Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ... 'നല്ല നാളുകൾ' വന്നോ .... ? മോദി സർക്കാർ നാടിനു വേണ്ടി എന്തു ചെയ്തു....?

ആ ... 'നല്ല നാളുകൾ' വന്നോ .... ? മോദി സർക്കാർ നാടിനു വേണ്ടി എന്തു ചെയ്തു....?

സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളിലെല്ലാം തകർന്നു കൊണ്ടിരുന്ന ഒരു രാഷ്ട്രത്തെ കൈപിടിച്ചുയർത്താനുള്ള ഓരോ പൗരന്റെയും അദമ്യമായ ആഗ്രഹമായിരുന്നു 2014 മെയ് 16 ന് ലോക സഭാതെഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തു വന്നത്. രണ്ടര പതിറ്റാണ്ടിനുള്ളിൽ ഒരു നേതാവിനും ഒരു പാർട്ടിക്കും കൊടുക്കാതിരുന്ന ജനവിധി നൽകിയായിരുന്നു ഭാരത ജനത വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി. സർക്കാരിനെ അധികാരത്തിലേറ്റിയത്. അഞ്ചാം മാസത്തിലെത്തി നിൽക്കുന്ന നരേന്ദ്ര മോദി സർക്കാർ ഭാരതത്തിലെ 126 കോടി ജനസമൂഹത്തിനു നൽകിയത് പ്രതീക്ഷയുടെ പുതുനാമ്പുകളാണ്.

ജനങ്ങളുടെ വലിയ പ്രതീക്ഷകളും കടുത്ത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുത്തുക എന്നതാണ് മോദി സർക്കാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മുൻ വർഷങ്ങളിൽ രാജ്യത്തിന്റെ വളർച്ചനിരക്ക് അഞ്ച് ശതമാനത്തിൽ താഴെപ്പോകുകയും നാണ്യപ്പെരുപ്പം ആശങ്കാജനകമായ വിധത്തിൽ ഉയർന്ന് നിൽക്കുകയും വ്യാവസായികോത്പാദനനിരക്ക് കുറഞ്ഞുവരികയും വിദേശനിക്ഷേപകർക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ട് വരികയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടായത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒരു സുസ്ഥിരസർക്കാറിനെ ഭരണത്തിലേറ്റിയ ജനങ്ങൾ ചില മാറ്റങ്ങളും ആശ്വാസനടപടികളും പ്രതീക്ഷിക്കുക സ്വഭാവികം മാത്രം.

'നല്ല നാളുകൾ' വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാറിന്റെ ഭരണം അഞ്ചു മാസം പിന്നിടാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഈ സർക്കാർ നാടിനു വേണ്ടി എന്തു ചെയ്തു എന്നതിനെക്കുറിച്ചുള്ള ഒരു അവലോകനം ആണ് ഇവിടെ നടത്തുന്നത്. ഭരണത്തിനും ഭരണ കർത്താക്കൾക്കും എതിരെ ജനശ്രദ്ധ തിരിക്കാൻ മാത്രം പേനയും ക്യമറയും ചലിപ്പിച്ച മാദ്ധ്യമ സുഹൃത്തുക്കൾ കാണാതെ പോയതോ അല്ലെങ്കിൽ കണ്ടില്ലന്നു നടിച്ചതോ ആയ നിരവധി പ്രവർത്തനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്നുള്ളതു തന്നെയാണ് ഈ സർക്കാരിന്റെ പ്രധാന നേട്ടം.

വൈക്ത്യകമായ നേട്ടങ്ങളും ആനുകൂല്യങ്ങളും ആഗ്രഹിച്ചിരുന്നവർക്ക് അതു പൂർണ്ണമായ അർത്ഥത്തിൽ നൽകാൻ ആയില്ലങ്കിലും നാടിന്റെ നന്മയെ ആഗ്രഹിക്കുന്നവർക്ക് എക്കാലവും സംതൃപ്തി നൽകുന്ന നടപടികളുടെ തുടക്കം തന്നെയാണ് ഉണ്ടായിട്ടുള്ളത്. വ്യത്യസ്ഥമായ നയങ്ങളും പരിപാടികളും ഉള്ള പാർട്ടി എന്ന ബിജെപി യുടെ മുദ്രാവാക്യത്തെ അർത്ഥവത്താക്കി വ്യത്യസ്ഥമായ ഒരു ഭരണം പ്രധാനം ചെയ്യുവാനും മോദിക്കും സംഘത്തിനും ആയിരിക്കുന്നു. തെരെഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്ന മുഴുവൻ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കുവാനുള്ള പദ്ധികൾക്ക് തന്നെയാണ് പിന്നിട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ രൂപം നൽകിയിട്ടുള്ളതും.

പുതിയ സർക്കാരിന്റെ അയൽപക്കകാരോടുള്ള നയതന്ത്ര സമീപനം എന്തെന്നു വ്യക്തമാക്കുന്നതു തന്നെ ആയിരുന്നു സർക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങ്. അയൽ രാജ്യങ്ങളുമായി സമാധാനപരമായ സഹവർത്തിത്വമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന സന്ദേശം ലോകത്തിന് നൽകുന്നതിന് സാർക്ക് രാജ്യ തലവന്മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ സാന്നിദ്ധ്യം വഴിയൊരുക്കി. സത്യ പ്രതിജ്ഞാ ചടങ്ങിൽ സാർക് രാജ്യങ്ങളുടെ തലവന്മാരെ ക്ഷണിച്ചതിൽ കേവലം നയതന്ത്ര ലക്ഷ്യം മാത്രമല്ല ഉണ്ടായിരുന്നത് മറിച്ച് മേഖലയിലെ രാജ്യങ്ങളുടെ നെടുനായക സ്ഥാനം ഏറ്റെടുക്കാൻ തങ്ങൾക്ക് കഴിയും എന്നൊരു സന്ദേശവും അതിലടങ്ങിയിരുന്നു.

മന്ത്രി സഭാ രൂപീകരണത്തിൽ സർക്കാരിന്റേയും പാർട്ടിയുടേയും വ്യത്യസ്ഥത കാത്തു സൂക്ഷിക്കാനായതും മോദിയുടെ വിജയമാണ്. ഛത്രപതി ശിവാജിയുടെ ഭരണ തന്ത്രമായ ഭചെറിയ സർക്കാർ വലിയ ഭരണംഭ എന്നതിൽ അണുവിടപോലും മാറ്റമില്ലാതെയാണ് മന്ത്രിസഭാ രൂപീകരണം നടന്നത്. ഉപജാപകർക്കും കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും രാജ്യഭരണത്തിൽ കൈകടത്താനുള്ള ഒരവസരവും കൊടുക്കരുത് എന്ന നിർബന്ധവും പ്രധാന മന്ത്രിക്കുണ്ടായിരുന്നു. ഭരണച്ചെലവ് കുറയ്ക്കുന്നതിനായുള്ള നടപടികൾ മുകളിൽ നിന്നുതന്നെ തുടങ്ങിയതും ബന്ധുക്കളെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുവാനും പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം കുറക്കുവാനും എടുത്ത തീരുമാനങ്ങളുമാണ് അഭിനന്ദനമർഹിക്കുന്ന മറ്റൊരു നേട്ടം. പുതിയ കാർ വാങ്ങരുതെന്ന് മന്ത്രിമാർക്ക് മോദി നിർദ്ദേശം നൽകി. ഒരു ലക്ഷത്തിലേറെ രൂപയുടെ ചെലവുകൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മന്ത്രിമാർ അനുമതി വാങ്ങുകയും വേണം. വിദേശയാത്രകൾക്ക് പോകുമ്പോൾ പ്രതിനിധികളും മാദ്ധ്യമപ്പടയുമായി വൻ സംഘം പോകുന്നതിനും പ്രധാനമന്ത്രി നിയന്ത്രണമേർപ്പെടുത്തി.

നരേന്ദ്ര മോദി സർക്കാരിന്റെ ഇത്രയും നാളത്തെ ഭരണം ഭാരതത്തിലെ ജനങ്ങൾക്ക് ഇവിടെയൊരു സുശക്തമായ സർക്കാരും അതിനെ നയിക്കാൻ ഒരു പ്രധാനമന്ത്രിയുമുണ്ട് എന്ന ആത്മവിശ്വാസമുണ്ടാക്കാൻ പര്യാപ്തമായി എന്നതിൽ സംശയമില്ല. ഇറാക്കിൽ കുടുങ്ങിയ നഴ്‌സുമാരെ തിരിച്ചു കൊണ്ടു വരാൻ കാണിച്ച നയതന്ത്രജ്ഞത സാധാരണ ജനങ്ങളുടെ അഭിനന്ദനത്തിന് പാത്രമായി. സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ വെറും അധരവ്യായാമമായി മാറിക്കൊണ്ടിരുന്ന ഇന്നലകളെ വിസ്മൃതിയിലാഴ്‌ത്തിക്കൊണ്ട് എന്റെ രാജ്യത്തെ സുരക്ഷാ സേനയിൽ എനിക്ക് വിശ്വാസമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് ബുള്ളറ്റ് പ്രൂഫ് ഒഴിവാക്കി ജനങ്ങളോട് ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ച പ്രധാനമന്ത്രി ജനങ്ങൾക്ക് നവ്യാനുഭവമായി. 'സ്ത്രീകളെ അപമാനിക്കരുതെന്ന് സ്വന്തം പുത്രന്മാരെ ആദ്യം പഠിപ്പിക്കുക' എന്ന സന്ദേശം ജനങ്ങൾക്ക് നൽകിയ പ്രധാനമന്ത്രിയെ ഒരു ദേശീയ പത്രം വാഴ്‌ത്തിയത് ഭദി ഫസ്റ്റ് ഫെമിനിസ്റ്റ് പ്രൈം മിനിസ്റ്റർഭ എന്നാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വേണ്ടി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ കണക്കിലെടുക്കുമ്പോൾ അതിൽ ഒട്ടും അതിശയോക്തിയില്ല.

സമ്പദ് മേഖല, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യോത്പാദനം, വിതരണം, രാഷ്ട്ര സുരക്ഷ എന്നീ മേഖലകളിൽ സമൂല പരിവർത്തനമാണ് സർക്കാർ ലക്ഷ്യമിട്ടത് . അതിനാവശ്യമായ സാമ്പത്തികം ബജറ്റിൽ വകയിരുത്തിയതിനോടൊപ്പം തന്നെ ചുവപ്പു നാടയുടെ കുരുക്കുകൾ ഒഴിവാക്കി അതിന്റെ ഗുണഫലങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. പ്രതിരോധ മേഖലയിൽ ആവശ്യമായ സംവിധാനങ്ങൾ പരമാവധി രാജ്യത്ത് തന്നെ നിർമ്മിക്കാനുള്ള തീരുമാനവും ഏറെ പ്രശംസ നേടി. 6000 കോടിയുടെ ഹെലികോപ്റ്റർ ഇടപാട് റദ്ദാക്കാനും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന പ്രതിരോധ സംവിധാനങ്ങൾക്ക് കൂടുതൽ തുകയനുവദിക്കാനുമുള്ള തീരുമാനം അതിന്റെ ഭാഗമാണ്.

സാംസ്‌കാരികമായി ഭാരതത്തോട് ബന്ധപ്പെട്ടുനിൽക്കുന്ന നേപ്പാൾ, ഭൂട്ടാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി ഉറച്ച ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങൾ ലോക രാജ്യങ്ങൾ തന്നെ ഉറ്റുനോക്കുന്നു. അതോടൊപ്പം നമ്മുടെ നാടിന്റെ ആത്മാഭിമാനത്തെ ഉയർത്തി പിടിച്ചുകൊണ്ടു തന്നെ അമേരിക്കയും ചൈനയുമായുള്ള ബന്ധങ്ങളും ഊഷ്മളമാക്കുവാനും സാധിച്ചിരിക്കുന്നു. കാശ്മീരിലെ വിഘടനവാദികളുമായി ചർച്ച നടത്താനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യ പാക്കിസ്ഥാൻ സെക്രട്ടറി തല ചർച്ചകൾ നിർത്തിവെക്കാനുള്ള തീരുമാനം ശക്തമായ സന്ദേശമാണ് നൽകിയത് . അതിർത്തിയിലെ വെടിനിർത്തൽ കരാർ ലംഘനങ്ങളോട് ആദ്യം സമാധാനത്തിന്റെ ഭാഷയിലും പിന്നീട് ശക്തിയുടെ ഭാഷയിലും പ്രതികരിക്കാനുള്ള തീരുമാനവും വേറിട്ടതായി.

കഴിഞ്ഞ അഞ്ചു മാസത്തെ മോദി സർക്കാറിന്റെ നേട്ടം പദ്ധതികളെക്കാളേറെ ഭരണസംവിധാനത്തിലുണ്ടാക്കിയ അച്ചടക്കമാണ്. അഴിമതി ഇല്ലാതായി എന്ന് ഇതിനർഥമില്ല. ചുവപ്പുനാടകൾ അഴിച്ച് ഭരണം ത്വരിതപ്പെടുത്താനുള്ള മോദിയുടെ ശ്രമം ഒരുപരിധി വരെ വിജയം കണ്ടിരിക്കുന്നു. സർക്കാർ ഓഫീസുകളിലെ കസേരകളിൽ ആളുണ്ട്. സർക്കാർ സംവിധാനവുമായി നേരിട്ടുള്ള ഒരു ബന്ധം തന്നെ പ്രധാനമന്ത്രി സൃഷ്ടിച്ചിട്ടുണ്ട്. പ്രധാന വകുപ്പുസെക്രട്ടറിമാരുമായി ദിവസേനയെന്നോണം പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്. ഭരണകാര്യത്തിൽ ഏറെസമയം അദ്ദേഹം ചെലവഴിക്കുന്നു. ഏത് പ്രശ്‌നവുമായും ബന്ധപ്പെടാൻ അദ്ദേഹം ശ്രമിക്കുന്നു. എല്ലാ മന്ത്രാലയങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. മന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്ന ഒരു ഫോട്ടോ സർക്കാർ പുറത്തുവിട്ടിട്ടുണ്ട് ക്ലാസ്മുറിയിൽ അദ്ധ്യാപകനും വിദ്യാർത്ഥികളും മുഖാമുഖം ഇരിക്കുന്നതുപോലെ. പ്രധാനമന്ത്രി സ്‌റ്റേജിൽ ഒരു കസേരയിൽ ഇരിക്കുന്നു. മന്ത്രിമാർ താഴെ കസേരകളിൽ ഇരിക്കുന്നു. ഒരു മന്ത്രി എഴുന്നേറ്റുനിന്ന് മറുപടി പറയുന്നു. ജനം കാണട്ടെ എന്ന നിലയിൽ സർക്കാർ പുറത്തുവിട്ട ചിത്രമാണിത്. ഉയർന്ന നിയമനങ്ങളിലേക്കുള്ള പ്രാഥമിക പരിശോധന ആഭ്യന്തരവകുപ്പ് നടത്തിയശേഷം പ്രധാനമന്ത്രിയുടെ ഓഫീസിന് അയയ്ക്കുകയായിരുന്നു പതിവ്. മോദി അത് മാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസിൽത്തന്നെ തീരുമാനമെടുത്തശേഷം പരിശോധനയ്ക്കായി ആഭ്യന്തരവകുപ്പിലേക്ക് അയയ്ക്കുന്ന പുതിയ രീതി നടപ്പാക്കി.
ഓരോ വിദേശ യാത്രകളും ഓരോ പരിപാടികളും രാജ്യത്തിന്റേയും സർക്കാരിന്റേയും പ്രധാനമന്ത്രിയുടേയും യശസ്സ് ഉയർത്തുന്നതും മാതൃകപരവുമാണ്. വിദേശത്തും സ്വദേശത്തുമുള്ള ഓരോ ഭാരതീയനും ശിരസ്സുയർത്തി ഞാൻ ഭാരതീയനാണ് എന്ന് ഉറക്കെ പറയാൻ കഴിയുന്ന സാഹചര്യം ഇന്നു സമാഗതമായിരിക്കുന്നു. സ്വാതന്ത്ര്യദിന പരിപാടികളും, അദ്ധ്യാപക ദിന പരിപാടികളും, ഗാന്ധിജയന്തി പരിപാടികളും ഭൂട്ടാൻ ജപ്പാൻ, അമേരിക്ക സന്ദർശനങ്ങളും ആസിയാൻ സമ്മേളനവും എല്ലാം അതിൽ ഏതാനും ഉഹാഹരണങ്ങൾ മാത്രം. ആദ്യമെ പറയട്ടെ ഇതു ഒരു തുടക്കമായി കാണാമെങ്കിൽ വരുനാളുകളിൽ ജനം മോദിയിൽ അർപ്പിച്ച വിശ്വാസം അതിന്റെ പതിന്മടങ്ങ് ഇരട്ടിയോടെ നമുക്ക് മടക്കി നൽകുമെന്ന് തന്നെ പ്രതീക്ഷിക്കാം. മാറ്റത്തിനായി വോട്ടു ചെയ്ത ജനങ്ങൾക്കു വേണ്ടി സർക്കാർ നടപ്പിലാക്കിയ പരിഷ്‌കരണ നടപടികളിൽ ചിലതു പരിശോധിക്കാം.

കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

വിദേശ ബാങ്കുകളിൽ ഇന്ത്യക്കാർ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം കണ്ടെ ത്തി തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾക്കായി പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) നിയോഗിക്കാൻ പ്രഥമ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഘത്തെ ജസ്റ്റിസ് എം.ബി. ഷാ നയിക്കും. സിബിഐ, റോ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയുടെ ഡയറക്ടർമാരും എസ്.ഐ.ടിയിൽ അംഗങ്ങളായിരിക്കും.

മന്ത്രിതല സമിതികൾ പിരിച്ചുവിട്ടു

വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ തമ്മിലുള്ള ഭരണപരമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനമായ മന്ത്രിതല സമിതികൾ പ്രധാനമന്ത്രി പിരിച്ചുവിട്ടു. പകരം ഈ ചുമതല മന്ത്രിമാരും വകുപ്പുകളും നേരിട്ടു നിർവഹിക്കും. ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിൽ സഹായമാവശ്യമെങ്കിൽ അതു പ്രധാനമന്ത്രിനേരിട്ടുനിർവഹിക്കും. നിലവിൽ ഒമ്പത് എംപവേഡ് ഗ്രൂപ്പ് ഓഫ് മിനിസസ്‌റ്റേഴ്‌സും 21 ഗ്രൂപ്പ് ഓഫ് മിനിസ്‌ടേഴ്‌സും ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത.്ഭരണപരമായ തീരുമാനങ്ങളിലെ വേഗതക്ക് ഈ സമിതികൾ തടസമായതിനെ തുടർന്നാണ് ഈ തീരുമാനം. കോൺഗ്രസ് നേതൃത്വത്തിൽ യുപിഎ ഇതൊരു ബൃഹദ് പദ്ധതിയാക്കി, 60 സമിതികൾ വരെ രൂപീകരിച്ചു. എന്നാൽ നടപടി ക്രമങ്ങൾ മൂലം തീരുമാനങ്ങൾ വൈകിക്കാനല്ലാതെ ഈ സമിതികൾ കാര്യമായി സഹായകമല്ലാതായി. ഈ വിലയിരുത്തലിൽനിന്നാണ് മോദിസർക്കാരിന്റെ പുതിയ തീരുമാനം. മന്ത്രിസഭാ യോഗത്തിൽ ഒരുതീരുമാനം ഉണ്ടാകണമെങ്കിൽ ആദ്യം മന്ത്രിതല സമിതികൾ തീരുമാനമെടുക്കണം. ഇതുതന്നെ കാലതാമസം വരുത്തുകയായിരുന്നു ഇതുവരെ

സ്‌കൂളുകളിൽ ജങ്ക് ഫുഡ് നിർത്തലാക്കുന്നു

വിദ്യാർത്ഥികളിലെ പോഷകാഹാരത്തിന്റെ അളവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാഗാന്ധി സ്‌കൂളുകളിൽ ജങ്ക് ഫുഡ് നിർത്തലാക്കാനൊരുങ്ങുന്നു. പോഷകമൂല്യം തീരെയില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ രാജ്യത്തെ സ്‌കൂൾ കാന്റീനുകളിൽ നിർത്തലാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സ്‌കൂളുകളിൽ മികച്ചതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കാനും പദ്ധതി രൂപീകരിക്കും.

ചുവപ്പു നാട അഴിയുന്നു, ഭരണം ജനങ്ങളിലേക്ക്

ഭരണം കാര്യക്ഷമമാക്കാനും ജനങ്ങൾക്ക് അതിന്റെ ഫലം അതിവേഗം ലഭ്യമാക്കാനും ഉതകുന്ന കർമ്മ പദ്ധതികൾ തയ്യാറാക്കി

പ്രധാന നിർദ്ദേശങ്ങൾ

1. ഫയലുകൾ പല പല സെക്ഷനുകളിലേക്ക് അയച്ച് അവയ്ക്കു മേൽ ഉത്തരവ് കാത്തിരിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കുക. ഫയലുകൾ അങ്ങേയറ്റം നാലു തലങ്ങളിൽ പരിശോധിച്ചാൽ മതിയാകും. അതിനുള്ളിൽ തീർപ്പാക്കണം.
2. അറുപഴഞ്ചനായ, കാലഹരണപ്പെട്ട, കാര്യങ്ങൾ നേടിയെടുക്കാൻ ജനങ്ങൾക്ക് തടസമാകുന്ന കുറഞ്ഞത് പത്തു നിയമങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുക. അവ റദ്ദാക്കണം. അതിനുള്ള നടപടികൾ തുടങ്ങേണ്ടിയിരിക്കുന്നു. (കാലഹരണപ്പെട്ട നിയമങ്ങൾ നീക്കണമെന്ന് സെക്രട്ടറിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു)
3. അപേക്ഷാ ഫോമുകൾ കഴിയുന്നത്ര ഒരു പേജിൽ ഒതുക്കുക. അനാവശ്യവും അപ്രസക്തവുമായ വിവരങ്ങൾ ഫോമിൽ ഉൾപ്പെടുത്തേണ്ട.
4. ഓഫീസുകളും പരിസരങ്ങളും ഇടനാഴികളും സ്‌റ്റെയർ കേസുകളും വൃത്തിയാക്കി സൂക്ഷിക്കുക. കടലാസു കെട്ടുകളും ഉപയോഗശൂന്യമായ ഫർണിച്ചറും ഇട്ട് ഇവിടങ്ങൾ വൃത്തികേടാക്കരുത്.
5. ഓഫീസുകൾക്കുൾവശവും വൃത്തിയായിരിക്കണം. ഫയലുകൾ വാരിവലിച്ച്, കൂട്ടിയിടരുത്.
6. നല്ല ജോലിയന്തരീക്ഷം സൃഷ്ടിക്കുക.
7. ജനങ്ങളുമായുള്ള സമ്പർക്കം സുഗമമാക്കുക
8. എന്തു കാര്യത്തിനാണോ അപേക്ഷ നൽകിയിട്ടുള്ളത്, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രം അപേക്ഷകരിൽ നിന്ന് നിന്ന് തേടുക. (അത്യാവശ്യമില്ലാത്ത അനുബന്ധരേഖകൾ ജനങ്ങളെ നെട്ടോട്ടമോടിക്കുന്ന പരിപാടി ഇനി വേണ്ടെന്നർത്ഥം)
9. കമ്പ്യൂട്ടർ, ഇന്റർനെറ്റ് (വിവരസാങ്കേതികവിദ്യ) ഉപയോഗം സെക്രട്ടറിമാർ പ്രോൽസാഹിപ്പിക്കണം. അതുവഴി ഓഫീസ് നടപടികൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യണം. ഇത് മൂന്ന് നാല് ആഴ്ചകൾക്കുള്ളിൽ തീർക്കണം.
10. വകുപ്പുകൾ തമ്മിലുള്ള കൂടിയാലോചനകൾ നടക്കണം. എന്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാതെ വരുന്നുണ്ടെങ്കിൽ അവർക്ക് കാബിനറ്റ് സെക്രട്ടറിയേയോ പ്രധാനമന്ത്രിയുടെ ഓഫീസിനെയോ സമീപിക്കാം.
11. പൊതുജനങ്ങളുടെ പരാതികളിൽ യഥാസമയംപരിഹാരം ഉണ്ടാകുന്നുണ്ടെന്ന് വകുപ്പു തലവന്മാർഉറപ്പാക്കണം.
12 വകുപ്പ് ഒന്നടങ്കം ഒരു ടീമായി പ്രവർത്തിക്കണം.

തീരുമാനങ്ങൾ വൈകുന്നത് തടയാൻ കൈക്കൊണ്ട തീരുമാനങ്ങൾ

1. മന്ത്രി സഭയുടെ വലുപ്പം കുറച്ചു
2.ഒരേ സ്വഭാവമുള്ള പല വകുപ്പുകൾ ഒന്നിച്ചാക്കി (അനവധി മന്ത്രിമാരെ ഉൾക്കൊള്ളിക്കാനാണ് മുൻപ് പല വകുപ്പുകൾ കഷണങ്ങളാക്കി പല മന്ത്രിമാരെ വച്ചിരുന്നത്)
3. പ്രധാനമന്ത്രിയുമായി സെക്രട്ടറിമാർക്ക് നേരിട്ട് ബന്ധപ്പെടാൻ അവസരമൊരുക്കി.
4. മന്ത്രിതല സമിതികൾ പിരിച്ചുവിട്ടു. (പല കാര്യങ്ങളും ഈ മന്ത്രിതലസമിതികൾക്കു വിട്ടതിനാൽ തീരുമാനങ്ങൾ വളരെയേറെ വൈകിയിരുന്നു. ചില കാര്യങ്ങളിൽ തീരുമാനങ്ങളേ ഉണ്ടായിട്ടില്ല. ചില വിഷയങ്ങളിൽ മന്ത്രിതല സമിതികൾ ചേർന്നിട്ടേയില്ല.)

കൃഷിയിടങ്ങൾക്ക് പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന

കാർഷിക രംഗത്ത് വൻ വളർച്ച കൈവരിക്കാൻ പ്രധാനമന്ത്രി ഗ്രാം സിഞ്ചായി യോജന നടപ്പാക്കും എല്ലാകൃഷിയിടങ്ങളിലും ജലസേചനമെത്തിക്കുന്നതാണ് പദ്ധതി. കാർഷിക വിളകളുടെ ഉൽപാദനം മണ്ണിന്റെ ഫലഭൂയിഷ്ഠതയേയും ജല ലഭ്യതയേയും അടിസ്ഥാനമാക്കിയാണ് നിലനിൽകുന്നത്. രാജ്യത്തെ 14 കോടി ഹെക്ടർ കൃഷിസ്ഥലങ്ങളിൽ 44 ശതമാനത്തിന്റേയും ജലസേചനം മഴയെ ആശ്രയിച്ചാൺ്. കർഷകർക്കായി സോയിൽ ഹെൽത്ത് കാർഡ് (എസ്എച്‌സി) കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യും. ഇതിനോടനുബന്ധിച്ച്് വിളവെടുപ്പും വിവിധ തരത്തിലുള്ള വിളകളെ കുറിച്ചുള്ള അവബോധവും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നൽകുന്നതാണ്. ഇത് കൂടാതെ ശാസ്ത്രജ്ഞന്മാരുടേയും വിദ്യാർത്ഥികളുടേയും സഹായത്തോടെ കൃഷിഭൂമിയുടെ വളപരിശോധനയും നടത്തും. ഭക്ഷ്യയോഗ്യമായ വസ്തുക്കളുടെ പൂഴ്‌ത്തിവെയ്‌പ്പ് തടയുന്നതിനും കരിഞ്ചന്തയ്‌ക്കെതിരേയും നടപടി സ്വീകരിക്കും.

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അവസാനിച്ചു. കേന്ദ്രസർക്കാർ ഓഫീസുകൾ പ്രവർത്തനക്ഷമമായി

സ്ഥിരമായി വൈകിവരുന്നവരെ കുടുക്കാനായി എല്ലാ ഓഫീസുകളിലും ബയോ മെട്രിക് സ്‌കാനർ സംവിധാനവും ഓൺലെൻ അറ്റന്റൻസ് സംവിധാനവും നിലവിൽ വന്നു. ഇതിലൂടെ കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും ചെയ്യും. കാര്യങ്ങൾ വച്ചുതാമസിപ്പിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം വന്നതോടുകൂടി ഓഫീസ് ജീവനക്കാർ രാത്രി ഏറെ വൈകിയാണ് മടങ്ങുന്നത്. കെട്ടിക്കിടക്കുന്ന പല ഫയലുകളും തീർപ്പാക്കുന്ന തിരക്കിലാണ് ഇപ്പോൾ ജീവനക്കാർ. വീടുകളിലെ ആവശ്യങ്ങൾക്കായി ജോലി നിർത്തിവച്ച് പോയിരുന്ന ഉദ്യോഗസ്ഥർ അത്തരം ശീലങ്ങൾ അവസാനിപ്പിച്ചതായി അവർ തന്നെ പറയുന്നു. ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസം മാത്രം ജോലി ചെയ്തിരുന്നവർ ഇപ്പോൾ സമയം പോലും നോക്കാതെ പ്രയത്‌നിക്കുകയാണ് രാജ്യത്തിനുവേണ്ടി. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് മുഖ്യ പരിഗണന നൽകണമെന്ന നിർദ്ദേശം മാനിക്കുകയാണ് കേന്ദ്രസർക്കാർ ജീവനക്കാർ.

യുദ്ധോപകരണങ്ങൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

ഇന്ത്യ ആയുധനിർമ്മാണം തുടങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രം എന്നതുമാറ്റി ഏറ്റവും വലിയ ആയുധനിർമ്മാതാവ് എന്ന നിലയിലേക്ക് ഇന്ത്യയെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് മോദി സർക്കാർ ആരംഭിച്ചിരിക്കുന്നത്. പ്രതിരോധ മേഖലയിലെ സ്വകാര്യ പങ്കാളിത്തതിനുള്ള നിയന്ത്രങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തുന്നു. കേന്ദ്രസർക്കാരിന്റെ ലൈസൻസ് ഇല്ലാതെ തന്നെ പ്രതിരോധമേഖലയിലെ പകുതിയോളം വരുന്ന യുദ്ധോപകരണങ്ങളും ഇനി മുതൽ സ്വകാര്യ മേഖലയിൽ നിർമ്മിക്കാനാകും. സ്വകാര്യ കമ്പനികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ ഇനി കയറ്റുമതി ചെയ്യാനും സാധിക്കും. ഇതോടെ ചിലയിനം പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഒഴിവാകും. അതു വഴിയുള്ള കോടികളുടെ അധികച്ചെലവും കുറയും. മോദി അധികാരമേറ്റതിനുശേഷമുള്ള ഏറ്റവും വലിയ വഴിത്തിരിവാണ് പുതിയ തീരുമാനം. സൈനിക ആവശ്യങ്ങൾക്കും, അല്ലാത്തവയ്ക്കും ഉപയോഗിക്കാവുന്ന ഒന്നിലധികം പ്രയോജനമുള്ള യുദ്ധോപകരണങ്ങളുടെ നിർമ്മാണത്തിനുള്ള നിയന്ത്രണമാണ് കേന്ദ്രം എടുത്തുകളഞ്ഞിരിക്കുന്നത്.

പി എഫ് കോഡ് നമ്പരിനായി ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം

പ്രൊവിഡന്റ് ഫണ്ട് കോഡ് നമ്പർ ലഭിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം നിലവിൽ വന്നു. കോഡ് നമ്പർ ലഭിക്കാനായി മുൻപ് സ്ഥാപനങ്ങൾ ബന്ധപ്പെട്ട പിഎഫ് ഓഫീസുകളിൽ നേരിട്ട് അപേക്ഷ നൽകുകയാണ് ചെയ്തിരുന്നത്. പലപ്പോഴും കോഡ് നമ്പർ ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. പുതിയ സംവിധാനമുപയോഗിച്ച് സ്ഥാപനങ്ങൾക്ക് പിഎഫ് ഓർഗനൈസേഷന്റെ വെബ്‌സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാനാകും. വിജയകരമായി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ പാൻ നമ്പർ പരിശോധന പൂർത്തിയാക്കിയ ശേഷം ഒരു ദിവസത്തിനകം തന്നെ പിഎഫ് കോഡ് നമ്പർ ലഭിക്കുന്നതായിരിക്കും. അപേക്ഷകളുടെ തത്സ്ഥിതി അറിയാനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ലഭ്യമാണ്.

വനിതാ കമ്മീഷന് കൂടുതൽ അധികാരങ്ങൾ

വനിതാ കമ്മീഷന് കൂടുതൽ അധികാരങ്ങളും അവകാശങ്ങളും നൽകുന്നു. ഇപ്പോൾ നാമമാത്രമായ അധികാരമേ കമ്മീഷനുള്ളൂ, പേരിനൊരു കമ്മീഷൻ എന്നതാണ് അവസ്ഥ. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ശക്തമായി ഇടപെടാനും ആവശ്യമെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ദേശീയ വനിതാ കമ്മീഷന് നൽകാനാണ് കേന്ദ്രസർക്കാർ പദ്ധതി. ഗാർഹിക പീഡനം, തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം എന്നീ വിഷയങ്ങളിൽ വനിതാ കമ്മീഷനു മുന്നിൽ വരുന്ന പരാതികളിൽ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യാനും, ശിക്ഷാ നടപടികൾ നൽകുവാനുമുള്ള അധികാരമാണ് ലഭിക്കുക. ഇപ്പോൾ വെറുമൊരു അന്വേഷണം നടത്താമെന്നു മാത്രം. അതിനപ്പുറം ഒന്നും ചെയ്യാനാവില്ല. ഇതു സംബന്ധിച്ച് കാബിനറ്റ് റിപ്പോർട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം തയ്യാറാക്കിക്കഴിഞ്ഞു. ഗാർഹിക പീഡനം, തൊഴിലിടങ്ങളിലെ പീഡനം, എന്നിവ അന്വേഷിക്കുന്നതിന് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സഹായം കമ്മീഷന് ലഭിക്കും. അന്വേഷണം, പരിശോധന, അറസ്റ്റ് വാറണ്ട് എന്നീ അധികാരങ്ങളായിരിക്കും ദേശീയ വനിതാകമ്മീഷന് ലഭിക്കുക.

കർഷകന്റെ ഉന്നതി

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ കാർഷിക മേഖലയുടെ സമഗ്രമായ ഉന്നതി ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങൾ കേന്ദ് ബജറ്റിന് ഹരിതശോഭ നൽകി. കുറഞ്ഞ പലിശയ്ക്ക് കാർഷിക വായ്പ, പലിശയിളവുകൾ, കർഷകന് സോയിൽ കാർഡ്, കാർഷിക യൂണിവേഴ്‌സിറ്റികൾ, ഹോർട്ടികൾച്ചർ യൂണിവേഴ്‌സിറ്റികൾ.. അങ്ങനെ പോകുന്നു കർഷകനെ താങ്ങിനിർത്തുന്ന പ്രഖ്യാപനങ്ങൾ. നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലൂടെ രണ്ടാം ഹരിത വിപ്ലവം സൃഷ്ടിക്കുമെന്നും ബജറ്റിൽ അടിവരയിട്ടുപറയുന്നു. വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന ദൃഢപ്രതിജ്ഞയുമുണ്ട്.

ഭൂമി ഹീൻ കിസാൻ പദ്ധതി: ഭൂരഹിതരായ കർഷകരെ ലക്ഷ്യമിട്ടുള്ള 'ഭൂമി ഹീൻ കിസാൻ' പദ്ധതി പ്രകാരം അഞ്ച് ലക്ഷംപേർക്ക് സാമ്പത്തിക സഹായം നൽകും. ഇതിനുള്ള തുകയും നബാർഡ് വഴിയാകും ഉറപ്പുവരുത്തുക.
വില സ്ഥിരതാ ഫണ്ട്: വിലക്കയറ്റം പിടിച്ചു നിർത്താനും കാർഷികരംഗത്തിന് കുതിപ്പുപകരാനും വില സ്ഥിരതാ ഫണ്ട് രൂപീകരിക്കും അതിലേക്കായി 500 കോടി ബജറ്റിൽ ഉൾക്കൊള്ളിച്ചു..

മണ്ണു പരിശോധനാ കേന്ദ്രങ്ങൾ: മണ്ണിന്റെ ഗുണനിലവാരത്തകർച്ച തടയാനും കൃഷി മെച്ചപ്പെടുത്താനും രാജ്യത്തൊട്ടാകെ 100 മണ്ണു പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നതും സുപ്രധാന തീരുമാനങ്ങളിൽപ്പെടുന്നു. ഇതിന് 56 കോടി മാറ്റിവച്ചു.

സോയിൽ കാർഡുകൾ : എല്ലാകർഷകർക്കും സോയിൽ കാർഡുകൾ നൽകും. നൂറുകോടി രൂപ സോയിൽ കാർഡുകൾക്ക് ബജറ്റിൽ വകയിരുത്തി. മണ്ണിന്റെ ഗുണനിലവാരത്തിന് അനുസൃതമായി വളം ഉപയോഗത്തിനും കൃഷി രീതികളുടെ പരീക്ഷണത്തിനും സോയിൽ കാർഡുകൾ കർഷകനെ സഹായിക്കും.
നാഷണൽ അഡാപ്‌റ്റേഷൻ ഫണ്ട് ഫോർ ക്ലൈമാറ്റിക് ചെയ്ഞ്ച് : കാലാവസ്ഥാമാറ്റം കൃഷിയിൽ വരുത്തുന്ന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ആയിരം കോടിയുടെ നാഷണൽ അഡാപ്‌റ്റേഷൻ ഫണ്ട് ഫോർ ക്ലൈമാറ്റിക് ചെയ്ഞ്ച് ആവിഷ്‌കരിക്കും. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്തി കാർഷിക ഉത്പന്നങ്ങൾക്ക് ദേശീയ തലത്തിൽ വിപണിയുണ്ടാക്കും

സ്വകാര്യ ചന്തകളും കർഷക ചന്തകളും: പട്ടണങ്ങൾ കേന്ദ്രീകരിച്ച് സ്വകാര്യ ചന്തകളും കർഷക ചന്തകളും സ്ഥാപിക്കും. അതുവഴി കർഷകർക്ക് ഉത്പന്നങ്ങൾ നേരിട്ട് വിൽക്കുന്നതിന് അവസരമൊരുക്കും. തദ്ദേശീയമായ സങ്കരയിനം കന്നുകാലികളുടെ ഉത്പാദനത്തിന് 50 കോടി വിനിയോഗിക്കും. തുല്യമായ തുക മത്സ്യബന്ധ മേഖലയ്ക്കായും ചെലവിടും.

അഗ്രികൾക്കച്ചറൽ യൂണിവേഴ്‌സിറ്റി : കാർഷിക വികസനത്തിന് ആസാമിലും ഝാർഖണ്ഡിലുമായി രണ്ട് അഗ്രികൾക്കച്ചറൽ യൂണിവേഴ്‌സിറ്റികൾ സ്ഥാപിക്കും

ഹോർട്ടികൾച്ചറൽ യൂണിവേഴ്‌സിറ്റി : ആന്ധ്രയിലും രാജസ്ഥാനിലുമായി രണ്ട് ഹോർട്ടികൾച്ചറൽ യൂണിവേഴ്‌സിറ്റികളും സ്ഥാപിക്കും.

സ്വയം സാക്ഷ്യപ്പെടുത്തൽ; സർക്കാർ തീരുമാനം വമ്പിച്ച ചുവടുവെപ്പ്

സത്യവാങ്മൂലം സമർപ്പിക്കാനുള്ള സങ്കീർണതകൾ ഒഴിവാക്കാൻ സ്വയം ഒപ്പിട്ട രേഖകൾ സമർപ്പിച്ചാൽ മതിയെന്ന തീരുമാനമെടുത്തുകൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടി സാധാരണ ജനങ്ങൾക്ക് ആശ്വാസമാകുന്നു. സർക്കാർ ആവശ്യങ്ങൾക്ക് നോട്ടറിമാർ ഒപ്പുവച്ച സത്യവാങ്മൂലം സമർപ്പിക്കുന്നത് ഗ്രാമങ്ങളിലെ സാധാരണ ജനങ്ങൾക്ക് വളരെ പ്രയാസമേറിയ പ്രക്രിയയാണ്. ഇതിനായി അവർക്ക് 100 മുതൽ 500 രൂപ വരെ ചെലവാക്കേണ്ടി വരുന്നു. മിക്ക ഉദ്യോഗസ്ഥരും മതിയായ രേഖകളില്ലാതെ അറ്റസ്‌റ്റേഷൻ നടത്താറുമില്ല. സെൽഫ് അറ്റസ്‌റ്റേഷൻ (സ്വന്തമായി ഒപ്പിടൽ) നിലവിൽ വരുന്നതോടെ ഈ പ്രശ്ലങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെടും. രണ്ടാം അഡ്‌മിനിസ്‌ട്രേറ്റിവ് റീഫോമ്‌സ് കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ നടപടിയെടുക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് യഥാർത്ഥ രേഖകൾ അവസാനഘട്ടത്തിൽ ഹാജരാക്കിയാൽ മതിയാകും.

കാശ്മീരി അഭയാർത്ഥികളുടെ പുനരധിവാസത്തിന് 500 കോടിയുടെ കേന്ദ്രപദ്ധതി

ഭീകരാക്രമണങ്ങൾ മൂലം അഭയാർത്ഥികളാകേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ 500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. 1990 മുതൽ ഭീകരാക്രമണങ്ങൾ മൂലം ഏതാണ്ട് 57,000 കുടുംബങ്ങൾ കാശ്മീർ താഴ്‌വരയിൽ നിന്നും ജമ്മുവിലേക്കും ഡൽഹിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പലായനംചെയ്തതായിട്ടാണ് കണക്കുകൾ. ഇപ്പോൾ രാജ്യത്ത് 60452 കാശ്മീരി അഭയാർത്ഥി കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 38119 കാശ്മീരി അഭയാർത്ഥി കുടുംബങ്ങൾ ജമ്മുവിലും 19338 കുടുംബങ്ങൾ ഡൽഹിയിലും 1995 കുടുംബങ്ങൾ മറ്റു സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ സർക്കാർ ഒരാൾക്ക് 1650 രൂപവച്ച് പരമാവധി ഒരു കുടുംബത്തിന് 6600 രുപയുടെ സഹായം ഒരുമാസം നൽകുന്നുണ്ട്. അതുപോലെ മാസത്തിൽ ഒമ്പത് കിലോ അരി, രണ്ട് കിലോ ആട്ട, ഒരു കിലോ പഞ്ചസാര എന്നിവയും റേഷനായി നൽകുന്നുണ്ട്. 136കോടി രൂപ ആഭ്യന്തര വകുപ്പ് ഈ ഇനത്തിൽ ജമ്മുവിലെ 17,248 കുടുംബങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്. ഡൽഹിയിൽ 3385 കുടുംബങ്ങൾക്ക് ഇതേ രീതിയിൽ തന്നെ സഹായം നൽകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഇതേ രീതിയിൽ കാശ്മീരി അഭയാർത്ഥികൾക്ക് സഹായം എത്തിക്കുവാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അഴിമതി തടയാൻ സർക്കാർ ജീവനക്കാർ ആസ്തി വെളിപ്പെടുത്താൻ കേന്ദ്ര നിർദ്ദേശം

സർക്കാർ ജീവനക്കാർ ആസ്തി വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം. ലോക്പാൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ജീവനക്കാരുടെ സ്വത്തുവിവരങ്ങൾക്കൊപ്പം ജീവിതപങ്കാളിയുടേയും മക്കളുടേയും സ്വത്തുവിവരങ്ങൾ കൂടി സമർപ്പിക്കണം. ആദ്യ നിയമനം ലഭിക്കുമ്പോൾത്തന്നെ ഇനിമുതൽ ജീവനക്കാർ സ്വത്ത് വിവരം സമർപ്പിക്കണം.

സ്ത്രീകൾക്കായി സ്വാധാർ അഭയ കേന്ദ്രങ്ങൾ

സ്ത്രീകൾക്കും, പെൺകുട്ടികൾക്കുമായുള്ള വിവിധ അഭയ പദ്ധതികളെ സ്ത്രീ സംരക്ഷണ വികസന സമന്വയ പദ്ധതിക്കു കീഴിൽ കൊണ്ടു വരുന്നു. രാജ്യത്താകമാനം 311 സ്വാധാർ അഭയ കേന്ദ്രങ്ങളും, 322 ഹ്രസ്വകാല വസതികളുമാണ് ഇപ്പോഴുള്ളത്. സ്വാധാർ പദ്ധതിക്കായി 269 ലക്ഷവും, ഹ്രസ്വകാല വസതി പദ്ധതിക്കായി 21.76 ലക്ഷവും ഈ വർഷം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആശയസംവാദത്തിന് പുതിയ വഴിയുമായി മൈ ഗവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ വെബ്‌സൈറ്റ് മൈ ഗവ് സദ്ഭരണത്തിനുള്ള വഴിയാണ്. ജനങ്ങൾക്ക് പ്രത്യേകിച്ച് യുവജനങ്ങൾക്ക്,സർക്കാരിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരമാണിത്.സദ്ഭരണത്തിനുള്ള പുതിയ ആശയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകാം. നിർദ്ദേശങ്ങൾ സമർപ്പിക്കാം, വിഷയങ്ങൾ നിർദ്ദേശിച്ച് അവയിൽ ചർച്ച നടത്താം, രേഖകളും ഫോട്ടോകളും പഠനറിപ്പോർട്ടുകളും വീഡിയോകളും പ്ലാനുകളും എല്ലാം സർക്കാരിന് സമർപ്പിക്കാം. ഇവ അംഗങ്ങൾക്ക് കൈമാറാം. അംഗീകാരം കിട്ടുന്ന ആശയങ്ങൾക്കും പദ്ധതികൾക്കും പോയന്റുകളും നൽകും. നാഷണൽ ഇൻഫർമാറ്റികസ് സെന്റർ, ഡിപ്പാർട്ടുമെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി എന്നിവരാണ് സൈറ്റ് പരിപാലിക്കുക. സൈറ്റിൽ രണ്ട് വേദികളാണ് ഉള്ളത്. ഒന്ന് ഡിസ്‌കസ്(ചർച്ച) രണ്ട് ഡൂ (ചെയ്യുക) സൈറ്റിന് മൊബൈൽ ആപ്പും തയ്യാറാക്കുന്നു. മൊബൈലിൽ ഫോട്ടോയെടുത്ത് സൈറ്റിലിടാൻ കഴിയും.സർക്കാർ പദ്ധതികൾക്കുള്ള പൊതു ഓഡിറ്റ് പോലെയും ഈ സൈറ്റ് പ്രവർത്തിക്കും. അതായത് പദ്ധതികൾ സുതാര്യമായിരിക്കും. ഉദാഹരണത്തിന് സർക്കാർ പദ്ധതികൾ എവിടം വരെയായിയെന്ന് ജനങ്ങൾക്ക് ഫോട്ടോയെടുത്ത് സൈറ്റിലിടാം. പ്രധാനമന്ത്രിയെ നേരിട്ട് ആവലാതികൾ അറിയിക്കാനുള്ള സംവിധാനം....

കൈത്തറി തുണിത്തരങ്ങൾ ഇനി ഓൺലൈനിൽ വാങ്ങാം

രാജ്യത്തെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ ഓൺലൈൻ വിൽപ്പനക്കാരായ ഫൽപ്കാർട്ടുമായി നരേന്ദ്ര മോദിസർക്കാർ കൈകോർക്കുന്നു. ഓൺലൈൻ എന്ന പുതിയ വേദി നെയ്ത്തുകാർക്കായി തുറന്നു നൽകുക എന്നതാണ് ലക്ഷ്യം. കൈത്തറി വസ്ത്രങ്ങൾ ഓൺലൈൻ വഴി വിൽക്കുന്നതിനുള്ള ഉടമ്പടിയിൽ കേന്ദ്ര ടെക്‌സ്‌റ്റൈിൽ മന്ത്രാലയവും ഫൽപ്കാർട്ടും തമ്മിൽ ധാരണയായി. ഓൺലൈനിലൂടെ കൈത്തറി മേഖലയ്ക്ക് വിപണി തുറന്നുനൽകുകവഴി രാജ്യത്തെ കൈത്തറി മേഖലയെ ശക്തിപ്പെടുത്താനും നെയ്ത്തുകാരുടെ ശാക്തീകരണവുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതുവഴി രാജ്യത്തെ വസ്ത്ര നിർമ്മാണ മേഖല ശക്തിപ്പെടും

പുകയില നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ സമിതി

രാജ്യത്തെ പുകയില നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സമിതിയെ നിയമിച്ചു. സിഗരറ്റ് വാങ്ങാനുള്ള നിലവിലെ പ്രായപരിധി 18 ൽ നിന്നും 25 ആയി ഉയർത്തുന്നതുൾപ്പെടെയുള്ള ഭേദഗതികളാണ് ആരോഗ്യമന്ത്രലയത്തിന്റെ പരിഗണനയിലുള്ളത്.

പഴഞ്ചനായ നിയമങ്ങൾ റദ്ദാക്കും

ഭരണം കാര്യക്ഷമമാക്കാൻ കേന്ദ്ര സർക്കാർ 72 പഴഞ്ചൻ നിയമങ്ങൾ റദ്ദാക്കുന്നു. കേന്ദ്ര നിർദ്ദേശ പ്രകാരം ലോ കമ്മീഷനാണ് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പഴയ നിയമങ്ങൾ കണ്ടെത്തി നൽകിയത്. ജില്ലകൾ രൂപീകരിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ബംഗാൾ ഡിസ്ട്രിക്‌സ് ആക്ടാണിതിൽ ഏറ്റവും പഴയത്. 1836 ൽ കൊണ്ടുവന്ന നിയമമാണിത്. ഈസ്റ്റ് ഇന്ത്യാക്കമ്പനിയുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. ഇന്ത്യ സ്വതന്ത്യം പ്രാപിച്ച് കാലമിത്രയും ആയിട്ടും ഈ നിയമം നിയമപ്പുസ്തകത്തിൽ നിലകൊള്ളുകയാണ്. എടുത്തു കളയേണ്ട ഇത്തരം 152 നിയമങ്ങൾ എങ്കിലും ഇനിയുമുണ്ട്.

മരുന്ന് പരീക്ഷണം: പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്ത് നിയമവിരുദ്ധമായി മരുന്ന് പരീക്ഷണം വ്യാപകമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. രാജ്യത്തെ മരുന്ന് പരീക്ഷണങ്ങൾ സംബന്ധിച്ച് കേന്ദ്രം പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി അധ്യക്ഷനായ അപ്പക്‌സ് കമ്മറ്റി പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. മരുന്ന് പരീക്ഷണം അനുവദിക്കണമെന്ന ചെറുകിട ആശുപത്രികളുടെ ആവശ്യം കേന്ദ്ര അപ്പക്‌സ് കമ്മറ്റി തള്ളി. 170 ചെറുകിട ആശുപത്രികളുടെ ആവശ്യമാണ് അപ്പക്‌സ് കമ്മറ്റി തള്ളിയത്.

പ്രൊജക്ട് മൗസം

ചൈനയുടെ കടൽ ആധിപത്യത്തിന് എതിരെ ഭാരതം പുതിയ പദ്ധതിയൊരുക്കുന്നു. പഴയ കടൽപ്പാതകൾ പുനരുജ്ജീവിപ്പിക്കുകയാണ് പരിപാടി. പ്രൊജക്ട് മൗസം എന്നാണ് പേര്. പുരാതനകാലത്ത് ഉണ്ടായിരുന്ന കടൽ റൂട്ടുകൾ പുനഃസ്ഥാപിക്കുകയാണ് പരിപാടി. കാറ്റിനെ ആശ്രയിച്ചുള്ള പായ്‌വഞ്ചികൾ ഓടിച്ചിരുന്ന കാലത്ത് ഭാരത നാവികരും വിദേശികളും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പാതകളാണിവ. ഈ പാതകൾ തുറക്കുന്നതോടെ കടൽ മേഖലയിലെ ചൈനീസ് മേൽക്കോയ്മക്ക് അറുതി വരുത്താൻ കഴിയും.

പുനർ ജാഗരൺ പദ്ധതി

യുവജനങ്ങളുടെ നൈപുണ്യ ശേഷി വികസിപ്പിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പരിപാടിയാണ് പുനർജാഗരൺ . നൈപുണ്യ വികസന, യുവജനകാര്യ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുക. രാഷ്ട്ര വികസനത്തിൽ യുവശക്തിയുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. നൈപുണ്യവികസനം, ബോധവൽക്കരണം, പ്രധാനവിഷയങ്ങളിൽ യുവാക്കൾക്ക് വിദ്യാഭ്യാസം നൽകുക, അവരിൽ ദേശീയ ബോധം വളർത്തുക, കൂടുതൽ അധികാരം അവരിലേക്ക് എത്തിക്കുക, എന്നിവയാണ് ലക്ഷ്യം.

സ്വച്ഛ് ഭാരത് പദ്ധതി

ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണ് ശുചിത്വം. ഭാരതത്തെ ശുചിത്വ പൂർണ്ണമാക്കാനുള്ള ?സ്വച്ഛ് ഭാരത് മിഷൻ? അഥവാ ?ശുചിത്വ ഭാരതം? എന്ന കൂട്ടായ പ്രസ്ഥാനത്തിന് തുടക്കമായി. ശുചിത്വമെന്ന ആശയം മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് വളരെ ചേർന്നു നിൽക്കുന്നു. 2019 ൽ ഗാന്ധിജിയുടെ 150ാമത് ജയന്തിയാണ്. ശുചിത്വപൂർണ്ണമായ ഭാരതം ബാപ്പുജിക്കുള്ള ഏറ്റവും നല്ല ശ്രദ്ധാജ്ഞലിയാകും. ശുചിത്വ ഭാരതം എന്ന തന്റെ സ്വപ്‌ന പദ്ധതി കഴിഞ്ഞ സ്വാതന്ത്രദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ജനങ്ങളുമായി പങ്കുവച്ചത്.

പേഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡിന്റെ കാലാവധി ആജീവനാന്തമാക്കി

അമേരിക്കയിലെ മാഡിസൺ സ്‌ക്വയറിലെ പ്രസംഗത്തിനിടയിൽ നൽകിയ വാഗ്ദാനങ്ങൾ ദിവസങ്ങൾക്കുള്ളിൽ പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പേഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡിന്റെ കാലാവധി ആജീവനാന്തമാക്കിക്കൊണ്ടാണ് മോദി തന്റെ വാഗ്ദാനം നിറവേറ്റിയത്. സെപ്റ്റംബർ 30 നു തന്നെ ഇതുസംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. നേരത്തെ 15 വർഷമായിരുന്നു പേഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡിന്റെ കാലാവധി. വിദേശപൗരത്വമുള്ളവർ ആറ് മാസത്തിനു ശേഷം ഇന്ത്യയിൽ തങ്ങുകയാണെങ്കിൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നുള്ള നിയമവും ഇളവു ചെയ്തിട്ടുണ്ട്.,
അതു പോലെതന്നെ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ യുഎസ് പൗരന്മാർക്ക് 10 വർഷം വരെ വിസ അനുവദിക്കാനുള്ള നിർദ്ദേശവും നല്കിക്കഴിഞ്ഞു. വിസ ഓൺ അറൈവൽ സംവിധാനം ഒക്ടോബറിൽ തന്നെ ഏർപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത് വിനോദ സഞ്ചാര മേഖലയെ സഹായിക്കും. എന്നാൽ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ കാർഡ് നൽകാറില്ല.

സമഗ്ര മാനസിക ആരോഗ്യ നയം

ചരിത്രത്തിലാദ്യമായി കേന്ദ്രസർക്കാർ രാജ്യത്ത് മാനസികാരോഗ്യ നയം രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഒക്‌ടോബർ 10 ദേശീയ മാനസികാരോഗ്യ ദിനമായി ആചരിക്കും. മാനസിക രോഗികളെ ജീവിതത്തിലേക് മടക്കികൊണ്ട് വരുന്നതിന് മുൻഗണന നൽകും. 2020 ആകുമ്പോഴെക്കും ഭാരതത്തിൽ 20 ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ ്‌ലോകാരോഗ്യ സംഘടനയുടെ പഠനം. രാജ്യത്ത് ഇന്ന് 3500 സൈക്യാട്രിസ്റ്റുകൾ മാത്രമേയുള്ളു. ഡോക്ടർമാരുടെ ഈ കുറവ് പരിഹരിക്കാൻ കേന്ദ്രസർക്കാർ വേണ്ട നടപടികൾ കൈകൊള്ളും.

സൻസദ് ആദർശ ഗ്രാമ പദ്ധതി

ഗ്രാമവികസന രംഗത്ത് വമ്പിച്ച വിപ്ലവത്തിനു വഴിയൊരുക്കുന്ന ആദർശ ഗ്രാമപദ്ധതിക്ക് തുടക്കമായി. രാജ്യത്തെ എല്ലാ ഗ്രാമങ്ങളേയും മാതൃക ഗ്രാമങ്ങളാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഗാന്ധിജിയുടെ സ്വരാജ് എന്ന ആശയത്തിന് പിന്നിൽ ഗ്രാമങ്ങളുടെ വികസനമാണ് ലക്ഷ്യമിട്ടത്. ഗ്രാമങ്ങളുടെ വികസനത്തിൽ ഗാന്ധിജി നിർണായക പങ്ക് വഹിച്ചു. ഗ്രാമങ്ങളിൽ 100 ശതമാനം ആരോഗ്യം, വിദ്യാഭ്യാസം, ഉറപ്പുവരുത്തണം. 2019ഓടെ ഓരോ എംപിമാരും മൂന്ന് ഗ്രാമങ്ങൾ ഏറ്റെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്തണം. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ഗ്രാമങ്ങളെ മാതൃകാ ഗ്രമാങ്ങളാക്കിമാറ്റിക്കഴിഞ്ഞാൽ രണ്ടാംഘട്ടം എന്നോണം ഓരോ എംപിമാരും പ്രതിവർഷം ഒന്നെന്ന നിലയിൽ അഞ്ച് ഗ്രാമങ്ങളെ ആദർശ ഗ്രാമങ്ങളാക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും എംപിമാരുടെ വികസന ഫണ്ടാണ് ഇതിനു വിനിയോഗിക്കുന്നത്. ലോക്‌സഭാംഗങ്ങൾക്ക് അവരവരുടെ മണ്ഡലത്തിലെ ഗ്രാമം വികസനത്തിനു തെരഞ്ഞെടുക്കാം. രാജ്യസഭാംഗങ്ങൾക്ക് അവരവരുടെ സംസ്ഥാനത്തെ ഏതു മണ്ഡലവും വികസിപ്പിക്കാം. നാമനിർദ്ദേശം ചെയ്യപ്പെട്ട എംപിക്ക് രാജ്യത്തെ ഏത് പഞ്ചായത്തും തിരഞ്ഞെടുക്കാം. ഗ്രാമപഞ്ചായത്ത് ഇല്ലാത്ത നഗരപ്രദേശത്തെ ലോക്‌സഭാ എംപിക്ക്, മണ്ഡലത്തിനടുത്തുള്ളഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കാം.

ജൻ ധൻ യോജന (എല്ലാവർക്കും ബാങ്ക് അക്കൗണ്ട് പദ്ധതി)

എല്ലാവർക്കും ബാങ്ക് അക്കൗണ്ട് പദ്ധതി ജൻ ധൻ യോജനക്കു തുടക്കമായി. ആധാർകാർഡ് മാത്രം അടിസ്ഥാനമാക്കി അക്കൗണ്ട് നൽകണമെന്നു ധനമന്ത്രാലയം എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകി. റിസർവ് ബാങ്കിന്റെ കീഴിലുള്ള സ്വകാര്യ ബാങ്കുകൾക്കും ഇതു ബാധകമാണ്. സീറോബാലൻസിൽ അക്കൗണ്ട് തുറക്കാം. ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഡെബിറ്റ് കാർഡ് നൽകണമെന്നും ഉത്തരവിലുണ്ട്. ആധാർ കാർഡില്ലെങ്കിൽ പകരം ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവയ്‌ക്കൊപ്പം മേൽവിലാസം തെളിയിക്കുന്ന രേഖ, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പു പദ്ധതി കാർഡ്, ടെലിഫോൺ ബിൽ, വൈദ്യുതി ബിൽ, എം. പി, എംഎ‍ൽഎ. പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ കത്ത് എന്നിവയും ഉപയോഗിക്കാം.

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ശ്രമേവ് ജയതേ പദ്ധതി സമഗ്ര തൊഴിൽ പരിഷ്‌ക്കരണ പദ്ധതി

രാജ്യത്ത് സമഗ്രമായ തൊഴിൽ പരിഷ്‌ക്കരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. നാലേകാൽ കോടി പ്രൊവിഡന്റ്ഫണ്ട് അംഗങ്ങൾക്ക് പ്രയോജനകരമായ ഏകീകൃത പി.എഫ് നമ്പർ സംവിധാനവും വ്യാപാരം ആരംഭിക്കുന്നതിനാവശ്യമായ 16 ഇന ഫോമുകൾക്ക് പകരം ഒരു ഫോം മാത്രമാക്കി ചുരുക്കിയും കേന്ദ്രസർക്കാർ നയം വ്യക്തമാക്കി. തൊഴിൽ രംഗത്തെ ഇൻസ്‌പെക്ടർ രാജ്? സംവിധാനത്തിന് അവസാനമായെന്ന് ഏകീകൃത തൊഴിലാളി പോർട്ടലായ ശ്രം സുവിധ, സുതാര്യമായ തൊഴിൽ പരിശോധനാ പദ്ധതി, അപ്രന്റൈസ് പ്രോൽസാഹൻ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി തയ്യാറാക്കിയ രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (ആർഎസ്ബിവൈ) തുടങ്ങിയ പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾക്ക് തൊഴിലാളികളുടെ ഭാഗത്തുനിന്നുകൊണ്ടുള്ള പരിഹാരങ്ങൾ കാണും. തൊഴിലാളികളെ രാഷ്ട്രനിർമ്മാതാക്കളാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഒരു തൊഴിൽ സ്ഥാപനം ആരംഭിക്കുന്നതിനായി അമ്പത് വകുപ്പുകൾ കയറിയിറങ്ങി അമ്പതു ഫോമുകൾ പൂരിപ്പിച്ചുനൽകുന്ന കാലം കഴിഞ്ഞിരിക്കുന്നു. ലോകം മുഴുവൻ മാറുകയാണ്. ഒരു ഫോമിലൂടെ സംരംഭങ്ങൾക്ക് തുടക്കമിടാനാവുമെന്ന പുതിയ സംവിധാനം ആരംഭിക്കുകയാണ്. ഇതുസംബന്ധിച്ച പരാതികൾ രേഖപ്പെടുത്തുന്നതിനായി തൊഴിൽ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ പരാതിക്കു പരിഹാരം ഉണ്ടാക്കും.

രാജ്യത്ത് ഏകീകൃത പിഎഫ് അക്കൗണ്ട് നമ്പർ സംവിധാനം നിലവിൽ വന്നതോടെ തൊഴിൽസ്ഥാപനം മാറിയാലും അംഗങ്ങൾക്ക് ഇനി പിഎഫ് അക്കൗണ്ട് മാറേണ്ടതില്ല. പുതിയ സംവിധാനത്തിൽ തൊഴിലാളികൾക്ക് 12 അക്ക ഏകീകൃത പിഎഫ് അക്കൗണ്ട് നമ്പർ ലഭിക്കും. തൊഴിലുടമ നൽകുന്ന ഏകീകൃത നമ്പർ ഉപയോഗിച്ച് തൊഴിൽമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ചാൽ ജീവനക്കാർക്ക് സ്വന്തം പിഎഫ് അക്കൗണ്ടിന്റെ വിവരങ്ങൾ ലഭ്യമാകും. പാസ്ബുക്കും ഇതേ വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ കിടക്കുന്ന 27,000 കോടി രൂപ അതിന്റെ അവകാശികൾക്ക് തിരികെ നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

മേക്ക് ഇൻ ഇന്ത്യ

ലോകത്തിനു മുന്നിലേക്കുള്ള ഭാരതത്തിന്റെ സിംഹച്ചുവടുകളാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി. നിർമ്മാണമേഖലയുടെ ആഗോളകേന്ദ്രമായി രാജ്യത്തെ മാറ്റിയെടുത്ത് ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) എന്നതുകൊണ്ട് എൻഡിഎ സർക്കാർ ഉദ്ദേശിക്കുന്നത് ഫസ്റ്റ് ഡവലപ് ഇന്ത്യ എന്നതാണ്.

കൊച്ചി കപ്പൽശാലയ്ക്ക് നരേന്ദ്ര മോദി സർക്കാരിന്റെ വമ്പൻ സമ്മാനം.

കൊച്ചി കപ്പൽശാലയ്ക്ക് നരേന്ദ്ര മോദി സർക്കാരിന്റെ വമ്പൻ സമ്മാനം. 2,700 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിന്റെ അഭിമാനമായ ഷിപ്പ്‌യാർഡിന് കേന്ദ്രം അനുവദിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് കപ്പൽശാലയ്ക്ക് ഇത്രയും വലിയ കേന്ദ്രസഹായം ലഭ്യമാകുന്നത്. ഇതിനു മുൻപത്തെ വലിയ ധനസഹായം കൈവന്നത് പത്തു വർഷങ്ങൾക്കപ്പുറം വാജ്‌പേയി സർക്കാരിന്റെ കാലത്തും. കപ്പൽശാലയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ ഉതകുന്നതാണ് കേന്ദ്രസഹായം. രണ്ട് രീതിയിലാണ് കപ്പൽശാലയ്ക്ക് പണം അനുവദിച്ചിരിക്കുന്നത്. ഏതു അത്യാധുനികതരം കപ്പലും പണിയാൻ തക്കവണ്ണം കപ്പൽശാലയെ നവീകരിക്കുക അതിലൊന്ന്യ ആ ലക്ഷ്യം നേടാൻ 1200 കോടി രൂപ നൽകും. ഈ തുക കൊണ്ട് ഡോക്കുകൾ മെച്ചപ്പെടുത്താം. ഡ്രൈ ഡോക്ക് നിർമ്മിക്കാം. അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാം.

ജീവൻരക്ഷാമരുന്നുകളുടെ വില കേന്ദ്രസർക്കാർ കുറച്ചു വിലനിയന്ത്രണ പട്ടിക പരിഷ്‌ക്കരിച്ചു

ഹൃദ്രോഗം,പ്രമേഹം,രക്തസമ്മർദ്ദം എന്നിവയ്ക്ക് അടക്കമുള്ള ജീവൻ രക്ഷാമരുന്നുകൾക്ക് 25 ശതമാനംവരെ വിലക്കുറവേർപ്പടുത്തി. കൊളസ്‌ട്രോളിനുള്ള പുതുതലമുറ മരുന്നായ റോസുവാസ്റ്റാറ്റിൻ 10 എം.ജി.ഗുളികയ്ക്ക് 11.58 രൂപയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പതിമൂന്നരരൂപയാണ് പ്രമുഖ ബ്രാൻഡിന്റെ ഇപ്പോഴത്തെ വില. ഇതിന്റെ രണ്ടര എം.ജി(3.06 രൂപ), 20(23.17), 40(42.40),5 (6.61) എന്നിവയുടെ വിലയും പുതുക്കി. ഹൃദ്രോഗത്തിന്റെ മരുന്നായ ക്ലോപ്പിഡോഗ്രൽ 150, 300 എം.ജി.കളുടെ വില 12.99, 36.57 രൂപയായാണ് യഥാക്രമം നിശ്ചയിച്ചിരിക്കുന്നത്.പ്രമേഹക്കാർക്കുള്ള ഗ്ലൈക്ലാസൈഡ് 30 എം.ജി5.77 രൂപ, 403.26, 609.90, 805.00 എന്നിങ്ങനെയാക്കിയാണ് കുറച്ചിട്ടുള്ളത്. ഇതേ രോഗത്തിനുള്ള ഗ്ലെം്രൈപഡ്, മെറ്റ്‌മോർഫിൻ എന്നീ മരുന്നുകളുടെ വിലയും കുറയുന്നുണ്ട്. രക്ത സമ്മർദ്ദത്തിനുള്ള അംലോഡിപ്പിൻ, ശസ്ത്രക്രിയയ്ക്കുശേഷം രക്തം കട്ടപിടിക്കാൻ ഉപയോഗിക്കുന്ന ഹെപ്പാരിൻ എന്നിവയുടെ വിലയും 25 ശതമാനത്തോളം കുറയും.

ഗംഗാ സംരക്ഷണം

ഉത്ഭവസ്ഥാനം മുതൽ ബംഗാൾ സമുദ്രം വരെ 2525 കി.മീ. ആണ് ഗംഗയുടെ ദൈർഘ്യം(ഭാഗീരഥിയുടെ നീളം ഉൾപ്പെടെ). ഗംഗയുടെ ആകെ നീർവാർച്ചാപ്രദേശം ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 26 ശതമാനത്തിലധികം (9,07,000 ച.കി.മീ.) വരും. ഇത്രയും വലിയ നീർവാർച്ചാപ്രദേശം ഇന്ത്യയിൽ മറ്റൊരു നദിക്കുമില്ല. മധ്യേന്ത്യ മുഴുക്കെ ഗംഗയുടെ നീർവാർച്ചാ പ്രദേശമാണെന്നു പറയാം. വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും കാലവർഷക്കാലത്ത്(ജൂലൈ മുതൽ ഒക്ടോബർ വരെ) അങ്ങനെയും, ബംഗാൾ ഉൾക്കടലിൽ ഉണ്ടാകാറുള്ള മർദ്ദവ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് പെയ്യിക്കുന്ന പേമാരിയും ഗംഗയ്ക്ക് ജലം നൽകുന്നു. മിക്കവർഷങ്ങളിലും ഗംഗ കരകവിഞ്ഞൊഴുകകയും നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഈ ഗംഗയെ സംരക്ഷിക്കുക എന്നത് കേവലം ഭക്തിയുടെനിറം നൽകി ചെറുതായി കാണണ്ട. ഏകദേശം നാൽപ്പതു കോടി ജനങ്ങളുടെ ജലാവശ്യം നിറവേറ്റുന്ന നദിയാണ് ഗംഗ.

മേക്ക് ഇൻ ഇന്ത്യ തരംഗം: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹനനിർമ്മാണ കേന്ദ്രം ഇന്ത്യയിൽ

ഇരുചക്രവാഹനനിർമ്മാണത്തിനുവേണ്ടി മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ നിർമ്മാണകേന്ദ്രം ഇന്ത്യയിൽ നിർമ്മിക്കാൻ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഒരുങ്ങുന്നു. ഗുജറാത്തിലെ വിതാലപുരയിലാണ് പഌന്റ് നിർമ്മിക്കുന്നത്. ഇതിനായി 1100 കോടിരൂപ നിക്ഷേപിക്കാനാണ് എച്ച്എംഎസ്‌ഐ ലക്ഷ്യമിടുന്നത്. 250 ഏക്കറിലാണ് പഌന്റ് നിർമ്മിക്കുന്നത്. 12 ലക്ഷം യൂണിറ്റുകൾ വർഷം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. എച്ച്എംഎസ്‌ഐ നൽകുന്ന വിവരമനുസരിച്ച് 97 ശതമാനം നിർമ്മാണ സാമഗ്രികളും തദ്ദേശീയമായി നിർമ്മിക്കുന്നതാവുമത്രെ.

പെട്രോൾ ഡീസൽ വില

മോദി സർക്കാർ അധികാരത്തില് വന്ന് അഞ്ചു മാസത്തിനകം പെട്രോളിനു ഇതുവരെ 5 തവണ ആയി 7 രൂപയോളം കുറച്ചീട്ടുണ്ട്. കൂടാതെ ഡീസൽ വിലയിലും ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ആദ്യമായാണ് ഡീസൽ വിലയിൽ കുറവ് വരുത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം

ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സമ്പ്രദായത്തിൽ മാറ്റം വരുത്തുന്നതിനുള്ള ബില്ല് ലോക്‌സഭ പാസാക്കി. മോദി സർക്കാറിന്റെ ആദ്യത്തെ ഭരണഘടനാ ഭേദഗതി ബില്ലാണ് നിയമന കമ്മീഷന് വഴിയൊരുക്കുന്നത്. ആസൂത്രണ കമ്മീഷനെ ഒഴിവാക്കലാണ് മോദിയുടെ മറ്റൊരു സുപ്രധാന തീരുമാനം

ആസൂത്രണ കമ്മിഷൻ വേണ്ടന്നു വയ്ക്കുന്നു.

ആസൂത്രണ കമ്മിഷൻ സംവിധാനം പൊളിച്ചെഴുതുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പല പദ്ധതികൾക്കും ആസുത്രണ കമ്മിഷൻ തടസ്സമാണെന്ന ആരോപണവും ഉണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന നിലയിൽ ആസൂത്രണകമ്മിഷൻ തീരുമാനമെടുക്കുന്നതിനെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നരേന്ദ്ര മോദി നിശിതമായി വിമർശിച്ചിരുന്നു. ആസൂത്രണ കമ്മിഷനു പകരം സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ അധികാരം നൽകി പദ്ധതികൾ നടത്താൻ ആണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്.

ജുവനൈൽ നിയമ ഭേദഗതി

ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചെയ്യുന്ന 16 വയസ്സിന് മുകളിലുള്ള കുട്ടികളെ പ്രായപൂർത്തിയായതായി കണക്കാക്കി വിചാരണ ചെയ്യുമെന്ന് വ്യക്തമാക്കുന്ന കരട് ബിൽ തയ്യാറായി. ബാലനീതി നിയമത്തിലാണ് ഭേദഗതി പരിഗണിക്കുന്നത്.

വാണിജ്യ സൗകര്യ കരാറിന് ഭാരതത്തിന്റെ വീറ്റോ

പാവപ്പെട്ടവന്റെ പാത്രത്തിൽ ആഹാരം കിട്ടുന്നതും കർഷകരുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതും അല്ലാത്ത ഒരു കരാറുകളിലും ഇനി ഭാരതം ഒപ്പിടൂകയില്ല എന്ന ഉറച്ച നിലപാട് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രി എടുത്തത് അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വ്യാപാരക്കരാറുകൾക്ക് വിധേയമാകുന്ന മുൻ നയങ്ങളുപേക്ഷിച്ച ഭാരതം രാജ്യത്തിനു ദോഷകരമായ ലോക വ്യാപാര സംഘടനാ ഉടമ്പടിയിൽ ഒപ്പുവെയ്ക്കില്ലെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് കരാറിൽ ഒപ്പുവെയ്ക്കാൻ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും സംഘവും നടത്തിയ അവസാനവട്ട ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടു. ഇതോടെ ഭാരതവുമായി തുല്യതയുള്ള നയതന്ത്രബന്ധത്തിന് അമേരിക്ക നിർബന്ധിതമായി.

ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിർത്തിവച്ചു

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിർത്തിവക്കാൻ മോദി സർക്കാർ തീരുമാനിച്ചു. ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഭാരതത്തിന്റെ തനതായ കാർഷിക സമ്പത്തിനെ നശിപ്പിക്കുമെന്നും, വിത്തുകൾ സ്വന്തമാക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് രാജ്യവും കർഷകരും അടിമകളാകുമെന്ന ആശ്ങ്കകൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്.

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞു

രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞു. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പ നിരക്ക്. 2.38 ശതമാനമായിരുന്നു സെപ്റ്റംബർ മാസത്തെ പണപ്പെരുപ്പം. ഓഗസ്റ്റ് മാസത്തിൽ മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.74 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 5.15ൽ നിന്ന് 3.52 ശതമാനമായും ഉത്പാദനമേഖലിയിലെ പണപ്പെരുപ്പം 3.45ൽ നിന്ന് 2.84 ശതമാനമായും താഴ്ന്നിട്ടുണ്ട്. പഴംപച്ചക്കറി വിലകൾ കുറഞ്ഞതാണ് വിലക്കയറ്റം കുറയാൻ സഹായിച്ചത്. പച്ചക്കറി വിലപ്പെരുപ്പം 15.15 ശതമാനത്തിൽ നിന്ന് 8.59 ശതമാനമായി താഴ്ന്നിട്ടുണ്ട്. ഭക്ഷ്യവിലപ്പെരുപ്പം 7.67 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഇന്ധനഊർജ്ജമേഖലയുമായി ബന്ധപ്പെട്ട പണപ്പെരുപ്പനിരക്ക് 1.33 ശതമാനമായാണ് കുറഞ്ഞത്. ഓഗസ്റ്റിൽ ഇത് 4.54 ശതമാനമായിരുന്നു. സെപ്റ്റംബറിൽ ഉപഭോക്തൃവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.46 ശതമാനമാണ് രേഖപ്പെടുത്തിയത്. തൊട്ടുമുൻവർഷം ഓഗസ്റ്റിൽ 7.8 ശതമാനമായിരുന്നു. സെപ്റ്റംബറിൽ ചില്ലറവിൽപനമേഖലയിലെ പണപ്പെരുപ്പം 8.59 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. തൊട്ടു മുന്മാസം ഇത് 15.1 ശതമാനമായിരുന്നു.

മോദി സർക്കാരിന്റെ നയപ്രഖ്യാപനം

എല്ലാ കുടുംബത്തിനും വീട്; എല്ലാ വീട്ടിലും വൈദ്യുതി : സ്വാതന്ത്യത്തിന്റെ 75 ാം വർഷത്തിൽ എല്ലാ കുടുംബത്തിനും വീട് എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2022 ഓടെ എല്ലാ വീട്ടിലും 24 മണിക്കൂറും വൈദ്യുതിയും വെള്ളവും ലഭ്യമാക്കും.
ജലദൗർലഭ്യം പരിഹരിക്കുന്നതിന് നദീസംയോജന പദ്ധതി നടപ്പാക്കും
എല്ലാ സംസ്ഥാനങ്ങളിലും ഐ.ഐ.ടി, ഐ.ഐ.എം എന്നിവ സ്ഥാപിക്കും.
എയിംസ് മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും ആശുപത്രികൾ സ്ഥാപിക്കും
പൊതുസ്ഥലങ്ങളിൽ വൈഫൈ സംവിധാനം ഒരുക്കും.
കായികപ്രതിഭകളെ കണ്ടെത്താൻ ദേശീയ പദ്ധതികൊണ്ടുവരും.
ചരക്ക് സേവന നികുതി നടപ്പാക്കും.
കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ നേരിട്ടുള്ള വിദേശ നിക്ഷപം സ്വീകരിക്കും.. രാജ്യത്ത് ഇനി കർഷക ആത്മഹത്യയുണ്ടാകില്ലെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു.
അതിവേഗ ട്രെയിൻ സർവീസിനായി ചതുഷ്‌കോണപദ്ധതി നടപ്പിലാക്കും.
റെയിൽവേ നവീകരണവും ദേശീപാത വികസനവും സർക്കാരിന്റെ നയമാണ്.
നികുതി സമ്പ്രദായം ലഘൂകരിക്കും.
നിർമ്മാണസംരംഭങ്ങൾക്ക് അനുമതി നൽകാനായി ഏകജാലക സംവിധാനം തുടങ്ങും.
അതിവേഗ റെയിൽ ഇടനാഴി തുടങ്ങും.
ലോകോത്തരനിലവാരമുള്ള 100 നഗരങ്ങൾ നിർമ്മിക്കും.
ഹിമാലയത്തിനായി ദേശീയ പദ്ധതി തുടങ്ങും.
ഗംഗാ ശുചീകരണത്തിന് പുതിയ പദ്ധതി.
സാഗർമാല എന്ന പേരിൽ ജലഗാതഗത പദ്ധതി നടപ്പാക്കും.
ദേശീയ യുദ്ധ സ്മാരകം നിർമ്മിക്കും.
സൈനികർക്ക് ഒരേ റാങ്കിന് ഒരേ പെൻഷൻ പദ്ധതി നടപ്പാക്കും.
ബേട്ടി ബചാവോ ബേട്ടി പഠാവോ എന്ന പേരിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക പദ്ധതി.
ദേശീയ മാരിടൈം അഥോറിറ്റി രൂപവത്കരിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.

ആദ്യ പൊതു ബഡ്ജറ്റ്

നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതു ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ:

* ഭവന വായ്പാ പലിശ ഇളവ് രണ്ടു ലക്ഷമാക്കി

* വിദ്യാഭ്യാസ സെസ് 3 ശതമാനമായി തുടരും

* വരുമാന നികുതി പരിധികളിൽ മാറ്റമില്ല

* നികുതി ഇളവ് കിട്ടാവുന്ന നിക്ഷേപ പരിധി ഒരു ലക്ഷത്തിൽ നിന്ന് ഒന്നര ലക്ഷമാക്കി

* മുതിർന്ന പൗരന്മാരുടെ ആദായ നികുതി പരിധി മൂന്ന് ലക്ഷമാക്കി

* ആദായ നികുതി പരിധി രണ്ടര ലക്ഷമാക്കി ഉയർത്തി

* നികുതി ഘടനയിൽ മാറ്റമില്ല

* വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തീവണ്ടി പാതയ്ക്ക് 1,000 കോടി

* കശ്മീരി കുടിയേറ്റക്കാരുടെ പുനരധിവാസത്തിന് 500 കോടി

* വനിതാ സംഘങ്ങൾക്ക് 4 ശതമാനം വായ്പ

* ദേശീയ മത്സരങ്ങൾക്ക് പരിശീലിക്കുന്നവർക്ക് 100 കോടി

* ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ 100 കോടി

* ഉത്തരാഖണ്ഡിൽ നാഷണൽ സെന്റർ ഫോർ ഹിമാലയൻ സ്റ്റഡീസ്

* മണിപ്പൂരിൽ കായിക സർവകസാഷാസ

* ഗയ ലോകോത്തര പൈതൃക നഗരമാക്കും

* 15,000 കിലോമീറ്റർ ഗ്യാസ് പൈപ്പ് ലൈൻ

* സ്റ്റാർട്ട് അപ്പുകൾക്ക് 10,000 കോടി

* ദേശീയ നദീ സംയോജന പദ്ധതി നടപ്പിലാക്കും, സാധ്യതാ പഠനത്തിന് 100 കോടി

* ദേശീയ പൊലീസ് സ്മാരകം സ്ഥാപിക്കും

* പൈതൃക നഗരങ്ങൾ സംരക്ഷിക്കാൻ 200 കോടി

* പൊതു മേഖലാ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തികൾ തിരിച്ച് പിടിക്കും

* പ്രതിരോധ മേഖലയ്ക്ക് 2,29,000 കോടി

* മാവോയിസ്റ്റ് മേഖലയിൽ കൂടുതൽ ഫണ്ട്

* കമ്പനികളുടെ അക്കൗണ്ടിങ് സംവിധാനം പരിശോധിക്കും

* അതിർത്തിയിലെ അടിസ്ഥാന സൗകര്യവികസനത്തിന് 2,250 കോടി

* യുദ്ധ സ്മാരകങ്ങളും മ്യൂസിയങ്ങളും സ്ഥാപിക്കാൻ 100 കോടി

* പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായ നിധി

* എല്ലാ വീടുകളിലും രണ്ട് ബാങ്ക് അക്കൗണ്ടുകൾ

* വടക്കു കിഴക്കൻ സംസ്ഥാനത്തിലെ റോഡ് വികസനത്തിന് 3,000 കോടി

* ചെറുകിട സമ്പാദ്യ പദ്ധതികൾ തുടങ്ങും

* വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്ക് 1,000 കോടി

* വലിയ സോളാർപദ്ധതികൾ തുടങ്ങും

* സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും ഇ പ്ലാറ്റ്‌ഫോം വഴി ബന്ധിപ്പിക്കും

* 16 പുതിയ തുറമുഖ പദ്ധതികൾ

* കൈത്തറി, കരകൗശല നവീകരണം

* ഗംഗാ ശുചിത്വത്തിന് 4,400 കോടി

* തൂത്തുക്കുടി തുറമുഖ വികസനത്തിന് 11,300 കോടിയുടെ പ്രത്യേക സഹായം

* അപ്രന്റിസ് നിയമം പരിഷ്‌കരിക്കും

* കയറ്റുമതി പ്രോത്സാഹന മിഷൻ രൂപീകരിക്കും

* വസ്ത്ര നിർമ്മാണ മേഖലയുടെ വികസനത്തിന് പ്രത്യക ക്ലസ്റ്റർ

* ദേശീയ വ്യാവസായിക ഇടനാഴിക്ക് 100 കോടി

* കർഷകർക്ക് ഇ ബിസ് പ്രഖ്യാപിക്കും

* ദുർബല വിഭാഗങ്ങൾക്ക് ന്യായവിലയ്ക്ക് അരിയും ഗോതമ്പും

* അദ്ധ്യാപക പരിശീലനത്തിന് ദേശീയ മദൻ മോഹൻ മാളവ്യ പദ്ധതി

* പൂണെ ആസ്ഥാനമായി ദേശീയ വ്യാവസായിക ഇടനാഴി

* ഈ സാമ്പത്തിക വർഷം 8 ലക്ഷം കോടി കാർഷിക വായ്പ നൽകും

* കിസാൻ ടെലിവിഷന് 100 കോടി

* 100 മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ

* ദേശീയ ഗ്രാമീണ ഇന്റർനെറ്റ് മിഷന് 500 കോടി

* 600 കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകൾ

* രണ്ടാം ഹരിത വിപ്ലവം സാധ്യമാക്കും

* വില സ്ഥിരതാ ഫണ്ടിന് 500 കോടി

* കാലാവസ്ഥാ വ്യതിയാനം പഠിക്കാൻ പ്രത്യേക പദ്ധതി

* ഉൾനാടൻ മത്സ്യകൃഷിക്ക് 50 കോടി

* കർഷർക്ക് നബാഡ് വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പ

* ലെഖ്‌നൗ അഹമ്മദാബാദ് മെട്രോയ്ക്ക് 100 കോടി

* ലൈംഗിക ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

* തെലങ്കാനയിലും ഹരിയാനയിലും പുതിയ കാർഷിക സർവകലാശാല

* ഡൽഹിയിൽ സ്ത്രീകൾക്കായി ക്രൈസിസ് മാനേജ്‌മെന്റ് സെന്റർ

* മാതൃകാ ഗവേഷണ സ്ഥാപനങ്ങൾ അനുവദിക്കും

* ന്യൂനപക്ഷത്തിന് പ്രത്യേക പദ്ധതികൾ

* മദ്രസാ നവീകരണത്തിന് 100 കോടി

* നഗര വികസന പദ്ധതികൾക്ക് 50,000 കോടി

* എയിംസ് ആശുപത്രികൾക്ക് 500 കോടി

* കേരളത്തിന് ഐഐടി

* അസംഘടിത മേഖലയ്ക്കും ആയിരം രൂപ പെൻഷൻ

*എല്ലാ പെൻഷനുകളുടെയും കുറഞ്ഞ തുക ആയിരം രൂപ

* ബംഗാൾ , ആന്ധ്ര, പൂർവാചൽ , ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്ക് എയിംസ്

* കുടിവെള്ള പദ്ധതിക്ക് 3600 കോടി

* പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന 14,380 കോടി

* പെൺകുട്ടികളെ രക്ഷിക്കൂ പദ്ധതി

* മാനസിക വൈകല്യമുള്ളവർക്ക് പഠന സംവിധാനം

* എസി എസ്ടി സ്റ്റാർട്ട് അപ്പിന് 200 കോടി

* ഗ്രാമീണ മേഖലയിൽ വൈദ്യുതിവൽക്കരണത്തിന് ദീൻദയാൽ ഉപാധ്യായ പദ്ധതി

* റോഡ് വികസനത്തിന് ശ്യാമപ്രസാദ് മുഖർജി പദ്ധതി

* കൃഷി ആധുനികവൽക്കരിക്കും

* യുവാക്കൾക്ക് സ്‌കിൽ ഇന്ത്യാ പദ്ധതി

* വനിതാ ക്ഷേമത്തിന് 150 കോടി

* ബ്രെയിൽ ലിപിയിൽ കറൻസി

* 2019ഓടെ സമ്പൂർണ ശുചിത്വം ലക്ഷ്യം

* ദീൻ ദയാർ ഊർജ്ജ വിതരണ പദ്ധതിക്ക് 500 കോടി

* പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് 200 കോടി

* കാർഷിക മേഖലയ്ക്ക് 1000 കോടി

* ചെലവുകുറഞ്ഞ വീടുകൾക്കുള്ള വായ്പാ വ്യവസ്ഥകളിൽ ഇളവ്

* പൊതു മേഖലാ ബാങ്കുകളിലെ ഓഹരി പൊതുജനങ്ങൾക്ക് നേരിട്ട് വാങ്ങാം

* 9 വിമാനത്താവളങ്ങളിൽ ഇ വിസാ സംവിധാനം

* രാജ്യത്ത് 100 ഉന്നത നിലവാരത്തിലുള്ള നഗരങ്ങൾ

* പ്രതിരോധം, ഇൻഷുറൻസ് മേഖലകളിൽ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം

* ഇന്ധന രാസവള മേഖലകളിലെ സബ്‌സിഡികൾ പുനപരിശോധിക്കും

* തെരഞ്ഞെടുത്ത മേഖലകളിൽ വിദേശ നിക്ഷേപം

* വരും തലമുറയ്ക്ക് കടം കൈമാറാനാകില്ലെന്ന് മന്ത്രി

* പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപം ഉയർത്തി

* ബാധ്യതയുണ്ടാക്കുന്ന നികുതി നിർദ്ദേശം ഉണ്ടാകില്ല

* ആദായ നികുതി പരിഹാര കമ്മീഷൻ രൂപീകരിക്കും

* ടാക്‌സ് ജിഡിപി അനുപാതം കുറയ്ക്കും

* നികുതി നയം നിക്ഷേപ സൗഹൃദമാക്കും

* സംസ്ഥാനങ്ങളോട് നല്ല സമീപനം നടപ്പിലാക്കും

* ഉത്പാദന മേഖലയിലെ വികസനം പ്രധാന ലക്ഷ്യം

* പുതിയ രാസവളനയം നടപ്പിലാക്കും

* വേണ്ടത് ധീരമായ നടപടികളെന്ന് മന്ത്രി

* ചരക്ക് സേവന നികുതി നടപ്പാക്കും

* കള്ളപ്പണം നിയന്ത്രിക്കാൻ നടപടി

* ചെലവുകൾ നിയന്ത്രിക്കാൻ പ്രത്യേക സമിതി

* നികുതിയേതര വരുമാനം വർദ്ധിപ്പിക്കും

* ധനക്കമ്മി 4.1 ശതമാനമായി കുറയ്ക്കും

* പുതിയ വരുമാനശ്രോതസ്സുകൾ കണ്ടെത്തണം

* വളർച്ച 7 മുതൽ 8 ശതമാനം വരെയാക്കുക ലക്ഷ്യങ്ങൾ

* ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഊന്നൽ

* സുസ്ഥിര വികസനം ലക്ഷ്യംവച്ചുള്ള ബഡ്ജറ്റ്

* രാജ്യാന്തര സാമ്പത്തിക സ്ഥിതിയിൽ പ്രതീക്ഷ

* പണപ്പെരുപ്പം നിയന്ത്രിക്കൽ, വളർച്ച, വികസനം എന്നിവ ബഡ്ജറ്റിന്റെ ലക്ഷ്യങ്ങൾ

* വികസനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തും

* രാജ്യം കടന്നു പോകുന്നത് വെല്ലുവിളികളിലൂടെ കടന്നു പോകുന്നു

* രാജ്യം വളർച്ച പ്രതീക്ഷിക്കുന്നു

* ശീതളപാനീയങ്ങളുടെ വില വർദ്ധിക്കും

* പുകയില ഉൽപന്നങ്ങളുടെ നികുതി 11 ശതമാനത്തിൽ നിന്നും 22 ശതമാനമാക്കി ഉയർത്തി

* സിഗരറ്റ് ഉൽപന്നങ്ങൾക്ക് വില കൂടും

* സ്റ്റീൽ ഉൽപന്നങ്ങൾ , വജ്രം, റെഡിമെയ്ഡ് വസ്ത്രങ്ങൾ , ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉൽപന്നങ്ങൾ , പാക്ക് ചെയ്ത ഭക്ഷണം എന്നിവയ്ക്ക് വില കൂടും

* സോപ്പ്, ബാറ്ററികൾ !, കമ്പ്യൂട്ടർ , എൽഇഡി, എൻസിഡി(ഇന്ത്യയിൽ നിർമ്മിക്കുന്നവ), സോളാർ പാനൽ , മദ്യം, ചെരിപ്പ്, എണ്ണ എന്നിവയ്ക്ക് വില കുറയും

വിലക്കയറ്റവും നിയന്ത്രിക്കാൻ നടപടി തുടങ്ങി

വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാൻ സഹായിച്ചത് ബിജെപി സർക്കാർ കൈക്കൊണ്ട സാമ്പത്തിക അച്ചടക്ക നടപടികൾ. പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ 11.16 ആയിരുന്നത് ഇപ്പോൾ 6.46 മാത്രമാണ്. ഭക്ഷ്യ കാർഷിക ഉത്പന്നങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിഞ്ഞതാണ് ഇതിനു കാരണം. ഭക്ഷ്യ വസ്തുക്കൾ ,മരുന്നുകൾ, തുണിത്തരങ്ങൾ, എണ്ണ എന്നിവയുടെ വിലക്കയറ്റത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് മുതലാണ് പണപ്പെരുപ്പവും വിലക്കയറ്റവും കുറയാൻ തുടങ്ങിയത്. പച്ചക്കറി, പലവ്യഞ്ജനം ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വില നിയന്ത്രണം ഉണ്ടായിട്ടുണ്ട്. എന്നാൽ പൂർണ്ണ ഉപഭോക്തൃ സംസ്ഥാനമായതിനാൽ കേരളത്തിന് ഇതിന്റെ പ്രയോജനം പൂർണ്ണമായും ലഭിക്കുന്നില്ല. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വർദ്ധനവ് രണ്ടു മാസത്തിനിടയിൽ 9.16 ൽ നിന്ന് 7.56 ആയി കുറഞ്ഞു.പച്ചക്കറികളുടെ വിലവർദ്ധനവിന്റെ തോത് 15.5 ശതമാനത്തിൽ നിന്ന് 8.59 ശതമാനമായി കുറഞ്ഞു. സവാള, ഉള്ളി, പഴവർഗങ്ങൾ, അരി, ഗോതമ്പ് ,മറ്റു ധാന്യങ്ങൾ,പഞ്ചസാര എന്നവയുടെയെല്ലാം വില കുതിച്ചുയരുന്നത് നിയന്ത്രിക്കാനായിട്ടുണ്ട്.

`എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനം` എന്ന മന്ത്രത്തെ അടിസ്ഥാനമാക്കി ഉത്തരവാദിത്വം, സുതാര്യത, ദീർഘ വീക്ഷണം, പങ്കാളിത്തം എന്നീ ഘടകങ്ങളിൽ വിട്ടു വീഴ്ചയില്ലാതെ മുന്നോട്ടു പോകുന്ന നരേന്ദ്ര മോദി നയിക്കുന്ന എൻ ഡി എ സർക്കാർ രാഷ്ട്രത്തിന് വൈഭവ പൂർണ്ണമായ ഒരു ഭാവി കെട്ടിപ്പടുക്കുമെന്നാണ് കഴിഞ്ഞ അഞ്ച് മാസത്തെ ഭരണം തെളിയിക്കുന്നത്. തുടർന്നുള്ള ദിനങ്ങളിൽ സുരാജ്യവും സദ്ഭരണവും രാഷ്ട്രത്തിനു നൽകാൻ സർക്കാരിനു കഴിയുമെന്ന് തന്നെയാണ് ജനങ്ങളുടെയും പ്രതീക്ഷയും

അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽപ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രസംഗം

എന്റെ പ്രിയപ്പെട്ട ദേശവാസികളേ?

ഇന്ന് രാജ്യത്തിനകത്തും ലോകത്തെമ്പാടുമുള്ള ഭാരതീയർക്ക് സന്തോഷകരമായ ദിവസമാണ്. എല്ലാവർക്കും ആശംസകൾ നേരുന്നു. പുരാതനവും ചരിത്രപ്രസിദ്ധവുമായ ഈ ചെങ്കോട്ടയുടെ മുന്നിൽ ഞാനിന്നു നിൽക്കുന്നത് ഒരു പ്രധാനമന്ത്രിയായിട്ടല്ല. പ്രധാനസേവകനായാണ്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി എത്രയോ പേർ ബലിദാനികളായി. അവരുടെ ജീവത്യാഗത്തിലൂടെയാണ് നമുക്ക് സ്വാതന്ത്ര്യം പ്രാപ്തമായത്. അവരുടെ ഓർമ്മകൾക്ക് മുന്നിൽ ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. നമുക്കായി മരിച്ചുവീണവരുടെ പുണ്യസ്മരണയ്ക്ക് മുന്നിൽ ഭാരതത്തിലെ കോടികോടി ജനങ്ങൾക്കുവേണ്ടി എന്റെ പ്രണാമം.

നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തെ മനസ്സിലാക്കാനുള്ള അവസരമാണിത്. ഭാരതത്തിന്റെ, ജനങ്ങളുടെ ചരിത്രം. ഈ രാഷ്ട്രം ഭരണാധികാരികളോ സർക്കാരോ ഉണ്ടാക്കിയതല്ല. ഈ രാഷ്ടം നിർമ്മിച്ചത് കർഷകരാണ്, ഈ രാഷ്ട്രം തൊഴിലാളികളാണ് നിർമ്മിച്ചത്. പട്ടാളക്കാരും ഋഷിമാരും അദ്ധ്യാപകരും ആചാര്യന്മാരും ചേർന്നാണ് ഈ രാഷ്ട്രം നിർമ്മിച്ചതെന്ന് നാം മനസ്സിലാക്കണം.

ഒരു ചെറിയ കുടുംബത്തിലെ ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ച എനിക്ക് ഏറ്റവും ഉന്നതമായ പദവിയിലെത്താൻ സാധിച്ചത് ഭാരതത്തിലെ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. ഇതിന് നമ്മുടെ ഭരണഘടന നിർമ്മിച്ചവർക്കു മുന്നിൽ ഞാൻ ശിരസ്സ് നമിക്കുകയാണ്. ഭാരതത്തിന്റെ എല്ലാ മുൻപ്രധാനമന്ത്രിമാരെയും ഞാൻ പ്രണമിക്കുന്നു. കാരണം അവരെല്ലാവരും ചേർന്ന് നടത്തിയ പരിശ്രമത്തിലൂടെയാണ് നമ്മുടെ രാജ്യം വളർന്നത്.

ഈ രാഷ്ട്രം പൗരാണിക സാംസ്‌ക്കാരിക രാഷ്ട്രമാണ്. വേദകാലം മുതൽ സംഘച്ഛത്വം സംവദത്വം എന്ന മൂലമന്ത്രത്തെ സ്വീകരിച്ചുകൊണ്ടാണ് ഭാരതം മുന്നോട്ടുപോകുന്നത്. ഭൂരിപക്ഷത്തിന്റെ ബലത്തിലല്ല എല്ലാവരേയും ചേർത്തുമുന്നോട്ടുപോകാൻ, തോളോടു തോൾചേർന്ന് മുന്നോട്ടുപോകാനാണ് പുതിയ സർക്കാരിന്റെ ശ്രമം. എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് രാജ്യത്തെ മുന്നോട്ടു നയിക്കുകയാണ് വേണ്ടത്.
ഇത്രയും ദിവസം ഭരണസംവിധാനത്തിന്റെ അകത്തുനിന്ന ഒരാളെന്ന നിലയിൽ ഞാൻ മനസ്സിലാക്കിയ കുറേയധികം കാര്യങ്ങളുണ്ട്. ഓരോ സർക്കാർ വകുപ്പുകളും പ്രത്യേകം പ്രത്യേകം സർക്കാരുകളായാണ് പ്രവർത്തിക്കുന്നതെന്ന സത്യം മനസ്സിലാക്കിയ ഞാൻ ഞെട്ടിപ്പോയി. പിന്നെങ്ങനെ രാജ്യത്തിനു മുന്നോട്ടു പോകാനാവും. രാഷ്ട്രത്തെ മുന്നോട്ടുനയിക്കുകയെന്ന ഏകലക്ഷ്യത്തോടെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കണം. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം മാദ്ധ്യമങ്ങളിലൊക്കെ നിരന്തരം വാർത്തകൾ വന്നിരുന്നു; ഉദ്യോഗസ്ഥന്മാരെല്ലാം കൃത്യമായി ഓഫീസിൽ എത്തുന്നു. പക്ഷേ ആ വാർത്തകളിൽ എനിക്കു വലിയ സന്തോഷമൊന്നും തോന്നിയില്ല. ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓഫീസിലെത്തുന്നത് എങ്ങനെയാണ് വാർത്തയാകുന്നത്. അതവരുടെ കടമയല്ലേ?
ഈ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായത് നമ്മുടെ ഉദ്യോഗസ്ഥരുടെ കഴിവ് അപാരമാണെന്ന സത്യമാണ്. ആ ശക്തിയെ ഉപയോഗിച്ച് രാജ്യത്ത് വികസനം സാധ്യമാക്കാനാണ് എന്റെ ലക്ഷ്യം. ഇതു സാധ്യമാണെന്ന് ഈ ഉയർന്നു പറക്കുന്ന ദേശീയ പതാക സാക്ഷ്യമാക്കി ഞാൻ പറയുന്നു. എനിക്കെന്താണ് കാര്യം, എനിക്കെന്താണ് കിട്ടുക എന്നീ ചിന്തകളെ മാറ്റിവച്ചുകൊണ്ട് എല്ലാം രാജ്യത്തിനാണെന്ന് ചിന്തിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത്.
നമ്മുടെ വീട്ടിലെ പെൺകുട്ടികൾ പുറത്തുപോയാൽ എവിടെപ്പോയി, ആരുടെ കൂടെപ്പോയി തുടങ്ങിയ നൂറുകൂട്ടം ചോദ്യങ്ങൾ നമ്മൾ ചോദിക്കും. എന്നാൽ വീട്ടിലെ ആൺകുട്ടികൾ പുറത്തുപോയി വരുമ്പോൾ ഇത്തരം ചോദ്യങ്ങളൊന്നുമില്ല. പെൺകുട്ടികളോട് ചോദിക്കുന്ന അതേ ചോദ്യം തന്നെ ആൺകുട്ടികളോടും ചോദിക്കണം. അങ്ങനെയാകുമ്പോൾ അവർ ചെയ്യുന്ന തെറ്റുകളും അവരുടെ കൂട്ടുകെട്ടുകളുമെല്ലാം നിയന്ത്രിക്കാനാവും. ബലാൽസംഗങ്ങളെപ്പറ്റി കേൾക്കുമ്പോൾ നാണക്കേടുകൊണ്ട് തലകുനിഞ്ഞുപോവുകയാണ്. ഭീകര പ്രവർത്തന ങ്ങളുൾപ്പെടെയുള്ള തെറ്റുകൾ ചെയ്യുന്നകാര്യം വീട്ടുകാർ അറിയാതെ പോകുന്നത് തടയാനുമാകും. തോളിൽ തോക്കിനു പകരം കലപ്പയേന്തുന്ന സാഹചര്യമുണ്ടായിരുന്നെങ്കിൽ എന്നേ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസം ഞാൻ നേപ്പാളിൽ പോയിരുന്നു. ബുദ്ധന്റെ നാട്ടിൽ നിന്നും സമാധാനത്തിന്റെ സന്ദേശമാണ് ഉയരേണ്ടത്. ഭാരതം സമാധാനസന്ദേശമാണ് ലോകത്തിന് കൈമാറേണ്ടത്. വർഗ്ഗീയസംഘർഷങ്ങളെക്കുറിച്ച് നാം പുനഃപരിശോധിക്കണം. വർഗ്ഗീയ സംഘർഷങ്ങൾക്ക് നാം പത്തുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണം. നമുക്ക് മുന്നേറാനാവും.
രാജ്യത്തിനു ശാപമായ പെൺഭ്രൂണഹത്യ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആൺകുട്ടിയെ ലഭിക്കാൻവേണ്ടി പെൺകുട്ടികളെ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം. അഞ്ച് ആൺമക്കളുള്ള വയോധികദമ്പതിമാർ ആരും തിരിഞ്ഞുനോക്കാനില്ലാതെ വയോധികസദനത്തിൽ കഴിയുമ്പോൾ വിവാഹം പോലും വേണ്ടെന്നു വച്ച് മാതാപിതാക്കളെ പെൺമക്കൾ ശുശ്രൂഷിക്കുന്നത് നാം തിരിച്ചറിയണം. കഴിഞ്ഞ ദിവസം സമാപിച്ച കോമൺവെൽത്ത് ഗെയിംസിൽ വിജയികളായി മെഡലുകൾ വാരിക്കൂട്ടി മടങ്ങിയെത്തിവരിൽ കൂടുതലും നമ്മുടെ പെൺകുട്ടികളായിരുന്നില്ലേ?
രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഏകവഴി വികസനവും സദ്ഭരണവും മാത്രമാണ്. ഈ വഴിയിലൂടെ പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സർക്കാർ ജീവനക്കാർ തിരിച്ചറിയണം അവർ വെറും ജോലിയല്ല സേവനമാണ് ചെയ്യുന്നതെന്ന്. ഇതോടൊപ്പം രാജ്യത്തെ നൂറ്റിയിരുപത്തഞ്ച് കോടി ജനങ്ങൾ സർക്കാരിനോടൊപ്പം നിന്നാൽ ഭാരതം മുന്നോട്ടു പോവുകതന്നെ ചെയ്യും. ഇതിന്റെ ഭാഗമായി ഒരു പ്രധാനപദ്ധതി പ്രഖ്യാപിക്കുകയാണ്. പ്രധാനമന്ത്രി ജൻധൻ യോജന. എല്ലാ ദരിദ്രകുടുംബങ്ങൾക്കും ഒരു ലക്ഷം രൂപയുടെ സൗജന്യഇൻഷുറൻസ് പദ്ധതിയാണിത്.

ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. നൈപുണ്യവികസനം എന്നതാവണം ഭാരതത്തിന്റെ ഇനിയുള്ള ലക്ഷ്യം. ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലും അധിവസിക്കുന്ന ഭാരതീയരെ ഞാൻ ആഹ്വാനം ചെയ്യുകയാണ്. നിങ്ങൾ ഭാരതത്തിലേക്ക് മടങ്ങിവരൂ. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കൂ. വരൂ ഭാരതത്തെ സൃഷ്ടിക്കൂ..വരൂ ഭാരതത്തെ സൃഷ്ടിക്കൂ?കയറ്റുമതി മേഖലയെ ശക്തിപ്പെടുത്തൂ..ഇലക്‌ട്രോണിക്‌സ്,കെമിക്കൽസ്, ഓട്ടോമൊബൈൽസ്, പ്ലാസ്റ്റിക് മേഖലകളിലെല്ലാം കയറ്റുമതി സാധ്യമാക്കൂ. അങ്ങനെ ഇന്ത്യൻ നിർമ്മിത (മെയ്ഡ് ഇൻ ഇന്ത്യ) വസ്തുക്കൾ ലോകമെങ്ങും പരക്കട്ടെ.

കൃഷിക്കാർ നിർവഹിക്കേണ്ട ദേശരക്ഷ എന്നത് ഭക്ഷ്യോൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കു കയെന്നതാണ്. ഭാരതം ഇറക്കുമതി ചെയ്യുന്ന ഏതെങ്കിലും ഒരു ഉൽപ്പന്നം ഇവിടെ നിർമ്മിക്കാൻ ഭാരതീയർ തയ്യാറാവണം. പോരായ്മകളില്ലാത്ത പരിസ്ഥിതിസൗഹാർദ്ദപരമായ ഉൽപ്പന്നങ്ങൾ ഭാരതത്തിൽ നിന്നും പുറത്തേക്ക് ഒഴുകണം. ഭാരതം കാപാലികരുടേയും പാമ്പാട്ടികളുടേയും നാടാണെന്ന പാശ്ചാത്യ ധാരണ തിരുത്തിക്കുറിച്ചത് ഐ.ടി പ്രൊഫഷണലുകളിലൂടെയാണ്. ഡിജിറ്റൽ ഭാരതമെന്ന പുതിയ സങ്കൽപ്പത്തിൽ നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. അകലെയുള്ള ഗ്രാമങ്ങളിൽ പോലും നമുക്ക് മികച്ച വിദ്യാഭ്യാസം സാധ്യമാക്കണം. ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണവും നമുക്ക് ഇതോടൊപ്പം വർദ്ധിപ്പിക്കണം. ഇഗവർണൻസ് എന്നത് ഈസി ഗവർണൻസ് അഥവാ ഗുഡ് ഗവർണൻസ്(സദ്ഭരണം) ആണെന്ന് മനസ്സിലാക്കണം.

നമുക്കു ചുറ്റുമുള്ള മാലിന്യക്കൂമ്പാരമാണ് വലിയ പ്രശ്‌നമായി നിലനിൽക്കുന്നത്. എല്ലാ ഭാരതീയരും വിചാരിക്കണം നാം ഇനി മാലിന്യം വലിച്ചെറിയില്ലെന്ന്. മഹാത്മാഗാന്ധി നമുക്ക് നൽകിയ ഏറ്റവും വലിയ സന്ദേശം ശുചിത്വത്തിനുള്ള ആഹ്വാനമാണ്. അതിനുള്ള പരിഹാരം ശൗചാലയങ്ങൾ വ്യാപകമാക്കുക എന്നതാണ്. ഞാൻ ജനിച്ചത് ഒരു ദരിദ്രകുടുംബത്തിലാണ്. അതിനാലാണ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധയൂന്നുന്നത്. എല്ലാ ബഹുരാഷ്ട്രക്കമ്പനികളും അവരുടെ സേവന പദ്ധതികളിൽപ്പെടുത്തി സമീപത്തെ സ്‌കൂളുകളിൽ ശൗചാലയങ്ങൾ നിർമ്മിച്ചു നൽകണം എന്ന് ഞാൻ ആവശ്യപ്പെടുകയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ നിർമ്മിക്കണം. അടുത്ത ഒരു വർഷത്തിനകം ശൗചാലയങ്ങളില്ലാത്ത സ്‌കൂളുകൾ രാജ്യത്തുണ്ടാകാൻ പാടില്ല.

ഗ്രാമവികസനത്തിനായി ഈ അവസരത്തിൽ വലിയൊരു പദ്ധതി കൂടി പ്രഖ്യാപിക്കുകയാണ്. സംസദ് ആദർശ് ഗ്രാമയോജന. എല്ലാ പാർലമെന്റേറിയന്മാരും തങ്ങളുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തെ ആദർശഗ്രാമമായി തെരഞ്ഞെടുത്ത് വികസിപ്പിക്കണം. 2016ന് മുമ്പ് ആദ്യഗ്രാമം പൂർത്തിയാക്കണം. 2019ന് മുമ്പ്, അതായത് അഞ്ചുവർഷം കൊണ്ട് അഞ്ച് ഗ്രാമങ്ങൾ എല്ലാ പാർലമെന്റംഗങ്ങളും ആദർശഗ്രാമങ്ങളാക്കി മാറ്റണം. രാജ്യസഭയിലേയും ലോക്‌സഭയിലേയും എംപിമാർ ഇതു നിർവഹിക്കണം. അഞ്ചുവർഷം കൊണ്ട് ആയിരക്കണക്കിന് ഗ്രാമങ്ങൾ നമുക്ക് ഇത്തരത്തിൽ മാറ്റാൻ സാധിക്കണം. ഓഗസ്റ്റ് 11ന് ജയപ്രകാശ് നാരായൺ ജന്മദിനത്തിൽ ആദർശഗ്രാമയോജനയ്ക്ക് കേന്ദ്രസർക്കാർ തുടക്കമിടും. എല്ലാ എംപിമാർക്കും സംസ്ഥാനങ്ങൾക്കും പദ്ധതിയുടെ വിശദവിവരങ്ങൾ നൽകും.
സ്വാതന്ത്ര്യം ലഭിച്ചകാലത്ത് ആസൂത്രണ കമ്മീഷൻ എന്നത് അനിവാര്യമായിരുന്നു. ഭാരതം മുന്നോട്ടു പോകണമെങ്കിൽ വിവിധ സംസ്ഥാനങ്ങളുടെ പുരോഗതി സാധ്യമാകണം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചേർന്ന സംഘമാകണം രാജ്യത്തെ നയിക്കേണ്ടത്. യുവാക്കളുടെ ശക്തിയും പൊതു സ്വകാര്യ പങ്കാളിത്തവും എല്ലാം ഉറപ്പുവരുത്തുന്ന പുതിയ സംവിധാനമാണ് ആസൂത്രണ കമ്മീഷന് പകരമായി നിലവിൽ വരുന്നത്.

മഹർഷി അരവിന്ദനും സ്വാമി വിവേകാനന്ദനും പറഞ്ഞതുപോലെ ജഗത്ഗുരു സ്ഥാനത്തേക്ക് ഭാരതത്തെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. ഭാരതത്തിൽ നിന്നും ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം സാർക്കിലെ മറ്റു സമീപ രാജ്യങ്ങളിലെയും ദാരിദ്ര്യത്തെ ഇല്ലാതാക്കണം. പരസ്പരമുള്ള കൊലപാതകങ്ങൾ അവസാനിപ്പിക്കണം. നിങ്ങൾ പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്താൽ ഞാൻ പതിമൂന്ന് മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാണ്. നിങ്ങൾ 14 മണിക്കൂർ ജോലി ചെയ്യുകയാണെങ്കിൽ 15മണിക്കൂർ ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്.

ഭാരത്മാതാ കീ ജയ്
വന്ദേമാതരം ജയ്ഹിന്ദ്

 (ലേഖകൻ ബിജെപി സംസ്ഥാന നിർവാഹകസമിതി അംഗവും തൊടപുഴയിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനുമാണ്‌)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP