Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരക്കഥാകൃത്ത് ടിഎ റസാക്കിന്റെ മരണത്തിൽ നടുങ്ങി സിനിമാ ലോകം; വാർത്ത എത്തിയത് റസാഖ് അടക്കമുള്ളവരെ സഹായിക്കാനായി കോഴിക്കോട്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ ഷോ നടക്കുമ്പോൾ; വിടവാങ്ങിയത് മാനവികതക്കും മതസൗഹാർദത്തിനും നിലകൊണ്ട കലാകാരൻ

തിരക്കഥാകൃത്ത് ടിഎ റസാക്കിന്റെ മരണത്തിൽ നടുങ്ങി സിനിമാ ലോകം; വാർത്ത എത്തിയത് റസാഖ് അടക്കമുള്ളവരെ സഹായിക്കാനായി കോഴിക്കോട്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ ഷോ നടക്കുമ്പോൾ; വിടവാങ്ങിയത് മാനവികതക്കും മതസൗഹാർദത്തിനും നിലകൊണ്ട കലാകാരൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: 'ഭായീ, അസുഖമാറിയിറങ്ങട്ടെ, ഇനി എഴുതാനുള്ളത് കോഴിക്കോടിന്റെ കഥയാണ്.പാട്ടും നാടകവും ഫുട്‌ബോളും രാഷ്ട്രീയവുമൊക്കെയുള്ള കോഴിക്കോടിന്റെ അമ്പതുവർഷത്തെ കഥ. എസ്.കെ പൊറ്റക്കാട് പണ്ടെഴുതിയതുപോലെ, പുതിയ കോഴിക്കോടിന്റെ സമഗ്ര ചിത്രം വച്ചുള്ളതാവും ഇത്.' ചികിൽസക്കായി കൊച്ചിക്ക് തിരക്കാൻ ഒരുങ്ങന്നതിനിടെ എതാണ്ട് ഒന്നരമാസംമുമ്പ് കണ്ടപ്പോൾ ടി.എ റസാഖ് പറഞ്ഞ വാക്കുകളാണിത്. പക്ഷേ കാലം അതിന് അനുവദിച്ചില്ല.പൂർത്തിയാകാത്ത നിരവധി സ്വപ്നങ്ങളും കഥകളും ബാക്കിവച്ച് ടി.എ റസാഖ് (58) മടങ്ങുമ്പോൾ മാനവികതയുടെയും മതസൗഹാർദത്തിന്റെയും പക്ഷത്തുനിന്ന ഒരു എഴുത്തുകാരൻ കൂടിയാണ് ഇല്ലാതാവുന്നത്. കൊച്ചിയിലെ അമൃതാആശുപത്രിയിൽവച്ച് ഇന്നലെ രാത്രി 9 മണിയോടെയായിരുന്നുമരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ഈ മാസം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

റസാഖിന്റെ ചികിൽസക്ക് വൻ ചെലവ് വരുമെന്നറിഞ്ഞ കോഴിക്കോട്ടെ സിനിമാപ്രവർത്തകരാണ്, മോഹൻലാലിനെ കണ്ട് 'മോഹനം' എന്ന ഷോയുടെ കാര്യം പറയുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കോഴിക്കോട്ടുള്ള മോഹൻലാൽ സമ്മതിച്ചതോടെ ഓഗസ്റ്റ് 15ന് പരിപാടി നടത്താൻ തീരുമാനിച്ചത്. പ്രിയദർശനും,സിബിമലയിലും, ഫാസിലുമൊക്കെ അടങ്ങുന്ന മോഹൻലാലിന്റെ പ്രിയപ്പെട്ട സംവിധായകരിലൂടെ ലാലിന്റെ അഭിനയ ജീവിതം വിലയിരുത്തുന്ന പരിപാടി, കോഴിക്കോട്ട് നടന്നുവരികെയാണ് റസാഖിന്റെ വിയോഗവാർത്ത എത്തുന്നത്.ഷോ കഴിഞ്ഞ ഉടൻതന്നെ താരങ്ങളും സംവിധായകരും റസാഖിന്റെ മൃതദേഹം ഒരുനോക്കുകാണാനാണ് തിരിച്ചത്.

സിനിമാക്കാരുടെ ജാടകളൊന്നുമില്ലാതെ ആർക്കും സമീപിക്കാവുന്ന കൊണ്ടോട്ടിക്കാരുടെയും കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഇക്കയായിരുന്നു ടി.എ റസാക്ക്.മഹാറാണി ഹോട്ടലിൽ ചില്ലുതാഴ്‌ത്തിയ കാറിൽ വന്നിറങ്ങുന്ന, സാധാരണക്കാരന് അപ്രാപ്യനായ കാലാകാരനായിരുന്നില്ല അദ്ദേഹം.ടൗൺഹാളിലെയും, ടാഗോർ ഹാളിലെയും,അളകാപുരി ഹോട്ടലിലെയും ചെറിയ സാംസ്കാരിക പരിപാടികളിൽവരെ പങ്കെടുത്ത് ഓട്ടോവിളിച്ച് മടങ്ങുന്ന, തൊഴിലാളികളുടെ കബ്‌ളുകളിലും കൂട്ടായ്മകളിലുമൊക്കെ പങ്കെടുത്ത് ആഘോഷിക്കുന്ന നാട്യങ്ങളില്ലാത്ത നാട്ടുകാരനായിരുന്നു.നഗരത്തിലെ ചെറിയ ഫിലിം ഫെസ്റ്റവലികളിൽ തൊട്ട് പുസ്തക ചർച്ചകളിൽവരെ സജീവമായ സാന്നിധ്യം.വായനയെ വല്ലാതെ സ്‌നേഹിച്ചിരുന്ന റസാഖിന് ഇത്തരത്തിലുള്ള വലിയൊരു സൗഹൃദസദസ്സും കോഴിക്കോട്ട് ഉണ്ടായിരുന്നു.'ഭൂമിഗീതവും, പെരുമഴക്കാലവും,കാണാക്കിനാവും'പോലുള്ള സാമൂഹിക പ്രസക്തമായ സിനിമയുടെ ആശയങ്ങൾ തനിക്ക് കിട്ടിയത് ഈ കൂട്ടായ്മയിലൂടെയാണെന്ന് അദ്ദേഹം പലയിടത്തും പറഞ്ഞിട്ടുണ്ട്.

ഇടതുപക്ഷ അനുഭാവി കൂടിയായ അദ്ദേഹം നാടകങ്ങളിലൂടെയാണ് തന്റെ തട്ടകം കോഴിക്കോട്ടേക്ക് മാറ്റുന്നത്.പൂർണമായും വാണിജ്യസിനിമയാങ്കെിലും അതിലും സാമൂഹിക പ്രതിബദ്ധതയുടെ എന്തെങ്കിലും അംശകൊണ്ടുവരാൻ റസാഖ് ശ്രമിച്ചിരുന്നു.ഇസ്ലാമിലെ ഫ്യൂഡൽ വ്യവസ്ഥിതിയെ നിശിതമായി വിമർശിക്കുന്ന 'ഗസൽ' എന്ന സിനിമയുടെപേരിൽ മതമൗലികവാദികളിൽ ചിലർ ഭീഷണി ഉയർത്തിയപ്പോഴും റസാഖ് അക്ഷോ്യഭ്യനായിരുന്നു.താരങ്ങൾ എല്ലാം തീരുമാനിക്കുന്ന വ്യവസായമാണ് ഇതെന്ന് വ്യക്തമായ അറിവുണ്ടെങ്കിലും നല്ല സിനിമക്കായുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നു.കോഴിക്കോട് 'ആർട്ട് ലവേഴ്‌സ് ഫോറം' എന്ന റസാഖിനുകൂടി പങ്കാളിത്തമുള്ള സംഘടനയുടെ ലക്ഷ്യവും അതായിരുന്നു.

നാലുവർഷംമുമ്പ് പ്രിയ സഹോദരനും തിരക്കഥാകൃത്തുമായ ടി.എ ഷാഹിദിന്റെ അകാലമരണം തീർത്ത ആഘാതത്തിൽനിന്ന് അദ്ദേഹം മുക്തനായിരുന്നില്ല.മോഹൻലാലിന്റെ 'ബാലേട്ടനും', മമ്മൂട്ടിയുടെ 'രാജമാണിക്യവും' അടക്കമുള്ള നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഷാഹിദിന്റെ സംസ്‌ക്കാര ചടങ്ങുകൾക്കുപോലും അധികം സിനിമാക്കാർ എത്തിയിരുന്നില്ല. പിന്നീട് ഇക്കാര്യം ചോദിച്ചപ്പോഴും 'സിനിമയല്ലേ, തിരക്കല്ലേ, അങ്ങെനെയൊക്കെയായിരിക്കും' എന്നുപറയാനല്ലാതെ ആരെയും കുറ്റപ്പെടുത്താൻ റസാഖ് തയ്യാറായിരുന്നില്ല.'ബാലേട്ടന്റെ' അഭൂതപുർവമായ വിജയത്തെ തുടർന്നുണ്ടായ അഭിമുഖങ്ങളിൽ, തന്റെ ജ്യേഷ്ടൻ ടി.എ റസാഖിന്റെ ജീവിതമാണ് താൻ ബാലേട്ടനാക്കി മാറ്റിയതെന്നായിരുന്നു ഷാഹിദ് പറഞ്ഞത്.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി റസാഖ് നടത്തിയ കഷ്ടപ്പാടുകളിൽനിന്നാണ് ബാലേട്ടൻ എന്ന ചിത്രത്തിന്റെ പിറവിയെന്നാണ് ഷാഹിദ് പറഞ്ഞത്.ഇക്കാര്യം ചോദിച്ചാലും റസാഖ് ചിരിക്കയാണ് ചെയ്യുക.'അത് അവൻ സ്‌നേഹംകൊണ്ട് പറയുന്നതാണ്' എന്നാവും മറുപടി.

വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, ബസ് കണ്ടക്ടർ, എന്റെശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസൽ, ഭൂമിഗീതം, സ്‌നേഹം, താലോലം, സാഫല്യം, വാൽക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകൽ, പരുന്ത്, മായാ ബസാർ, പെൺപട്ടണം, സൈഗാൾ പാടുകയാണ്, മൂന്നാം നാൾ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങൾക്കുവേണ്ടി തിരക്കഥ എഴുതി. ജന്മനാടായ കൊണ്ടോട്ടിയിലെയും കോഴിക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും മനുഷ്യജീവിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളിലുണ്ടായിരുന്നത്.
മലപ്പുറം കൊണ്ടോട്ടി തുറക്കലിൽ ടി.എ ബാപ്പുവിന്റെയും ഖദീജയുടെയും മകനായി 1958ലാണ് ടി.എ റസാഖ് ജനിച്ചത്. കൊളത്തൂർ എ.എം.എൽ.പി സ്‌കൂൾ ,കൊണ്ടോട്ടി ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എട്ടാം ക്‌ളാസുമുതൽ നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചു. 'വര' എന്ന സമാന്തര പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചു. കെ.എസ്.ആർ.ടി.സിയിൽ ഗുമസ്തനായിരുന്നു. എ.ടി അബുവിന്റെ 'ധ്വനി'യിൽ സഹസംവിധായകനായാണ് റസാഖ് സിനിമയിലത്തെിയത്. ജി.എസ് വിജയൻ സംവിധാനംചെയ്ത 'ഘോഷയാത്ര'യുടേതായിരുന്നു ആദ്യ തിരക്കഥ. എന്നാൽ റസാഖിന്റെ തിരക്കഥയിൽആദ്യം പുറത്തിറങ്ങിയ ചിത്രം കമലിന്റെ വിഷ്ണുലോകമാണ്.

സിബി മലയിൽ സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ കാണാക്കിനാവിന് മികച്ച കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന അവാർഡുകൾ ലഭിച്ചു. ഇതേ ചിത്രത്തിന്റെ തിരക്കഥ മികച്ച പ്രമേയത്തിനുള്ള ദേശീയ അവാർഡും നേടി. 2002ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ മികച്ച കഥക്കുള്ള സംസ്ഥാന അവാർഡ് നേടികൊടുത്തു. ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചതും സിബിമലയിൽ ആയിരുന്നു. 2001 ൽ 'ഉത്തമൻ ' മികച്ച തിരക്കഥക്കുള്ള ഏഷ്യാനെറ്റ് അവാർഡ് നേടി. 2004ൽ പുറത്തിറങ്ങിയ 'പെരുമഴക്കാലം' എന്ന കമൽ ചിത്രത്തിലൂടെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തിന് ദേശീയ പുരസ്‌കാരവും റസാഖിനെ തേടിവന്നു.

പെരുമഴക്കാലം 2004ലെ മികച്ച കഥക്കുള്ള കേരള സ്റ്റേറ്റ് അവാർഡ്, ക്രിട്ടിക്‌സ് അവാർഡ്, മികച്ച തിരക്കഥക്കുള്ള ഏഷ്യാനെറ്റ് അവാർഡ്, മാതൃഭൂമി, ജേസി ഫൗണ്ടേഷൻ അവാർഡ്, എ ടി അബു ഫൗണ്ടേഷൻ അവാർഡ്, അമൃത ടിവി അവാർഡ് എന്നിവ നേടി.2016ൽ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP