Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിണ്ടേണ്ട സമയത്ത് മിണ്ടാതിരുന്നു; പുറത്ത് പോവേണ്ട സമയത്ത് അകത്ത് തന്നെ കൂടി; ഒരു പ്രയോജനവും ഇല്ലാത്ത മാണിയുടെ ഇപ്പോഴത്തെ നീക്കം പിഴക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ; മകനെ മന്ത്രിയാക്കാൻ ബിജെപിയിലേക്ക് പോയാൽ എംഎൽഎമാർ ഒന്നാകെ കൊഴിയും; പാർട്ടി വിട്ട പിസി ജോർജ് കേരളാ കോൺഗ്രസ് നേതാവായി എത്തും

മിണ്ടേണ്ട സമയത്ത് മിണ്ടാതിരുന്നു; പുറത്ത് പോവേണ്ട സമയത്ത് അകത്ത് തന്നെ കൂടി; ഒരു പ്രയോജനവും ഇല്ലാത്ത മാണിയുടെ ഇപ്പോഴത്തെ നീക്കം പിഴക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ; മകനെ മന്ത്രിയാക്കാൻ ബിജെപിയിലേക്ക് പോയാൽ എംഎൽഎമാർ ഒന്നാകെ കൊഴിയും; പാർട്ടി വിട്ട പിസി ജോർജ് കേരളാ കോൺഗ്രസ് നേതാവായി എത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫിനെ പ്രതിസന്ധിയിലാക്കി മുന്നണി മാറ്റത്തിന്റെ സാധ്യതകൾ തേടുകയാണ് കെഎം മാണി. എംഎൽഎമാരുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുത്ത മാണി ധ്യാനത്തിലാണ്. മനസ്സ് മുഴുവൻ ബിജെപിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

എന്നാൽ പിജെ ജോസഫും മോൻസ് ജോസഫും ജയരാജനും സിഎഫ് തോമസും റോഷി അഗസ്റ്റിനും ബിജെപി ബാന്ധവത്തെ അംഗീകരിക്കുന്നുമില്ല. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയെ പിന്തുണച്ച് ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടാനും കഴിയുന്നില്ല. യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് എങ്ങും പെടാതെ നിയമസഭയിൽ ഇരിക്കുക. അതിന് ശേഷം കരുതലോടെ ഇടതുപക്ഷത്തേക്ക് എന്ന തന്ത്രം പയറ്റാനാണ് ഇപ്പോഴത്തെ ശ്രമം. പക്ഷേ ബാർ കോഴയിൽ ആരോപണവിധേയനായ മാണിയെ സിപിഐ(എം) രണ്ടും കൈയും നീട്ടി സ്വീകരിക്കില്ല. ബിജെപിയിലേക്ക് മാറിയാൽ ക്രൈസ്തവ വോട്ടർമാരും മാണിയെ കൈവിടും. അതുകൊണ്ട് തന്നെ അസമയത്തെ രാഷ്ട്രീയ നീക്കങ്ങൾ മാണിക്ക് തിരിച്ചിടിയാകുമെന്നാണ് വിലയിരുത്തൽ.

ബാർ കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ആരോപണം ഉയർന്നപ്പോൾ തന്നെ ഗൂഢാലോചന തുറന്നുകാട്ടി മുന്നണി മാറാൻ മാണിക്ക് അവസരമുണ്ടായിരുന്നു. അതിന് മുമ്പും ഇടതുപക്ഷം പലവട്ടം മാണിക്കായി ചർച്ച നടത്തി. അപ്പോഴൊക്കെ യുഡിഎഫ് വിടാനുള്ള തീരുമാനം മാണി എടുത്തില്ല. പിസി ജോർജിനെ പുറത്താക്കി യുഡിഎഫിൽ താരമായി അവിടെ തുടരാനായിരുന്നു ശ്രമിച്ചത്. വിലപേശലിലൂടെ നിയമസഭാ സീറ്റുകൾ നഷ്ടമാകാതിരിക്കാനും കഴിഞ്ഞു. ആറ് എംഎൽഎമാരും ജയിച്ചു. ഫ്രാൻസിസ് ജോർജും കൂട്ടരും പിളർന്ന് പോയശേഷമാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമായി.

എന്നാൽ അടൂർ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളുമായുള്ള വിവാഹ നിശ്ചയം കാര്യങ്ങൾ മാറ്റി മറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മാണിക്കായി വലവിരിച്ച ബിജെപി വീണ്ടും വാഗ്ദാനവുമായെത്തി. ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാം. പിസി തോമസ് കേരളാ കോൺഗ്രസിൽ നിന്ന് ജയിച്ച ശേഷം വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായി. പിന്നീട് മൂവാറ്റുപുഴയിൽ നിന്ന് ജയിക്കുകയും ചെയ്തു. ഇതിനേക്കാൾ ശക്തി ഇന്ന് ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ക്യാമ്പിൽ നിന്ന് ജയിക്കാൻ ജോസ് കെ മാണിക്കും കഴിയുമെന്നാണ് വിലയിരുത്തൽ.

എന്നാൽ കേരളാ കോൺഗ്രസിന്റെ എംഎൽഎമാർ ഈ പക്ഷത്തില്ല. ഇടത്-വലത് മുന്നണികളുടെ പിന്തുണയില്ലാതെ നിയമസഭയിലെത്താൻ കഴിയില്ലെന്ന് കേരളാ കോൺഗ്രസ് എംഎൽഎമാർ കണക്ക് കൂട്ടുന്നു. പൂഞ്ഞാറിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ പിസി ജോർജും സാഹചര്യം മുതലെടുക്കാൻ സജീവമായി രംഗത്തുണ്ട്. കേരളാ കോൺഗ്രസിന്റെ നേതാവായി മാറുകയാണ് പിസിയുടെ ലക്ഷ്യം. കെഎം മാണി ബിജെപി ക്യാമ്പിലേക്ക് പോയാൽ പിസി ജോർജ് യുഡിഎഫിലെത്തുമെന്ന് ഉറപ്പാണ്. രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പിസി ജോർജിന് ഉമ്മൻ ചാണ്ടിയും അനുകൂലമാണ് ഇപ്പോൾ.

മാണിയെ മുഖ്യമന്ത്രിയാക്കാൻ കരുക്കൾ നീക്കിയതാണ് തനിക്ക് തിരിച്ചടിയായതെന്ന് പിസി ജോർജ് പറയുന്നുണ്ട്. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിക്ക് തന്നോട് വൈരാഗ്യമെന്നും അതിൽ തെറ്റുപറയാനാവില്ലെന്നും പിസി പറയുന്നത് യുഡിഎഫ് പ്രവേശനത്തിന് വേഗം കൂടാനാണ്. നിലവിൽ കെഎം മാണി കഴിഞ്ഞാൽ പിജെ ജോസഫാണ് കേരളാ കോൺഗ്രസിലെ രണ്ടാമൻ. ആരോഗ്യ പ്രശ്‌നങ്ങളുള്ള ജോസഫിന് നേതൃത്വത്തോടൊന്നും ഇപ്പോൾ താൽപ്പര്യവുമില്ല. അതിനാൽ മാണി ബിജെപി ക്യാമ്പിലെത്തിയാൽ അതിന്റെ സാധ്യതകളെല്ലാം ജോർജിനാകും അനുകൂലമാവുക. ഇത് മനസ്സിലാക്കിയുള്ള കരുനീക്കം ജോർജ് തുടങ്ങിയിട്ടുമുണ്ട്.

ഇതിനെടയാണ് കോൺഗ്രസിലും യുഡിഎഫിലും പ്രതിസന്ധി മുറുകിയതോടെ പരിഹാരം തേടി ഹൈക്കമാൻഡ് ഇടപെടുന്നത്. ഇതിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ എന്നിവരോടു വ്യാഴാഴ്ച ഡൽഹിയിലെത്താൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങൾ യുഡിഎഫിനെയും ബാധിക്കുന്നു എന്നുകൂടി കണ്ടാണു നടപടി.

ഇടഞ്ഞുനിൽക്കുന്ന കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി അനുരഞ്ജന നീക്കങ്ങളോടു മുഖം തിരിക്കുകയാണ്. തന്നെ ബന്ധപ്പെടാൻ ശ്രമിച്ച രമേശ് ചെന്നിത്തലയോടു ഫോണിൽ സംസാരിക്കാനും അദ്ദേഹം കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിൽ ഡൽഹിയിൽ സംഘടനാകാര്യങ്ങൾക്കൊപ്പം മാണിയുമായി ബന്ധപ്പെട്ട പ്രശ്‌നവും അവലോകനം ചെയ്യും. അനുരഞ്ജനത്തിന് ഉമ്മൻ ചാണ്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച ഫോണിൽ വിളിച്ചപ്പോഴാണു രമേശിനോടു സംസാരിക്കാൻ മാണി തയാറാകാതിരുന്നത്. ഫോണെടുത്ത സഹായി, മാണി ധ്യാനത്തിനു പോയിരിക്കുകയാണെന്നാണു പറഞ്ഞത്. കാണാൻ കൂടി ഉദ്ദേശിച്ചാണു വിളിച്ചതെന്നു രമേശ് അറിയിച്ചു. തിരിച്ചുവിളിക്കാമെന്ന മറുപടി ലഭിച്ചുവെങ്കിലും അതുണ്ടായില്ല. ആഭ്യന്തര മന്ത്രിയായിരിക്കെ തനിക്കെതിരായ ബാർ കേസ് രമേശ് വഷളാക്കി എന്ന അമർഷത്തിൽ യുഡിഎഫ് വിടാനുള്ള ചർച്ചയ്ക്കു തുടക്കമിട്ട മാണി, അതിനു മുൻപു കൂടിക്കാഴ്ച വേണ്ടെന്ന നിലപാടിലാണ്. ആറിനും ഏഴിനും ചരൽക്കുന്നിൽ ചേരുന്ന സംസ്ഥാന ക്യാംപിൽ കടുത്ത തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് മാണി നൽകുന്നത്.

കേരളാ കോൺഗ്രസിൽ പിളർപ്പുള്ളതിനാൽ ഇതു നടക്കില്ലെന്നാണ് കോൺഗ്രസുകാർ പറയുന്നത്. എന്നാൽ ഇടതുപക്ഷം മാണിയെ സ്വീകരിച്ചാൽ അത് മുന്നണി രാഷ്ട്രീയത്തെ മാറ്റി മറിക്കും. മാണിയും കൂട്ടരും ഇടതുപക്ഷത്തേ മാറുകയും ചെയ്യും. ഈ സാഹചര്യത്തെയാണ് കോൺഗ്രസ് ഭയത്തോടെ കാണുന്നത്. കേരളാ കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിനിർണ്ണായകമാണ്. അത് കൈവിട്ടാൽ കേരള രാഷ്ട്രീയത്തിൽ തിരിച്ചുവരവിന്റെ സാധ്യത പോലും കോൺഗ്രസിന് ഇല്ലാതെയാകും.

ചരൽകുന്ന് ക്യാമ്പിൽ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകുമെന്ന് മാണിയും വ്യക്തമാക്കുന്നു. പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും എല്ലാവരുമെന്നും ഏക അഭിപ്രായക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി എല്ലാ വിഷയങ്ങളും ചരൽകുന്ന് ക്യാമ്പിൽ ചർച്ചചെയ്യുമെന്ന് പി.ജെ. ജോസഫും പറഞ്ഞു. പാർട്ടിയിൽ ഒരു അഭിപ്രായമേ ഉണ്ടാകുകയുള്ളൂവെന്നും ജോസഫും വിശദീകരിക്കുന്നു. യു.ഡി.എഫിൽ തുടരുന്നത് സംബന്ധിച്ച തർക്കം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ തുടരുന്നതിനിടെ ഒത്തുതീർപ്പിന് പുതിയ ഫോർമുല അണിയറയിൽ തയാറായി എന്നാണ് മാണിയുടേയും ജോസഫിന്റേയും വാക്കുകൾ നൽകുന്ന സൂചനകൾ. യു.ഡി.എഫിൽ നിന്ന് പുറത്ത് പോകാതെ പ്രത്യേക ബ്ലോക്കായി മാറുന്നതടക്കമുള്ള ചർച്ചകൾക്കാണ് പ്രാമുഖ്യം.

അതോടൊപ്പം നിയമസഭയ്ക്ക് പുറത്ത് ഇരു മുന്നണികളോടും സമദൂര സിദ്ധാന്തമെന്ന നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുക. എന്നാൽ, യു.ഡി.എഫ്. വിടുന്നതിനെ ശക്തമായി എതിർക്കുന്ന പി.ജെ. ജോസഫ് നിലപാട് കടുപ്പിച്ചാൽ കേരള കോൺഗ്രസിൽ മറ്റൊരു പിളർപ്പും ആസന്നമാകുമെന്ന് കോൺഗ്രസ് കരുതുന്നു. യു.ഡി.എഫുമായി മാനസികമായി അകന്ന കെ.എം. മാണി കഴിഞ്ഞ ദിവസം എംഎ‍ൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ യു.ഡി.എഫുമായി ഒത്തുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതല്ലെങ്കിൽ നിലവിലുള്ള യു.ഡി.എഫ്. സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന നിലപാടാണ് മാണി സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉന്നംവച്ചുള്ള നീക്കമാണ് ഇതെന്ന് വ്യക്തമാണ്. ഇതാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയാൽ അത് ബാർ കോഴ ഗൂഢാലോചനയുണ്ടായ്ത കോൺഗ്രസിനുള്ളിൽ നിന്നാണെന്ന വാദത്തിനും ശക്തിപകരും.

ഈ സാഹചര്യമൊഴിവാക്കാനാണ് ബാർകോഴ ഗൂഢാലോചനയിൽ കോൺഗ്രസിനോട് ഇടഞ്ഞ കെ എം മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമം. യാതൊരു സമവായത്തിനും സമ്മതിക്കാതെ ദിവസങ്ങളായി യുഡിഎഫിനെ വലയ്ക്കുകയാണ് കെ എം മാണി. കോൺഗ്രസിൽ നിന്നുള്ള തുടർച്ചയായ അനുരഞ്ജന ശ്രമങ്ങളിൽ നിന്നൊഴിവാകാൻ മൂന്ന് ദിവസത്തേയ്ക്ക് മാണി ധ്യാനത്തിന് പോയി. ഇന്നലെ മുതൽ ധ്യാനം കൂടാൻ പോയ മാണി നാലാം തീയതി മാത്രമേ തിരിച്ചെത്തുകയുള്ളൂ. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് ധ്യാനം കൂടുന്ന പതിവ് കെ എം മാണിക്കുണ്ട്. പി സി ജോർജ്ജിനെ പാർട്ടിയിൽ നിന്നൊഴിവാക്കാനുള്ള തീരുമാനത്തിനു മുമ്പേയും മാണി ധ്യാനം കൂടിയിരുന്നു. മാണിയുടെ തീരുമാനം മുന്നണിക്കു തിരിച്ചടിയാകുമെന്ന ഉറപ്പുള്ളതിനാലാണ് കെ എം മാണിയെ മയപ്പെടുത്താൻ കോൺഗ്രസ് കിണഞ്ഞുപരിശ്രമിക്കുന്നത്. യുഡിഎഫിനെ സമ്മർദ്ദപ്പെടുത്തുന്നതിലൂടെ രമേശ് ചെന്നിത്തലയെയാണ് മാണി ടാർജറ്റ് ചെയ്യുന്നത്.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷസ്ഥാനത്തുനിന്നോ യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്നോ മാറ്റണമെന്നതാണ് കെ എം മാണിയുടെ ആവശ്യം. പി കെ കുഞ്ഞാലിക്കുട്ടിയെ കളത്തിലിറക്കി സമവായമുണ്ടാക്കാനാണ് നീക്കം. ഇതിനായി ധ്യാനം കഴിഞ്ഞുവരുന്ന നാലിന് കുഞ്ഞാലിക്കുട്ടി മാണിയെ കാണാനെത്തും. ഈ കൂടിക്കാഴ്ചയിലാണ് കോൺഗ്രസിന്റെ ഇനിയുള്ള പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP