Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൃതയിൽ എംബിബിഎസ് പഠിക്കാൻ വേണ്ടത് ഒരു കോടി രൂപ; എംഡിക്കാണെങ്കിൽ രണ്ട് കോടി കടക്കും..! എന്നിട്ടും മകൻ മാനേജ്‌മെന്റ് സീറ്റിൽ പഠിച്ച് ഡോക്ടറായി; ഡോ. രോഹിത്തിന്റെ സ്വാശ്രയ മെഡിക്കൽ പഠനം ആയുധമാക്കി ഭരണപക്ഷം; നട്ടെല്ലുള്ള പ്രതിപക്ഷ നേതാവാകാൻ ശ്രമിച്ച് സമരമുഖം തുറന്ന ചെന്നിത്തല സ്വയം വെട്ടിലാകുമോ?

അമൃതയിൽ എംബിബിഎസ് പഠിക്കാൻ വേണ്ടത് ഒരു കോടി രൂപ; എംഡിക്കാണെങ്കിൽ രണ്ട് കോടി കടക്കും..! എന്നിട്ടും മകൻ മാനേജ്‌മെന്റ് സീറ്റിൽ പഠിച്ച് ഡോക്ടറായി; ഡോ. രോഹിത്തിന്റെ സ്വാശ്രയ മെഡിക്കൽ പഠനം ആയുധമാക്കി ഭരണപക്ഷം; നട്ടെല്ലുള്ള പ്രതിപക്ഷ നേതാവാകാൻ ശ്രമിച്ച് സമരമുഖം തുറന്ന ചെന്നിത്തല സ്വയം വെട്ടിലാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നട്ടെല്ലില്ലാത്ത പ്രതിപക്ഷ നേതാവെന്ന പേരുദോഷം മാറ്റാനും പാർട്ടിയിൽ ഇമേജുയർത്തി കരുത്തനാകാനും രമേശ് ചെന്നിത്തല തന്നെയാണ് സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയം ഉന്നയിച്ച് സമരം തുടങ്ങിയത്. യൂത്ത് കോൺഗ്രസിനേയും കെഎസ് യുവിനേയും അണിനിരത്തി ഐ ഗ്രൂപ്പിന്റെ മുഴുവൻ ശക്തിയും ആവാഹിച്ച് രമേശ് ചെന്നിത്തല സമരത്തിനിറങ്ങി. കോൺഗ്രസിലെ ഒന്നാം നമ്പറുകാരനാവുകയായിരുന്നു ലക്ഷ്യം. എന്നാൽ സ്വന്തം മകനെ അമൃതാ കോളേജിലെ മാനേജ്‌മെന്റ് സീറ്റിൽ പഠിച്ച വാർത്ത പുറത്തുവരുന്നതോടെ പ്രതിപക്ഷ നേതാവ് തന്നെ പ്രതിക്കൂട്ടിലാക്കുകയാണ്. തലവരിപ്പണം പിരിക്കുന്നതിൽ നിന്നും സ്വാശ്രയ കോളേജുകളെ പിന്തിരിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഫീസ് കൂട്ടാൻ അനുവദിച്ചതെന്നും സർക്കാർ മെരിറ്റിൽ പഠിക്കുന്ന കുട്ടികൾക്ക് ഫീസ് കൂടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിട്ടും രമേശ് ചെന്നിത്തല വീറോടെ വാദിച്ചു. സ്വാശ്രയ കോളേജുകളുടെ കൊള്ള അവസാനിപ്പിക്കുമെന്നും പറഞ്ഞു. ഇതിനിടെയാണ് അമൃതയുടെ സ്ഥാപനത്തിൽ രമേശ് ചെന്നിത്തലയുടെ മകൻ പഠിച്ചെന്ന വാർത്ത കൈരളിപീപ്പിൾ ടിവി പുറത്തു വിടുന്നത്. ഇത് പ്രതിപക്ഷ സമരത്തെ വെട്ടിലാക്കുന്നതാണ്.

അമൃതയിൽ എംബിബിഎസിന് ഒരു കോടിയോളം രൂപ ചെലവുണ്ട്. തലവരിയായി തന്നെ 40 ലക്ഷത്തോളം രൂപ നൽകണം. അതീവ രഹസ്യമായാണ് ഇടപാടുകൾ നടക്കുന്നത്. കോയമ്പത്തൂർ ക്യാമ്പസിലാണ് പണമിടപാട്. ഇതിന് നേതൃത്വം കൊടുക്കുന്ന ആൾ ഫോണിൽ പോലും ആരോടും സംസാരിക്കുകയുമില്ല. ഇത്തരത്തിൽ എംബിബിഎസ് കോഴ്‌സിന് ആളെ ചേർക്കുന്ന അമൃതയ്ക്ക് കൽപ്പിത സർവ്വകലാശാലാ പദവിയുമുണ്ട്. കോയമ്പത്തൂരാണ് സർവ്വകലാശാലയുടെ ആസ്ഥാനമെങ്കിലും കൊച്ചിയിലാണ് എംബിബിഎസ് കോഴ്‌സ് നടത്തുന്നത്. കൽപ്പിത സർവ്വകലാശാല ആയതിനാൽ മുഴുവൻ സീറ്റിലും സ്വന്തമായി അഡ്‌മിഷൻ നടത്തും. മെരിറ്റിൽ കുറച്ചു കുട്ടികളെ എടുക്കുമെങ്കിലും അവിടേയും തലവരി നൽകേണ്ടി വരുമെന്ന ആരോപണം സജീവമാണ്. എംഡിക്ക് അമൃതയിൽ പഠിക്കണമെങ്കിൽ രണ്ട് കോടിയലധികം ചെലവുണ്ട്. ഇതാണ് ഫീസ് ഘടന എന്നിരിക്കേ രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് എങ്ങനെ കോടികൾ കൊടുത്ത് അമൃതയിൽ പഠിച്ചുവെന്ന ചോദ്യമാണ് സർക്കാർ സജീവമാക്കുന്നത്. ഇതുൾപ്പെടെയുള്ള ആരോപണങ്ങൾ വിജിലൻസ് പരിശോധിക്കും. ഫലത്തിൽ രമേശ് ചെന്നിത്തലയുടെ സ്വത്തുക്കളിലേക്ക് അന്വേഷണം നീട്ടാനുള്ള സാധ്യതയാണ് ഇടത് സർക്കാർ തേടുന്നത്.

അമൃതാ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ ചില ഇടപെടലുകൾ നേരത്തെ ചർച്ചയായിരുന്നു. സ്തനാംസിങ് മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിച്ചതിൽ ചെന്നിത്തലയുടെ സ്വാധീനം ആരോപിക്കപ്പെട്ടിരുന്നു. അമൃതാനന്ദ മയീ മഠത്തിലെ പല പ്രമുഖരും ഹരിപ്പാട് നിന്നുള്ളവരാണ്. ഇവരിൽ ചിലർ ചെന്നിത്തലയ്‌ക്കൊപ്പം പഠിച്ചവരും കെഎസ് യു പ്രവർത്തനത്തിൽ ഏർപ്പെട്ടവരുമാണ്. ഈ ബന്ധത്തിലൂടെയാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്തനാംസിങ് മരണത്തിലെ അന്വേഷണം അട്ടിമറിച്ചതെന്ന ആരോപണം സജീവമായിരുന്നു. അമൃതാ ആശ്രമത്തിലെ അന്തേവാസി നടത്തിയ പീഡന ആരോപണങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നില്ല. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിൽ യുഡിഎഫ് സർക്കാർ മഠത്തെ പിന്തുണച്ചിരുന്നു. ഇതിന് ശേഷം അമൃതയിലെ മാദ്ധ്യമപ്രവർത്തകനുമായി ബന്ധപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷണം അട്ടിമറിച്ചു. ഈ സമയം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നു. അമൃതയുമായി ബന്ധപ്പെട്ട പീഡനക്കേസും പൊലീസ് അട്ടിമറിച്ചു. എല്ലാത്തിനും പുറമേ അമൃതാ ടിവിയിലെ തൊഴിൽ പ്രശ്‌നങ്ങളിലും യുഡിഎഫ് സർക്കാർ അനുകൂല തീരുമാനങ്ങൾ എടുത്തു. ഇതിനുള്ള പ്രത്യുപകാരമായി ചെന്നിത്തല ഒപ്പിച്ചെടുത്തതാണ് അമൃതയിലെ മകന്റെ എംഡി പ്രവേശനമെന്നാണ് ആരോപണം.

വ്യാജ സർട്ടിഫിക്കറ്റ് ലോബിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് അമൃതയിൽ ഉയർന്നത്. ഈ കേസ് അട്ടിമറിക്കാൻ അമൃതാ മഠത്തിലെ അന്തേവാസിയായ ബിജെപി നേതാവും രമേശ് ചെന്നിത്തലയും ഒരുമിച്ചിരുന്നു. ധർമ്മടം പൊലീസ് അന്വേഷിക്കുന്ന ഈ കേസിൽ ആഭ്യന്തര വകുപ്പ് പ്രത്യക്ഷത്തിൽ തന്നെ ഇടപെട്ടു. തലശ്ശേരിയിലെ സർക്കാർ അഭിഭാഷകയിൽ നിന്ന് തെറ്റായ നിയമോപദേശം വാങ്ങി കേസ് അക്ഷരാർത്ഥത്തിൽ അട്ടിമറിച്ചു. ഇത് സംബന്ധിച്ച നിരവധി പരാതികൾ കിട്ടിയിട്ടും പൊലീസ് അനങ്ങിയില്ല. മുതിർന്ന മാദ്ധ്യമ പ്രവർത്തകന്റെ ഇടനിലയും ഇക്കാര്യത്തിൽ ഉണ്ടായി. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് അമൃതയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പോയതും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായണ്. സൈനിക കേന്ദ്രങ്ങളിൽ കയറി ഫോട്ടോയെടുത്ത് തീവ്രവാദ കേന്ദ്രങ്ങൾക്ക് ഇയാൾ നൽകിയെന്നതായിരുന്നു ആരോപണം. ഇക്കാര്യത്തിൽ ചെന്നിത്തലയ്‌ക്കൊപ്പം ബിജെപി നേതാവും കൈകോർത്തോടെ കേന്ദ്ര സർക്കാരിന്റെ അന്വേഷണം പോലും അട്ടിമറിക്കപ്പെട്ടു. മറ്റൊരു മുതിർന്ന നേതാവ് ഹൈക്കോടതിയിൽ അമൃതയിലെ മാദ്ധ്യമ പ്രവർത്തനായി ഹാജരായി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലുണ്ടായിരുന്നു.

ഈ കേസിൽ നിന്ന് അമൃതയെ രക്ഷിച്ചെടുത്തതിന് പ്രത്യുപകാരമാണ് രമേഷ് ചെന്നിത്തലയുടെ മകൻ ഡോ: രോഹിത് ചെന്നിത്തലയ്ക്കുള്ള എംഡി സീറ്റെന്നാണ് സോഷ്യൽ മീഡിയയിൽ സിപിഐ(എം) അണികൾ പ്രചരിപ്പിക്കുന്നത്. അമൃത ആശുപത്രിക്ക് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉമ്മൻ ചാണ്ടി സർക്കാർ , എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് അനുമതി നൽകിയെന്ന ആക്ഷേപവുമുണ്ട്. ചെന്നിത്തലയുടെ മകൻ , അവിടെ മാനേജ്മന്റ് സീറ്റിൽ എംഡിക്ക് പഠിക്കുന്നതിന്റെ പിന്നിലെ ഇതാണെന്ന വാദവും അവർ ഉയർത്തുന്നുണ്ട്. അമൃതയുമായുള്ള ചെന്നിത്തലയുടെ ബന്ധം ഊട്ടിവളർത്തിയ മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായി പിണറായി വിജയനുള്ള ശത്രുതയും ഈ ഘട്ടത്തിൽ ചർച്ചയാവുകയാണ്. അമൃതയുമായി ബന്ധപ്പെട്ട പീഡനക്കേസുകളിലും രമേശ് ചെന്നിത്തല പൊലീസ് മന്ത്രിയാകുമ്പോൾ ഇരകൾക്ക് നീതി കിട്ടിയിരുന്നില്ല. വനിതാ കമ്മീഷൻ ഇനിയും തീരുമാനം എടുക്കാതെ ഫയൽ പൂഴ്‌ത്തി വച്ചിരിക്കുന്ന കേസുകളും ഇക്കൂട്ടത്തിലുണ്ട്. അമൃതയുമായി ബന്ധപ്പെട്ട് നൽകുന്ന പരാതികളെല്ലാം പൊലീസ് മന്ത്രിയെന്ന നിലയിൽ അട്ടിമറിച്ചു. എന്നാൽ അമൃതാ മാനേജ്‌മെന്റിനെ പരാതി അറിയിക്കാനായി അയച്ച ഇമെയിലുകളിൽ പോലും പൊലീസിനെ കൊണ്ട് അന്വേഷിക്കാൻ വ്യഗ്രതകാട്ടുകയും ചെയ്തിരുന്നു. ഇതിനെല്ലാമുള്ള പ്രത്യുപകാരമായി ചെന്നിത്തലയ്ക്ക് സമ്മാനം നൽകിയതാണ് എംഡി സീറ്റെന്ന ആരോപണമാണ് സജീവമാകുന്നത്.

ഈ നിയമസഭാ സമ്മേളനത്തിനിടയിൽ സ്വാശ്രയ പ്രശ്‌നം ഉയർത്തിയപ്പോൾ തന്നെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പ്രതിപക്ഷത്തെ ചിലരുടെ മക്കൾ സ്വാശ്രയ കോളേജിൽ മാനേജ്‌മെന്റ് സീറ്റിൽ പഠിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ പേരുകൾ പറഞ്ഞിരുന്നില്ല. ഈ സമയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിപക്ഷത്ത് നിന്ന് ചാടിയെണീറ്റു. ആ പേര് പുറത്തു പറയാൻ വെല്ലുവിളിക്കുകയും ചെയ്തു. കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ തമ്മിലെ അടിയുടെ ഭാഗമായിരുന്നു ഇത്. ശൈലജ ടീച്ചർ രമേശ് ചെന്നിത്തലയുടെ പേരു പറഞ്ഞാൽ പ്രതിപക്ഷ നേതാവ് നിയമസഭയിൽ പ്രതിക്കൂട്ടിലാകുമായിരുന്നു. ഇതിലൂടെ ഐ ഗ്രൂപ്പിന്റെ ശക്തിക്ഷയം ഉണ്ടാകുമെന്നും മറ്റും എ ഗ്രൂപ്പ് കണക്കു കൂട്ടിയിരുന്നു. എന്നാൽ ശൈലജ ടീച്ചർ ബോധപൂർവ്വം പേരുകൾ നിയമസഭയിൽ പറഞ്ഞിരുന്നില്ല. എന്നാൽ സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നിട്ടും ചെന്നിത്തല സ്വാശ്രയ സമരവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കൈരളി ടിവി പേരുവിവരങ്ങൾ പുറത്തുവിടുകയായിരുന്നു. ഇതിൽ ചെന്നിത്തലയുടെ മകൻ ഫീസ് എങ്ങനെ നൽകിയെന്ന ചോദ്യം കൈരളി ഉയർത്തുന്നുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ചാണ് ചെയ്തതെന്ന ആരോപണമാണ് കൈരളി ഉയർത്തുന്നത്. ഇതിലൂടെ അഴിമതിയുടെ കുരുക്കിലേക്ക് ചെന്നിത്തലയുടെ മകന്റെ എംഡി പ്രവേശനവും എത്തിക്കുകയാണ് ലക്ഷ്യം. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് എംഡി പ്രവേശനം മകന് തരപ്പെടുത്തിയതെന്നാണ് കൈരളിയുടെ ആരോപണം. ഇതും ജേക്കബ് തോമസിന്റെ വിജിലൻസ് അന്വേഷിക്കട്ടേയെന്നാണ് സിപിഐ(എം) നിലപാട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കൾ വിദേശത്ത് പഠിച്ചതുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറുനാടൻ പുറത്ത് വിട്ടിരുന്നു. അതിന് ശേഷമാണ് ചെന്നിത്തലയുടെ മകന്റെ എംബിബിഎസ്, എംഡി പഠനവും നിയമസഭയിൽ സമരമിരിക്കുന്ന എംഎൽഎ ആയ ഷംസുദീന്റെ മകളും സ്വാശ്രയ എഞ്ചിനിയറിങ് കോളേജിൽ പഠിക്കുന്ന കാര്യം വിവാദമായത്. കൈരളി ഇത് വാർത്തയാക്കിയതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP