Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉദയചന്ദ്രന്റെ വാഹനാപകടം.. ചന്ദ്രന്റെ ഷോക്കേൽക്കൽ.. പ്രിയശിവഗിരിയുടെ തൂങ്ങിമരണം.. കോകിലയുടെ വാഹനാപകടം.. ഇപ്പോഴിതാ കൂവപ്പടിയിലെ അഭിലാഷിന്റെ ദുരൂഹ വേർപാടും; അകാലത്തിൽ മരിക്കുന്നത് അഞ്ചാമത്തെ ജനപ്രതിനിധി: അമിത് ഷായുടെ 'സംശയം' വീണ്ടും ബിജെപിയെ പിടികൂടുന്നുവോ?

ഉദയചന്ദ്രന്റെ വാഹനാപകടം.. ചന്ദ്രന്റെ ഷോക്കേൽക്കൽ.. പ്രിയശിവഗിരിയുടെ തൂങ്ങിമരണം.. കോകിലയുടെ വാഹനാപകടം.. ഇപ്പോഴിതാ കൂവപ്പടിയിലെ അഭിലാഷിന്റെ ദുരൂഹ വേർപാടും; അകാലത്തിൽ മരിക്കുന്നത് അഞ്ചാമത്തെ ജനപ്രതിനിധി: അമിത് ഷായുടെ 'സംശയം' വീണ്ടും ബിജെപിയെ പിടികൂടുന്നുവോ?

ബി രഘുരാജ്

തിരുവനന്തപുരം: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗൺസിലിനിടെ കേരളത്തിലെ പാർട്ടിയുടെ സർവ്വ മേഖലകളും ദേശീയ നേതൃത്വം അതിസൂക്ഷ്മമായി പരിശോധന നടത്തിയിരുന്നു. അതിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വസ്തുത ബിജെപിയുടെ ജനപ്രതിനിധികളുടെ അകാലത്തിലെ മരണമായിരുന്നു. ആത്മഹത്യയും അപകടമരണത്തേയും ഗൗരവത്തോടെ കാണണമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി. സ്വാഭാവികമെന്ന് കരുതിയ പലതിലും സംശയങ്ങൾ ഉരുണ്ടുകൂടി. പ്രാദേശിക തലത്തിൽ ബിജെപിയുടെ ജനകീയ മുഖങ്ങളായിരുന്നു മരിച്ചവരിൽ ഏറെയും. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും നിർദ്ദേശം നൽകി. ഇതിനിടെയിലും ബിജെപി സംസ്ഥാന നേതൃത്വത്തെ അങ്കലാപ്പിലാക്കി ഒരു മരണവാർത്ത എത്തി. കൂവപ്പടി പഞ്ചായത്തിലെ ബിജെപി അംഗം മരിച്ച നിലയിൽ കണ്ടെത്തയതിലും പാർട്ടി ദുരൂഹത കാണുന്നു. കൂവപ്പടി നെടുമ്പുറത്ത് മാധവൻനായരുടെ മകൻ അഭിലാഷി(29)നെയാണു വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒൻപതിനായിരുന്നു സംഭവം. മാതാപിതാക്കൾ സമീപത്തെ ക്ഷേത്രത്തിൽ പോയി തിരികെയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

ബിജെപി അംഗത്തിന്റെ മുറിയിൽ കണ്ടെത്തിയ ഡയറിയിൽ എന്റെ മരണത്തിന് ഉത്തരവാദികൾ എന്നെഴുതി ബിജെപി നേതാവിന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും മുൻ എസ്‌ഐയുടെയും പേരെഴുതിയിട്ടുണ്ട്. പത്താം വാർഡ് മെംബറായ അഭിലാഷ് യുവ മോർച്ചയുടെ മുൻ ജില്ല ജനറൽ സെക്രട്ടറി കൂടിയാണ്. ഇതോടെ നേതൃത്വം അക്ഷരാർത്ഥത്തിൽ വെട്ടിലായി. ഡയറിയിലെ എഴുത്തിൽ വലയുകയാണ് അവർ. നിലപാട് കടുപ്പിച്ചാൽ ബിജെപി നേതാക്കൾ ആദ്യം അകത്താകുമെന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഈ വിഷയം ദേശീയ നേതൃത്വം അറിയാതിരിക്കാനും സംസ്ഥാന നേതാക്കൾ കരുതലെടുക്കുന്നുണ്ടെന്നാണ് സൂചന. ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന നിർദ്ദേശം അമിത് ഷാ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് നൽകിയിരുന്നു. പാർട്ടി നേതാക്കളുടെ ദുർബലതയാകും ആത്മഹത്യാവാദങ്ങളിൽ നിറയുക. ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പുകളിലെ ജയം ആയാസകരവുമാകും. പ്രാദേശീക തലത്തിൽ ബിജെപിയുടെ അടിതെറ്റൽ സംസ്ഥാന രാഷ്ട്രീയത്തിലെ സാധ്യതകളെ പോലും ബാധിക്കുമെന്നായിരുന്നു അമിത് ഷായുടെ വിലയിരുത്തൽ അതിനിടെയാണ് പെരുമ്പാവൂരിലെ ഒരു ജനപ്രതിനിധിയുടെ മരണം കൂടിയെത്തുന്നത്.

ബിജെപിക്ക് ശക്തിയുള്ള സ്ഥലമാണ് കുവപ്പടി. ഇവിടെ മൂന്ന് പഞ്ചായത്ത് മെമ്പർമാരുമുണ്ട്. എന്നാൽ അഭിലാഷ് ജയിച്ച വാർഡിൽ ബിജെപിയുടെ വിജയം സ്ഥാനാർത്ഥിയുടെ മികവിലായിരുന്നു. ആരേയും അൽഭുതപ്പെടുത്തുന്നതായിരുന്നു വിജയം. യുവമോർച്ചയിലും മറ്റും സജീവമായിരുന്ന അഭിലാഷിന്റെ ഇടപെടലുകൾ ജനകീയവുമായിരുന്നു. അത്തരമൊരു നേതാവ് ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കിയെന്നത് ആർക്കും വിശ്വസിക്കാനാകുന്നില്ല. കള്ളക്കളികൾ പാർട്ടി അണികളും പ്രാദേശിക നേതാക്കളും സംശയിക്കുന്നു. എന്നാൽ ആത്മഹത്യാക്കുറിപ്പിലെ നേതാക്കളുടെ സാന്നിധ്യം മൂലം ഇത് പ്രചരണ വിഷയമാക്കാൻ കഴിയുന്നതുമില്ലെന്നതാണ് യാഥാർത്ഥ്യം. വെറും ആത്മഹത്യയെന്ന് പറഞ്ഞ് ബിജെപി പോലും കൈകഴുകുന്നു. എന്നാൽ കൃത്യമായ അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് അണികളുടെ വികാരം,

കൊല്ലത്തെ കൗൺസിലർ കോകിലയുടെ മരണത്തോടെയാണ് ബിജെപിയിൽ ദുരൂഹമരണത്തിന്റെ ചിന്ത സജീവമായത്. പാർട്ടിക്ക് അപ്രാപ്യമായ പലമേഖലകളിലും ബിജെപി കൗൺസിലർമാർ ജയിച്ചു കയറി. അവരിൽ ചിലർ അസ്വാഭവാകമായി മരിച്ചു. പന്തളത്തെ ഉദയചന്ദ്രന്റെ വാഹനാപകടം, തിരുവനന്തപുരത്തെ ചന്ദ്രന്റെ ഷോക്കേൽക്കൽ, പാലക്കാട്ടെ പ്രിയശിവഗിരിയുടെ തൂങ്ങിമരണം.... കോകിലയുടെ വാഹനാപകടത്തിലെ മരണം. ഈ മരണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ സാധ്യത കാണ്ടത് ബിജെപി കേന്ദ്ര നേതൃത്വമാണ്. അതുകൊണ്ട് കൂടിയാണ് കേരളത്തിൽ ബിജെപി പ്രവർത്തകർക്കും ഓഫീസുകൾക്കും നേരയുണ്ടായ അക്രമത്തെ അറിയാനെത്തിയ എംപിമാരുടെ സംഘം കൗൺസിലർമാരുടെ മരണം ദുരൂഹമാണോ എന്ന സംശയം ഉയർത്തിയത്. ഇത് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനായിരുന്നു നിർദ്ദേശം. പെരുമ്പാവൂരിലെ വാർഡ് മെമ്പറുടെ മരണത്തോടെ ഇത് തെറ്റുകയാണ്. കേരളത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ വ്യാപക അക്രമങ്ങളാണു നടത്തുന്നതെന്നും ഇതു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിജെപി നിയോഗിച്ച എംപിമാരുടെ സംഘം ആവശ്യപ്പെട്ടിരുന്നു. ബിജെപി ജനപ്രതിനിധികളുടെ മരണത്തിൽ സിപിഐ(എം) ഇടപെടലാണ് സംശയിച്ചത്.

കൊട്ടാരക്കരയ്ക്ക് അടുത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ബിജെപി കൗൺസിലറും റഷ്യക്കാരിയായ വനിതയും മരിച്ചതും ദുരൂഹസാഹചര്യത്തിലായിരുന്നു. പന്തളം നഗരസഭയിലെ കൂരമ്പാല ടൗൺവാർഡ് കൗൺസിലറുമായ കുരമ്പാല കിഴക്കേ പനയ്ക്കൽ വീട്ടിൽ ഉദയചന്ദ്രൻ (37), റഷ്യൻ വനിത വോല വലോഷിനാ (46) എന്നിവരാണ് മരിച്ചത്. ഇടത് സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പായിരുന്നു ഈ അപകടം. ഡിസംബർ 15ന് രാവിലെ ഏഴരയോടെ എംസി റോഡിൽ പുത്തൂർമുക്കിനു സമീപം സിഎസ്‌ഐ ആശുപത്രി ജംഗ്ഷനിലായിരുന്നു അപകടം. ടാർ ടാങ്കറും സ്‌കോർപിയോ കാറുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പന്തളത്തേക്ക് വിദേശവനിതകളുമായി പോകുകയായിരുന്ന കാർ ഉദയചന്ദ്രനാണ് ഓടിച്ചിരുന്നത്. എതിരെ ടാറുമായെത്തിയ ടാങ്കർ, കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കോർപിയോ കാർ പൂർണ്ണമായും തകർന്നു. ഉദയചന്ദ്രനും മാലിക് ദിനായും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ലോറി ഡ്രൈവർ അപകടം നടന്നയുടൻ ഓടിരക്ഷപെട്ടു.

ഉദയചന്ദ്രന്റ ശരീരം പുറത്തെടുക്കാൻ കഴിയാത്തവിധം വാഹനത്തിൽ കുരുങ്ങിയിരുന്നു. പന്തളം മുളയ്ക്കൽ വടക്കേ ഇല്ലത്ത് എം.എൻ. ശ്രീജിത്ത് നമ്പൂതിരിയുടെ ജ്യോതിഷപഠനകേന്ദ്രത്തിൽ നടക്കുന്ന പ്രത്യേക പൂജയിൽ പങ്കെടുക്കാനാണ് റഷ്യയിലെ മോസ്‌കോ സ്വദേശികൾ കേരളത്തിലെത്തിയത്. ഇവരെ വിമാനത്താവളത്തിൽ നിന്ന് പന്തളത്ത് എത്തിക്കുവാൻ കുടുബസുഹൃത്തുകൂടിയായ ഉദയൻ കാറുമായി പോകുകയായിരുന്നു. ഇവരെ കൂട്ടി തിരികെ വരുംവഴിയാണ് അപകടം. ടൗൺ വാർഡിൽ നിന്നും 89 വോട്ടുകൾക്കായിരുന്നു ഉദയൻ വിജയിച്ചത്. ജനകീയനായ നേതാവിന്റെ വിജയമായിരുന്നു ഇത്. മരിച്ച ഉദയന്റെ ഭാര്യ ആയിരുന്നു ഉപതെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപി സ്ഥാനാർത്ഥി. ബിജെപി ജയിക്കുകയും ചെയ്തു. ഉദയകുമാറിന്റെ അപകട ശേഷം ഡ്രൈവർ ഇറങ്ങി ഓടി. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ ആരാണ് കൊലയാളിയെന്ന് തിരിച്ചറിയാനും കഴിയുന്നില്ല. ഇതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ബിജെപിയുടെ നിലപാട്.

പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മെയ് മാസത്തിലാണ്. 48ാം വാർഡ് കൗൺസിലറും മഹിളാ ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രിയശിവഗിരി (35)യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വടക്കന്തറ ദേവീ ക്ഷേത്ര ദർശനം നടത്തി അന്നദാനവും കഴിഞ്ഞ് വീട്ടിലെത്തിയ പ്രിയ ശിവഗിരിയെ വീടിനകത്തെ കിടപ്പുമുറിയിലെ ഫാനിൽ ഷാൾകുരുക്കി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2015 തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 48ാം വാർഡായ മേപ്പറമ്ബിൽ 786 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനോടൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായിരുന്നു. വിഷാദ രോഗമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. എന്നാൽ പ്രിയ ശിവഗിരിയുടെ മരണത്തിൽ ബിജെപിക്കാർക്ക് ഈ വാദം ഉൾക്കൊള്ളാനാകുന്നില്ല.

ഇതിന് പിന്നാലെയാണ് കൊല്ലത്തെ കോകിലയുടെ മരണം. തീർത്തും ദുരൂഹ സാഹചര്യത്തിലാണ് അപകട മരണം. പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് വലിയ വീഴ്ച വരുത്തി. ഈ സാഹചര്യത്തെ ബിജെപിക്ക് സംശയത്തോടെ മാത്രമേ കാണാനാകുന്നുള്ളൂ. കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ കോകിലയും പിതാവും അപകടത്തിൽ മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായിയിട്ടുണ്ട്. സെപ്റ്റംബർ 13 ന് രാത്രി പത്തുമണിക്കായിരുന്നു കോകിലയും പിതാവും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചു തെറുപ്പിച്ച സംഭവമുണ്ടായത്. കൊല്ലം കാവനാട് ദേശീയപാതയിലൂടെ പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിൽ അമിത വേഗത്തിൽ വന്ന കാർ ആൽത്തറമൂടിന് സമീപത്ത് വച്ച് ഇടിച്ചിട്ട ശേഷം നിർത്താതെ പോകുകയായിരുന്നു. കോകില സംഭവ സ്ഥലത്തുവച്ചും പിതാവ് പിന്നീട് ആശുപത്രിയിൽ വച്ചും മരണമടയുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ പോലും പൊലീസ് യഥാസമയം കണ്ടെത്തിയില്ല. കൊല്ലം കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്ന രണ്ടു കൗൺസിലർമാരിൽ ഒരാൾ കോകിലയായിരുന്നു.

ഇതിനൊപ്പം തിരുവനന്തപുരത്തെ കൗൺസിലറായിരുന്ന ചന്ദ്രനും അപകടത്തിൽ മരിച്ചിരുന്നു. ഏപ്രിലിലായിരുന്നു ചന്ദ്രന്റെ മരണം. വീട്ടിൽ തുണി തേയ്ക്കുന്നതിനിടെ അയൺബോക്‌സിൽ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഷോക്കേറ്റ് നിലത്ത് വീണ ചന്ദ്രനെ നാട്ടുകാർ കിള്ളിപ്പാലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി പാപ്പനംകോട് കൗൺസിലറായ ചന്ദ്രൻ ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വന്നത്. എൽഡിഎഫ് കോട്ടയായ പാപ്പനംകോട്ട് നിന്നും 500ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ ഈ വാർഡ് ഏറെ പാടുപെട്ടായിരുന്നു ബിജെപി നിലനിർത്തിയത്. ഇവിടേയും ചന്ദ്രന്റെ മരണം ഷോക്കേറ്റാണെന്ന് മാത്രമേ ബിജെപിക്ക് ഉറപ്പിക്കാൻ കഴിയുന്നുള്ളൂ. പൊലീസാകട്ടെ ഇതിൽ കൂടതൽ പരിശോധന നടത്തിയതുമില്ല. ഇതെല്ലാം പരിഗണിച്ചാണ് ബിജെപിയുടെ ജനകീയ മുഖങ്ങൾ അകാലത്തിൽ പൊലിയുന്നതിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP