Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടുകളിലേയും ഫ്‌ലാറ്റുകളിലേയും കക്കൂസ് മാലിന്യം ശേഖരിച്ച് തോട്ടിലൊഴുക്കുന്ന സംഘത്തെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു; പിടികൂടിയത് ടാങ്കറിൽ ശേഖരിച്ച മാലിന്യം പാതി ഒഴുക്കി കളഞ്ഞ ശേഷം രക്ഷപ്പെട്ട സംഘത്തെ

വീടുകളിലേയും ഫ്‌ലാറ്റുകളിലേയും കക്കൂസ് മാലിന്യം ശേഖരിച്ച് തോട്ടിലൊഴുക്കുന്ന സംഘത്തെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു; പിടികൂടിയത് ടാങ്കറിൽ ശേഖരിച്ച മാലിന്യം പാതി ഒഴുക്കി കളഞ്ഞ ശേഷം രക്ഷപ്പെട്ട സംഘത്തെ

മറുനാടൻ മലയാളി ബ്യൂറോ

കാട്ടാക്കട: കാട്ടാക്കടയിൽ സെപ്ടിക് ടാങ്ക് മാലിന്യം ഒഴുക്കാൻ വന്നവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. രാത്രി 12 മണിയോടെ കാട്ടാക്കട വെള്ളുമാനൂർക്കോണത്തെ തോട്ടിൽ മാലിന്യം ഒഴുക്കാനാണ് എത്തിയത്. നാട്ടുകാർ കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗിക്കുന്ന തോടാണിത്. നഗരത്തിലേക്കും ഗ്രാമങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന കരമനയാറ്റിലും അതിലെ കൈതോടുകളിലും വ്യാപകമായി കക്കൂസ് മാലിന്യങ്ങൾ അടക്കമുള്ളവ നിക്ഷേപിക്കുന്ന സംഘമാണ് പിടിയിലായത്. നഗരത്തിലെ വീടുകളിൽ നിന്നും ഫ്‌ലാറ്റുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് ഇരുട്ടിന്റെ മറവിൽ തോട്ടിൽ തള്ളുന്നത്.

തോട്ടിൽ മാലിന്യം ഒഴുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ ടാങ്കർ ലോറിയുമായി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സിപിഐ(എം), ഡിവൈഎഫ്ഐ പ്രവർത്തകർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലോറി ഓടിച്ചിരുന്ന മലപ്പുറം സ്വദേശി കാവന്നൂർ ഹൗസിൽ മുഹമ്മദ് അനസ് (35), സഹായികളായ തിരുവല്ലം സ്വദേശി സതീഷ് കുമാർ, തിരുനെൽവേലി സ്വദേശി അനീഷ്‌രാജ് എന്നിവരെയും കെ.എൽ 56 ഇ 8270 ടാങ്കർ ലോറിയുമാണ് കസ്റ്റഡിയിൽ ആയത്. കാട്ടാക്കട പൊലീസ് കേസെടുത്തു.  തിരുവനന്തതപുരം വണ്ടിത്തടം പുഞ്ചക്കരി സ്വദേശിനി പ്രിയയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ടാങ്കർ ലോറി. 

വീടുകളിലേയും സ്ഥാപനങ്ങളിലേയും ഫ്‌ലാറ്റുകളിലേയും മാലിന്യങ്ങൾ എടുക്കാൻ കരാറെടുത്തിരിക്കുന്ന കണ്ണൻ എന്നയാൾ വാടകയ്ക്ക് എടുത്തതാണ് പിടിയിലായ ടാങ്കർ ലോറി. എറണാകുളം സ്വദേശി കണ്ണനാണ് കരാറുകാരൻ. സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ടാങ്കറിൽ ശേഖരിച്ച് രാത്രികാലത്ത് ഓടയിലും തോടിലും ചതുപ്പ് പ്രദേശത്തും ഒഴുക്കി കടന്നുകളയുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ പാതി കളഞ്ഞ മാലിന്യ ടാങ്കറാണ് പൊലീസ് പിടികൂടിയത്.

ഇത്തരക്കാരുടെ ഇടപെടലിലൂടെ കുടിവെള്ളത്തിൽ മാലിന്യം കണ്ടതിനെ തുടർന്ന് രണ്ടു പഞ്ചായത്തുകളിലെ ശുദ്ധജലവിതരണം നിറുത്തി വയ്‌ക്കേണ്ട അവസ്ഥ വരെ വന്നിരിക്കകയാണ്. അതിനിടെയാണ് കള്ളന്മാരെ കൈയോടെ പിടികൂടിയത്. കരമനയാർ കടന്നുപോകുന്ന കൊക്കോട്ടേല, ഈഞ്ചപ്പുരി, കോട്ടയ്ക്കകം തുടങ്ങി വിവിധ ഭാഗങ്ങളിലാണ് മാലിന്യങ്ങൾ തള്ളിയത്. കുറ്റിച്ചലിനും കാരിയോടിനും ഇടയ്ക്കുള്ള പേങ്ങാട് തോട് കരമനയാറിൽ വന്നു ചേരുന്ന ഭാഗത്താണ് സെപ്റ്റിക് ടാങ്ക് വേസ്റ്റ് ഒഴുക്കി വിട്ടത്.

ആര്യനാട്, കുറ്റിച്ചൽ പഞ്ചായത്തുകളിലെ കുടിവെള്ള ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് ഇവിടുത്തെ പമ്പിങ് സ്‌റ്റേഷനുകളിൽ നിന്നാണ്. കരമനയാറിന്റെ കൈവഴിയാണ് കാരിയോട് കുമ്പിൾമൂട് തോട്. മാലിന്യം ഒഴുകി നദിയിൽ എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കുറ്റിച്ചൽ , ആര്യനാട് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം താത്കാലികമായി നിർത്തിയിരിക്കുകയാണ്. കുറ്റിച്ചൽ-ആര്യനാട് റോഡിൽ വനത്തിൽ നിന്നും ഒഴുകിയെത്തുന്ന കുമ്പിൾമൂട് തോട്ടിൽ കാരിയോടിന് സമീപത്തായി കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു. രാവിലെ അസഹ്യമായ ദുർഗന്ധം ഉണ്ടായതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതായി കണ്ടെത്തിയത്.

തുടർന്ന് സ്ഥലത്തെത്തിയ ജല അഥോറിറ്റി നെടുമങ്ങാട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യം തോട്ടിലൂടെ ഒഴുകി കരമനയാറിലെത്തിയതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ആര്യനാട്, കുറ്റിച്ചൽ പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം നടത്തുന്ന പമ്പ് ഹൗസുകളുടെ പമ്പിങ് നിർത്തിവെക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് പലപ്രദേശങ്ങളിലും പൈപ്പ് ലൈനുകൾ പൊട്ടിച്ചും പൊതു ടാപ്പുകൾ തുറന്ന് വിട്ടും സംഭരണികളിലെ വെള്ളം ഒഴുക്കി വിട്ടു. സംഭരണികളിൽ മലിന ജലം കലർന്നോ എന്നറിയാൻ ഉദ്യാഗസ്ഥർ വെള്ളം ശേഖരിച്ച് തിരുവനന്തപുരത്തെ ക്വാളിറ്റി കൺട്രോൾ വിംഗിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .

ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നശേഷം മാത്രമേ പമ്പിങ് പുനരാരംഭിക്കാൻ കഴിയൂ എന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. കുമ്പിൾമൂട് തോട് വഴി കരമനയാറിലേക്ക് എത്തിയ കക്കൂസ് മാലിന്യം കുടിവെള്ളത്തിൽ കലർന്ന് രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ പൈപ്പ് ലൈനിൽ നിന്ന് വെള്ളം ഉപയോഗിക്കുന്ന ഉപഭോക്ത ാക്കൾ തിളപ്പിച്ച ശേഷമേ വെള്ളം ഉപയോഗിക്കാവൂ എന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു. കൊക്കോട്ടേല പമ്പ് ഹൗസിന്റെ അടുത്ത് കരമനയാറുമായി ബന്ധപ്പെടുന്ന തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയതിനെ തുടർന്ന് സ്ഥലവാസികൾക്കും ആര്യനാട് എൽ.പി.എസ്, ഹൈസ്‌കൂൾ, വില്ലാനസ്രത്ത് സ്‌കൂളൂകളിൽ പഠിക്കുന്ന കൊച്ചുകുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം പടർന്ന് സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചിതും അടുത്തിടെയാണ്.

ഇതുകാരണം കൊക്കോട്ടേല ആര്യനാട് പമ്പ് ഹൗസിന്റെ പ്രവർത്തനം പൂർണമായും നിറുത്തിവച്ചതും രണ്ടു ദിവസം മുൻപാണ്. കരമനയാറ്റിൽ നിന്നും വരുന്ന ജലം അരുവിക്കര ഡാമിൽചെന്ന് അവിടെ നിന്നും ശുദ്ധീകരിച്ചാണ് തിരുവനന്തപുരത്തും പ്രാന്തപ്രദേശത്തും വെള്ളം എത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP