Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടു രാഷ്ട്രപതിമാർ പുരസ്‌കാരം നൽകി ആദരിച്ചു; സിഎൻഎൻ - ഐബിഎൻ ഇന്ത്യയുടെ പ്രതീക്ഷയായി തെരഞ്ഞെടുത്തു; രണ്ടു കാലുകളും ഇല്ലാത്ത ലോക ചാമ്പ്യൻ ജോബി അടക്കം ആയിരങ്ങളുടെ കൺകണ്ട ദൈവം; എന്നിട്ടും ബിജു ഇപ്പോൾ ഉറക്കെ കരയുകയാണ്: ഈ മനുഷ്യന്റെ കഥ വായിച്ച് കണ്ണു നിറഞ്ഞില്ലെങ്കിൽ നിങ്ങൾ ഒരു മനുഷ്യനായിരിക്കില്ല

രണ്ടു രാഷ്ട്രപതിമാർ പുരസ്‌കാരം നൽകി ആദരിച്ചു; സിഎൻഎൻ - ഐബിഎൻ ഇന്ത്യയുടെ പ്രതീക്ഷയായി തെരഞ്ഞെടുത്തു; രണ്ടു കാലുകളും ഇല്ലാത്ത ലോക ചാമ്പ്യൻ ജോബി അടക്കം ആയിരങ്ങളുടെ കൺകണ്ട ദൈവം; എന്നിട്ടും ബിജു ഇപ്പോൾ ഉറക്കെ കരയുകയാണ്: ഈ മനുഷ്യന്റെ കഥ വായിച്ച് കണ്ണു നിറഞ്ഞില്ലെങ്കിൽ നിങ്ങൾ ഒരു മനുഷ്യനായിരിക്കില്ല

ണ്ടു കാലുകളും ഇല്ലാതെ ലോകത്തെ സന്തോഷിപ്പിക്കാൻ പരിശീലിച്ച ജോബി മാത്യുവിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പഞ്ചഗുസ്തിയിലെ ലോക ചാമ്പ്യനായ ജോബി ലോകം എമ്പാടും നടന്ന് മത്സരങ്ങളിൽ വിജയം നേടി ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന വാർത്ത ഞങ്ങൾ അടക്കം എല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഇവിടെ ചർച്ച ചെയ്യുന്നത് ജോബിയെ കുറിച്ചല്ല,  ജോബി തന്റെ രക്ഷകരിൽ ഒരാളായി കാണുന്ന ബിജു വർഗ്ഗീസ് എന്നൊരു സാധാരണക്കാരനെ കുറിച്ചാണ്. ബിജുവിന്റെ കഥ മറുനാടൻ മലയാളിയിൽ വിളിച്ചു പറഞ്ഞതും ഇത് വായിക്കുന്നവർക്കും ബിജുവിനെ സഹായിക്കുന്നവർക്കമെല്ലാം പുണ്യം കിട്ടാനായി ഈ കഥ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടതും ലോക ചാമ്പ്യനായ ജോബിയാണ്. നമുക്കാർക്കും പെട്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞെന്നു വരില്ല, രണ്ടു കാലുകളും ഇല്ലാത്ത ജോബി ഇന്ത്യയിൽ എവിടെയും സഞ്ചരിക്കുന്നത് കാറിൽ ആണ് എന്നു കേട്ടാൽ. പഞ്ചാബിലും ഡൽഹിയിലും മുംബൈയിലും ഒക്കെ കാറോടിച്ച് പോയി മത്സരത്തിൽ പങ്കെടുത്ത് ചാമ്പ്യനായി മടങ്ങുന്ന ജോബി ഓരോ യാത്രയിലും സ്‌നേഹത്തോടെ ഓർക്കുന്നത് ബിജു വർഗ്ഗീസിനെയാണ്.

ജോബി മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ അനേകം വിഭിന്നശേഷിക്കാർക്ക് ബിജു വർഗ്ഗീസ് കൺകണ്ട ദൈവമാണ്. ശാരീരികമായി ചില കുറവുകൾ ഉള്ളവർക്കു വേണ്ടി നിർമ്മിച്ച പ്രത്യേക ബൈക്കുകൾ കണ്ടിട്ടുണ്ടെങ്കിലും അത്തരം കാറുകൾ ഇല്ലാത്ത നാട്ടിൽ കാലുകൾ ഇല്ലാത്തവർക്കും അരയ്ക്കു കീഴെ തളർന്നു കിടക്കുന്നവർക്കും ഒക്കെ അനായാസം സഞ്ചരിക്കാൻ കാറുണ്ടാക്കി നൽകിയ മഹാൻ ആണ് ബിജു വർഗ്ഗീസ്. അതും നിലവിലുള്ള കാറിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെ... പ്രധാന കമ്പനികൾ നിർമ്മിക്കുന്ന കാറിൽ ബിജു കണ്ടെത്തിയ ഒരു യന്ത്രം ഘടിപ്പിച്ചാൽ മാത്രം മതി. ക്ലച്ചും, ബ്രെയ്ക്കും, ആക്‌സിലേറ്ററും ഒക്കെ സ്റ്റിയറിംഗിലേയ്ക്ക് മാറും. സീറ്റിൽ ഇരിക്കുന്നയാൾക്ക് ഏത് സാധാരണക്കാരനെയും പോലെ ഏത് തിരക്കേറിയ റോഡിലൂടെയും കാറുകൾ ഓടിച്ചുപോകാം.

അബ്ദുൾ കലാം തോളിൽ തട്ടി ആദരിച്ചു; പ്രതിഭാ പട്ടേൽ നിരപുഞ്ചിരിയോടെയും

നിങ്ങളിൽ എത്ര പേർക്ക് രാഷ്ടപതിയെ അടുത്തു കാണാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യ മഹാരാജ്യത്തിന്റെ സർവ്വ നിയമങ്ങളുടെയും അധികാരങ്ങളുടെയും താക്കോൽ സൂക്ഷിപ്പുകാരനായ രാഷ്ട്രപതിയുടെ അടുത്തെത്താൻ കഴിയുന്നത് തന്നെ ഭാഗ്യമല്ലേ. എന്നാൽ രണ്ടു രാഷ്ട്രപതിമാരാണ് ബിജു വർഗ്ഗീസിനെ തോളിൽ തട്ടി അഭിനന്ദിച്ചത്. അസാധാരണ പ്രതിഭകൾക്കു പോലും സാധിക്കാത്ത വിധം രണ്ടു രാഷ്ട്രപതിമാരിൽ നിന്നും ബിജു അവാർഡുകൾ ഏറ്റുവാങ്ങി. പുരസ്‌കാരം നൽകിയ ശേഷം തോളിൽ തട്ടി എപിജെ അബ്ദുൾ കലാം നൽകിയ അംഗീകാരവും നിറപുഞ്ചിരിയോടെ പ്രതിഭാപട്ടേൽ നൽകിയ ആദരവും ബിജു മറക്കുകയേയില്ല. അവിടെ തീരുന്നില്ല ബിജുവിന്റെ ചരിത്ര നേട്ടം. പോസിറ്റീവായി ചിന്തിക്കുന്നവരെ കണ്ടെത്താൻ ഇന്ത്യ മുഴുവൻ സിഎൻഎൻ-ഐബിഎൻ നടത്തിയ തെരഞ്ഞെടുപ്പിൽ ജേതാവായത് ഈ ബിജു വർഗ്ഗീസ് തന്നെയായിരുന്നു.

അംഗപരിമിതികൾ അതിജീവിച്ച് ബിജു നേടിയ വിജയങ്ങൾ ഇന്ത്യയെ വല്ലാതെ അഭിമാനം കൊള്ളിച്ചു. ഒരു വാഹനാപകടത്തിൽ പെട്ട് അരയ്ക്കു കീഴെ തളർന്നു പോയ ബിജു തന്നെപ്പോലെ ചലനശക്തി നഷ്ടപ്പെട്ടവരുടെ ജീവിതത്തിൽ പ്രത്യാശ പകരാൻ നടത്തിയ പരീക്ഷണമാണ് ലോകത്തിന്റെ കൈയടി നേടിയത്. ബിജുവിന്റെ കണ്ടുപിടിത്തം വഴി ആയി വിൽക്കപ്പെടുവാൻ സാധ്യത ഇല്ലാതിരുന്ന 2000 ത്തോളം കാറുകൾ പുതുതായി നിരത്തിലിറക്കുവാനും ശാരീരിക വൈകല്യം ഉള്ളവരുടെ ജീവിതത്തിൽ പ്രത്യാശയുടെ കരങ്ങൾ വിതയ്ക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും സർക്കാരും അധികൃതരും ഇന്നത്തെ ബിജുവിന്റെ അവസ്ഥയിൽ അനങ്ങാപ്പാറ നയം തുടങ്ങുകയാണ്.

ഒരു കാർ വിൽക്കുമ്പോൾ 40 ശതമാനം ആണ് എക്സൈസ് ഡ്യൂട്ടി ഇനത്തിൽ സർക്കാരിലേക്ക് ലഭിക്കുന്നത്. പക്ഷേ മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ കൈവെള്ളയിൽ നിന്നും ഇറക്കാതെ കാത്തു സൂക്ഷിക്കുമായിരുന്ന ഒരു ജീവിതം ഇന്നനുഭവിക്കുന്ന യാതനകളുടെ കഥ കേട്ടാൽ ഏതു കഠിന ഹൃദയനും തളർന്നു പോകും.

ഏനാത്ത് പാലത്തിൽ നിന്നും പുഴയിലേയ്ക്കു വീണപ്പോൾ മാറി മറിഞ്ഞ ജീവിതം
1997 മാർച്ച് 2 ന് ഒരു സുഹൃത്തിന്റെ ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ കൊട്ടരക്കരയ്ക്ക് സമീപം ഏനാത്ത് പാലത്തിൽ വച്ചുണ്ടായ അപകടം ബിജുവിന്റെ ജീവിതത്തെ ആകെ മാറ്റി മറിച്ചു. പാലത്തിൽ നിന്നും പുഴയിലേയ്ക്ക് വീണ ആഘാതത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലായി ബിജുവിന്റെ ശരീരം. നീണ്ട ഏഴു വർഷങ്ങൾ പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാകാതെ കട്ടിലിൽ കിടന്ന് തന്നെ ബിജു തള്ളി നീക്കി. അപകടത്തിൽ പെടുമ്പോൾ കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്ഥി പ്രദേശമായ മുക്കൂട്ടുതറയിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന ഇലക്ട്രീഷ്യൻ ആയിരുന്നു ബിജു.

ഏഴു വർഷം കിടക്കയിൽ നിന്നെണീക്കാനാവാതെ വന്നപ്പോൾ ബിജുവിന്റെ മുമ്പിൽ ടെലിവിഷൻ സ്‌ക്രീനുകളിലെ ചലിക്കുന്ന നിശ്ചലതകൾ മാത്രമായിരുന്നു ആശ്വാസം. ഒന്നെണീക്കാൻ പോലുമാവാതെ താനും തന്നെപ്പോലെ സമാനരായിട്ടുള്ളവരും അനുഭവിക്കുന്ന സഞ്ചാര സ്വാതന്ത്ര്യമില്ലാമയ്ക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ചിന്തയിലായി ബിജുവിന്റെ മനസ്സ്. വിവിധ ഇംഗ്ലീഷ് ചാനലുകളിലെ വ്യത്യസ്ത തരത്തിലുള്ള യന്ത്രവത്കൃത ഉപകരണങ്ങളെക്കുറിച്ചുള്ള കാഴ്ചകൾ ബിജുവിന് നേരിയ പ്രചോദനം നൽകി. ബിജു ചിന്തിച്ചത് മുഴുവൻ അംഗപരിമിതർക്ക് എങ്ങനെ എല്ലാം അംഗങ്ങളുമുള്ളവരെപ്പോലെ സ്വാതന്ത്ര്യത്തോടെ നടക്കാം എന്നു മാത്രമായിരുന്നു. വീൽച്ചെയറിൽ പരാശ്രയത്തോടെ തള്ളി നീക്കുന്ന ജീവിതം ബിജുവിന്റെ സ്വപ്‌നത്തിൽ ഒരിടത്തും ഇല്ലായിരുന്നു.

കൈകൊണ്ട് ഓടിക്കുന്ന കാർ സ്വപ്‌നം കണ്ടു തുടക്കം

ലക്ട്രോണിക്, ഇലക്ട്രിക്കൽ, ഹാർഡ്വെയർ വിഭാഗങ്ങളിൽ പരിശീലനം നേടിയിട്ടുള്ള ബിജു കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു യന്ത്രത്തെ സ്വപ്നം കണ്ടു. ആ യന്ത്രം ഉപയോഗിച്ച് കാർ ഓടിക്കാനായാൽ താനും തന്നെ പോലുള്ള കുറച്ച് പേർക്കെങ്കിലും ജീവിതത്തിൽ അടിസ്ഥാന ആവശ്യങ്ങൾക്കെങ്കിലും സ്വന്തമായി സഞ്ചരിക്കാമല്ലോ എന്നതായിരുന്നു ബിജുവിന്റെ പ്രതീക്ഷ. പ്രതീക്ഷിച്ചത് പോലെ 2004 ൽ ബിജു അത്തരത്തിൽ കാറുകൾ പിടിപ്പിക്കാവുന്ന ഒരു ഉപകരണം കണ്ടു പിടിച്ച് വർക്ക് ഷോപ്പ് പണികൾ അറിയാവുന്ന ബിജു വേണ്ടതായ ഉപകരണങ്ങൾ എറണാകുളത്ത് നിന്നും സുഹൃത്തുക്കൾ വഴി വാങ്ങി കാറിൽ ഘടിപ്പിക്കുവാനുള്ള യന്ത്രം നിർമ്മിക്കാൻ തുടങ്ങി.

2004 മുതൽ തന്നെ പരീക്ഷണാർത്ഥത്തിൽ സ്വന്തമായി കാർ വാങ്ങുകയും അതിൽ തന്നെ യന്ത്രം ഫിറ്റ് ചെയ്ത് കേരളത്തിൽ അങ്ങോളമിങ്ങോളം ബിജു തന്നെ കാർ ഓടിച്ച് യാത്ര ചെയ്ത്. യന്ത്രത്തിന്റെ ക്ഷമത വിജയകരമാണെന്ന് ബോധ്യപ്പെടുത്തി പിന്നീട് കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ആളുകൾ ബിജുവിനെ തേടിയെത്തുകയും അവരുടെ കാറുകളിൽ ഈ ഉപകരണം ഘടിപ്പിച്ച് കൊടുക്കുകയും ചെയ്തു. രണ്ടു കാലുമില്ലാത്തവർക്കും, അരയ്ക്ക് കീഴ്പ്പോട്ട് തളർന്നവർക്കും ഒരു കാലിന് മാത്രം ബുദ്ധിമുട്ടുള്ളവർക്കും അനായാസമായി ഓടിക്കുവാൻ പറ്റിയ വിധത്തിൽ ഉപകരണം സജ്ജീകരിച്ച് കൊടുക്കുവാനും ബിജുവിന് കഴിയുന്നു.

വിഭിന്ന ശേഷിക്കാരുടെ പ്രതീക്ഷയുടെ മറ്റൊരു പ്രതീകമായി ജോബി മാത്യുവുമായുള്ള കൂടിക്കാഴ്ച മറ്റൊരു വഴിത്തിരിവായി. ജോബിക്ക് കാർ മോദിഫൈ ചെയ്തു കൊടുത്തത് ബിജു ആയിരുന്നു. പരിമിതികളെ സ്വന്തം ഇശ്ചാശക്തികൊണ്ട് അതിജീവിക്കാൻ ജോബി ബിജുവിന്റെ സഹായത്തോടെ ഇന്ത്യ മുഴുവൻ ഡ്രൈവ് ചെയ്തു നേട്ടങ്ങൾ കൊയ്യാൻ തുടങ്ങി. 2011 മെയിൽ ഇന്ത്യൻ നിരത്തിൽ ഏത് വാഹനം ഇറങ്ങണം, ഇറങ്ങരുത് എന്ന് നിശ്ചയിക്കുന്ന പുനെ ആസ്ഥാനമായ എആർഎഐയുടെ (ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ) ലൈസൻസ് നേടുവാൻ ബിജുവിന് കഴിഞ്ഞത് ജോബിയുടെ സഹായത്തോടെ ആയിരുന്നു.

ഈ ലക്ഷ്യം നേടുവാനായി ബിജുവും ജോബി മാത്യവും കൂടി പൂണെ വരെ സ്വന്തമായി കാർ ഡ്രൈവ് ചെയ്താണ് പുനെയിലേക്ക് പോയത്. അവിടെ ഉദ്യോഗസ്ഥർ പരീക്ഷണങ്ങൾക്കായി വിവിധ രീതിയിൽ കാർ ഓടിച്ച് കാണിക്കുവാനും ആവശ്യപ്പെട്ടു. ഒരു മാസം പരീക്ഷണ നിരീക്ഷണങ്ങൾക്കായി കാർ അവിടെ ഏൽപ്പിച്ചു. ജൂൺ മാസത്തിൽ ലൈസൻസിന് അർഹതയുണ്ടെന്ന സന്ദേശം ലഭിച്ചു. കാർ എടുക്കുവാൻ ട്രെയിൻ മാർഗ്ഗം പുനെയിൽ എത്തി. അവിടെ നിന്ന് എരുമേലിയിലേക്ക് ഓടിച്ചു പോന്നു.

കേരളത്തിൽ ഇപ്പോൾ ആയിരക്കണക്കിനാളുകൾ വിവിധ കമ്പനികളുടെ കാറുകളിലായി ബിജു വികസിപ്പിച്ചെടുത്ത ഉപകരണം ഘടിപ്പിച്ചു കൊണ്ട് സന്തോഷകരമായി ജീവിതം ഡ്രൈവ് ചെയ്യുന്നു. ഒരു മത്സരത്തിനായി ശാരീരിക വെല്ലുവിളികൾ നേരിടുന്ന മറ്റ് മൂന്ന് സുഹൃത്തുക്കളെ കൊണ്ട് നാഷണൽ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിനായി 42 മണിക്കൂറിനുള്ളിൽ ഒഡീഷയിലെ ഭൂവനേശ്വറിൽ പോയി ജോബി നേടിയ വിജയത്തിന്റെ പിന്നിലെ പ്രചോദനവും ബിജുവിന്റെ മിടുക്കായിരുന്നു. പവർ സ്റ്റിയറിങ്ങ്, പവർ ബ്രേക്ക് എന്നിവ ആവശ്യമാണ്. അതാത് കമ്പനികൾ നിർമ്മിച്ചിരിക്കുന്ന കാറുകളുടെ നിർമ്മാണ വ്യവസ്ഥയിൽ നിന്നും യാതൊരു മാറ്റവും ബിജുവിന്റെ യന്ത്രം ഘടിപ്പിക്കുമ്പോൾ ഉണ്ടായിരുന്നില്ല. കാറുകളിൽ അഡീഷണൽ തുളകളോ നട്ടോ ബോൾട്ടോ ഒന്നും തന്നെ ഉപയോഗിക്കാതെയാണ് ബിജു ഈ യന്ത്രം കേബിളുകളുടെ സഹായത്താൽ സുരക്ഷിതമായി ഫിറ്റ് ചെയ്യുന്നത്.

ശരീരം തളർന്നപ്പോഴും മനസ്സു തളരാത്ത ബിജുവിന്റെ മനസ്സ് തളർത്തിയത്

വാർഡുകളും അംഗീകാരങ്ങളും ഒരുപാട് കിട്ടുമ്പോഴും ബിജുവിന്റെ സ്വപ്‌നങ്ങൾ മാത്രം പണമില്ലാതെ മുക്കൂട്ടുതറയ്ക്കു സമീപം വെൺകുറിഞ്ഞി എന്ന ഗ്രാമത്തിന്റെ ചുവരുകളിൽ ഒതുങ്ങിനിന്നു. വീട്ടിൽ ചെറിയ രീതിയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഉപകരണത്തിന്റെ നിർമ്മാണവും വിപണനവും വിപുലീകരിക്കുവാൻ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വർക്ക് ഷോപ്പ് ആണ് ബിജുവിന്റെ ഏറ്റവും വലിയ സ്വപ്‌നം. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നെത്തുന്നവരിൽ നിന്നും ലഭിച്ച ചെറിയ തുക കൊണ്ടു ചികിത്സയും ഈ സ്വപ്‌നത്തിന്റെ സഫലീകരണവും പാതി വഴിയിൽ എത്തിയപ്പോഴാണ് വെള്ളിടി പോലെ ബിജുവിനെ തേടി മറ്റൊരു ദുരന്തം എത്തിയത്. കിടക്കയിൽ നിന്നെണീക്കാനാവാതെ വേദനിച്ച ബിജുവിന്റെ എല്ലാമായിരുന്ന ഭാര്യയുടെ ബ്രെയിൻ ട്യൂമർ.

യൂറിൻ ബാഗ് ഘടിപ്പിച്ച് വീൽചെയർ സഹായത്തിലാണ് ബിജു കാര്യങ്ങൾ നീക്കുന്നത്. എന്തിനും ഏതിനും പരസഹായം വേണം. ഇതിനിടയിൽ മുക്കൂട്ടുതറ അസിസി ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ ആയി ജോലി ചെയ്തു വന്നിരുന്ന ജൂബിയെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. 2007 ൽ ആയിരുന്നു ഇവരുടെ വിവാഹം. ജൂബി രാവിലെ എഴുന്നേറ്റ് വീട്ടു ജോലികൾ തീർത്ത ശേഷം ആയിരുന്നു അസിസി ഹോസ്പിറ്റലിൽ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്. കഴിഞ്ഞ ഒക്ടോബർ 4 ന് ഹോസ്പ്റ്റലിൽ ഡേ പ്രോഗ്രാം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ജൂബിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുകയും ബോധം കെട്ട് വീഴുകയും ആയിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്ത് മിനിറ്റുകൾക്ക് ശേഷം തിരികെ സാധാരണ നിലയിലേക്ക് വരിക ആയിരുന്നു.

തുടർന്ന് രണ്ടാഴ്ചക്കാലം സ്ഥിരമായി ഇതേ രീതി തുടർന്നതോടെ ഡോക്ടർ എംആർഐ സ്‌കാൻ നടത്തുവാൻ നിർദ്ദേശിക്കുക ആയിരുന്നു. സാക്നിൽ തലച്ചോറിൽ ട്യൂമർ കണ്ടെത്തുക ആയിരുന്നു. ഡോക്ടർ സുരേഷിന്റെ നിർദ്ദേശത്തെ തുടർന്ന് ലേക്ക്ഷോർ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും അവിടുത്തെ ഡോക്ടർമാരും പരിശോധനയിൽ ട്രീറ്റ്മെന്റ് ഇല്ല എന്നു ഞങ്ങൾ നിസഹായർ ആണെന്നും അറിയിക്കുക ആയിരുന്നു. ഇതോടെ വെല്ലൂർക്ക് കൊണ്ടുപോകുവാൻ കൂട്ടുകാർ ചേർന്ന് തീരുമനിക്കുകയും അവിടെത്തിച്ചെങ്കിലും 8 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി വേണ്ടി വരുമെന്നും അറിയിച്ചതോടെ പണം സംഘടിപ്പിക്കുന്നതിനായി ഇവർ തിരികെ പോന്നു. വർക്ക് ഷോപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് 13 ലക്ഷം രൂപയുടെ ബാധ്യത നിലനിൽക്കവെ ഭാര്യയുടെ ചികിത്സയ്ക്ക് മറ്റ് വഴികൾ ഇല്ലാതായതോടെ ദ്രാവിഡ പച്ചമരുന്ന് ചികിത്സ തിരുന്നൽവേലിയിൽ എത്തി നടത്തി. ചികിത്സ തുടരുന്നതിനിടയിൽ വീണ്ടും ബോധം കെട്ട് വീണതോടെ ബാങ്ക് ലോണും എടുത്തു, കടം വാങ്ങിയ തുകയും സുഹൃത്തുക്കൾ സഹായിച്ചും ഓപ്പറേഷൻ നടത്തുന്നതിനായി വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.

ഇനി പറയൂ ഈ ദുരന്തം കണ്ടില്ലെന്ന് നടിക്കാൻ നിങ്ങൾക്കാവുമോ?

പ്രമുഖ സംഘടനകൾ സംഘടിപ്പിക്കുന്ന സംഘടിപ്പിക്കുന്ന ചടങ്ങിൽ അവിടെ അതിഥികളായെത്തുന്ന ഗവർണ്ണറും മുഖ്യ മന്ത്രിയും അടക്കം വിവിധ മന്ത്രിമാരും വകുപ്പ് തല ഉദ്യോഗസ്ഥരും ബിജുവിന് അവാർഡുകൾ സമ്മിനിച്ചിട്ടുണ്ട്. അവരെല്ലാം മഹത്തരം എന്നു പറഞ്ഞു കൈ കൊടുത്തു പോകും. എന്നാൽ സർക്കാരും മന്ത്രിമാരും വകുപ്പിലെ ഉഗ്യോഗസ്ഥരും ഈ നേട്ടത്തെ അർഹമായ രീതിയിൽ പരിഗണിച്ച് ബിജുവിന് വേണ്ടതായ അംഗീകാരങ്ങൾ ഇതുവരെ നൽകിയിട്ടില്ല.പാതിവഴിയിൽ നിൽക്കുന്ന വർക്ക് ഷോപ്പിന്റെ നിർമ്മാണവും ജീവിച ചിലവുകളും മുന്നോട്ട് കൊണ്ട് പോകുവാൻ ഈ ചെറുപ്പക്കാരൻ ഏറെ ബുദ്ധിമുട്ടുന്നു. വർക്ക് ഷോപ്പ് പണിയുവാനായി എടുത്ത ലോൺ അടച്ച് തീർക്കുവാനും ബിജു ഏറെ കഷ്ടപ്പെടുന്നു.

മുക്കൂട്ടുതറയിലെ വീട്ടിൽ ഭാര്യ ജൂബിയുടെയും എൽകെജി വിദ്യാർത്ഥിയായ മകൻ ജോർജ്ജു കുട്ടിയുടെയും എപ്പോഴും കൂടെയുള്ള സുഹൃത്തുക്കളുടെയും സ്നേഹവും പ്രാർത്ഥനയും സഹകരണവുമാണ് ബിജുവിനെ മുന്നോട്ട് നയിക്കുന്നത്. ചികിത്സാ ചിലവുകളും കടബാധ്യകളാലും വലയുന്ന ബിജു എന്ത് ചെയ്യണം എന്നറിയാതെ ജീവിതത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ്. രാജ്യം ആദരവോടെ കൊണ്ടു നടക്കേണ്ട ഒരു മനുഷ്യൻ വേദനയുടെ കായൽ താണ്ടുമ്പോൾ നമുക്ക് സഹായിക്കാനുള്ള ബാധ്യതയില്ലേ.

ബിജു വർഗ്ഗീസിന്റെ അക്കൗണ്ട് നമ്പർ വിവരങ്ങളും, ഫോൺ നമ്പരുമാണ് ചുവടെ കൊടുക്കുന്നത്. നിങ്ങൾക്ക് പരിചയമുള്ള അംഗപരിമിതർക്ക് ബിജുവിന്റെ സഹായത്തോടെ വാനം മോദിഫൈ ചെയ്യാനുള്ള സൗകര്യം ഒരുക്കി കൊടുത്തും നിങ്ങളാൽ കഴിയുന്ന ഒരു സംഭാവന നൽകിയും ഈ മഹാനായ മനുഷ്യനെ സഹായിക്കുക. ഈ ഓണത്തിന് നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യമാകും ഇത്.

ബിജുവിന്റെ ഫോൺ നമ്പർ - 9447359094

അക്കൗണ്ട് വിശദാംശങ്ങൾ:-

Name                   : -  Biju Varghese
Account Number : -  67313343083
Bank                    : - SBT, Mukkoottuthara
IFSC                    : - SBTR0000862

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP