Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളയമ്പലത്തെ കൗണ്ടറിൽ ഇട്ട എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്തതുകൊണ്ടൊന്നും പ്രശ്‌നം തീരില്ല; അക്കൗണ്ടുകളിൽ പണം ഇപ്പോഴും ചോരുന്നു; 400ലേറെ ഇടപാടുകാർക്ക് പണം പോയതായി റിപ്പോർട്ട്; വ്യാജ കാർഡുകൾ നിർമ്മിച്ചും പണം തട്ടി

വെള്ളയമ്പലത്തെ കൗണ്ടറിൽ ഇട്ട എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്തതുകൊണ്ടൊന്നും പ്രശ്‌നം തീരില്ല; അക്കൗണ്ടുകളിൽ പണം ഇപ്പോഴും ചോരുന്നു; 400ലേറെ ഇടപാടുകാർക്ക് പണം പോയതായി റിപ്പോർട്ട്; വ്യാജ കാർഡുകൾ നിർമ്മിച്ചും പണം തട്ടി

തിരുവനന്തപുരം: അഞ്ചംഗ റുമേനിയൻ ഹൈടെക് എടിഎം തട്ടിപ്പുസംഘം തലസ്ഥാനത്തെ എസ്‌ബിഐ എടിഎമ്മിൽ നിന്നു മോഷ്ടിച്ചതു നാനൂറിലേറെ ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ. അതിനിടെ ഇപ്പോഴും പലരുടെ അക്കൗണ്ടിൽ നിന്നും പണം ചോരുന്നുണ്ട്. തിരുവനന്തപുരത്തെ വെള്ളയമ്പലത്തെ എടിഎം കൗണ്ടറിൽ ഉപയോഗിച്ച കാർഡുകളെല്ലാം ബ്ലോക്കായിട്ടും പണം പിൻവലിക്കുന്നത് ആശങ്കയ്ക്ക് ഇട നൽകിയിട്ടുണ്ട്. മറ്റ് എടിഎം കൗണ്ടറുകളിലും സമാന തട്ടിപ്പ് നടന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ എടിഎം തട്ടിപ്പ് കേസിലെ പ്രതി ഗബ്രിയേൽ മരിയനെ 22 വരെ തിരുവനന്തപുരം സിജെഎം കോടതി പൊലീസ്‌കസ്റ്റഡിയിൽ വിട്ടു. മുംബൈയിൽ പിടിയിലായ പ്രതിയെ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിച്ചിരുന്നു.

അതീവ സാങ്കേതിക പരിജ്ഞാനം ഉള്ളവരടങ്ങിയ സംഘത്തിലെ കണ്ണി മാത്രമാണ് താനെന്നാണ് ഗബ്രിയേൽ മരിയൻ പൊലീസിന് മൊഴി നൽകിയത്. സംഘത്തിന്റെ പ്രവർത്തനം ബൾഗേറിയയാണെന്ന് . നിരവധി എടിഎമ്മുകൾ പരിശോധിച്ചെന്ന വിവരത്തെതുടർന്ന് സംസ്ഥാനത്തെ മുഴുവൻ എസ്‌ബിഐഎസ്‌ബിറ്റി എടിഎമ്മുകളുടെയും സിസിടിവി ദൃശ്യങ്ങൾ ബാങ്ക് പരിശോധിച്ചു വരികയാണ്. ജനുവരിയിലാണ് സംഘം തലസ്ഥാനത്തെത്തിയത്. 30 എടിഎം കൗണ്ടറുകളിൽ പരിശോധന നടത്തിയെന്നാണ് ഗബ്രിയേൽ പൊലീസിനോട് പറഞ്ഞത്. ആൽത്തറയിലെ എസ്‌ബിഐ എടിഎമ്മിൽ സുരക്ഷാവീഴ്ച ബോധ്യപ്പെട്ടതോടെ വിവരങ്ങൾ ചോർത്താൻ ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചു. ജൂൺ 30 നും ജൂലൈ 12 നും ഇടയിൽ വെള്ളയമ്പലത്തെ എടിഎമ്മിൽ നാല് തവണ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചു. ഇതുവഴി നാനൂറോളം ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി. തുടർന്ന് വിവരങ്ങൾ ബൾഗേറിയയിലേക്ക് കൈമാറിയെന്നാണ് കുറ്റസമ്മതം.

എടിഎം വിവരങ്ങൾ ചോർത്താൻ വൈഫൈ റൗട്ടറും രണ്ടു ക്യാമറകളും സ്ഥാപിച്ചതു താനാണെങ്കിലും രാജ്യം വിട്ട മറ്റു മൂന്നുപേരുമാണു വ്യാജ കാർഡ് നിർമ്മിച്ചതെന്ന് അറസ്റ്റിലായ മരിയൻ ഗ്രബിയേൽ അന്വേഷണസംഘത്തോടു വെളിപ്പെടുത്തി. ആകെ 406 പേരുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി. എടിഎമ്മിൽ ചില സമയത്തെ തിരക്കു കാരണം ക്യാമറയിൽ പതിഞ്ഞ പിൻ നമ്പറും റൗട്ടറിലൂടെ കിട്ടിയ അക്കൗണ്ട് വിവരങ്ങളുമായി ചേർത്തെടുക്കാൻ സാധിച്ചില്ല. അതിനാൽ 310 കാർഡുകളേ വ്യാജമായി നിർമ്മിക്കാൻ കഴിഞ്ഞുള്ളു. ഇതിൽ 150 കാർഡുകൾ തനിക്കു കിട്ടി. ബാക്കി കാർഡുകൾ ഇപ്പോൾ മുംബൈയിലുണ്ടെന്നു കരുതുന്ന അഞ്ചാമനും രാജ്യം വിട്ട ഫ്‌ലോറിൻ ഇയോണും ചേർന്നു വീതിച്ചെടുത്തു. ഫ്‌ലോറിൻ ഒന്നര ലക്ഷം രൂപ പിൻവലിച്ച ശേഷമാണു മുങ്ങിയത്. ബാക്കി തുക താനും പിൻവലിച്ചു-ചോദ്യം ചെയ്യലിൽ ഗബ്രിയേൽ സമ്മതിച്ചു.

ഓരോ കാർഡിന്റെ ഉപയോഗം കഴിയുമ്പോഴും തെളിവു നശിപ്പിക്കാനായി പല കഷണങ്ങളായി മുറിച്ച് ഉപേക്ഷിച്ചെന്നും ഇയാൾ പറഞ്ഞു. വ്യാജ കാർഡ് തയാറാക്കിക്കഴിഞ്ഞപ്പോൾ ഏതു ബാങ്കിന്റെ കാർഡാണു കൈവശമിരിക്കുന്നതെന്നു പ്രതികൾക്കു തിരിച്ചറിയാൻ കഴിയാത്തതു തട്ടിപ്പിന്റെ വ്യാപ്തി കുറച്ചെന്നു പൊലീസ് പറഞ്ഞു. അക്കൗണ്ട് ഏതു ബാങ്കിലാണോ, അതേ ബാങ്കിന്റെ എടിഎമ്മിലായിരുന്നില്ല പല പിൻവലിക്കലുകളും എന്നതിനാൽ പിൻവലിക്കൽ സംഖ്യയുടെ പരിധി താഴ്ന്നു. ആൽത്തറ എടിഎമ്മിൽ നിന്ന് എസ്‌ബിഐ കേന്ദ്ര സെർവറിലെ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും ഇത് അസാധ്യമാണെന്നും ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കി.

ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഭീഷണി ഉയർത്തിയ കുറ്റകൃത്യമാണു പ്രതികൾ ചെയ്തതെന്നും തട്ടിപ്പുസംഖ്യ ഏഴു ലക്ഷത്തിൽ നിന്ന് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. റുമേനിയയിലും പിന്നീട് ഇന്ത്യയിലെത്തിയശേഷം വിവിധ ഹോട്ടലുകളിൽ തങ്ങിയും ഗൂഢാലോചന നടത്തിയാണു പ്രതികൾ തട്ടിപ്പു നടത്തിയത്. പരാതികൾ തുടർന്നും ലഭിക്കുകയാണ്. വ്യാജ ഉപകരണങ്ങൾ നിർമ്മിച്ചതും ഗൂഢാലോചന നടത്തിയതുമായ താവളം കണ്ടെത്തേണ്ടതുണ്ട്. മറ്റ് എടിഎമ്മുകളിൽ ചോർത്തൽ ഉപകരണങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണം-റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടി. വ്യാജ നിർമ്മാണം, കുറ്റകരമായ ഗൂഢാലോചന, മോഷണം, കംപ്യൂട്ടർ വിവരങ്ങൾ ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

എട്ട് ലക്ഷത്തോളം രൂപ കവർന്നതായാണ് പ്രാഥമിക വിവരം. കൂട്ടുപ്രതികളായ ബോഗ്ബീൻ ഫ്‌ളോറിയൻ, ക്രിസ്റ്റെൻ വിക്ടർ, ഇയോൺ സ്‌ളോറി എന്നിവർ വിദേശത്തേക്ക് കടന്നന്നെന്നായിരുന്നു ഗബ്രിയേൽ പറഞ്ഞത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ഗബ്രിയേലിനെ മുംബൈ പൊലീസ് പിടികൂടിയത്. അന്നുരാത്രി 12 ഓടെ തിരുവനന്തപുരം ചൂഴാട്ട്‌കോണത്തെ ജ്യോതികുമാറിന്റെ അക്കൗണ്ടിൽ നിന്നും 47,800 രൂപ നഷ്ടപ്പെട്ടു. മുംബൈയിൽ നിന്നുമാണ് ഈ തുക പിൻവലിച്ചിട്ടുള്ളത്. എന്നാൽ ഗബ്രിയേലിനെ അറസ്റ്റുചെയ്തതിന് ശേഷവും എസ്‌ബിറ്റി ഇടപാടുകാരന് പണം നഷ്ടമായതോടെ പ്രതികളിൽ ചിലർ ഇവിടെയുണ്ടെന്ന് വ്യക്തമായി. മുംബൈയിൽ തുടരുന്ന ഇയാളെ പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP