Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതുവരെ കണ്ടെത്തിയത് 400 കോടിയുടെ ക്രമക്കേട്; ബിനാമി ഇടപാടിൽ മുതലാളിമാർ മറുപടി പറയേണ്ടി വരും; മൂത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു; ഉടമകളെ ചോദ്യം ചെയ്യാനൊരുങ്ങി ആദായനികുതി വകുപ്പ്; പുറത്തുവരുന്നത് രാജ്യം കണ്ട വമ്പൻ സാമ്പത്തിക തട്ടിപ്പുകളിലൊന്ന് തന്നെ

ഇതുവരെ കണ്ടെത്തിയത് 400 കോടിയുടെ ക്രമക്കേട്; ബിനാമി ഇടപാടിൽ മുതലാളിമാർ മറുപടി പറയേണ്ടി വരും; മൂത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു; ഉടമകളെ ചോദ്യം ചെയ്യാനൊരുങ്ങി ആദായനികുതി വകുപ്പ്; പുറത്തുവരുന്നത് രാജ്യം കണ്ട വമ്പൻ സാമ്പത്തിക തട്ടിപ്പുകളിലൊന്ന് തന്നെ

തിരുവനന്തപുരം: മുത്തൂറ്റ് സ്ഥാപനങ്ങളിൽ ഇൻകം ടാക്‌സ് വകുപ്പ് നടത്തിയ റെയ്ഡിൽ പ്രാഥമിക പരിശോധന പൂർത്തിയായപ്പോൾ കണ്ടെത്തിയത് 400 കോടി രൂപയുടെ ക്രമക്കേട്. മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെയും രേഖകളുടെയും ആദ്യഘട്ട പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്.

മുത്തൂറ്റ് ഗ്രൂപ്പിൽ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. പല ഉദ്യോഗസ്ഥരുടെയും വിശദീകരണം രേഖകളിലെ വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ആദ്യ ഘട്ട റെയ്ഡിന് ശേഷം മുത്തൂറ്റ് സ്ഥാപങ്ങളിൽ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർ പരിശോധനയും ആരംഭിച്ചു. പരിശോധന പൂർത്തിയാകാൻ രണ്ടു മാസമെങ്കിലും എടുക്കും. ഈ പരിശോധനകളിൽ ലഭ്യമാകുന്ന വിവരങ്ങൾ വിലയിരുത്തിയ ശേഷം മുത്തൂറ്റ് ഉടമകളെ ചോദ്യം ചെയ്യാനാണ് നീക്കം.

വൻ തോതിലുള്ള ബിനാമി നിക്ഷേപം മുത്തൂറ്റ് സ്ഥാപനങ്ങളിൽ നടന്നിട്ടുണ്ട് എന്നതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലൂടെ നടന്ന പല സാമ്പത്തിക ഇടപാടുകളും ദുരൂഹമാണ്. ഇത്തരം ഇടപാടുകളുടെയും ഇടപാടുകാരുടെയും വിശദാംശങ്ങൾ ആദായ നികുതി വകുപ്പ് വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മുത്തൂറ്റ് ഗ്രൂപ്പുകളിൽ കോടികളുടെ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. മുത്തൂറ്റ് വിദേശത്തും നിക്ഷേപം നടത്തിയതിന്റെ വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു. ഈ നിക്ഷേപങ്ങളിൽ വിദേശ നാണ്യം ചട്ടം ലംഘിച്ചതായാണ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതേക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുത്തൂറ്റ് ഗ്രൂപ്പുകളുടെ ചില അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.

ക്രമക്കേടുകളുടെ നീണ്ട പട്ടിക തന്നെ റെയ്ഡിൽ നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. മുത്തൂറ്റിൽ കോടികളുടെ നിക്ഷേപമുള്ള പ്രമുഖരുടെ പട്ടിക ലഭിച്ചു എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിൽ പലതും സംശയകരമായ നിക്ഷേപങ്ങളാണെന്ന് തെളിഞ്ഞു. പലരും യഥാർത്ഥ പേരിലല്ല നിക്ഷേപം നടത്തിയത്. നിക്ഷേപത്തിന് അനുസൃതമായ നികുതി അടച്ചില്ലെങ്കിൽ പേര് വെളിപ്പെടുത്താനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. ഇതിനിടെ മുത്തൂറ്റ് ഗ്രൂപ്പിലെ ജോർജ്ജിന്റെ വീട്ടിൽ നിന്ന് ലഭിച്ച ഒരു പേപ്പറിൽ സംസ്ഥാനത്തെ ചില എംപിമാർക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ച ചില രാഷ്ട്രീയ പ്രമുഖർക്കും പണം നൽകിയതിന്റെ വിശദാംശങ്ങളും ആദായ നികുതി വകുപ്പിന് ലഭിച്ചു.

വൻകിട രാഷ്ട്രീയക്കാരുടെ അഴിമതിപ്പണം ഇവിടെ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന് ഇടനൽകുന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന സൂചനയുണ്ട്. നേരത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം വായ്പയെടുക്കുന്ന മുത്തൂറ്റ് സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്നതു കൊള്ളപ്പലിശയാണെന്ന വിവരവും പുറത്തുവന്നിരുന്നു. 12 മുതൽ 15 ശതമാനം വരെ പലിശയ്ക്കാണ് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് മുത്തൂറ്റ് സ്ഥാപനങ്ങൾ പണം വായ്പയെടുക്കുന്നത്. എന്നാൽ ഈ പണം ഉപയോഗിച്ച് സ്വർണ്ണപ്പണയത്തിനു വായ്പ നൽകുമ്പോൾ മുത്തൂറ്റ് ഗ്രൂപ്പുകൾ പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നത് 24 മുതൽ 36 ശതമാനം പലിശ വരെ. കോടികളാണ് ഈ സ്ഥാപനങ്ങൾ ഇങ്ങനെ സമ്പാദിച്ചിട്ടുള്ളതെന്നു ഇൻകം ടാക്‌സ് കണ്ടെത്തി.

സാധാരണ പലിശ നിരക്കിൽ സ്വർണം പണയവായ്പ നൽകിയാൽ ഇങ്ങനെ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയില്ല. കൊള്ളപ്പലിശക്കാരെ പിടികൂടാൻ കുബേര സംസ്ഥാനത്ത് നടപ്പാക്കിയപ്പോൾ രാജ്യത്തെ ഏതെങ്കിലും ബാങ്ക് ഈടാക്കുന്നതിനേക്കാൾ 2 ശതമാനം വരെ കൂടുതൽ പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കാൻ പാടുള്ളൂ എന്ന നിബന്ധന കൊണ്ടുവന്നിരുന്നു. എന്നാൽ ഈ നിയമങ്ങളുടെയെല്ലാം നഗ്‌നമായ ലംഘനമാണ് മുത്തൂറ്റ് ഗ്രൂപ്പുകളിൽ നടന്നിട്ടുള്ളത്. സ്വർണം മുത്തൂറ്റിൽ പണയം വെയ്ക്കുന്ന ഉപഭോക്താവിൽ നിന്ന് നിയമം അനുശാസിക്കുന്നതിനേക്കാൾ ഉയർന്ന പലിശ മുത്തൂറ്റ് ഈടാക്കുന്ന വിവരം പണയം വെയ്ക്കുന്ന ആൾ പലപ്പോഴും അറിയാറില്ല . പലിശയ്ക്ക് ബിൽ നല്കാതിരിക്കുന്നതാണ് പ്രധാന കാരണം. സ്വർണം തിരികെ എടുക്കാൻ ചെല്ലുമ്പോൾ അത് നൽകും. എന്നാൽ എത്ര പലിശ ഈടാക്കി എന്നത് രേഖപ്പെടുത്തിയ ബിൽ നൽകാറില്ല. ഇങ്ങനെയാണ് ഈ സ്ഥാപനങ്ങൾ കോടികളുടെ പലിശ വെട്ടിപ്പ് നടത്തിയതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.

പണയം വച്ച സ്വർണം ലേലം ചെയ്തുവിൽക്കുന്ന നടപടിക്രമങ്ങളിൽ വൻക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചട്ടലംഘനങ്ങൾ വഴിയാണ് മുത്തൂറ്റ് സ്ഥാപനങ്ങൾ കോടികളുടെ അനധികൃത പണം സമ്പാദിച്ചത്. പണയം വച്ച സ്വർണം ഉടമസ്ഥൻ തിരിച്ചെടുത്തില്ലെങ്കിൽ ധനകാര്യസ്ഥാപനങ്ങൾക്ക് ലേലം ചെയ്തുവിൽക്കാം. ഇതിന് പക്ഷെ കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട് . ആദ്യം ഉടമസ്ഥനെ അറിയിക്കണം. ലേല വിവരം പത്രത്തിൽ പരസ്യം ചെയ്യണം. മുത്തൂറ്റ് സ്ഥാപനങ്ങളിൽ ഈ നിയമങ്ങളൊന്നും പാലിക്കാറില്ല. ഉടമസ്ഥന്റെ സാന്നിധ്യത്തിൽ വേണം ലേലം നടത്താൻ. ലേലത്തിൽ ലഭിക്കുന്ന അധിക തുക സ്വർണ്ണത്തിന്റെ ഉടമസ്ഥന് തിരികെ നൽകണം. എന്നാൽ മുത്തൂറ്റിന്റെ ആളുകൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാറ്. ഇവർ സ്വർണം കുറഞ്ഞ തുകയ്ക്ക് ലേലം വിളിച്ചെടുക്കും. സ്വർണം മുത്തൂറ്റിന് സ്വന്തം. ഉടമസ്ഥന് അധിക തുക ലഭിക്കാറുമില്ല. ലേലത്തിൽ ലഭിച്ച തുകകൾ രേഖപ്പെടുത്തിയതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ചപ്പോൾ ആദായ നികുതി വകുപ്പിന് വ്യക്തമായി. ഈ രീതി വഴി കോടിക്കണക്കിനു രൂപയാണ് അനധികൃതമായി മുത്തൂറ്റ് ഗ്രൂപ്പുകൾ സ്വന്തമാക്കിയത്.

വിദേശ രാജ്യങ്ങളിലും ചട്ടം ലംഘിച്ച് മുത്തൂറ്റ് ഉടമകൾ വൻ നിക്ഷേപം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. രാജ്യത്തെ വിദേശ നാണ്യ ചട്ടവും റിസർവ് ബാങ്ക് നിർദ്ദേശങ്ങളും ലംഘിച്ചാണ് പല നിക്ഷേപങ്ങളും. അമേരിക്കയിലെ കൊസാവ ദ്വീപിൽ മുത്തൂറ്റ് ജോർജ് ഒരു റിസോർട്ട് തുടങ്ങി. മുത്തൂറ്റ് പാപ്പച്ചനാകട്ടെ ഷാർജയിൽ ഭൂമി വാങ്ങികൂട്ടി. ഇതിലൊക്കെ വൻ ക്രമക്കേട് നടന്നിട്ടുണ്ട്. സാമ്പത്തിക കൈമാറ്റം ദുരൂഹമാണ്.ഫണ്ട് തിരിമറി വ്യാപകമാണെന്നാണ് പ്രാഥമിക സൂചന. രാജ്യത്തെ തന്നെ നടുക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ മുത്തൂറ്റിന്റെ സ്ഥാപനങ്ങളിൽ നടന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജോർജ് , പാപ്പച്ചൻ , റോയ് എന്നിവരുടെ സ്ഥാപനങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്.

രാജ്യത്തെ 60 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ് . 500 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡുകളിലും തുടർപരിശോധനകളിലും പങ്കെടുത്തത്. റോയിയുടെ ഉടമസ്ഥതയിലുള്ള മിനി മുത്തൂറ്റിന്റെ കോഴഞ്ചേരി ശാഖയിൽ നിന്ന് കണക്കിൽപ്പെടാത്ത 26 കിലോ സ്വർണ്ണവും 2 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP