Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാഹസികമായി വിമാനം നിലത്തിറക്കിയത് ഓസ്‌ട്രേലിയക്കാരനായ പൈലറ്റ്; ഇടിച്ചിറക്കിയത്‌ റൺവേയുടെ അവസാന ഭാഗത്ത്; എഞ്ചിന്റെ പഴക്കവും 50 ഡിഗ്രി താപനിലയും അപകടകാരണമായി; ഒഴിഞ്ഞു പോയത് മഹാദുരന്തം തന്നെ

സാഹസികമായി വിമാനം നിലത്തിറക്കിയത് ഓസ്‌ട്രേലിയക്കാരനായ പൈലറ്റ്; ഇടിച്ചിറക്കിയത്‌ റൺവേയുടെ അവസാന ഭാഗത്ത്; എഞ്ചിന്റെ പഴക്കവും 50 ഡിഗ്രി താപനിലയും അപകടകാരണമായി; ഒഴിഞ്ഞു പോയത് മഹാദുരന്തം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യാത്രക്കാരും ജീവനക്കാരുമടക്കം 300 പേരുമായി തിരുവനന്തപുരത്തു നിന്ന് ദുബായിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചിട്ടും വൻ ദുരന്തമുണ്ടാകാത്തതിന് കാരണം റൺവേയിൽ നിന്നും വിമാനം വഴുതിപോകാത്തത്. റൺവേയുടെ അറ്റത്താണ് വിമാനം ഇടിച്ചിറക്കിയത്. ഇത് പുറത്തായിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. 50 ഡിഗ്രിയായിരുന്നു ആ സമയത്ത് വിമാനത്താവളത്തിലെ താപനില. അതും അപകടകാരണമായി. ഓസ്‌ട്രേലിയക്കാരനായ പൈലറ്റ് ജെർമി വെബ്ബാണ് അതിസാഹസികമായി വിമാനം ഇടിച്ചിറക്കിയത്. 282 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാന എൻജിന്റെ കാലപ്പഴക്കവും അപകടത്തിലേക്ക് നയിച്ചു.

ബോയിങ് 777 വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പിൻഭാഗമിടിച്ചാണ് ലാൻഡ് ചെയ്തത്. രാവിലെ 10.19നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എമിറേറ്റ്‌സ് വിമാനം ദുബായിലേക്ക് പുറപ്പെട്ടത്. 12.30ന് വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് എഞ്ചിനിൽ തീ പടർന്നതായി പെയിലറ്റ് കണ്ടെത്തിയത്. ഉടൻ തന്നെ പെയിലറ്റ് അപായസൂചന നൽകുകയും അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുകയുമായിരുന്നു. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങിയ വിമാനത്തിന്റെ അടിഭാഗം നിലത്ത് ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ മധ്യഭാഗം തകർന്നു. റൺവേയ്ക്ക് ഉള്ളിൽ തന്നെ അപ്പോഴും വിമാനം നിന്നു. തെന്നി നീങ്ങൽ കുറച്ചു കൂടി അധികമായിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാവുമായിരുന്നു.

ഇതിനിടെ, ജീവനക്കാർ ചേർന്ന് യാത്രക്കാരെ അടിയന്തര വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു. തീപിടുത്തത്തിൽ യാത്രക്കാരുടെ ലഗേജുകൾ കത്തി നശിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരെ രക്ഷിച്ചത്. യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ വിമാനം കത്തിയമർന്നു. ക്ഷണ നേരം കൊണ്ട് വിമാനത്താവളം കറുത്ത പുക കൊണ്ട് മൂടി. പെയിലറ്റ് അപായ സൂചന നൽകിയതിനാൽ തന്നെ അഗ്‌നിശമന സേനയും രക്ഷാപ്രവർത്തകരും തയ്യാറായി നിൽപുണ്ടായിരുന്നു. തുടർന്ന് വിമാനത്തിന്റെ നാലു ചുറ്റും നിന്നും വെള്ളം ചീറ്റിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് എമിറേറ്റ്‌സ് അന്വേഷണത്തിന് ഉത്തരവിട്ടു. സാങ്കേതികത്തകരാറുമൂലം വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു എന്ന് എമിറേറ്റ്‌സ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 2003 ലും ഇതേ വിമാനം അപകടത്തിൽപ്പെട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.08 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനമാണിത്. ദുബായിയിൽ നിന്നും തൂനിസിലേക്കും തൂനിസിൽ നിന്നും മാൾട്ടയിലെ ലുക്കയിലേയ്ക്കും കഴിഞ്ഞ ദിവസം ഈ വിമാനം പറന്നതാണ്.

ബുധനാഴ്ച രാവിലെ 10.19നാണു വിമാനം തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടത്. 10.10നാണ് വിമാനം പുറപ്പെടുന്ന കൃത്യസമയം. ഏഴു കുട്ടികൾ ഉൾപ്പെടെ 282 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 226 പേർ ഇന്ത്യക്കാരായിരുന്നു. ഭൂരിഭാഗവും മലയാളികൾ. മലയാളികളിൽതന്നെ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലയിൽ നിന്നുള്ളവരായിരുന്നു കൂടുതൽ. ഏഴു കുട്ടികളും വിമാനത്തിലുണ്ടായിരുന്നു. വിമാനജീവനക്കാരായ 18 പേരിൽ 16 പേർ വിദേശികളായിരുന്നു. യാത്രക്കാരിൽ യുകെ, യുഎസ്, സൗദി അറേബ്യ, ടർക്കി, അയർലൻഡ്, ഓസ്‌ട്രേലിയ, ബ്രസീൽ, ജർമനി, മലേഷ്യ, തായ്‌ലൻഡ്, ക്രൊയേഷ്യ, ഈജിപ്ത്, ബോസ്‌നിയ, ലബനൻ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ് സർലൻഡ്, ടുണിസിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ടായിരുന്നു.

അതിനിടെ എമിറേറ്റ്‌സിന്റെ 777 ബോയിങ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നത് സുരക്ഷ ഉറപ്പുവരുത്തിയശേഷമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ. ദുബായിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനം യാത്രക്കാരെ ഇറക്കി എമിറേറ്റ്‌സിന്റെ ഗ്രൗണ്ട് എൻജിനീയർമാർ പരിശോധന നടത്തിയശേഷമാണ് അടുത്ത സർവിസിന് റൺവേയിലേക്ക് മാറ്റിയത്. എമിറേറ്റ്‌സ് വിമാനത്തിലെ ചെക് ലിഫ്റ്റ് പൈലറ്റ് കമാൻഡർ അംഗീകരിച്ചശേഷമാണ് ടേക് ഓഫ് നടത്തിയത്. ടേക് ഓഫ് നടത്തിയപ്പോൾ വിമാനത്തിന്റെ അണ്ടർ ഗാരേജ് പ്രവർത്തിച്ചിരുന്നു. എയർ ട്രാഫിക് കൺട്രോൾ ടവർ വിടുന്നതുവരെ സാങ്കേതിക തടസ്സങ്ങൾ ഉള്ളതായി വിമാനത്തിൽനിന്ന് സന്ദേശങ്ങൾ എത്തിയിരുന്നുമില്ല. ആധുനിക എയർക്രാഫ്റ്റിൽ സാങ്കേതിക തകരാറുണ്ടായാൽ പെട്ടെന്ന് കോക്പിറ്റിൽ അറിയാനാവുമെന്ന് ഗ്രൗണ്ടിങ് വിഭാഗം വിദഗ്ദ്ധർ പറയുന്നു. കത്തിയ വിമാനം ഈ വിഭാഗത്തിൽപെട്ടതാണ്.

പകടത്തിൽപെട്ട വിമാനം യാത്രയ്ക്കു പ്രത്യേകം എത്തിച്ചതാണെന്നു റിപ്പോർട്ട്. തിരുവനന്തപുരം ദുബായ് സർവ്വീസിനു സാധാരണ എയർബസ് 333 വിമാനമാണ് ഉപയോഗിക്കാുള്ളതെങ്കിലും അപകട ദിവസം സർവ്വീസ് നടത്തിയത് ബോയിങ് 777 300 വിഭാഗത്തിൽപെട്ട വലിയ വിമാനമായിരുന്നു. എന്തിനായിരുന്നു ഇന്നലെ വലിയ വിമാനം യാത്രയ്‌ക്കെടുത്തതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. 314 മുതൽ 451 പേർക്കുവരെ യാത്ര ചെയ്യാൻ കഴിയുന്ന കോഡ് ഇ വിഭാഗത്തിൽ പെട്ട വിമാനമാണ് ബോയിങ് 777. സാധാരണ എമിറേറ്റ്‌സ് ഉപയോഗിക്കുന്ന എയർബസ് 333 വിമാനത്തിൽ 283 യാത്രക്കാരെ മാത്രമേ കയറ്റാനാകൂ. പൊട്ടിത്തെറിച്ചത് കോഡ് ഡി വിഭാഗത്തിൽപെട്ട വിമാനമാണ്. തിരക്കു കൂടുതലായതിനാലാണ് വലിയ വിമാനം ഉപയോഗിച്ചതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP