Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം ഐസിസ് പേടിയിൽ വലയുമ്പോൾ മലയാളം ബ്ലോഗ് സജീവമായി മുമ്പോട്ട്; ഐസിസിന്റെ പതാകയുമായി ഖിലാഫത്തിന് ആഹ്വാനം ചെയ്യുന്ന ബ്ലോഗിനെതിരെ ചെറുവിരൽ അനക്കാതെ പൊലീസ്; ഐസിസിൽ ചേർന്ന മലയാളികൾ അൽ മുജാഹിറുന്റെ ആരാധകരെന്നു തെളിഞ്ഞു

കേരളം ഐസിസ് പേടിയിൽ വലയുമ്പോൾ മലയാളം ബ്ലോഗ് സജീവമായി മുമ്പോട്ട്; ഐസിസിന്റെ പതാകയുമായി ഖിലാഫത്തിന് ആഹ്വാനം ചെയ്യുന്ന ബ്ലോഗിനെതിരെ ചെറുവിരൽ അനക്കാതെ പൊലീസ്; ഐസിസിൽ ചേർന്ന മലയാളികൾ അൽ മുജാഹിറുന്റെ ആരാധകരെന്നു തെളിഞ്ഞു

എം പി റാഫി

കോഴിക്കോട്: കേരളം ഐസിസ് ഭീതിയിലമരുന്ന വാർത്തകളും അന്വേഷണ റിപ്പോർട്ടുകളും അടിക്കടി പുറത്തു വരുന്ന സാഹചര്യത്തിലും ആഗോള ഭീകര സംഘടനയായ ഇസ്ലാമിക്് സ്റ്റേറ്റിന്റെ മലയാളം ബ്ലോഗ് സജീവമായി തന്നെ നിലനിൽക്കുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ജിഹാദിന് പ്രേരിപ്പിക്കുന്നതുമായ വെബ് പേജ് സജീവമാണെന്നിരിക്കെ ഇതിനെതിരെ കാര്യമായ നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ല.

സുരക്ഷാ ഏജൻസികൾ ഇത് നേരത്തെ അന്വേഷിച്ചിരുന്നെങ്കിലും അന്വേഷണം കാര്യക്ഷമമാകാതെ പോകുകയായിരുന്നു. ഐസിസിനു വേണ്ടി നിലകൊള്ളുന്ന മലയാളം ബ്ലോഗിന്റെ അണിയറയിൽ ആരൊക്കെയെന്നുള്ള അന്വേഷണത്തിലാണിപ്പോൾ ഇന്റലിജൻസ് വിഭാഗങ്ങൾ. മലയാളികളുടെ ദുരൂഹ സാഹചര്യത്തിലുള്ള തിരോധാനങ്ങളും പിന്നാലെ ഇവർ ഐസിസിലേക്കു പോയെന്ന സ്ഥിരീകരണത്തിന്മേൽ യു.എ.പി.എ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മലയാളം ബ്ലോഗ് അന്വേഷണ വിധേയമാക്കുന്നത്.

അൽ മൂഹാജിറൂൻ എന്ന പേരിൽ 2015ൽ ആരംഭിച്ച ഐഎസ് അനുകൂല ബ്ലോഗ് ഇപ്പോഴും സജീവമായി തന്നെ നിലനിൽക്കുന്നുണ്ട്. ഐഎസിനെ ന്യായീകരിക്കുന്ന ആശയങ്ങളും ലേഖനങ്ങളം മാത്രമുള്ള ഈ വെബ് പേജിൽ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പതാകയും ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി ജിഹാദിനിറങ്ങണെമെന്ന ആഹ്വാനങ്ങളും കാണാം. ഇസ്ലാമിക രാഷ്ട്രം ഇസ്ലാമിക ഖിലാഫത്തിന്റെ പുനഃസ്ഥാപനം സാധ്യാമാക്കുന്നതിനായി ഖുർആൻ സൂക്തങ്ങളും ഹദീസു(പ്രവാചക വചനം)കളും തെറ്റായി വ്യാഖ്യാനിച്ചാണ് ബ്ലോഗിലൂടെ ഐഎസിലേക്ക് ആളുകളെ ആകൃഷ്ടരാക്കുന്നത്.

പുതിയ സംഭവങ്ങൾ ചേർത്തു വായിക്കുമ്പോൾ ഐഎസ് റിക്രൂട്ട്‌മെന്റിനായി കേരളത്തിലൂം കൃത്യമായ ആസൂത്രിത നീക്കം നടന്നതായാണ് വ്യക്തമാകുന്നത്. ഐഎസ് ആശയം പ്രചരിപ്പിക്കുന്നതിനായി പരിശിലീനം ലഭിച്ച മലയാളി സംഘങ്ങൾ ഉണ്ടായിരുന്നതായും അന്വേഷണ സംഘങ്ങൾ സൂചന നൽകുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഔദ്യോഗിക നിലപാടുകളെല്ലാം വ്യക്തവും കൃത്യവുമായി ബ്ലോഗിലൂടെ പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഏതാനും വ്യക്തികളല്ലെന്നും ഒരു സംഘം മലയാളികൾ തന്നെ ഉണ്ടെന്നുമാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം.

ഐസിസിൽ ചേർന്നതായി കരുതപ്പെടുന്ന മലയാളികളെല്ലാം ഈ ബ്ലോഗ് വായിച്ചുരുന്നതായും ഇതുമായി ബന്ധം സ്ഥാപിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കാസർകോഡ് നിന്നും കാണാതായ അഷ്ഫാഖ് മജീദ് അവസാനമായി സഹോദരിക്കയച്ച സന്ദേശത്തിൽ ഈ ബ്ലോഗിനെ കുറിച്ച് പറഞ്ഞിരുന്നു. ഖിലാഫത്തിനു വേണ്ടിയുള്ള പോരാട്ടത്തിലിറങ്ങേണ്ടത് ഓരോ മുസ്ലിംമിന്റെയും ബാധ്യതയാണെന്നും ഈ ഉത്തരവാദിത്വം നിറവേറ്റുന്ന ബാധ്യതയാണ് താൻ ചെയ്യുന്നതെന്നും അഷ്ഫാഖ് പറഞ്ഞിരുന്നു. എന്നാൽ പോരാട്ടത്തിനിറങ്ങാൻ പ്രേരിപ്പിച്ച അഷ്ഫാഖിനെ സഹോദരി പിന്തിരിപ്പിച്ചപ്പോഴായിരുന്നു അൽ മുഹാജിറൂൻ എന്ന ബ്ലോഗ് സന്ദർശിക്കണമെന്നും ഇതിലെ ലേഖനങ്ങളെല്ലാം വായിക്കണമെന്നും സഹോദരിയോട് നിർദ്ദേശിച്ചത്. ഇത് വായിച്ചാൽ എല്ലാം മനസ്സിലാകുമെന്നും അഷ്ഫാഖ് പറയുന്നു.

 

മലയാളികളെ ഐഎസ് റിക്രൂട്ട് ചെയ്യാനായി ഈ ബ്ലോഗ് എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നത് ഇതിൽ നിന്നും വ്യക്തമാണ്. അഷ്ഫാഖ് അടക്കമുള്ള കാണാതായവരെല്ലാം ഈ ബ്ലോഗിന്റെ പ്രചാരകരായിരുന്നതായും മറ്റുള്ളവരോട് നിർദ്ദേശിച്ചിരുന്നതുമായാണ് വിവരം. മുബൈയിൽ നിന്നും അറസ്റ്റിലായ വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ കൂട്ടാളിയും ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷൻ ജീവനക്കാരനുമായിരുന്ന അർഷിദ് ഖുറേഷിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് അഷ്ഫാഖ്.

എന്നാൽ ഇവർക്കിടയിലെല്ലാം ആശയ വിനിമയത്തിനും ആശയ പ്രചരണത്തിനുമായി കൃത്യമായ ഓൺലൈൻ സംവിധാനങ്ങൾ ഉണ്ടായിരുന്നെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. വീടിൽനിന്നും ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്നും ഇവർ ഇന്റർനെറ്റ് ഉപയോഗമോ മറ്റു ആശയ കൈമാറ്റമോ നടത്തിയിരുന്നില്ല. രഹസ്യമായുള്ള ഓൺലൈൻ നീക്കങ്ങളിലൂടെ നിരവധി പേരെ പങ്കാളികളാക്കിയതായും സൂചനയുണ്ട്. പാലക്കാട് നിന്നും കാണാതായ ഈസ, ഭാര്യ നിമിഷ ഫാത്തിമ, ഈസയുടെ സഹോദരൻ യഹിയ, ഭാര്യ മെറിൻ മറിയം എന്നിവരും അഷ്ഫാഖ്, റാഷിദ് അബ്ദുള്ള, ഖുറേഷി എന്നിവരുമായെല്ലാം ബന്ധം പുലർത്തിയിരുന്നു. കേരളത്തിനകത്തും പുറത്തുമായി വ്യാപിച്ചു കിടന്ന ഇവരുടെ ശൃംഖല ആശയ വിനിമയം നടത്തുന്നതിനും മറ്റുമായി ഏതെല്ലാം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയെന്നുള്ളതാണ് ഇപ്പോൾ പരിശോധിച്ചു വരുന്നത്.

ഓൺലൈൻ വഴി ഐസിസ് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ സജീവമായിരുന്നു. നവ മാദ്ധ്യമങ്ങൾ വഴി പ്രത്യേകം ഐസിസ് പോരാളികളെ ചുമതലപ്പെടുത്തി ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ വ്യാപനം സാധ്യമാക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ഇത് വിജയം കണ്ടതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ ഓൺലൈൻ പോരാളികളെ നിയോഗിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിത്തന്നെയാണ് അൽ മുഹാജിറൂൻ ബ്ലോഗിന്റെ പ്രവർത്തനങ്ങളും.

പുതിയ പുതിയ വ്യഖ്യാനങ്ങൾ ഖുർആനും ഹദീസിനും സ്വയമേ നൽകി ഇവർ ഓൺലൈനിലൂടെ പ്രചരിപ്പിച്ചും ജിഹാദി ആശയങ്ങൾ പ്രചരിപ്പിച്ചുമാണ് ഐഎസ് പ്രവർത്തനമെന്ന് നേരത്തേ വാർത്തകൾ പുറത്തു വന്നിരുന്നു. ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്കൊന്നും പിടികൊടുക്കാതെ ഒന്നര വർഷത്തിനുള്ളിൽ ഇവർ തഴച്ചു വളർന്നിരിക്കുകയാണ്. അൽ മുഹാജിറൂൻ ബ്ലോഗിനെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ കേരള പതിപ്പ് എന്ന് പറയാം. ഐഎസ് ആശയമുള്ള മലയാളികളുടെ വേദ ഗ്രന്ഥം കൂടിയാണ് ഈ ബ്ലോഗും അതിലെ ലേഖനങ്ങളും. ഇതിന്റെ അടിവേരുകൾ അന്വേഷിച്ചാൽ മലയാളി ബന്ധം തീർച്ചയായും കണ്ടെത്താൻ കഴിയും. മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും ഇത്തരം ബ്ലോഗുകളും സൈറ്റുകളും ഉണ്ടെന്നാണ് വിവരം.

ജിഹാദിന്റെയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും ഇതിനായി ഇന്ത്യൻ മുസ്ലിംങ്ങളെ ക്ഷണിച്ചു കൊണ്ടുമുള്ള 53 അധ്യായങ്ങളാണ് ഈ ബ്ലോഗിലുള്ളത്. ലേഖനങ്ങളിലുടനീളം ഐസിസ് നിലപാടുകൾ ആധികാരികമായി തന്നെ അടിവരയിട്ടു പറയുന്നുണ്ട്. മാത്രമല്ല, ലേഖനങ്ങളെല്ലാം പരിശോധന വിധേയമാക്കിയാൽ ഇവയെല്ലാം ഒരേ സ്വഭാവമുള്ളതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഒരേ സ്രോതസ്സാണെന്നും വ്യക്തമാണ്. ബ്ലോഗ് തുടങ്ങിയ സംഘം തന്നെയാണ് ഇതിനു പിന്നിലെ ലേഖനങ്ങളും എഴുതിയിരിക്കുന്നതെന്നും വ്യക്തമാണ്.

ഐസിസിനു വേണ്ടി ഒരു സംഘം മലയാളികൾ പ്രവർത്തിക്കുന്നുണ്ട് എന്നത് അർത്ഥ ശങ്കക്കിടയില്ലാതെ ഇത് വ്യക്തമാക്കുന്നു. ജിഹാദിനെ എതിർക്കുന്ന ഇന്ത്യൻ മുസ്ലിംങ്ങളെയും മത പണ്ഡിതന്മാരെയും രൂക്ഷമായി വിർശിക്കുകയും ഇവലെല്ലാം ഇസ്ലാംമിൻ നിന്നും പുറത്തു പോയവരാണെന്നും ബ്ലോഗ് വാദിക്കുന്നു. ജിഹാദിനെയും ഖിലാഫത്തിനെയും എതിർക്കുന്നതുകൊണ്ടാണ് ഇന്ത്യൻ മുസ്ലിംങ്ങൾ നിന്ദ്യത അനുഭവിക്കേണ്ടി വന്നതെന്ന് ലേഖനം പറയുന്നു. ഐഎസിനെയും ഐഎസ് മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളെയും എതിർക്കുന്നതിനാൽ കേരളത്തിലെ മുസ്ലിം പണ്ഡിതന്മാരോടും സംഘടനകളെയും ഇഴകീറി പരിശോധിച്ച് ലേഖനങ്ങൾ വിമർശന വിധേയമാക്കുന്നുണ്ട്. കേരളത്തിൽ ജീവിച്ചു വളർന്നവരാണ് ഈ ഐസിസ് മലയാള ബ്ലോഗിനു പിന്നിലെന്ന് വ്യക്തമാണ്.

ഐഎസിന്റെ ഔദ്യോഗിക മാഗസിൻ, വിഷ്വൽ മീഡിയ ക്ലിപ്പിംങുകളും ബ്ലോഗിലുണ്ട്. 2015 ൽ ആരംഭിച്ച ബ്ലോഗിൽ 2016 മെയ് മാസം വരെ പോസ്റ്റിംങ് നടന്നത് വ്യക്തമാണ്. ജനാധിപത്യം ശിർക്കാണെന്നും അമുസ്ലിംങ്ങളുമായി സമാധാന കരാർ ഇല്ലെങ്കിൽ ജിഹാദിന്റെ ബന്ധമാണുള്ളതെന്നും പലയാവർത്തി പറയുന്നുണ്ട്. അള്ളാഹുവിന്റെയും വിശ്വാസികളുടെയും ശത്രുക്കളെ ഭയപ്പെടുത്താൻ അള്ളാഹു കൽപ്പിച്ചിരിക്കുന്നു എന്ന പറഞ്ഞാണ് തീവ്രവാദത്തിലേക്ക് ഐഎസ് ആളെ കൂട്ടുന്നത്. ഈ അർത്ഥത്തിൽ ഒരു മുസ്ലിം ഇർഹാബി (ടെററിസ്റ്റ്) ആയിരിക്കേണ്ടതാണെന്നും പ്രവാചക തിരുമേനിക്ക് നൽകിയ 5 അനുഗ്രഹങ്ങളെ കുറിച്ച് ബുഖാരിയിയിൽ പറഞ്ഞതിലൊന്ന് ശത്രുവിന് മേലെ ഭയം മൂലം വിജയം നൽകിയിരിക്കുന്നു എന്നുമാണ് എന്നാണ് ഇവരുടെ വാദം. ഇത് പ്രവാചകന് മാത്രമുള്ളതല്ലായെന്നും മുഹമ്മദ് നബിയുടെ ഉമ്മത്തിനും കൂടിയുള്ള അനുഗ്രഹമാണെന്നും പറഞ്ഞാണ് തീവ്രവാദത്തിന് ന്യായം കണ്ടെത്തുന്നത്.

മുസ്ലിം പണ്ഡിതരിൽ വലിയ ഒരു വിഭാഗവും കാഫിറുകൾക്കു മുന്നിൽ മാപ്പുസാക്ഷികൾ ആണെന്നാണ് ഇവരുടെ വാദം. തങ്ങളുടെ ചരിത്രം മറന്നു കൊണ്ട് ദീനിനെയും ജിഹാദിനെയും നേർപ്പിക്കാൻ തുടങ്ങിയവരാണ് മുസ്ലിം പണ്ഡിതരെന്ന് ഐഎസ് പറയുന്നു. കുഫാറുകളുടെ ഔദാര്യത്തിൽ ആണ് തങ്ങളുടെ രക്ഷ എന്ന് കരുതി, അവരെ പ്രീതിപ്പെടുത്താനും അവരുടെ ജാഹിലിയത്തും കുഫ്രിയത്തുമായി മുന്നോട്ട് പോകാനും വേണ്ടി ശത്രുക്കൾക്കു വേണ്ടി അള്ളാഹുവിന്റെ ആജ്ഞ അവഗണിച്ചവരാണ് മുസ്ലിം പണ്ഡിതരെന്നുമാണ് ഇവരുടെ വാദം. സമാധാന സന്ദേശങ്ങളും മറ്റു മതസ്തരുമായി പ്രവാചകൻ പുലർത്തിയ സ്‌നേഹ ബന്ധങ്ങളൊന്നും ഇവർ അംഗീകരിക്കുന്നേയില്ല.

വിവിധ മതസ്ഥരുടെ ആരാധനാ സ്വാതന്ത്ര്യം ഖുർആൻ അധ്യായം സൂറത്തുൽ കാഫിറൂനിൽ വ്യക്തമാക്കുമ്പോഴും ഐസിസ് അമുസ്ലിംങ്ങളെ കൊല്ലാനും രക്തം ചിന്താനും ആഹ്വാനം ചെയ്യുന്നു. ഇതിനായി ഇബ്‌നു തൈമിയ്യ, മുഹമ്മദ് ഇബിനു അബ്ദുൽ വഹാബ് തുടങ്ങിയ സലഫി പണ്ഡിതന്മാരുടെ വാദകതികളും ആശയങ്ങളുമാണ് ഇവർ മാതൃകയാക്കുന്നതും ഉദ്ധരിക്കുന്നതും. കേരളത്തിൽ നിന്നും കാണാതായ മലയാളികളുടെ സലഫി ആശയങ്ങളും കേരളത്തിലെ സലഫീ ധാരകളും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

യഥാർത്ഥ മുസ്ലിംങ്ങൾ തങ്ങളാണെന്നും മറ്റുള്ളവരെല്ലാം നരഗാവകാശികളാണെന്നുമാണ് ഐസിസിന്റെ വാദം. ഡെമോക്രസി, മതേതരത്വം, മൗലീദ് ആഘോഷം, ഇന്റെർഫൈത് കുലാവിസം, സൂഫിസവും വഹ്ദത്തുൽ വുജൂദും തുടങ്ങിയ ആശയം പുലർത്തുന്നതിനാൽ കേരളത്തിലെ പാരമ്പര്യ സുന്നികളും പുരോഗമന മുസ്ലിം സംഘടനകളും അടക്കമുള്ളവർ യഥാർത്ഥ മുസ്ലിംങ്ങളെല്ലെന്ന് ഇവർ പറയുന്നു. അള്ളാഹുവിനോട് ഏറ്റവും അടുക്കാൻ ഖുർആനിലും സുന്നത്തിലും ഉള്ള മാർഗം ജിഹാദാണെന്നും എന്ന് വച്ചാൽ അള്ളാഹുവിന്റെ മാർഗത്തിൽ ഉള്ള യുദ്ധം.

അല്ലാഹുവിന്റെ ശത്രുക്കളുടെ ശക്തി നശിപ്പിക്കുന്ന വിശുദ്ധ പോരാട്ടമാണ് ജിഹാദെന്നും ഇവർ നിർവചിക്കുന്നു. ഇതിനാൽ തന്നെ കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും ഈ ആശയത്തെ എതിർക്കുന്നവരും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരുമാണ്. അതുകൊണ്ട് തീവ്ര സലഫി ആശയക്കാരായ ഖിലാഫത്തിനു വേണ്ടി ആഗ്രഹിക്കുന്നവർ ഒഴിച്ച് മറ്റെല്ലാവരും പിഴച്ചവരാണെന്നാണ് ഐഎസിന്റെ വാദം. അൽ വലാ വൽ ബറാ (അല്ലാഹുവിന്റെ ശത്രുക്കളായ കുഫാറുകളോട് ശത്രുതയും അല്ലാഹുവിന്റെ മിത്രങ്ങളോട് മാത്രം സൗഹാർദവും) പൂർണ്ണമായും നടപ്പാക്കുന്ന ലോകത്തിലെ ഇന്നുള്ള ഒരേ ഒരു വിഭാഗം ദൗലത്തുൽ ഇസ്ലാം മാത്രമാണെന്ന് ഇവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഇതുകൊണ്ടൊന്നും തീർന്നില്ല കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളെ പറ്റിയും ഇവർക്ക് ധാരണയുണ്ട്. ഐഎസിന്റെ മലയാളം ബ്ലോഗിൽ മുസ്ലിം സംഘടനകളെ രൂക്ഷമായി വിമർശിക്കുന്നതിങ്ങനെയാണ്: കുഫാറുകളോട് ശത്രുത വെയ്ക്കാൻ സുടാപ്പികൾക്ക് പറ്റുമോ? ജമ കുലാവികൾക്ക് പറ്റുമോ? മൂരി ലീഗുകാരന് പറ്റുമോ? കേരള സുന്നികൾ എന്ന ശിയാ ഖുറാഫികൾക്ക് (പേര് സുന്നി എന്നാണെങ്കിലും കൈയിലിരിപ്പ് മുഴുവനും ശിയായിസമാണ്.) പറ്റുമോ? കേരള മുജാഹിദുകൾ (ജിഹാദിനെ വെറുക്കുന്ന വിഭാഗം മുജാഹിദ് എന്നാ പേരിട്ടത് മറ്റൊരു തമാശയാണ് ) എന്ന കോമാളികൾക്ക് പറ്റുമോ? ഇവരെല്ലാം അൽ വലാ വൽ ബറാ തള്ളിപ്പറയുന്നവരാണ്. അൽ വല വൽ ബറാ എന്നാൽ വർഗീയതയാണ്, അത് ഞമ്മക്ക് വേണ്ടാ എന്നാണു എല്ലാവരുടെയും നിലപാട്. ഇവന്മാര് കൊണ്ട് നടക്കുന്ന അവരുടെതായ ഇസ്ലാമിനു പേര് ദോശം ദൗല ഉണ്ടാക്കുന്നതാണ് ഇവരുടെയൊക്കെ കുഴപ്പം. പക്ഷെ ആ ഇസ്ലാം ഇവന്മാർ കണ്ടു പിടിച്ചതാണ്, അല്ലാഹു അവതരിപ്പിച്ച ഇസ്ലാം അല്ല എന്ന് മാത്രം എന്ന വിമർശനമാണ് മുസ്ലിം സംഘടനകൾക്കുമേൽ ചൊരിയുന്നത്.

ഇന്ത്യയിൽ ജിഹാദ് നിർബന്ധമാണെന്നും അതിന്റെ സാധ്യതകളുണ്ടെന്നും അൽ മുഹാജിറൂൻ ബ്ലോഗിൽ വ്യക്തമാക്കുന്നുണ്ട് . ഇന്ത്യയിൽ കാശ്മീരിൽ മാത്രമല്ല മുസ്ലിംങ്ങൾക്ക് പ്രശ്‌നമുള്ളതെന്നും ഇന്ത്യൻ മുസ്ലീങ്ങളുടെ അവസ്ഥ എന്താണ് എന്ന് ഇന്ത്യക്ക് പുറത്തുള്ള മുസ്ലിം സമൂഹത്തെ അറിയിക്കാനുള്ള ഒരു താല്പര്യവും നാളിതു വരെ ഇന്ത്യൻ മുസ്ലീങ്ങൾ കാണിചിട്ടില്ലെന്ന വിമർശനവും ഉയർത്തുന്നു. ഇന്ത്യൻ മുസൽമാന്റെ അസ്ഥിത്തത്തിനു തന്നെ ഭീഷണി ആയ ആർഎസ്എസ് സംഘ പരിവാരത്തെ കുറിച്ച് ലോക മുസ്ലീങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്നത് ഇന്ത്യൻ മുസ്ലീങ്ങളുടെ പരാജയമാണെന്ന് ലേഖനത്തിൽ പറയുന്നു. ജിഹാദിന്റെ തെറ്റായ വ്യാഖ്യാനത്തെ എതിർക്കുന്ന മുസ്ലിം സംഘടനകളെയും പണ്ഡിതന്മാരെയും മാത്രമല്ല. ഐഎസ് ബ്ലോഗ് എതിർക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഇസ്ലാമിക്ക് സ്റ്റേറ്റിനെയോ ദൗല, ജിഹാദ്, ഖിലാഫത്ത് എന്നീ വാദഗതികളെ എതിർക്കുകയോ ചെയ്താൽ ഇവരെ പാഠം പഠിപ്പിക്കണമെന്ന സന്ദേശത്തോടെ ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ പ്രൊഫൈലുകളും സഹിതം കൊടുത്തിട്ടുണ്ട്. ഐഎസിനെ എതിർത്ത് എത്രയെത്ര ഖലീഫമാർ എന്ന ഖലീഫമാർ എന്ന പേരിൽ പ്രൊഫ.പി കോയ എഴുതിയ ലേഖനത്തിനെതിരെ എത്രയെത്ര ബുദ്ധിജീവികൾ എന്ന പേരിലാണ് ബ്ലോഗിൽ പ്രോഫ.കോയയുടെ ഫോട്ടോ സഹിതം വച്ച് ഇവർ മറുപടി നൽകിയിരിക്കുന്നത്. ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിയിൽ വേദി പങ്കിട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും ലേഖനം ബ്ലോഗിലുണ്ട്.

ചുരുക്കി പറഞ്ഞാൽ ഇസ്ലാമിക്ക് സ്റ്റേറ്റ് ആശയമുള്ള ഒരു വ്യക്തിക്ക് ഇന്ത്യപോലുള്ള മതേതര ജനാധിപത്യ രാജ്യത്ത് ജീവിക്കാൻ കഴിയില്ലെന്നാണ് ഇവർ ഉന്നയിക്കുന്ന വാദം. എന്നാൽ ഈ തീവ്ര സലഫിവഹാബി ആശയത്തെ അംഗീകരിക്കാത്തവരാണ് ലോക മുസ്ലിംങ്ങളിലും ആഗോള പണ്ഡിതരും എന്നതാണ് വസ്തുത. ജീവിത വിരക്തിയിൽ നിന്നും മാറി ആടിനെ മെയ്‌ക്കൽ പോലുള്ള ദമ്മാജ് സലഫിസം, തീവ്ര സലഫി ആശയം സൂഫിസവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഐഎസ് ആശയങ്ങളെ എതിർക്കുന്നവരാണ് ആഗോള മുസ്ലിം പണ്ഡിതർ. സഊദിഅറേബ്യ അടക്കമുള്ള രാജ്യങ്ങളും ഐഎസിനെതിരെ ശക്തമായ എതിർപ്പുണ്ട്. മുസ്ലിം സംഘടനകൾ ഐഎസിനെ വിവിധ കാറ്റഗറിയിൽ നിന്നുകൊണ്ട് എതിർക്കുമ്പോഴും മലയാള നാട്ടിലെ ഐഎസ് വേരോട്ടത്തിന്റെ ഏറ്റവും വലിയ തെളിവാണ് അൽ മുഹാജിറൂൻ ബ്ലോഗ്.

അതിഭീകരവും തീവ്രവുമായ ചിന്തകളാണ് ഇവർ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളിലുടനീളമുള്ളത്. ഐസിസ് സ്വാധീനം കേരളത്തിൽ വേരുറപ്പിച്ചതിന്റെ സൂചനയാണിത്. പരമ്പരാഗത മത സംഘടനകളും ഭരണകൂടവും ഈ മഹാവിപത്തിനെ തുടച്ചു നീക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഐഎസിന് വളം വെയ്ക്കുന്ന ആശയങ്ങളും തീവ്ര സലഫി, ജീഹാദ് ചിന്തകളും ജനാധിപത്യ ബഹുസ്വര സമൂഹത്തിൽ നിന്നും പിഴുതെറിയേണ്ടത് കാലത്തിന്റ അനിവാര്യം കൂടിയാണ്. എന്നാൽ അൽ മുഹാജിറൂൻ ബ്ലോഗിനു പിന്നിലെ മലയാളി സംഘത്തെ കണ്ടെത്താനാകാത്തത് സുരക്ഷാ ഏജൻസികളുടെ പരാജയമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ നേതൃത്വത്തിൽ തന്നെയെന്നു സംശയിക്കുന്ന ഫേസ്‌ബുക്ക് പേജ് അൻസാറുൽ ഖലാഫ എന്ന പേരിൽ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. വിവാദമായപ്പോൾ ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ബ്ലോഗിനു പിന്നിൽ ഇന്ത്യക്കു പുറത്തുള്ള മലയാളികൾ ചിലരാണെന്നും ഇവർ ഐഎസിന്റെ ഓൺലൈൻ റിക്രൂട്ട്‌മെന്റ് വിഭാഗമാണെന്നും ഇന്റലിജൻസ് അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. പുതിയ പശ്ചാത്തലത്തിൽ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതോടെ മലയാളികളുടെ കൂടുതൽ ഐസിസ് ബന്ധം കണ്ടെത്താൻ സാധിക്കുമെന്നാണ് അന്വേഷണ ഏജൻസിയുടെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP