Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺകുട്ടികളുള്ള അച്ഛന്മാർ ചുരുങ്ങിയത് ഒരു, 'അര ശങ്കരനാരായണൻ' എങ്കിലും ആകണം; ഗോവിന്ദച്ചാമി കൊലക്കയറിൽ നിന്നും രക്ഷപെടുമ്പോൾ കൃഷ്ണപ്രിയയുടെ അച്ഛന് കൈയടിച്ച് സോഷ്യൽ മീഡിയ; മകളെ പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവച്ച് കൊന്ന പിതാവ് വീരപുരുഷനാകുമ്പോൾ..

പെൺകുട്ടികളുള്ള അച്ഛന്മാർ ചുരുങ്ങിയത് ഒരു, 'അര ശങ്കരനാരായണൻ' എങ്കിലും ആകണം; ഗോവിന്ദച്ചാമി കൊലക്കയറിൽ നിന്നും രക്ഷപെടുമ്പോൾ കൃഷ്ണപ്രിയയുടെ അച്ഛന് കൈയടിച്ച് സോഷ്യൽ മീഡിയ; മകളെ പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവച്ച് കൊന്ന പിതാവ് വീരപുരുഷനാകുമ്പോൾ..

മലപ്പുറം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപെടെ പടർന്നു പന്തലിച്ച രോഷം ചില്ലറയൊന്നുമായിരുന്നില്ല. നീതി ന്യായ വ്യവസ്ഥിതിയുടെ സുതാര്യതയെന്നും മാനുഷിക പരിഗണനയുടെ തോൽവിയുമെന്ന് സൗമ്യ വധക്കേസിലെ വിധിയെ ചൂണ്ടിക്കാട്ടി. അമ്മയെ തല്ലിയാലും ഉണ്ടാകും രണ്ടു പക്ഷം എന്നു പറഞ്ഞതു പോലെ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വേണ്ട ജീവപര്യന്തം മതിയെന്നു വാദിച്ചവരും ചില്ലറയല്ല.

മകളുടെ മരണത്തിൽ വർഷങ്ങൾക്കു ശേഷവും നീതിലഭിക്കാത്ത ഒരമ്മ തീരാ വേദനയാകുമ്പോൾ മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചു കൊന്ന ഒരച്ഛന്റെ കഥ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. തന്റെ മകളായ കൃഷ്ണപ്രിയയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ പ്രിതിയെയാണ് ശങ്കരനാരായണൻ വെടി വച്ചു കൊന്നത്. കാലിക പ്രസ്‌ക്തിയുള്ള വിഷയങ്ങളെ ലളിതവും സരസവും തിവ്രവുമായി ചർച്ച ചെയ്യുന്ന നവമാദ്ധ്യമങ്ങളിൽ ഇന്ന് ശങ്കരനാരായണൻ പ്രത്യക്ഷപ്പെടുന്നു. അതിൽ അതിശയോക്തിയുടെയും ആവശ്യമില്ല. സൗമ്യയുടെ തുടർച്ചയായി കൃഷ്ണപ്രിയയും തുറന്ന ചർച്ചയാകുന്നു. നിയമത്തിലുള്ള വിശ്വാസത്തിന്റെ പേരിൽ സംയമനം പാലിച്ച് നീതി ലഭിക്കാത്തവരുടെ പ്രതീകങ്ങൾ.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ കോടതിവിധിക്കു തൊട്ടുപിന്നാലെയാണ് മഞ്ചേരിയിലെ കൃഷ്ണപ്രിയ കൊലക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവ് ശങ്കരനാരായണൻ സോഷ്യൽ മീഡിയയുടെ പ്രശംസ പിടിച്ചു പറ്റുന്നത്. നീതിന്യായ വ്യവസ്ഥ നീതി നിഷേധിച്ചപ്പോൾ ആ അച്ഛൻ എടുത്ത നിലപാട് സാധൂകരിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്.

സാമൂഹിക നീതിക്കും തുല്യതയ്ക്കും വേണ്ടി വാ തോരാതെ മുറവിളി കൂട്ടുന്ന അവസരത്തിൽ തന്നെയാണ് നമ്മുടെ നാട്ടിൽ ജ്യോതിയും ജിഷയും ക്രൂരതയ്ക്ക് ഇരയായത്. പെരുമ്പാവൂരിലെ ജിഷ കൊലപാതകമുൾപ്പടെ ഓരോ ദിവസവും കേരളത്തിലെ പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നീതി ലഭിക്കാൻ പീഡിപ്പിച്ചു കൊന്നവനെ ശങ്കരനാരായണനെ പോലെ മകളെ കൊന്നവനെ കൊന്നു തന്നെ പ്രതികാരം ചെയ്യണമെന്നുമുള്ള തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഒഴുകിയെത്തുന്നത്. നിയമം നോക്കു കുത്തിയാകുന്നിടത്ത് ശങ്കരനാരായണന്മാർ ജന്മമെടുക്കുമെന്ന് പോസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

പെൺകുട്ടികളുള്ള അച്ഛന്മാർ കുറഞ്ഞപക്ഷം ഒരു, 'അര ശങ്കരനാരായണനായിരിക്കണമെന്ന് 'ഫെയിസ് ബുക്കിലെ ഓരോ പോസ്റ്റുകളും ഓർമപ്പെടുത്തുന്നു. ഡൽഹി പീഡനക്കേസിലെ നിർഭയയുടെ അച്ഛനടക്കമുള്ളവർ പലപ്പോഴും നിയമത്തിലുള്ള അവസാന വിശ്വാസത്തിന്റെ പേരിൽ സംയമനം പാലിക്കുന്നവരാണ്. എന്നാൽ ആ വിശ്വാസ്യത കാക്കാൻ നമ്മുടെ നിയമങ്ങൾക്കും നീതിപീഠങ്ങൾക്കു കഴിയുന്നില്ല എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നീതി ലഭിക്കാൻ ഇനി ഏതു നിയമം കൊണ്ടു വരണമെന്ന് ജനങ്ങളുടെ ആശങ്കയ്ക്ക് ആരാണ് മറുപടി പറയുക? പ്രതിക്കു രക്ഷപ്പെടാനുള്ള പഴുതുകൾ ഒളിപ്പിച്ചുവച്ച നിയമ വ്യവസ്ഥിതിയിൽ സാധാരണക്കാരന് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു.

ചർച്ചകളും അഭിപ്രായപ്രകടനങ്ങളും തകൃതിയായി മുന്നേറുമ്പോഴും ആരാണ് ഈ ശങ്കരനാരായണൻ? പലരും മറന്നു കാണില്ല, മകളെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതിയെ വെടിയുതിർത്തുകൊലപ്പെടുത്തിയെന്ന കേസാണ് ശങ്കരനാരായണനെ ശ്രദ്ധേയനാക്കിയത്. ക്രൂരപീഡനത്തിന് ശേഷം കൊലചെയ്യപ്പെട്ട മകളുടെ ചിത്രമെടുത്ത് ഈ അച്ഛൻ കണ്ണീർ പൊഴിക്കാത്ത ദിവസങ്ങളില്ല. ശങ്കരനാരായണനെ മറന്നു

ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിയുടേയും ഏക മകളായിരുന്നു കൃഷ്ണപ്രിയ. ഇളയമകൾ. രണ്ട് ആൺമക്കൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ കൺമണി. ഏട്ടന്മാരുടെ പ്രിയ അനിയത്തിക്കുട്ടിയായി, അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി 13 വയസുവരെ ജീവിക്കാനേ അവൾക്ക് യോഗമുണ്ടായിരുന്നുള്ളു... 2001 ഫെബ്രുവരി ഒൻപതിന് ആയിരുന്നു ആ ദുരന്തം അരങ്ങേറിയത്. സ്‌കൂൾ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തി.

സാധാരണ കേസുകളിൽ സംഭവിക്കുന്ന കാര്യങ്ങൾ തന്നെ ഇവിടേയും നടന്നു. പ്രത്യകിച്ച് മാറ്റങ്ങൾ ഒന്നുമില്ല. ഒരു ക്ലീഷേ പീഡന വിചാരണ. സംഭവത്തെ തുടർന്ന് പിടിയിലായ പ്രതിയെ കോടതി പതിവുപോലെ ശിക്ഷിച്ചു. അതുവരെ വായിച്ചു പഴകിയ സ്ഥിരം പീഡനക്കേസുകളിൽ ഒന്നുമാത്രമായിരുന്നു കൃഷ്ണപ്രിയയും. പക്ഷേ, ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് കൊല്ലപ്പെട്ടതോടെ കൃഷ്ണപ്രിയയുടെ ഓമനത്തമുള്ള കുഞ്ഞുമുഖവും ഒപ്പം നിസ്സഹായനായ ഒരു അച്ഛനും നമ്മുടെ മനസിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.

മുഹമ്മദ് കോയ വെടിയേറ്റ് മരിച്ചുവെന്ന വാർത്തയും ഇതേതുടർന്ന് പിതാവ് ശങ്കരനാരായണൻ പൊലീസിനു കീഴടങ്ങിയ വാർത്തയും ഞെട്ടലോടെയാണ് നാം കേട്ടത്. നിസ്സഹായനായ അച്ഛനിൽ നിന്നും ശങ്കരനാരായണൻ ഹീറോ പരിവേഷത്തിലേക്ക് മാറിയത് വളരെ വേഗത്തിലാണ്. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും മലയാളികൾ മന:സാക്ഷിയുടെ കോടതിയിൽ നിർത്തി ശങ്കരനാരായണനെ എന്നേ വെറുതെ വിട്ടിരുന്നു. പിന്നീട് നീതിദേവതയും കണ്ണു തുറന്നു. ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു.

കാലിവളർത്തിയായിരുന്നു ശങ്കരനാരായണൻ കുടുംബം പോറ്റിയിരുന്നത്. കൃഷ്ണപ്രിയ മരിച്ചശേഷം മകളോടൊത്തു കിടന്നുറങ്ങിയ കിടക്കയിൽ പിന്നീടൊരിക്കലും ആ അച്ഛൻ ഉറങ്ങിയില്ല, മലയാളി വായിച്ചറിഞ്ഞ, ചിത്രങ്ങളിൽ കണ്ട ശങ്കരനാരായണൻ മകൾ മരിച്ച വിഷമത്തിൽ താടിയും മുടിയും നീട്ടിവളർത്തിയ ഒരാളായിരുന്നു, മകളെ പിച്ചിച്ചീന്തിയവൻ മരിച്ചുവീഴുംവരെ സദാ തോക്ക് താഴെവയ്ക്കാതെ നടന്ന അച്ഛൻ, മഞ്ചേരി സെഷൻസ് കോടതി നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നു പറഞ്ഞ് ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചപ്പോൾ മകൾ മരിച്ചശേഷം ആദ്യമായി ചിരിച്ച അച്ഛൻ... ഇതൊക്കെയായിരുന്നു ആളുകൾക്ക് ശങ്കരനാരായണനെക്കുറിച്ചുള്ള ഓർമകൾ.

ആ ആച്ഛൻ ചെയ്തതാണ് ശരി. നീതി യില്ലെങ്കിൽ നീ തീയാവുക.. ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയകളിൽ സജീവമാകുന്നു. മകളുടെ കൊലപാതകിക്ക് അർഹിച്ച ശിക്ഷ നൽകിയെന്ന ചാരിതാർഥ്യത്തിൽ കഴിയുകയാണ് ആ അച്ഛനിപ്പോൾ. നാട്ടിൽ ഓരോ പെൺകുട്ടിയും പീഡനത്തിന് ഇരയായെന്ന് അറിയുമ്പോൾ ഈ അച്ഛന്റെ ഹൃദയം തുടിക്കും... കുറ്റവാളികൾക്ക് നിയമം നൽകുന്ന ശിക്ഷ ഇനിയെങ്കിലും കൂട്ടേണ്ടതല്ലേ... അവർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ അടയ്‌ക്കേണ്ടതല്ലേ.. ഏതൊരു സാധാരണക്കാരനേ പോലെ ഈ അച്ഛനും ചോദിക്കാൻ ഈ ചോദ്യങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP