Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോവിന്ദച്ചാമിയെ രക്ഷിച്ച അഡ്വ.ബിജു ആളൂരിന്റെ അധോലോക ബന്ധം ഒടുവിൽ വ്യക്തമായി; സിബിഐ പിടിയിലായ ഛോട്ടാ രാജന്റെ അഭിഭാഷകനും ആളൂർ തന്നെ; അധോലോക രാജാവിന്റെ 75 കേസുകളിലും ആളൂർ തന്നെ വക്കാലത്ത് എടുത്തേക്കും; പുണെയിലെ സ്വർണ്ണഷർട്ടുകാരന്റെ കൊലയാളിയെ രക്ഷിച്ചെടുക്കേണ്ട ദൗത്യവും 50 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ആളൂരിന് തന്നെ

ഗോവിന്ദച്ചാമിയെ രക്ഷിച്ച അഡ്വ.ബിജു ആളൂരിന്റെ അധോലോക ബന്ധം ഒടുവിൽ വ്യക്തമായി; സിബിഐ പിടിയിലായ ഛോട്ടാ രാജന്റെ അഭിഭാഷകനും ആളൂർ തന്നെ; അധോലോക രാജാവിന്റെ 75 കേസുകളിലും ആളൂർ തന്നെ വക്കാലത്ത് എടുത്തേക്കും; പുണെയിലെ സ്വർണ്ണഷർട്ടുകാരന്റെ കൊലയാളിയെ രക്ഷിച്ചെടുക്കേണ്ട ദൗത്യവും 50 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ആളൂരിന് തന്നെ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: സൗമ്യ വധക്കേസ്സിലെ പ്രതി ഗോവിന്ദച്ചാമിയെ രക്ഷിക്കാൻ പറന്നെത്തിയ ബിജു ആളൂർ എന്ന അഭിഭാഷകൻ ഇന്നും നമുക്കൊരു അത്ഭുതമാണ്. 50 ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്ന ആളൂർ എന്തിന് പിച്ചക്കാരനായ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായി എന്നതും ദുരൂഹമായി തുടരുന്നു. ഏതായാലും ആളൂർ ആളു മോശമല്ലെന്ന് ഇന്നലത്തെ സുപ്രീം കോടതി വിധിയോടെ തെളിഞ്ഞു. കൊലക്കയർ വീഴണമെന്ന് ഓരോ മലയാളിയും ആഗ്രഹിച്ച ഗോവിന്ദച്ചാമിയുടെ കഴുത്തിൽനിന്ന് അത് ഊരിയെടുക്കാൻ ആളൂരിനായി.

ആളൂരിന്റെ അധോലോക ബന്ധത്തെക്കുറിച്ച് മുമ്പുതന്നെ കേട്ടുകേൾവിയുണ്ടായിരുന്നു. അതിപ്പോൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അറസ്റ്റിലായ മുംബൈ അധോലോക നേതാവ് ഛോട്ടാ രാജന്റെ അഭിഭാഷകനാണ് ബിജു ആളൂർ. തന്റെ സഹായികളായ തോസിഫ് ഷെയ്ഖ്, രഞ്ജിത് ധോംസെ പാട്ടീൽ എന്നിവർക്കൊപ്പം ഛോട്ടാ രാജൻ കേസ്സുകൾ പഠിക്കുന്ന തിരക്കിലാണ് ആളൂരിപ്പോൾ. ബാലിയിൽ അറസ്റ്റിലായ ഛോട്ടാ രാജന്റെ കേസ്സുകളെല്ലാം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് ആളൂർ. സിബിഐ കസ്റ്റഡിയിലുള്ള ഛോട്ടാരാജന്റെ പേരിൽ മഹാരാഷ്ട്രയിൽത്തന്നെ നിരവധി കേസ്സുകളുണ്ട്. ഇതിലെല്ലാം ആളൂരും സംഘവുമാകും വാദിക്കാനായി രംഗത്തെത്തുക.

അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ മുൻ വലംകൈയായ ഛോട്ടാരാജനെതിരെ ഇന്ത്യയിലെമ്പാടുമായി 75-ഓളം കേസ്സുകളുണ്ട്. അതുമുഴുവൻ ആളൂർ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഡൽഹിയിൽ സിബിഐ കസ്റ്റഡിയിലുള്ള ഛോട്ടാരാജനുമായി ആളൂരും സംഘവും ചർച്ച നടത്തുകയും ചെയ്തിരുന്നു. സൗമ്യ വധക്കേസ്സിലെ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയിൽനിന്ന് രക്ഷപ്പെടുത്തിയതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ക്രിമിനൽ അഭിഭാഷകരുടെ നിരയിലേക്കാണ് ആളൂർ ഉയർത്തപ്പെട്ടിരിക്കുന്നത്. പ്രമാദമായ ഒട്ടേറെക്കേസ്സുകളിലെ പ്രതികൾ പ്രതീക്ഷയോടെ ഇപ്പോൾ ആളൂരിനെ ഉറ്റുനോക്കുകയാണ്.

മാനസിക വിഭ്രാന്തിയുള്ള, ഉറ്റവരും ഉടവരുമില്ലാത്ത ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂരിനെപ്പോലൊരു അഭിഭാഷകൻ എന്തിന് ഹാജരാകണം എന്ന ചോദ്യമായിരുന്നു ആദ്യം ഉയർന്നത്. ഗോവിന്ദച്ചാമിക്ക് അതിവേഗക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ചപ്പോൾ ആളൂരിനെ എഴുതിത്ത്ത്ത്തള്ളിവരും ഏറെ. എന്നാൽ, ആളൂർതന്നെ അവസാനം വിജയിച്ചു. സുപ്രീം കോടതി ഗോവിന്ദച്ചാമിയെ വധശിക്ഷയിൽനിന്ന് ഒഴിവാക്കി.

നാല് അഭിഭാഷകരടങ്ങുന്ന സംഘമാണ് പുണെയിൽനിന്ന് ആളൂരിന്റെ നേതൃത്വത്തിൽ ഗോവിന്ദച്ചാമിയെ രക്ഷിക്കാൻ രംഗത്തെത്തിയത്. അഞ്ചുലക്ഷം രൂപയാണ് ഒരു ക്രിമിനൽ കേസിന് താൻ ഈടാക്കുന്നതെന്ന് ആളൂർ തന്നെ പറയുന്നു. ഗോവിന്ദച്ചാമിയിൽനിന്ന് മൂന്നുകോടതികളിൽ ഹാജരായതിന്റെ പേരിൽ 15 ലക്ഷത്തോളം രൂപ ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. ഈ പണം കൊടുത്തതാര് എന്നത് ദുരൂഹമായി തുടരുകയും ചെയ്യുന്നു.

ഛോട്ടാരാജൻ മുതൽ ഗോവിന്ദച്ചാമി വരെ

ഒരേ സമയം ഛോട്ടാ രാജനെപ്പോലെ അധോലോക നേതാവിനുവേണ്ടിയും ഗോവിന്ദച്ചാമിയെപ്പോലെ പിച്ചക്കാരനായ പ്രതിക്കുവേണ്ടിയും ആളൂർ രംഗത്തുവരുന്നു. രാജ്യത്ത് 500-ലേറെ മോഷണങ്ങൾ നടത്തിയ ബണ്ടി ചോർ എന്ന ദേവീന്ദർ സിങ്ങിനുവേണ്ടിയും ഹാജരാകുന്നത് ആളൂർ തന്നെ. എഴുത്തുകാരനും ചിന്തകനുമായ നരേന്ദ്ര ദബോൽക്കറിനെ വധിച്ച പ്രതികളുടെയും അഭിഭാഷകൻ ബിജു ആന്റണി ആളൂരാണ്.
പ്രമാദമായ ധബോൽക്കർ കൊലപാതക കേസിൽ പ്രതിയായ മനീഷ് നഗോരിക്ക് വേണ്ടിയായിരുന്നു ആളൂർ അന്ന് രംഗപ്രവേശനം ചെയ്തത്. 25 ലക്ഷം രൂപയാണ് രാജ്യം ഞെട്ടിയ കൊലപാതക കേസിൽ പ്രതിക്ക് വേണ്ടി ഹാജരാകാനുള്ള ആളൂരിന്റെ ഫീസ്. ഈ കേസിൽ ആളൂർ പ്രതികളെ കൊണ്ട് പറയിപ്പിച്ച കാര്യങ്ങളും മാദ്ധ്യമവാർത്തകളിൽ ഇടം പിടിച്ചിരുന്നു. പൂണെയിലുള്ള മക്കോക്ക കേസിൽ 30 ലക്ഷം രൂപ ഫീസ് വാങ്ങി ഹാജരാകുന്നതും ഇദ്ദേഹം തന്നെയാണ്.

ഗോവിന്ദച്ചാമിയുടെ കേസ് ഏറ്റെടുക്കുമ്പോൾ ആളൂർ മുന്നിൽക്കണ്ട സംഗതികളിലൊന്ന് അതുണ്ടാക്കുന്ന മാദ്ധ്യമ ശ്രദ്ധ തന്നെയാണ്. കേരളം പോലെ ഇത്രയേറെ മാദ്ധ്യമവൽക്കരിക്കപ്പെട്ട സമൂഹത്തിൽനിന്ന് ലഭിക്കുന്ന പ്രശസ്തിക്ക് കോടികളുടെ വിലയുണ്ടെന്ന് ആളൂരിനറിയാം. രാജ്യത്തെ കൊടുംകുറ്റവാളികളുടെയൊക്കെ കേസ് ഓടിനടന്ന് വാദിക്കുന്നതിലൂടെ ആളൂർ മുന്നിൽക്കണ്ടതും നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ലഭിക്കാവുന്ന പ്രചാരം തന്നെ.

സ്വർണം കൊണ്ടുള്ള ഷർ്ട്ട് ധരിച്ച് ഒരേസമയം പ്രസിദ്ധിയും കുപ്രസിദ്ധിയും നേടിയ പുണെ കോടീശ്വരൻ ദത്ത ഫൂഗിന്റെ കൊലയാളികളാണ് ആളൂരിന്റെ അഭിഭാഷക മികവിൽ പ്രതീക്ഷയർപ്പിച്ച് കഴിയുന്ന മറ്റൊരു കൂട്ടം പ്രതികൾ. ഏഴ് പ്രതികളാണ് ഈ കേസിലുള്ളത്. ഇവരുടെ വക്കാലത്തും ആളൂരും സംഘവും ഏറ്റെടുക്കുമെന്നാണ് സൂചന. ഗോവിന്ദച്ചാമിക്കുശേഷം ആളൂരിന് ദേശീയ ശ്രദ്ധ നേടിക്കൊടുക്കാൻ പോകുന്ന കേസ്സാകും ഇതെന്ന് വിലയിരുത്തപ്പെടുന്നു.

കേരളത്തെ ഞെട്ടിച്ച ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിന് വേണ്ടിയും പ്രമാദമായ ജെഡെ കൊലപാതക കേസിലെ പ്രതികൾക്ക് വേണ്ടിയും ആളൂർ ഹാജരായിരുന്നു. മഹാരാഷ്ട്രയിൽ ഭാര്യ ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതിക്ക് വേണ്ടി ഹാജരായ ആളൂർ എട്ടു വർഷത്തെ തടവു ശിക്ഷ പ്രതിയുടെ നല്ല നടപ്പ് ചൂണ്ടിക്കാട്ടി നാല് വർഷമായി ചുരുക്കി ഉത്തരവ് നേടിയതും ആളൂരിന്റെ നേട്ടമായി. 2007ൽ ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ നികുതി വെട്ടിപ്പിന് മാദ്ധ്യമപ്രവർത്തകൻ നൽകിയ കേസിൽ വാദിഭാഗത്തിന് വേണ്ടി ഹാജരായത് ആളൂരായിരുന്നു. കേസിൽ ബോംബെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ ഗോവിന്ദച്ചാമിയെയും ആളൂർ കൊലക്കയറിൽ നിന്നും രക്ഷിച്ചെടുത്തത്.

തൃശ്ശൂർക്കാർ ശ്ശവ്വി പൂണെക്കാരുടെ ക്രിമിനലുകളുടെ വിശ്വസ്ത ലോയറായത് അതിവേഗം

തൃശ്ശൂർക്കാർക്കിടയിലെ വിളിക്കുന്ന ശ്ശവ്വി പൂനൈയിലെ ക്രിനിമനലുകളുടെ വിശ്വസ്ത ലോയറായത് അതിവേഗമാണ്. അതിസമർത്ഥനായ വ്യക്തിത്വമായിരുന്നില്ല ആളൂരിന്റേത്. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠനത്തിന് ശേഷം പ്രൈവറ്റായി ഡിഗ്രി പഠിച്ച ആളൂരിനെ പിന്നീട് അധികമാർക്കും അറിവില്ല. നേരെ പൂണെയിൽ എത്തി അവിടെയാണ് തുടർന്നുള്ള ഉപരിപഠനം നടത്തുന്നത്. അഭിഭാഷക പഠനം പൂണെയിൽ പൂർത്തിയാക്കിയ ആളൂർ പത്ത് വർഷം ജ്യേഷ്ഠനൊപ്പം പൂണെയിൽ കഴിഞ്ഞു.

1999 ൽ അഭിഭാഷകനായി എന്റോൾ ചെയ്ത് കേരളത്തിൽ തിരിച്ചെത്തി. പിന്നീട് നാലു വർഷം കേരളത്തിൽ സിവിൽ ക്രിമിനൽ കേസുകളിൽ പ്രാക്ടീസ് ചെയ്തു. കൂടുതലും ക്രിമിനൽ കേസുകളിലാണ് ആളൂർ ഹാജരായത്. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലുള്ളവർ ചേർന്ന് ഒരാളെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വേണ്ടി അഭിഭാഷക വേഷമിട്ടാണ് തുടക്കം. കേസിലെ മുഴുവൻ പ്രതികളേയും കോടതി വെറുതേ വിട്ടു. ഈ ആത്മവിശ്വാസം മുതലാക്കിയായിരുന്നു ആളൂരിന്റെ പിന്നീടുള്ള ജീവിതം. കുടുംബത്തോടൊപ്പം പൂനൈയിൽ താമസമാക്കിയ ആളൂരിന് അവിടെത്തെ ക്രിമിനൽ സംഘങ്ങളുടെ വക്കാലത്തായിരുന്നു കൂടുതൽ എടുത്തത്.

സംഘംചേർന്നുള്ള കുറ്റകൃത്യങ്ങളിൽ ഒന്നോ രണ്ടോ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തി ശ്രദ്ധ പിടിച്ചുപറ്റുന്ന ശൈലിയായിരുന്നു ആളൂർ പിന്തുടർന്ന് പോന്നത്. പ്രമാദമായ നീരജ ഗുപ്ത കൊലക്കേസിലും ഇത്തരത്തിൽ ഒരുപ്രതിക്കുവേണ്ടി ഹാജരായിരുന്നു. മുംബൈ പനവേലിൽ പൊലീസ് സ്്‌റ്റേഷൻ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ കേസ് ആളൂർ വാദിച്ചതായി വാർത്ത വന്നു. ഇതോടെ ഗോവിന്ദച്ചാമിയും ഇത്തരത്തിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും ആ ബന്ധമാണ് ആളൂരിനെ സൗമ്യ കേസിൽ പ്രതിക്കുവേണ്ടി എത്തിച്ചതെന്നുമാണ് നിഗമനങ്ങൾ പുറത്തുവരുന്നത്.

തനിക്ക് പണം കിട്ടുന്നത് എവിടെനിന്നാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ആളൂർ സ്വീകരിച്ചിരുന്നത്. റെയിൽവെയിലും പൊതുനിരത്തുകളിലും വിലസുന്ന നിരവധി ക്രിമിനലുകളെ മതംമാറ്റുകയും അതിന്റെ പേരിൽ സംരക്ഷണം നൽകുകയും ചെയ്യുന്നതായി ആക്ഷേപം ഉയർന്നതോടെ ആളൂരിനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു. ഒരു കേസിന് ആളൂരിന്റെ ഇപ്പോഴത്തെ ഫീസ് 30 ലക്ഷം മുതൽ 50 ലക്ഷം വരെയാണ്. കക്ഷികളായി ഇപ്പോഴുള്ളത് ജെഡെ കേസിലെ പ്രതികൾ മുതൽ ധബോൽക്കർ വധക്കേസ് പ്രതികൾ വരെ. പൂണെയിലുള്ള കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പത്ത് പേർക്ക് വേണ്ടി ഹാജരാകുന്നത് ആളൂരാണ്. ഫീസ് 50 ലക്ഷം രൂപ. നേരത്തെ ഹൈക്കോടതിയിൽ സൗമ്യ വധക്കേസ് വാദിക്കുന്ന വേളയിൽ ആളൂരിനെതിരെ നടപടിയെടുക്കണമന്നും കോടതി ബാർ കൗൺസിലിനോട് നിർദ്ദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP