Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണത്തിനു തൊട്ടുമുമ്പു ബഷീർ പറഞ്ഞു; എനിക്ക് ആമിനയെ കല്യാണം കഴിക്കണം; രണ്ടു കുട്ടികളുടെ അമ്മയെ തേടി സുഹൃത്തുക്കൾ നടന്നു; ആദ്യം മടിച്ചു നിന്ന ആമിന മക്കൾ നിർബന്ധിച്ചപ്പോൾ മിന്നുകെട്ടിനു സമ്മതിച്ചു; ഒരു ജീവിതം മുഴുവൻ നെഞ്ചിൽ കൊണ്ടു നടന്ന കാമുകിയുടെ മടിയിൽ തലവച്ചു ബഷീറിന് മരണം: നെടുമങ്ങാടു നിന്നും കാഞ്ചനയെയും മൊയ്തീനേയും തോൽപ്പിക്കുന്ന ഒരു പ്രണയകഥ

മരണത്തിനു തൊട്ടുമുമ്പു ബഷീർ പറഞ്ഞു; എനിക്ക് ആമിനയെ കല്യാണം കഴിക്കണം; രണ്ടു കുട്ടികളുടെ അമ്മയെ തേടി സുഹൃത്തുക്കൾ നടന്നു; ആദ്യം മടിച്ചു നിന്ന ആമിന മക്കൾ നിർബന്ധിച്ചപ്പോൾ മിന്നുകെട്ടിനു സമ്മതിച്ചു; ഒരു ജീവിതം മുഴുവൻ നെഞ്ചിൽ കൊണ്ടു നടന്ന കാമുകിയുടെ മടിയിൽ തലവച്ചു ബഷീറിന് മരണം: നെടുമങ്ങാടു നിന്നും കാഞ്ചനയെയും മൊയ്തീനേയും തോൽപ്പിക്കുന്ന ഒരു പ്രണയകഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയത്തെ വെല്ലുന്ന മറ്റൊരു കഥയുണ്ടോ? മുക്കത്തെ പ്രണയം അഭ്രപാളികളിലെ താരമായപ്പോൾ മലയാളിയുടെ മനസ്സിലെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി. ഈയിടെ മറ്റൊരു വിവാഹ കഥയും മലയാളി കേട്ടു. ഓച്ചിറ പായിക്കുഴി തോണ്ടലിൽ വീട്ടിൽ 52കാരിയായ അനിതയുടേയും ഓച്ചിറ പഞ്ചായത്തംഗവുമായ ജി വിക്രമന്റേയും കല്ല്യാണം നടന്നത് അനിതയുടെ മക്കളുടെ ആശിർവാദത്തോടെയായിരുന്നു. പൊതുപ്രവർത്തനവുമായി ജീവിതം മുന്നോട്ടു പോകുമ്പോഴും ഉള്ളിൽ സൂക്ഷിച്ചിരുന്ന പ്രണയമായിരുന്നു വർഷങ്ങൾക്ക് ശേഷം സാഫല്യത്തിലെത്തിയത്. ഇതും പൊതു സമൂഹം ഏറെ ചർച്ചയാക്കി. ഇതിന് അപ്പുറത്തേക്കാണ് ബഷീറിന്റേയും ആമിനയുടേയും സ്വപ്‌ന തുല്യമായ പ്രണയം.

സുഹൃത്തുക്കളായിരുന്നു ബഷീറിന്റെ അവസാന ആഗ്രഹമെന്നോണം പ്രണയിനിയുമായുള്ള വിവാഹത്തിന് സൗകര്യങ്ങൾ ഒരുക്കിയത്. വെല്ലുവിളികളെ മറികടന്ന് ബഷീറിന്റെ ആഗ്രഹം സഫലമാക്കിയത് ആമിനയുടെ മക്കളുടെ നല്ല മനസ്സായിരുന്നു. കവിയും ആർസിസിയിലെ റേഡിയോളജിസ്റ്റുമായ ശാന്തനിലൂടെയാണ് ഈ അത്യപൂർവ്വ വിവാഹകഥ പുറം ലോകം അറിയുന്നത്. ക്യാൻസർ രോഗിയുടെ അവസാന നാളുകളിലെ ആഗ്രഹപൂർത്തീകരണത്തിന് മുന്നിൽ നിന്ന സുഹൃത്തിന് ഇപ്പോഴും വധഭീഷണിയുമുണ്ട്. മറുനാടനോട് ഈ അത്യുപൂർവ്വ പ്രണയത്തിന് സാക്ഷിയായ ശാന്തൻ ബഷീറിന്റേയും ആമിനയുടേയും അപൂർവ്വ പ്രണയം തുറന്നു പറഞ്ഞു.

ശാന്തന്റേയും അടുത്ത സുഹൃത്തായിരുന്നു ബഷീർ. കവിതയും പാട്ടും ഫോട്ടോഗ്രഫിയുമായി ജീവിതം ആനന്ദമാക്കിയ ബഷീർ. അപ്പോഴും മനസ്സിൽ എവിടേയോ ബഷീറന്റെ ഉള്ളിലെ വിങ്ങൽ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞിരുന്നു. ആ കനൽ പുറത്ത് പറയാതെ ഉള്ളിലൊതുക്കി ബഷീർ. തലസ്ഥാനത്ത് കവി അയ്യപ്പൻ അടക്കമുള്ളവരുടെ അടുത്ത സുഹൃത്തായിരുന്നു ബഷീർ. നല്ലൊരു വേട്ടക്കാരൻ. ഇതിനിടെയാണ് വില്ലനായി ശ്വാസകോശാർബുദം ബഷീറിനെ പിടികൂടുന്നത്. ചികിൽസയ്ക്കായി ആർസിസിയിലെത്തി. ഇതിനിടെയാണ് ബഷീറിന്റെ അടുത്ത സുഹൃത്തായ അയൂബ് സുഹൃത്തിന്റെ യഥാർത്ഥ വേദന ശാന്തനോട് പങ്കുവച്ചത്. എന്തുകൊണ്ട് ബഷീർ അവിവാഹതിനായി തുടരുന്നുവെന്നതായിരുന്നു ഈ കഥ. ഇത് കേട്ട് ശാന്തൻ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലായി. പക്ഷേ എല്ലാം ഭംഗിയായി പരിഹരിക്കാൻ അയൂബിനും ശാന്തനും കഴിഞ്ഞതോടെ ബഷീറിന്റെ ആഗ്രഹം സഫലമാവുകയായിരുന്നു. ആമിനയുടെ മടിയിൽ കിടന്നായിരുന്നു ബഷീറിന്റെ മരണം.

ബഷീർ അവിവാഹിതനായി കഴിയുന്നത് ആർക്ക് വേണ്ടിയാണോ അവളുമായി ഒരു ദിവസമെങ്കിലും ഒരുമിച്ച് ജീവിക്കണം-ഇതായിരുന്നു ശാന്തനോട് അയൂബ് പറഞ്ഞ വാചകം. അതിന് ശേഷം ഈ ലക്ഷ്യത്തിലെത്താനായി അയൂബിന്റെ യാത്ര. ആദ്യമായി ആമിനയെ കണ്ടെത്തി. രണ്ട് കുട്ടികളുള്ള ആമിന വിധവയായിരുന്നു. ബഷീറിന്റെ രോഗവിവരവും ആഗ്രഹവും ആമിനയോട് പങ്കുവച്ചു. ഞാൻ വിധവയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഞാൻ എങ്ങനെ അയാളെ വിവാഹം ചെയ്യുമെന്നായിരുന്നു അയൂബിനോട് ആമിനയുടെ ആദ്യ ചോദ്യം. പിന്നെ കുട്ടികളോട് ചോദിക്കട്ടേ എന്ന മറുപടിയുമെത്തി. ബഷീറിനോട് തനിക്കുണ്ടായിരുന്ന പ്രണയം അവർ മക്കളോട് തുറന്നു പറഞ്ഞു. പ്രണയത്തെ തകർക്കാനായി വീട്ടുകാർ കല്ല്യാണം കഴിപ്പിച്ച് നാട് കടത്തിയതും വിശദീകരിച്ചു.

എഞ്ചിനിയറിംഗിന് പഠിക്കുന്ന മകൾക്ക് അമ്മയുടെ വികാരം ഉൾക്കൊള്ളാനായി. ബഷീറിനെ വിവാഹം കഴിച്ചേ മതിയാകുവെന്ന് മകൾ അമ്മയോട് തറപ്പിച്ചു പറഞ്ഞു. അൽപ്പമെങ്കിലും പ്രണയം ഉമ്മയുടെ മനസ്സിലുണ്ടെങ്കിൽ വിവാഹം കഴിക്കണമെന്ന മക്കളുടെ വാക്ക് അയൂബിനെ പ്രതീക്ഷയായി. അപ്പോഴും തടസ്സങ്ങൾ ഏറെയുണ്ടായിരുന്നു. അതിനേയും അയൂബ് മറികടന്നുവെന്ന് ശാന്തൻ ഓർക്കുന്നു. തന്റെ സഹോദരിമാരുടേയും സഹോദരന്മാരുടേയും എതിർപ്പ് ആമിന ഓർമിപ്പിച്ചു. ആരെതിർത്താലും ആമിന സമ്മതിച്ചാൽ വിവാഹം നടക്കുമെന്ന് ആയൂബ് തറപ്പിച്ച് പറഞ്ഞതോടെ കാര്യങ്ങൾ കല്ല്യാണത്തിലേക്ക എത്തി. അങ്ങനെ ആരുമറിയാതെ ബഷീറും ആമിനയും രജിസ്റ്റർ മാരീജ് ചെയ്‌തെന്ന് ശാന്തൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. വീട്ടുകാരൊന്നും അറിയാതെ ബഷീറിന്റേയും ആമിനയുടേയും വിവാഹ സൽക്കാരവും നടന്നു.

രജിസ്റ്റർ വിവാഹത്തിന് ഏറെ നൂലാമാലകളുണ്ട്. അത് പൂർത്തിയായാൽ മാത്രമേ ഒന്നിച്ച്
ജീവിക്കാൻ ബഷീറിനും ആമിനയ്ക്കും കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ വിവാഹ സൽക്കാര ശേഷം ആമിന വീട്ടിലേക്ക് പോയി. സഹോദരങ്ങൾ അറിഞ്ഞാലുണ്ടാകുന്ന പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു ഇതെന്ന് ശാന്തൻ പറയുന്നു. രജിസ്‌ട്രേഷൻ പൂർത്തിയായാൽ കല്ല്യാണത്തിന് നിയമസാധുത കിട്ടും. പക്ഷേ ബഷീറിന്റെ ആരോഗ്യം ഈ ഒത്തുചേരലിന് തടസ്സമാകുമോ എന്ന സംശയം സജീവമായിരുന്നു. ദിവസങ്ങൾ മാത്രമേ ബഷീർ ജീവിക്കൂവെന്ന ആശങ്ക സജീവമാക്കിയ ദിവസങ്ങളായിരുന്നു അത്. എന്നാൽ സഹോദരിയുടെ സംരക്ഷണയിൽ കഴിഞ്ഞ ബഷീർ പ്രതീക്ഷയുടെ കരുത്തിൽ അതിജീവനം തുടർന്നു. കത്തിലൂടെ ആശയ വിനിമയവും നടന്നു. സിനിമകളിലേതിന് സമാനമായി വിവാഹകഥ ബഷീറിന്റെ വീട്ടുകാരറിഞ്ഞു.

ആമിന എഴുതിയ കത്ത് ബഷീറിന്റെ അനന്തരവനാണ് കിട്ടിയത്. പ്രണയത്തിന്റെ തീവ്രത ഇതോടെ ബഷീറിന്റെ വീട്ടുകാർക്ക് മനസ്സിലായി. അവർ നിക്കാഹ് നടത്താൻ സമ്മതിച്ചു. ആമിനയുടെ വീട് നിക്കാഹിന് ഒരുങ്ങി. ബഷീറിന്റെ സഹോദരിമാരുടെ ആശിർവാദത്തോടെ പിന്നെ നിക്കാഹ്. ആമിനയുടെ സഹോദരൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് ബഷീറുമൊത്തായി ആമിനയുടെ താമസം. ആഹാരവും പരിചരണവുമായി ബഷീറിനെ ആമിന പൊന്നു പോലെ നോക്കി. അങ്ങനെ ദിവസങ്ങൾ കൊണ്ട് മരിക്കേണ്ട ബഷീർ മാസങ്ങൾ ജീവിച്ചു. ഒടുവിൽ ആമിനയുടെ മടിയിൽ തലവച്ച് സുഖമരണവും. അതിന് ശേഷമാണ് ആമിനയുടെ സഹോദരൻ കാര്യങ്ങൾ അറിഞ്ഞത്. ഇതോടെ കല്ല്യാണത്തിന് മുന്നിൽ നിന്ന് അയൂബിന് ഭീഷണികളെത്തി. അതിപ്പോഴും തുടരുന്നുവെന്ന് ശാന്തൻ പറയുന്നു. പക്ഷേ ബഷീറിനേയും
ആമിനയേയും ഒന്നിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഈ ഭീഷണികളെ അയൂബും അവഗണിക്കുകയാണ്. ഇന്നും ബഷീറിന്റെ ഓർമ്മയിൽ മക്കൾക്കൊപ്പം ആമിന കഴിയുകയാണ്.

തിരുവനന്തപുരത്ത് നെടുമങ്ങാടിന് അടുത്താണ് ആമിനയുടെ താമസം. ആമിനയുടെ അച്ഛന്റെ സുഹൃത്തായിരുന്നു ബഷീർ. വീട്ടിലെത്തുമായിരുന്ന ബഷീറുമായി ആമിന അറിയാതെ അടുത്തു. അത് പ്രണയമായി. എന്നാൽ ബഷീറിന്റെ പ്രായക്കുടുതൽ വില്ലനായപ്പോൾ അച്ഛൻ വിവാഹത്തെ എതിർത്തു. ഇതോടെ ആമിനയ്ക്ക് മറ്റൊരു നിക്കാഹ് നടന്നു. അപ്പോഴും പ്രണയത്തെ മനസ്സിൽ സൂക്ഷിച്ച് കവിതയും പാട്ടുമായി ബഷീർ യാത്ര തുടർന്നു. ജീവിതാവസാനമെത്തിയപ്പോൾ തന്റെ പ്രണയിനി വിധവയായത് ബഷീർ തിരിച്ചറിഞ്ഞു. വർഷങ്ങൾക്ക് മുമ്പത്തെ പ്രണയത്തിന്റെ കനൽ ഇപ്പോഴും ആമിനയുടെ മനസ്സിൽ അവേശിക്കുന്നുണ്ടെന്ന ബഷീറിന്റെ പ്രതീക്ഷ തെറ്റിയില്ല. സുഹൃത്തുക്കളുടെ ഇടപെടൽ കൂടിയായപ്പോൾ അന്ത്യനാളുകളിൽ ബഷീറിന് ആമിന താങ്ങും തണലുമായി.

തന്റെ ആർസിസിയിലെ അനുഭവങ്ങൾ കലാകൗമുദിയിൽ ശാന്തൻ കുറിക്കുന്നുണ്ട്. അത്തരമൊരു കുറിപ്പിലാണ് ആമിനയുടേയും ബഷീറിന്റേയും ജീവിതം ശാന്തൻ വിശദീകരിച്ചത്. ഇതിനെ തുടർന്നായിരുന്നു ശാന്തനുമായി മറുനാടൻ ബന്ധപ്പെട്ടത്. അപ്പോഴാണ് ബഷീറിന്റെ പ്രണയത്തിന്റെ തുടക്കമുതലുള്ള കാര്യങ്ങൾ ശാന്തൻ വിശദീകരിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP