Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടമിട്ട് സനം വരയ്ക്കുന്നത് കൃഷ്ണലീല! ഗണപതിയേയും ശിവനേയും ക്യാൻവാസിലെത്തിച്ച് മുസ്ലിം പെൺകൊടി താരമാകുന്നു; സൈബർ വിപണനത്തിലൂടെ കലാസൃഷ്ടിക്കൾക്ക് വൻ ഡിമാന്റും

തട്ടമിട്ട് സനം വരയ്ക്കുന്നത് കൃഷ്ണലീല! ഗണപതിയേയും ശിവനേയും ക്യാൻവാസിലെത്തിച്ച് മുസ്ലിം പെൺകൊടി താരമാകുന്നു; സൈബർ വിപണനത്തിലൂടെ കലാസൃഷ്ടിക്കൾക്ക് വൻ ഡിമാന്റും

കോഴിക്കോട്: തലയിൽ തട്ടവുമിട്ട് സനം ഫിറോസിന് വരയ്ക്കാനിഷ്ടം കൃഷ്ണ ലീലകളാണ്. വിശ്വാസത്തിന്റെ മൂടുപടം മാറ്റി വച്ച് സർഗ്ഗാത്മകതയ്ക്കായി സനം ഫിറോസ് ഹൈന്ദവ ഈശ്വരന്മാരെ ക്യാൻവാസിലേക്ക് പകർത്തുന്നു. കുട്ടിക്കാലത്ത് ചിത്രരചന ഹോബിയായിരുന്നെങ്കിൽ ഇന്ന് സ്വന്തം കാലിൽ നിൽക്കാനുള്ള ജീവിത മാർഗ്ഗമാണ് ഈ കോഴിക്കോട്ടുകാരിക്ക് ബ്രഷും നിറക്കൂട്ടുകളും.

ക്ഷേത്രങ്ങളിൽ പോയി കൃഷ്ണനേയും ശിവനേയും ഗണപതിയേയും ഒന്നും സനം കണ്ടിട്ടില്ല. ക്ഷേത്രങ്ങളിലെ ചുവർ ചിത്രങ്ങളും കണ്ടിട്ടില്ല. എന്നാൽ ഛായമെടുത്ത് മനസ്സിലുള്ളത് പകർത്തിയാൽ ക്ഷേത്രത്തിനുള്ളിലെ ചിത്രമികവ് ക്യാൻവാസിൽ എത്തുന്നു. ഹിന്ദുമതവിശ്വാസിയല്ലാത്ത ഒരു വ്യക്തിയാണ് വരച്ചതെന്ന് പറഞ്ഞാൽ ആരും സമ്മതിക്കുകയുമില്ല. മ്യൂറൽ ചിത്രങ്ങൾക്ക് മിഴിവ് നൽകി സനം കലാ യാത്ര തുടരുകയാണ്. ആഗോള വിപണയിൽ പോലും സനത്തിന്റെ സൃഷ്ടികൾക്ക് ആരാധകർ ഏറെയാണ്. ഫെയ്‌സ് ബുക്ക് ഉൾപ്പെടെയുള്ള വിപണന മാർഗ്ഗങ്ങളിലൂടെ വിപണിയിൽ ചലനമുണ്ടാക്കുകയാണ് സനത്തിന്റെ കൃഷ്ണനും രാധയും ശിവനുമെല്ലാം.

സാരിയിലും ചുരിദാറിലും മുണ്ടിലുമെല്ലാം ഈശ്വര ഭാവങ്ങൾ മ്യൂറൽ പെയിന്റിങ്ങിലൂടെ സനം അവതരിപ്പിക്കുന്നു. രാധാമാധവവും   ഗജേന്ദ്ര മോക്ഷവും  ശിവപാർവ്വതിയും  കഥകളി  രൂപങ്ങളുമൊക്കെ  പെയിന്റ്  ചെയ്ത  സാരികൾ... കാൻവാസിലും മുളന്തണ്ടിലുമുള്ള  മ്യൂറൽ  വർക്കുകൾ...  ഹൈന്ദവ  ദൈവങ്ങൾക്കൊപ്പം  അവസാന അത്താഴവും  ഖുർആൻ വചനങ്ങളും  പള്ളികളുമൊക്കെ  മ്യൂറൽ ചിത്രങ്ങളായി അവതരിപ്പിക്കാനാണ് ശ്രമം. എല്ലാ ഈശ്വരന്മാരേയും ഇതിലൂടെ അടുത്തറിയാമെന്ന ആത്മവിശ്വാസമാണ് സനത്തിന്റെ കൈമുതൽ. 

രാധാകൃഷ്ണ പ്രണയത്തോടും ഗണേശനോടും ശിവരൂപത്തോടുമാണ് സനമെന്ന ചിത്രകാരിക്ക് കൂടുതൽ താൽപ്പര്യം. കൃഷ്ണ പ്രണയത്തിന് തന്നെയാണ് ആവശ്യക്കാരുമേറ. കഥകളി രൂപങ്ങളിലുള്ള കേരളതനിമ നിറയുന്ന ചിത്രങ്ങൾക്കും നല്ല ഡിമാൻഡ്. അതുകൊണ്ട് തന്നെ സ്വന്തം കാലിൽ നിൽക്കാനും സനത്തിന് കഴിയുന്നു. ഫെയ്‌സ് ബുക്കിൽ ഒരു ചിത്രം പോസ്റ്റ് ചെയ്താൽ അപ്പോൾ തന്നെ ആവശ്യക്കാർ എത്തുന്നുവെന്നതാണ് വലിയ അംഗീകരാമെന്ന് സനം പറയുന്നു.

സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്  ചിത്രങ്ങൾ  വരയ്ക്കുക ഒരു പ്രധാന ഹോബിയായിരുന്നെങ്കിലും  സീരിയസ്സായി  ചിത്രകല പഠിക്കാനൊന്നും    ശ്രമിച്ചിരുന്നില്ല. കല്യാണം  കഴിഞ്ഞ്  കുട്ടികൾ സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണ്  വീണ്ടും  ചിത്രകലയോടുള്ള  താല്പര്യം ഉടലെടുത്തത്. ഗൗരവത്തോടെ തന്നെ ചിത്രകലയെ കണ്ട് പഠനം തുടങ്ങി. പക്ഷേ ഭാരതീയ പാരമ്പര്യത്തിലെ ചുവർ ചിത്രങ്ങളാണ് മനസ്സിനോട് ഏറെ അടത്തത്-സനം പറയുന്നു. 

മ്യൂറൽ ചിത്രകാരനായ സതീഷ് തായാട്ടിനെ ഗുരുവാക്കി. മൂന്ന് വർഷത്തോളം ചുവർ ചിത്രകലാ പഠനത്തിനായി സമയം നീക്കി വച്ചു. അതിന് ശേഷം വിവിധ ക്യാൻവാസുകളിലേക്ക് മനസ്സിലെ ചിത്രങ്ങൾ പകർത്തി. സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ആവശ്യക്കാരും ഏറി. സാരിയിലു മുണ്ടിലും മുളന്തണ്ടിലുമെല്ലാം വരയ്ക്കുന്ന ചിത്രങ്ങൾക്ക് അപ്പപ്പോൾ തന്നെ ആവശ്യക്കാരുമെത്തി. അങ്ങനെ ചുവർചിത്രത്തോടുള്ള അടുപ്പ്ം ജീവിത വഴിയുമായി.

സാരിയുടെ മുന്താണിയിൽ  ചെയ്യുന്ന  മെയിൻ വർക്കും  ബോർഡറിലെ  ഡിസൈനിംഗും സജീവമായി. വരുമാനം കൂടിയപ്പോൾ സഹായികളേയും നിയമിച്ചു. പഠിക്കാൻ എത്തുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ സമയത്തിന് ഓർഡറുകൾ ചെയ്ത് ഇടപാടുകാരുടെ വിശ്വാസം നേടാനുമായി. 3500 രൂപ മുതൽ 8000 രൂപ വരെ  ഒരു സാരിയിലെ വർക്കിന്   ലഭിക്കാറുണ്ട്. മുളന്തണ്ടുകളിലെ മ്യൂറൽ വർക്കുകൾക്ക്  ആയിരം രൂപയ്ക്ക് മുകളിലാണ്  വില.

ഭർത്താവ്  ഫിറോസ് ഖാൻ  മീഡിയ വീ എന്ന  അഡ്വർടൈസിങ് ഏജൻസി  നടത്തുന്നു.  മൂത്ത  മകൾ സനോഫർ സെന്റ്  വിൻസന്റ്  കോളനി  ഹയർസെക്കൻഡറിയിൽ   പത്താം ക്ലാസിലും  ഇളയ മകൻ ഫർദീൻ  സെന്റ്   ജോസഫ്‌സിൽ   എട്ടാം ക്‌ളാസിലും  പഠിക്കുന്നു. അമ്മയുടെ വര കണ്ട്  മക്കളും ഈശ്വര രൂപങ്ങൾ വരയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഈ കുടുംബത്തിന്റെ പിന്തുണ തന്നെയാണ് വേറിട്ട കലാവഴിയിൽ സനത്തിന് പ്രചോദനവും പിന്തുണയുമാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP