Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്തായിരം രൂപയും മള്ളൂർ വക്കീലും എന്ന ചൊല്ലിൽ നിന്ന് ലക്ഷങ്ങളും ആളൂരും എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുമോ? ഗോവിന്ദച്ചാമിയുടെ വക്കാലത്തുമായി സുപ്രീംകോടതിവരെ എത്തിയ ബിജു ആന്റണി ആളൂർ എന്ന വക്കീലിന്റെ കഥ

പത്തായിരം രൂപയും മള്ളൂർ വക്കീലും എന്ന ചൊല്ലിൽ നിന്ന് ലക്ഷങ്ങളും ആളൂരും എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുമോ? ഗോവിന്ദച്ചാമിയുടെ വക്കാലത്തുമായി സുപ്രീംകോടതിവരെ എത്തിയ ബിജു ആന്റണി ആളൂർ എന്ന വക്കീലിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മള്ളൂർ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്നും, കോടതിയിൽ മള്ളൂർ വാദിച്ചാൽ പുഷ്പം പോലെ ഇറങ്ങിവരാമെന്നുമുള്ള മള്ളൂർ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷക പ്രമാണിയുടെ കഥ കേരളത്തിന് സുപരിചിതമാണ്.

കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തിൽ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂർ വക്കീൽ ആദ്യമായി ഹാജരാകുമ്പോൾ കേരളം ഞെട്ടലോടെ ചിന്തിച്ചുപോയിരുന്നു.

മള്ളൂരിനെപ്പോലെ കൊലപാതകിയെ രക്ഷിക്കാനെത്തിയ ആളാണോ ഈ ആളൂരെന്ന്. വിചാരണക്കോടതിയിൽ ആളൂർ വക്കീൽ തിരിച്ചുംമറിച്ചും വാദിച്ചെങ്കിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിക്കപ്പെട്ടതോടെ മള്ളൂർ വക്കീലിന്റെ പ്രാഗത്ഭ്യത്തിന്റെ നിഴൽപോലുമല്ല ആളൂർ വക്കീലെന്നും വെളിവായി.

പക്ഷേ, ഇപ്പോൾ സുപ്രീംകോടതിയിൽ സൗമ്യക്കും കേരളത്തിനും വേണ്ടി വാദിച്ച പബഌക് പ്രൊസിക്യൂട്ടർ, സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് ഊഹം മാത്രമാണെന്ന വാദം സമ്മതിച്ചുകൊടുത്തതോടെ ആളൂർ വീണ്ടും ആളാവുകയാണ്.

ഗോവിന്ദച്ചാമിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയെടുക്കാനായാൽ സൗമ്യ കേസിൽ പ്രതിഭാഗത്തിനുവേണ്ടി ഹാജരായതിലൂടെ കുപ്രസിദ്ധനായി മാറിയ അഡ്വ. ബി എ ആളൂർ എന്നറിയപ്പെടുന്ന ബിജു ആന്റണി ആളൂർ എന്ന തൃശൂർ മുള്ളൂർക്കരക്കാരൻ അഭിഭാഷകന് അത് മള്ളൂർ കഥകളിലെന്നപോലെ ഒരു നേട്ടമായി മാറുമെന്ന് തീർച്ച.

ജീവിക്കാൻപോലും കാശില്ലാതെ തെണ്ടിനടക്കുന്ന ഒരു ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കാൻ ആരെയും കിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ എല്ലാവരും കരുതിയത്. കേരളത്തിലെ അഭിഭാഷകരാരും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകില്ലെന്ന് ഏതാണ്ടുറപ്പാകുകയും ചെയ്തിരുന്നു.

ഈ ഘട്ടത്തിലാണ് അഡ്വ. ആളൂർ ഈ കൊടുംകുറ്റവാളിക്കുവേണ്ടി ഹാജരാകുമെന്ന വാർത്തകൾ വരുന്നത്. അതോടെ ആരാണീ ആളൂരെന്നും ഇയാൾ എന്തിനാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങുകയായിരുന്നു.

ലക്ഷങ്ങൾ വാങ്ങി മുംബൈയിൽ നിന്ന് അഭിഭാഷകപ്പട

ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാൻ ലക്ഷങ്ങൾ പ്രതിഫലംവാങ്ങി മുംബൈയിൽ നിന്ന് അഭിഭാഷകപ്പട കോടതിയിലെത്തുമെന്നായിരുന്നു പ്രചരണം. ഇതിനു പിന്നാലെ അഡ്വ. ബി എ ആളൂർ എന്ന ഉത്തരേന്ത്യൻ വക്കീലാണ് എത്തുന്നതെന്ന വിവരം അറിയുന്നത്. പിന്നീടുള്ള അന്വേഷണങ്ങളിൽ വടക്കാഞ്ചേരിക്കടുത്ത് മുള്ളൂർക്കരയിലെ ആളൂർ വീട്ടിൽ ബിജു ആന്റണിയെന്ന അഡ്വ. ബിഎ ആളൂർ ആണ് ഈ 'ഉത്തരേന്ത്യക്കാരൻ വക്കീൽ' എന്ന് തിരിച്ചറിയുന്നത്.

വര്ഷങ്ങളായി പുനെ കോടതിയില് പ്രവർത്തിക്കുന്ന ആളൂർ ഈ കേസിനു മാത്രമായി നാട്ടിലെത്തുകയും പൂർണ സമയം ഇതിനായി ചെലവഴിക്കുകയും ചെയ്തതോടെ വിചാരണയ്ക്കായി ഇടയ്ക്കിടെ വിമാനത്തിൽ വന്നുപോകുന്നതിനെപ്പറ്റിയും അന്വേഷണങ്ങൾ ഉയർന്നു. വടക്കാഞ്ചേരി കോടതിയില് മൂന്നര വര്ഷം പ്രാക്ടിസ് ചെയ്ത ശേഷം മുംബൈക്ക് വണ്ടി കയറിയ ബി.എ.ആളൂര് പുണെയില് പ്രമാദമായ നിരവധി കേസുകളില് ഗൗണണിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കൊലപാതക ലൈംഗിക കൃത്യകേസുകളിലെ പ്രതികൾക്കുവേണ്ടിയായിരുന്നു ഇവയിലേറെയുമെന്ന് അവിടെ ചെന്ന് അന്വേഷണം നടത്തിയ തൃശൂരിലെ പൊലീസുകാർ പറഞ്ഞിരുന്നു. സംഘംചേർന്നുള്ള കുറ്റകൃത്യങ്ങളിൽ ഒന്നോ രണ്ടോ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രമാദമായ നീരജ ഗുപ്ത കൊലക്കേസിലും ഇത്തരത്തിൽ ഒരുപ്രതിക്കുവേണ്ടി ഹാജരായിരുന്നു.

മുംബൈ പനവേലിൽ പൊലീസ് സ്്റ്റേഷൻ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ കേസ് ആളൂർ വാദിച്ചിരുന്നതായി വാർത്തകൾ വന്നതോടെ ഗോവിന്ദച്ചാമിയും ഇത്തരത്തിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും ആ ബന്ധമാണ് ആളൂരിനെ സൗമ്യ കേസിൽ പ്രതിക്കുവേണ്ടി എത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ടായി. ഇതിനാണ് ഇപ്പോൾ കൂടുതൽ സ്ഥിരീകരണം ഉള്ളതും. അതേസമയം, പത്രക്കാർക്കുമുന്നിലും കോടതിയിലും വ്യത്യസ്ത നിലപാടാണ് വക്കാലത്തിന്റെ കാര്യത്തിൽ ആളൂർ കൈക്കൊണ്ടത്.

സൗമ്യ കേസിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരികയെന്ന സാമൂഹ്യ താൽപര്യമാണ് തനിക്കെന്ന് പറഞ്ഞെങ്കിലും ഗോവിന്ദച്ചാമിയുടെ കുടുംബാംഗങ്ങളാണ് കേസ് ഏൽപിച്ചതെന്നായിരുന്നു വടക്കാഞ്ചേരി കോടതിയിൽ പറഞ്ഞത്. കേസ് ജില്ലാ സെഷൻസ് കോടതിയിൽ എത്തിയപ്പോൾ ഗോവിന്ദച്ചാമിയുടെ സുഹൃത്തുക്കളാണ് കേസ് ഏൽപിച്ചതെന്നായി. ചെന്നൈ കേന്ദ്രീകരിച്ചുള്ള പിടിച്ചുപറിക്കാരാണ് കേസ് തന്നെ ഏൽപിച്ചതെന്നും ഒരുതവണ വിവരിച്ചു.

പക്ഷേ, മറ്റൊരു കഥയാണ് തൃശൂരിലെ ചില അഭിഭാഷകർക്ക് പറയാനുള്ളത്. പൂനയിൽ സഹപാഠിയായ തൃശൂരിലെ അഡ്വക്കേറ്റ് എൻ ജെ നെറ്റോയെയാണ് ആളൂർ ഗോവിന്ദച്ചാമി വിഷയത്തിൽ ആദ്യം സമീപിച്ചതെന്ന് അവർ പറയുന്നു. പക്ഷേ, നെറ്റോ അതിന് വഴങ്ങാതെ വന്നതോടെ ആളൂർ നേരിട്ടെത്തി. പ്രതിക്കായി ജാമ്യാപേക്ഷ നൽകി. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമാണെന്ന് മനസ്സിലാക്കിയതോടെ മുംബൈയിൽ നിന്ന് അംഗരക്ഷകരെന്ന പേരിൽ ഒരു സംഘത്തെയും കൂടെ കൊണ്ടുനടന്നിരുന്നു. മുംബൈ കോടതിയിൽ പ്രാക്ടീസ് നടത്തുന്ന അഭിഭാഷകനാണ് എന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.

ഗോവിന്ദച്ചാമി ആരുടെ ആളാണെന്നതിനും സ്ഥിരീകരണമില്ല

ഗോവിന്ദച്ചാമിയെ കേസിൽ നിന്ന് രക്ഷിക്കാൻ പണംമുടക്കുന്നത് ആരാണെന്ന കാര്യത്തിൽ ഇപ്പോഴും ഒരു സ്ഥിരീകരണവുമില്ല. തനിക്ക് പണം കിട്ടുന്നത് എവിടെനിന്നാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ആളൂർ സ്വീകരിച്ചിട്ടുള്ളത്.  റെയിൽവെയിലും പൊതുനിരത്തുകളിലും വിലസുന്ന നിരവധി ക്രിമിനലുകളെ മതംമാറ്റുകയും അതിന്റെ പേരിൽ സംരക്ഷണം നൽകുകയും ചെയ്യുന്നതായി ആക്ഷേപം ഉയർന്നതോടെ ആളൂരിനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.

ഏതായാലും സ്വന്തമായി കേസ് നടത്താൻ കുടുംബപരമായി കഴിവില്ലാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് കേരള പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. തൃശൂരുള്ള പൊലീസ് സംഘത്തിന്റെ അന്വേഷണത്തിൽ തമിഴ്‌നാട് കടലൂർ ജില്ലയിലെ വിരുതാചലത്തെ വിമുക്ത ഭടനായിരുന്ന അറുമുഖന്റെ മകനാണ് ഗോവിന്ദച്ചാമിയെന്ന് വ്യക്തമായി. അമ്മയും അച്ഛനും നേരത്തേ മരിച്ചെന്നും ജ്യേഷ്ഠൻ സുബ്രഹ്മണി കൊലപാതകക്കേസിൽ പ്രതിയായി സേലം ജയിലിലാണെന്നും മനസ്സിലായി. വിരുതാചലം സമത്വപുരത്ത് ഐവത്തുകുടിയിൽ സർക്കാർ ഭവനിർമ്മാണ പദ്ധതി പ്രകാരം വച്ചുനൽകിയ വീട്ടിലായിരുന്നു താമസം.

സൈനികസേവനകാലത്ത് കിട്ടിയ ശമ്പളവും പിന്നീട് ലഭിച്ച പെൻഷനുമെല്ലാം ചേർത്ത് അറുമുഖൻ പത്തുലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഈ തുക മക്കൾക്ക് അവകാശപ്പെട്ടതായിരുന്നു. പക്ഷേ, രണ്ടുപേരും ജയിലിലായതോടെ പണം അക്കൗണ്ടിൽത്തന്നെ കിടന്നു. പക്ഷേ, സൗമ്യ കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം സാക്ഷിയായി സുബ്രഹ്മണിയെ കൊണ്ടുവരാൻ ആളൂർ ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസുമായി അയാൾക്കെന്താണ് ബന്ധമെന്നും ജയിലിലുള്ള ആളെ എന്തിന് വിസ്തരിക്കണമെന്നും കോടതി ആരാഞ്ഞപ്പോൾ ഗോവിന്ദച്ചാമി അറസ്റ്റുചെയ്യപ്പെട്ട വിവരം വീട്ടിൽ അറിഞ്ഞില്ലെന്നും അതിനാണെന്നും ആളൂർ വാദിച്ചു. പക്ഷെ, കോടതി അത് അനുവദിച്ചില്ല. സുബ്രഹ്മണിയെ പുറത്തിറക്കി ബാങ്ക് അക്കൗണ്ടിലുള്ള പണം ചേട്ടനും അനുജനും വീതിച്ചെടുക്കാനായിരുന്നു ഈ നീക്കമെന്ന സംശയമാണ് അക്കാലത്ത് ഉയർന്നത്.

ഏതായാലും ഇത്തരത്തിൽ ആളൂർ ഉന്നയിച്ച വാദങ്ങളിൽ പലതും കോടതി തള്ളുകയും ചില വിചിത്രമായ വാദങ്ങളിൽ കോടതി ആളൂരിനെ ശാസിക്കുകയും ചെയ്തിരുന്നു. അനാവശ്യ ചോദ്യങ്ങളാൽ കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന താക്കീതും പലപ്പോഴുമുണ്ടായി. പക്ഷേ, ഇതെല്ലാം താണ്ടി ആളൂർ ഇപ്പോഴും ഗോവിന്ദച്ചാമിക്കുവേണ്ടി വാദം തുടരുകയാണ്. കൊലപാതകക്കേസിൽ നിന്നെങ്കിലും പ്രതിക്ക് വിടുതൽ വാങ്ങിക്കൊടുക്കാനായാൽ ആളൂർ വക്കീലിന് അത് വലിയ നേട്ടമായി മാറും.

വക്കീലിന് പേരുണ്ടാക്കാൻ മാത്രമായി പ്രചാരണങ്ങൾ

അതേസമയം, ഇത്തരം വാദങ്ങളുയരുമ്പോഴും സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചതന്നെയാണ് ഇക്കാര്യത്തിൽ നടന്നത്. ഒന്നുമല്ലാത്ത വക്കീലിനെ പൊക്കിക്കാണിക്കുന്നതിനു വേണ്ടി നടന്ന പ്രചരണമാണ് ആളൂർ വലിയ വക്കീലാണെന്ന മട്ടിലുണ്ടായതെന്നാണ് സോഷ്യൽ മീഡയിയിലൂടെ മിക്കവരും അഭിപ്രായപ്പെട്ടത്. ഇത്തരം കേസുകൾ ഏറ്റെടുക്കുന്നതിനുവേണ്ടി ആളൂർ ആദ്യം പത്രക്കാരെ കയ്യിലെടുക്കുകയും അതിലൂടെ പ്രസിദ്ധി നേതാൻ ശ്രമിക്കുകയും ചെയ്യുന്നതായി അവർ ചർച്ചചെയ്തു. ഈ വാദങ്ങളിൽ കഴമ്പുണ്ടെന്ന സംഭവങ്ങൾ ഉണ്ടാകുകയും ചെയ്തു. 2011 സെപ്റ്റംബറിൽ മണിചെയിൻ തട്ടിപ്പുകേസിലെ പ്രതി മദിനീനിയെ തൃശൂരിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ രാവിലെ മദനീനിയുടെ വക്കീൽ എന്നു പരിചയപ്പെടുത്തി ആളൂരിന്റെ അഭിഭാഷക സംഘത്തിലെ ഒരാൾ കോടതിയിലെത്തി.

ഹൈദരാബാദിലെ ഉന്നതബന്ധം വഴി നാനോ എക്‌സൽ കേസുകളിൽ ഇനി ആളൂരിന്റെ അഭിഭാഷക സംഘം ഹാജരാകുമെന്നായിരുന്നു പ്രചരണം. ഉച്ചയോടെ ആളൂർ തന്നെ ഹാജരായി. പക്ഷേ അപ്പോൾ മദനീനി പറഞ്ഞത് എനിക്ക് നിങ്ങളെ അറിയില്ലെന്നും എനിക്ക് വേറെ വക്കീൽ ഉണ്ടെന്നും ആയിരുന്നു. ഇതോടെ ആളൂർ മിണ്ടാതെ സ്ഥലംവിടുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകേസുകളിൽ ഹാജരായി പേരെടുക്കാൻ ശ്രമിക്കുന്ന ഒരാൾ മാത്രമാണ് ആളൂർ എന്നും ഇയാൾ വലിയ സംഘത്തിന്റെ പ്രതിനിധിയാണെന്ന മട്ടിൽ നടക്കുന്ന പ്രചരണങ്ങളിൽ ഒരു കഴമ്പുമില്ലെന്നുമുള്ള വാദവും ഉയരുന്നുണ്ട്.

സമാനമായ രീതിയിൽ അടുത്തിടെ ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസഌമിന്റെ വക്കാലത്ത് ഏറ്റെടുക്കാനും ആളൂർ ശ്രമിച്ചിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ചെയ്തു. സാധാരണഗതിയിൽ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകൾ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി മാത്രമാണ് ആളൂരിന്റെ കൈമുതലെന്നും ജാമ്യമെടുക്കുന്നതിനുപോലും സാധാരണഗതിയിൽ അറിയാവുന്നവരാരും ഇയാളെ സമീപിക്കാറില്ലെന്നുംവരെ സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു. അംബാനി സഹോദരന്മാർ തമ്മിലുള്ള തർക്കം അവസാനിപ്പിക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി നൽകിയതും പബഌസിറ്റി സ്റ്റണ്ട് ആയി എല്ലാവരും ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP