Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജെഎൻയുവിനെ ലക്ഷ്യമിട്ടു കേന്ദ്രം നടത്തിയ നീക്കങ്ങൾക്കു തിരിച്ചടി; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിനു വൻ വിജയം; എബിവിപി ബഹുദൂരം പിന്നിൽ

ജെഎൻയുവിനെ ലക്ഷ്യമിട്ടു കേന്ദ്രം നടത്തിയ നീക്കങ്ങൾക്കു തിരിച്ചടി; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിനു വൻ വിജയം; എബിവിപി ബഹുദൂരം പിന്നിൽ

ന്യൂഡൽഹി: അടുത്തിടെ ഏറെ വിവാദങ്ങൾ കൊണ്ടു ശ്രദ്ധനേടിയ ജെഎൻയു ക്യാമ്പസിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിനു ജയം. ഐസ-എസ്എഫ്ഐ സഖ്യമായ യുണൈറ്റഡ് ലെഫ്റ്റാണ് ഫലമറിഞ്ഞ മൂന്ന് ഡിപ്പാർട്ടുമെന്റുകളിലെ 15 കൗൺസിലർ സീറ്റുകളിൽ 14ഉം റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു കയറിയത്.

സെൻട്രൽ പാനലിലേക്കുള്ള വോട്ടെണ്ണുമ്പോഴും എതിരാളികളായ എബിവിപി ബഹുദൂരം പിന്നിലാണ്. അഫ്‌സൽ ഗുരു അനുസ്മരണത്തിന്റെ പേരിലും ദേശീയതാവാദങ്ങളുടെ പേരിലും നിരവധി വിവാദങ്ങളാണ് ജെഎൻയു സൃഷ്ടിച്ചത്. കനയ്യ കുമാർ എന്ന വിദ്യാർത്ഥി നേതാവ് ദേശീയ ശ്രദ്ധ ആകർഷിച്ചതും ജെഎൻയുവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു.

മികച്ച വിദ്യാഭ്യാസ സ്ഥാപനമായ ജെഎൻയുവിൽ പിടിമുറുക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങളാണിതെന്ന ആരോപണവും എതിരാളികൾ ഉയർത്തിയിരുന്നു. എന്നാൽ, ഇത്തരം നീക്കങ്ങൾക്കൊക്കെ കനത്ത തിരിച്ചടി നൽകിയിരിക്കുകയാണു യൂണിയൻ തെരഞ്ഞെടുപ്പു ഫലം.

സ്‌കൂൾ ഓഫ് സയൻസ്, സ്‌കൂൾ ഓഫ് ലാങ്ഗ്വേജ് സ്റ്റഡീസ്, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ്, സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് ഏസ്തെറ്റിക്സ്, സാൻസ്‌ക്രിറ്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെല്ലാം ആധിപത്യം ഐസ-എസ്എഫ്ഐ സഖ്യത്തിനാണ്.റെക്കോർഡ് ഭൂരിപക്ഷത്തിനാണ് സ്‌കൂൾ ഓഫ് സയൻസിലെ അഞ്ചു കൗൺസിലർ സീറ്റിലും യുണൈറ്റഡ് ലെഫ്റ്റ് സഖ്യം വിജയിച്ചത്. ഐശ്വര്യ ഭട്ടാചാര്യ, ഉപാസന ഹസാരിക, ചേതന ത്രിവേദി, സുമന്ത് റോയ്, ജയപ്രകാശ് പ്രസാദ് എന്നിവരാണ് ഇവിടെ വിജയിച്ചത്. സ്‌കൂൾ ഓഫ് ലാങ്ഗ്വേജ് സ്റ്റഡീസിൽ അഭിത് ചാറ്റർജി, കൗശിക് രാജ്, എം ഡി ഫഹദ്, മുഹമ്മദ് ഖാസിം, വികാസ് കുമാർ എന്നിങ്ങനെയുള്ള അഞ്ചു കൗൺസിലർ സ്ഥാനവും യുണൈറ്റഡ് ലെഫ്റ്റ് സഖ്യം നേടി. സ്‌കൂൾ ഓഫ് ഇന്റർ നാഷണൽ സ്റ്റഡീസിൽ അഞ്ചിൽ നാലും സഖ്യം നേടി.

ദുഗ്ഗിരാല ശ്രീകൃഷ്ണ, ഫൈസൽ അഹമ്മദ് ഖുംർഷി, സലോണി ശീതൾ, സാക്ഷികാന്ത് ത്രിപാഠി എന്നിങ്ങനെ സഖ്യത്തിലെ നാലു കൗൺസിലർമാർ വിജയിച്ചപ്പോൾ ഒരു കൗൺസിലർ സീറ്റിൽ ഡിഎസ്എഫാണ് വിജയിച്ചത്. ഡിഎസ്എഫിലെ പുഷ്പിക സ്വപ്ന ബാരയാണ് ഏഴു വോട്ടുകൾക്ക് യുണൈറ്റഡ് ലെഫ്റ്റ് സഖ്യ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് ഏസ്തെറ്റിക്സ് വിഭാഗത്തിലെ കൗൺസിലർ സീറ്റും സഖ്യം നേടി. സിഎസ്എൽജി ഡിപ്പാർട്ടുമെന്റിൽ യുണൈറ്റഡ് ലെഫ്റ്റ് പിന്തുണ നൽകിയ സ്ഥാനാർത്ഥിയാണ് ജയിച്ചത്.

എബിവിപി ജയിച്ചുവരുന്ന സംസ്‌കൃത പഠന വകുപ്പ് ഇത്തവണയും അവരെ കൈവിട്ടില്ല. എന്നാൽ നേരത്തെ തൊട്ട് എബിവിപിക്കൊപ്പം നിൽക്കാറുള്ള സയൻസ് ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർത്ഥികൾ ഇത്തവണ അവരെ കൈവിട്ടു. ഇവിടെ യുണൈറ്റഡ് ലെഫ്റ്റും-സഖ്യം പിന്തുണച്ചവരുമാണ് കൂടുതൽ സീറ്റുകളിലും വിജയിച്ചിരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 1750 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നേരത്തെ പിന്നിൽ നിന്നിരുന്ന ജോയിന്റ് സെക്രട്ടറി അടക്കം എല്ലാ സീറ്റുകളിലും ഐസ- എസ്എഫ്ഐ സഖ്യമാണ് ലീഡ് ചെയ്യുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് 238 വോട്ടുകൾ നേടിയ യുണൈറ്റഡ് ലെഫ്റ്റ് സ്ഥാനാർത്ഥി മോഹിത് (ഐസ) ലീഡ് ചെയ്യുകയാണ്. തൊട്ടുപിന്നിലായി ബാപ്സയുടെ രാഹുലാണ്. യുണൈറ്റഡ് ലെഫ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും എസ്എഫ്‌ഐക്കാരനും മലയാളിയുമായ അമൽ ലീഡ് ചെയ്യുന്നു. ഇവിടെ രണ്ടാം സ്ഥാനത്ത് എബിവിപിയാണ് നിലവിൽ. ജനറൽ സെക്രട്ടറി സ്ഥാനത്ത് 535 വോട്ടുകളോടെ എസ്എഫ്‌ഐക്കാരനും യുണൈറ്റഡ് ലെഫ്റ്റിന്റെ സ്ഥാനാർത്ഥിയുമായ സ്വത്രൂപാണ് ലീഡ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP