി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ടാക്‌സ് പ്രഖ്യാപിച്ചതും. അതുകൊണ്ട് തന്നെ ഈ ടാക്‌സിങ് രീതി ഏറെ കൗതുകത്തോടെയാണ് മറ്റ് സംസ്ഥാനങ്ങൾ നോക്കി കണ്ടത്. മലയാളികളുടെ മാറിവരുന്ന ഭക്ഷണ രീതിക്കുള്ള ഒരു കൊട്ടു കൂടിയായിരുന്നു ഫാറ്റ് ടാക്‌സ്. എന്തായാലും കെഎഫ്‌സിയിലും ചിക്കിംഗിലും പോയി ഇനി ഓർഡർ ചെയ്യുമ്പോൽ വില എത്രയാണെന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കാരണം ഫാറ്റ് ടാക്‌സ് നിലവിൽ വന്നതോടെ ജങ്ക് ഫുഡുകൾക്ക് കുത്തനെ വില ഉയർന്നിരിക്കുകയാണ്.

ബർഗർ, പീത്‌സ, ഡോനട്‌സ് തുടങ്ങിയവയ്ക്കു മാത്രമല്ല, ബ്രാൻഡഡ് റസ്റ്ററന്റുകളിൽ പാചകം ചെയ്തു വിൽക്കുന്ന എല്ലാ ഉൽപന്നങ്ങൾക്കും വാറ്റ് നികുതി അഞ്ചു ശതമാനത്തിൽ നിന്നു 14.5 ശതമാനത്തിലേക്കു വർധിപ്പിച്ചു കഴിഞ്ഞു. ബ്രാൻഡഡ് റസ്റ്ററന്റുകളിലെ ബർഗർ, പീത്‌സ, ടാക്കോസ്, പാസ്ത, ഡോനട്‌സ്, സാൻവിജ്, ബർഗർ പാറ്റി, ബ്രെഡ് ഫില്ലിങ്ങുകൾ തുടങ്ങിയവയുടെ നികുതി 14.5 ശതമാനമായി വർധിപ്പിക്കുമെന്നായിരുന്നു ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ, ഇന്നലെ നിയമസഭയുടെ മേശപ്പുറത്തു വച്ച ധനബിൽ പ്രകാരം ട്രേഡ് മാർക്ക് നിയമ പ്രകാരം പേര് രജിസ്റ്റർ ചെയ്ത എല്ലാ റസ്റ്ററന്റുകളിലും പാചകം ചെയ്തു വിൽക്കുന്ന ഭക്ഷണത്തിന്റെ നികുതി മൂന്നു മടങ്ങായി കുതിച്ചുയരും.

ഇത്തരം റസ്റ്ററന്റുകളിലെ നാടൻ ഭക്ഷണങ്ങൾക്കും വില കൂടുമെന്നുറപ്പ്. ഫലത്തിൽ, അനാരോഗ്യകരമായ ഭക്ഷണങ്ങൾ നിയന്ത്രിക്കാനെന്ന പേരിൽ കൊഴുപ്പു നികുതി എന്ന ഓമനപ്പേരിട്ടു വർധിപ്പിച്ച നികുതി കാരണം ബ്രാൻഡഡ് റസ്റ്ററന്റുകളിൽ നിന്നു സസ്യാഹാരം കഴിച്ചാലും ചെലവേറും. ഇത്തരം റസ്റ്ററന്റുകളിൽ വിൽക്കുന്ന പാക്ക്ഡ് ഫുഡിനു നേരത്തേ തന്നെ 14.5% വാറ്റ് നികുതിയുണ്ട്. എന്നാൽ, നികുതി നിരക്കിലെ അവ്യക്തത കാരണം നല്ലൊരു പങ്ക് ബ്രാൻഡഡ് റസ്റ്ററന്റുകളും ചാചകം ചെയ്തു വിൽക്കുന്ന ഭക്ഷണങ്ങൾക്കും 14.5% നികുതി ഉപഭോക്താക്കളിൽ നിന്നു കാലങ്ങളായി ഈടാക്കുകയാണ്.

പാചകം ചെയ്തു വിൽക്കുന്നവയ്ക്കു ബജറ്റിൽ നികുതി വർധിപ്പിച്ചതോടെയാണു തങ്ങൾ മുൻപ് ഇവയ്ക്കു നികുതി കൂട്ടിവാങ്ങിയിരുന്നെന്നു പല റസ്റ്ററന്റുകാരും തിരിച്ചറിഞ്ഞത്. ഉപഭോക്താക്കൾ പഴയ ബില്ലുമായി എത്തിയാൽ മുൻപ് അധികം വാങ്ങിയ നികുതി ഇവർ മടക്കിനൽകേണ്ടിവരും. ഈ തുക റസ്റ്ററന്റുകാർക്കു സർക്കാരിൽ നിന്നു തിരികെ ഈടാക്കുകയും ചെയ്യാം.

കെഎഫ്‌സി, ഡോമിനോസ് പീത്‌സ, മക്‌ഡൊനാൾഡ്, പീത്‌സ ഹട്ട് തുടങ്ങിയ ബ്രാൻഡഡ് റസ്റ്ററന്റുകൾക്കു മാത്രമല്ല ട്രേഡ് മാർക്ക് നിയമപ്രകാരം പേര് രജിസ്റ്റർ ചെയ്ത എല്ലാ സ്വദേശ, വിദേശ റസ്റ്ററന്റുകൾക്കും പുതിയ നികുതി ഇന്നലെ മുതൽ ബാധകമായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ വിലയിലുള്ള വർദ്ധനവ് ഹോട്ടൽഭക്ഷണ വില വർധനവിനും ഇടയാക്കിയിട്ടുണ്ട്. മുൻപ് കൂടിയ നികുതി വാങ്ങിയവർ അതു തുടരുകയും വാങ്ങാത്തവർ ഇന്നലെ മുതൽ കൂട്ടുകയും ചെയ്തു.

ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ഭൂമി റജിസ്‌ട്രേഷൻ നിരക്കുകളും റോഡ് നികുതികളും ഇന്നലെ മന്ത്രി ധനബിൽ അവതരിപ്പിച്ചതോടെ ഈടാക്കിത്തുടങ്ങി. മോട്ടോർ വാഹനങ്ങൾക്കു ചുമത്തിയ ഹരിത നികുതി മാത്രം കേരള മോട്ടോർ വാഹന നികുതി നിയമം ഭേദഗതി ചെയ്തശേഷമേ ഈടാക്കൂ.

ജങ്ക് ഫുഡുകളെ കൂടാതെ ട്രേഡ് മാർക്ക് നിയമപ്രകാരം രജിസ്റ്റർ ചെയ്ത റസ്റ്ററന്റുകളിൽ പാചകം ചെയ്തു വിൽക്കുന്ന എല്ലാ ഭക്ഷണങ്ങൾക്കും വില കുത്തനെ ഉയർന്നു. പരമാവധി വില (എംആർപി) രേഖപ്പെടുത്തി പാക്കറ്റുകളിൽ വിൽക്കുന്ന ഗോതമ്പ് ഉൽപന്നങ്ങളായ ആട്ട, മൈദ, സൂജി, റവ, വെളിച്ചെണ്ണ, തവിടെണ്ണ, തുണത്തങ്ങൾ എന്നിവയ്ക്കും വിലവർദ്ധനവ് ഉണ്ടായിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP