Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മുടെ കീരിക്കാടൻ ജോസ് ഇപ്പോൾ മധുര ഹൈവേയിലെ 'കീരിക്കാടൻ'മാരുടെപേടി സ്വപ്നം; സർക്കാർ സർവീസിൽ തിരിച്ച് കയറിയ മോഹൻരാജ് ഇപ്പോൾ അസിസ്റ്റന്റ് കമ്മീഷണറായി വിലസുന്ന കഥ

നമ്മുടെ കീരിക്കാടൻ ജോസ് ഇപ്പോൾ മധുര ഹൈവേയിലെ 'കീരിക്കാടൻ'മാരുടെപേടി സ്വപ്നം; സർക്കാർ സർവീസിൽ തിരിച്ച് കയറിയ മോഹൻരാജ് ഇപ്പോൾ അസിസ്റ്റന്റ് കമ്മീഷണറായി വിലസുന്ന കഥ

കീരിക്കാടൻ ജോസിനെ അറിയാത്ത മലയാളികളുണ്ടാകില്ല. കിരീടത്തിലെ സേതുവിന്റെ ജീവിതത്തെ ഒരു ചില്ലുകൊട്ടാരം പോലെ തകർത്തെറിഞ്ഞ വില്ലൻ. ലോഹതദാസ് സിബിമലയിൽ കൂട്ടുകെട്ടിൽ പിറന്ന കിരീടം എന്ന സിനിമയിൽ മോഹൻലാലിന്റെ നായകകഥാപാത്രമായ സേതുവിനൊപ്പം ഒരു വേള അതിനേക്കാൾ തലപ്പൊക്കമുള്ള കഥാപാത്രമായിരുന്നു കീരിക്കാടൻ ജോസ്. മോഹൻരാജ് എന്ന തന്റെ യഥാർത്ഥ പേരിലല്ലാതെ ആദ്യകഥാപാത്രത്തിന്റെ പേരിൽ തന്നെ പിന്നീട് അറിയപ്പെടാൻ തുടങ്ങിയ കരുത്തനായ അഭിനേതാവ്. തുടർന്ന് 20 വർഷങ്ങളോളം നാം ആ വില്ലന്റെ ശക്തമായ സാന്നിധ്യം വിവിധ ചിത്രങ്ങളിലൂടെ അനുഭവിക്കുകയായിരുന്നു.

തന്റെ ഉഗ്രരൂപത്തിലൂടെയും ഘനഗാംഭീര്യം തുടിക്കുന്ന ശബ്ദത്തിലൂടെയും വെള്ളിത്തിരയെ വിറപ്പിച്ച ആ വില്ലൻ ഇന്ന് മധുര ഹൈവേകളിലെ തട്ടിപ്പുകാരുടെ പേടിസ്വപ്നമായി വിലസുകയാണെന്ന് എത്രപേർക്കറിയാം. മോഹൻ രാജിന്റെ പുതിയ സിനിമയിലെ കഥാപാത്രത്തെക്കുറിച്ചല്ല പറഞ്ഞ് വരുന്നത്. ജീവിതത്തെക്കുറിച്ചാണ്. സർക്കാർ സർവീസിൽ തിരിച്ച് പ്രവേശിച്ച മോഹൻരാജിന്ന് മധുര എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ്. 20 വർഷത്തിനിടെ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി 180 ൽ അധികം സിനിമകളിൽ തിളങ്ങിയതിന് ശേഷമാണ് 2010ൽ മോഹൻരാജ് സർക്കാർ ജോലിയിലേക്ക് പുനപ്രവേശിച്ചത്. അഭിനയിക്കാൻ വേണ്ടി ദീർഘകാലം അവധിയെടുത്തതിനെത്തുടർന്ന് ചില പ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്നാണ് തൽക്കാലം വില്ലത്തരം ഉപേക്ഷിച്ച് കീരിക്കാടൻ സർവീസിൽ പ്രവേശിച്ചിരിക്കുന്നത്. കേസ് കൊടുത്താണ് വീണ്ടും സർവീസിൽ മോഹൻരാജ് വീണ്ടും പ്രവേശിച്ചിരിക്കുന്നത്. സിനിമയിൽ നിന്ന് പലരും ഇപ്പോഴും റോളുകൾ വാഗ്ദാനം ചെയ്ത് വിളിക്കാറുണ്ടെങ്കിലും സർവീസ് പൂർത്തിയാക്കുകയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് കീരിക്കാടൻ പറയുന്നു. മംഗളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കീരിക്കാടൻ മനസ്സു തുറന്നിരിക്കുന്നത്.

പഠിക്കുന്ന കാലത്ത് സൈനികനാകാനായിരുന്നു തന്റെ ആഗ്രഹമെന്ന് കീരിക്കാടൻ പറയുന്നു. അതിനെത്തുടർന്ന് പട്ടാളത്തിൽ ചേർന്നെങ്കിലും ഒരു പരിക്കു പറ്റിയതിനാൽ സർവീസിൽ നിന്ന് വിടുകയായിരുന്നു. തുടർന്ന് എസ്‌ഐ സെലക്ഷൻ കിട്ടി. എന്നാൽ പൊലീസിന്റെ രീതികളോട് പൊരുത്തപ്പെടാനാവാത്തതിനാൽ പോയില്ല. അതിന് ശേഷമാണ് കസ്റ്റംസിൽ ടെസ്‌റ്റെഴുതി ജോലി കിട്ടിയത്. നാലുവർഷം മാത്രമെ ക്സ്റ്റംസിൽ തുടർന്നുള്ളൂ. ഐബിയും റെയിൽവേയും കീരിക്കാടനെ വിളിച്ചെങ്കിലും പോയില്ല. അവസാം എൻഫോഴ്‌സ്‌മെൻരിൽ സേവനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മോഹൻരാജ് പറയുന്നു.

ഒട്ടും ആഗ്രഹമില്ലാതിരുന്നിട്ടു കൂടി വിധിയുടെ നിയോഗമെന്നോണം താൻ വെള്ളിത്തിരയിലെത്തുകയായിരുന്നുവെന്നാണ് മോഹൻരാജ് പറയുന്നത്. തമിഴ്‌സിനിമയിലായിരുന്നു അരങ്ങേറ്റം. തുടർന്ന് കിരീടത്തിലെ വില്ലൻ വേഷം ലഭിച്ചു. സാധാരണ വില്ലന്റെ പതിവ് മാനറിസങ്ങളില്ലാതെ പച്ച മനുഷ്യനായാണ് താൻ കിരീടത്തിൽ അഭിനയിച്ചതെന്ന് കീരിക്കാടൻ പറയുന്നു. മൂന്നരമണിക്കൂർ ഷൂട്ട് ചെയ്ത കിരീടത്തിന്റെ ക്ലൈമാക്‌സ് രംഗം ഇന്നും കീരിക്കാടന്റെ മനസ്സിലുണ്ട്. മോഹൻലാൽ തനിക്ക് അഭിനയവേളയിൽ ഏറെ നിർദ്ദേശങ്ങൾ തന്നിരുന്നുവെന്നും കീരിക്കാടൻ നന്ദിയോടെ ഓർക്കുന്നു.

എന്നാൽ ആദ്യസിനിമക്ക് ശേഷം താൻ ടൈപ്പ് ചെയ്യപ്പെടുകയായിരുന്നുവെന്നും അതിനാൽ വില്ലൻ വേഷങ്ങൾ മാത്രമെ തനിക്ക് ലഭിച്ചുള്ളുവെന്നും മോഹൻരാജ് പറയുന്നു. എന്നാൽ ഇതിൽ ആരോടും പരിഭവമോ പരാതിയോ ഈ നടനില്ല. തന്റെ വേഷങ്ങൾ മറ്റ് പലരും തട്ടിയെടുത്ത കാര്യം തനിക്കറിയാമെന്നും കീരിക്കാടൻ പറയുന്നു. സിനിമയുടെ കുതന്ത്രങ്ങൾ രാഷ്ട്രീയരംഗത്തേക്കാൾ അബദ്ധമാണെന്നാണ് കീരിക്കാടൻ പറയുന്നത്. ശുദ്ധഗതിക്കാരനായ തനിക്ക് ആ രംഗത്ത് പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാണ്. സിനിമയുടെ ചില രീതികളുമായി പൊരുത്തപ്പെട്ട് എൻഫോഴ്‌സ്‌മെന്റിലെ സ്ഥിരം ജോലി കളയാൻ താൽപര്യമില്ലാത്തതിനാലാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും മോഹൻരാജ് പറയുന്നു.

സിനിമയിലെത്തിയതുപോലെ താൻ യാദൃശ്ചികമായാണ് വിവാഹം കഴിച്ചതെന്നും കീരിക്കാടൻ പറയുന്നു. സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് വിവാഹം നടന്നത്. ഭാര്യ ഉഷ, മക്കളായ ജെയ്ഷ, കാവിയ എന്നിവർക്കൊപ്പം മധുരയിൽ സസുഖം വാഴുകയാണിന്ന് കീരിക്കാടൻ... റിട്ടയർമെന്റിന് ശേഷം ആ വലിയ വില്ലൻ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP