Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യൻ വിദഗ്ധരെ എത്തിച്ച് ചികിൽസിച്ചു; സഹോദരിമാരെ കെട്ടിച്ചയയ്ക്കാൻ പണം നൽകി; പിതാവിനേയും മകനേയും എംഎൽഎമാരാക്കി; ഭാര്യയ്ക്ക് ജോലി നൽകി; എന്നിട്ടും സൈമൺ ബ്രിട്ടോ എന്തേ ഇങ്ങനെ? ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ ഇനി ബൂർഷ്വാ മാദ്ധ്യമങ്ങൾ തന്നെ സഹായിക്കട്ടേയെന്ന് സിപിഐ(എം) നേതൃത്വം; ആരോപണങ്ങൾ നിഷേധിച്ച് പ്രശ്‌നം പരിഹരിക്കാനായി ബ്രിട്ടോയുടെ ഭാര്യയും രംഗത്ത്

റഷ്യൻ വിദഗ്ധരെ എത്തിച്ച് ചികിൽസിച്ചു; സഹോദരിമാരെ കെട്ടിച്ചയയ്ക്കാൻ പണം നൽകി; പിതാവിനേയും മകനേയും എംഎൽഎമാരാക്കി; ഭാര്യയ്ക്ക് ജോലി നൽകി; എന്നിട്ടും സൈമൺ ബ്രിട്ടോ എന്തേ ഇങ്ങനെ? ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ ഇനി ബൂർഷ്വാ മാദ്ധ്യമങ്ങൾ തന്നെ സഹായിക്കട്ടേയെന്ന് സിപിഐ(എം) നേതൃത്വം; ആരോപണങ്ങൾ നിഷേധിച്ച് പ്രശ്‌നം പരിഹരിക്കാനായി ബ്രിട്ടോയുടെ ഭാര്യയും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിൽ ഉയർന്ന ബന്ധുത്വവിവാദത്തിനിടെ ഉയർന്നുകേട്ട വേദനയുടെ കഥയായിരുന്നു സൈമൺ ബ്രിട്ടോയുടേത്. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഇഷ്ടക്കാരെ കണ്ണൂരിലെ ഉന്നതർ അനധികൃതമായി സർക്കാർ സ്ഥാപനങ്ങളിൽ തിരുകി കയറ്റുമ്പോൾ പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിച്ചവർക്ക് അവഗണന മാത്രമാണെന്നതിന് ഉയർത്തിക്കാട്ടിയത് സൈമൺബ്രിട്ടോയുടെ പരാതിയായിരുന്നു. ബ്രിട്ടോയുടെ ഭാര്യ സീനാ ഭാസ്‌ക്കരന് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും, ജോലിക്കായി സൈമൺ ബ്രിട്ടോ സമർപ്പിച്ച അപേക്ഷ സിപിഐഎം നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ലെന്നതായിരുന്നു പരാതി. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ജോലിക്കാര്യം അപേക്ഷിച്ച് പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ സൈമൺ ബ്രിട്ടോ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നതായി അറിയുന്നു. താഴേത്തലങ്ങളിൽനിന്നുള്ള ശിപാർശക്കത്ത് ഏരിയാ കമ്മിറ്റി വഴി ജില്ലാ കമ്മിറ്റിക്ക് കൊടുക്കണമെന്ന നിർദ്ദേശമുണ്ടായി. ഇതു പ്രകാരം കത്ത് നൽകിയെന്നാണ് വിവരം. പക്ഷേ നാളിതുവരെ ജോലിക്കാര്യം സബന്ധിച്ച് ജില്ലാ നേതൃത്വമോ മറ്റ് നേതാക്കളോ മറുപടി നൽകാത്തതായിരുന്നു വിവാദത്തിന് കാരണം.

എറണാകുളം മഹാരാജാസ് കോളേജിലെ തീപ്പൊരി എസ്എഫ്‌ഐ നേതാവായിരുന്നു ഒരുകാലത്ത് സൈമൺ ബ്രിട്ടോ. അന്ന് രാഷ്ട്രീയ എതിരാളികളാൽ ആക്രമിക്കപ്പെട്ടാണ് അദ്ദേഹം വീൽചെയറിലായത്. അതുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്നാണ് ബ്രിട്ടോയെ പൊതു സമൂഹം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ സിപിഎമ്മിൽ ഇനി കാര്യങ്ങൾ അങ്ങനെയാവില്ല. ബൂർഷാ മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്ന ബ്രിട്ടോയ്ക്ക് ഒരു സഹായവും സിപിഐ(എം) ഇനി ചെയ്യില്ലെന്നാണ് സൂചന. രക്ഷസാക്ഷിയെന്നത് ശരിയാണ്. എന്നാൽ കൂത്തുപുറമ്പിൽ വെടിയേറ്റ് മരിച്ച ഡിവൈഎഫ്‌ഐ സഖാക്കളുടെ കുടുംബത്തിന് കിട്ടാത്തതു പോലും ബ്രിട്ടോയ്ക്ക് കിട്ടിയിട്ടുണ്ട്. എല്ലാ സംരക്ഷണവും നൽകി. എന്നിട്ടും കള്ള ദാരിദ്രം പറഞ്ഞ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നു. ഇനിയത് നടക്കില്ലെന്ന് സിപിഐ(എം) നേതൃത്വം സൂചന നൽകുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരണമെത്തി. ഇതിനിടെ പാർട്ടി സഹായിച്ചില്ലെന്ന ആരോപണം ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി ബ്രിട്ടോയും ഭാര്യയും രംഗത്ത് വന്നു. കുടുംബം സാമ്പത്തിക പ്രതിസന്ധിയിലെന്ന വാർത്ത നിഷേധിക്കുകയാണ് ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കർ. ബന്ധു നിയമന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സൈമൺ ബ്രിട്ടോയുടെ ജീവിതം വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

വിവാദങ്ങൾക്കുള്ള മറുപടിയെന്നോണം ബ്രിട്ടോ ധനവാനും സുരക്ഷിതനുമാണെന്ന സിപിഐ(എം) വിശദീകരണത്തിലെ സോഷ്യൽ മീഡിയാ പ്രചരണത്തെ ഉയർത്തിയാണ് മറുപടി. ഈ പ്രചരണത്തിന് മറുപടിയായി ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കർ വാർത്താ കുറിപ്പ് പുറത്തിറക്കി. സോഷ്യൽ മീഡിയാ വാർത്തയിലെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വാർത്താ കുറിപ്പ് തുടങ്ങുന്നത്. ബ്രിട്ടോ രണ്ട് തവണ എം.എൽ. എ ആയിട്ടില്ലെന്നും ദേശാഭിമാനിയിൽ ജോലി ചെയ്യുമ്പോൾ തനിക്കോ തന്റെ തസ്തികയിൽ ഉണ്ടായിരുന്നവർക്കോ 30,000 രൂപ ശമ്പളം ഉണ്ടായിരുന്നില്ലെന്ന് സീന വ്യക്തമാക്കി. പാർട്ടി സംരക്ഷിച്ചില്ല. തൊഴിൽ നൽകിയില്ല തുടങ്ങിയ ആരോപണങ്ങൾ താനോ ബ്രിട്ടോയോ എങ്ങും ഉന്നയിച്ചിട്ടില്ല. ഇതുവരെയും തുടർന്നങ്ങോട്ടും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനോട് തങ്ങൾക്ക് തികഞ്ഞ ആദരവും ബഹുമാനവും മാത്രമേയുള്ളുവെന്നും സീന വ്യക്തമാക്കി.

എസ്എഫ്‌ഐ യുടെ സംസ്ഥാന നേതാവായിരുന്ന കാലത്താണ് ബ്രിട്ടോയ്ക്ക് കുത്തേറ്റത്. അരയ്ക്കു താഴെ തളർന്ന ബ്രിട്ടോയ്ക്ക് ആവശ്യമായ ചികിത്സാസഹായം നൽകുന്നതിൽ സിപിഐ(എം) പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന വാദം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. അന്ന് എ.പി. വർക്കിയായിരുന്നു സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി. ബ്രിട്ടോയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകുന്നതിന് പ്രത്യേകം ശ്രദ്ധ നൽകി. സോവിയറ്റ് യൂണിയനിൽ നിന്ന് വരെ വിദഗ്ധരെ എത്തിച്ചു. ബ്രിട്ടോയെ കുത്തിയത് തേവര എസ്.എച്ച് കോളേജിൽ പ്രൊഫസറായിരുന്ന മാത്യു ഉലകംതറയുടെ മകനായിരുന്നു. പിന്നീടും ബ്രിട്ടോയ്ക്ക് എല്ലാ പരിഗണനയും നൽകി. ബ്രിട്ടോയുടെ സഹോദരിമാരുടെ വിവാഹം നടത്താൻ ആവശ്യമായ സാമ്പത്തിക സഹായം നൽകിയത് വി.ശിവൻകുട്ടി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു. എ.പി. വർക്കിയുടെ നിർദ്ദേശ പ്രകാരം ബ്രിട്ടോ എൽഐസി ഏജന്റായി. എ.പി. വർക്കിയുടെ ഇടപെടലോടെ പാർട്ടിയിലെ ഭൂരിപക്ഷം ആളുകളും പോളിസി എടുത്ത് ബ്രിട്ടോയെ സഹായിച്ചു. അങ്ങനെ വടുതലയിൽ (എറണാകുളം നഗരത്തിനടുത്തുള്ള സ്ഥലം ) വീട് പണിയാൻ കഴിഞ്ഞത്. എ.പി വർക്കിയുടെ മരണ ശേഷവും ബ്രിട്ടോയെ സിപിഐ(എം) മറന്നില്ല. ബ്രിട്ടോയുടെ ഭാര്യയ്ക്ക് ജോലി നിഷേധിച്ചെന്ന വിവാദത്തോട് സിപിഐ(എം) വാദമുഖങ്ങൾ ഇങ്ങനെയായിരുന്നു.

ബ്രിട്ടോയെ സഹായിക്കാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ പിതാവിനെ ഒരു തവണ എംഎൽഎ (ആംഗ്ലോ ഇന്ത്യൻ പ്രതിനിധി)ആക്കിയത്. അതിനു ശേഷം സൈമൺ ബ്രിട്ടോയെയും പാർട്ടി എംഎൽഎയാക്കി. കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്ന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പന് പോലും കിട്ടാത്ത അംഗീകാരങ്ങളാണ് ബ്രിട്ടോയ്ക്ക് നൽകിയത്. എന്നിട്ടും ബ്രിട്ടോ കുറ്റം പറയുകയാണ്. എല്ലാ ജീവിത സൗകര്യങ്ങളും ബ്രിട്ടോയ്ക്ക് പാർട്ടി ഉറപ്പ് വരുത്തിയിട്ടുണ്ട്. എന്നിട്ടും ആവശ്യങ്ങൾ തീരുന്നില്ല. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോയോട് ആരാധന തോന്നിയ സീന ഭാസ്‌ക്കറിനു പിന്നീടത് അനുരാഗമായി മാറി. തുടർന്ന് ഇവരുടെ പ്രണയം വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. അന്ന് ഇവരുടെ വിവാഹത്തിന് സാക്ഷികളായത് സി.പി ജോണും സുരേഷ് കുറുപ്പുമായിരുന്നു. വിവാഹത്തെ തുടർന്ന് തിരുവനന്തപുരത്തെ പ്രമുഖ നായർ തറവാട്ടിൽ നിന്നും സീന പുറത്തായി. പിന്നീടും സീനയെയും ബ്രിട്ടോയെയും പാർട്ടി കൈവിട്ടില്ല. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ നല്ല ശമ്പളത്തിൽ സീനയ്ക്ക് ജോലി നൽകി. ജോലിയിലിരിക്കെ ഒരു സ്വകാര്യ ചാനലിലും സീന ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞതിനെ തുടർന്ന് പാർട്ടി വിശദീകരണം ചോദിച്ചു. ഇതിനെ തുടർന്നായിരുന്നു സീന ദേശാഭിമാനിയിൽ നിന്നും രാജിവച്ചതെന്നും സിപിഐ(എം) നേതാവ് പറയുന്നു. ഇക്കാര്യമെല്ലാം ബ്രിട്ടോ മറക്കുകയാണ്. ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോഴും പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്താനാണ് ബ്രിട്ടോ ശ്രമിച്ചതെന്നത് ഓർക്കണമെന്നും നേതൃത്വം വിശദീകരിക്കുന്നതായി നവമാദ്ധ്യമങ്ങളിൽ ചർച്ച വന്നു.

മുന്മന്ത്രിയും ഇപ്പോൾ കണ്ണൂർ എംപിയുമായ പി കെ ശ്രീമതി ടീച്ചറുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ എന്റർപ്രൈസസ് (കെഎസ്‌ഐഇ) എംഡിയാക്കി നിയമിച്ച നടപടി കടുത്ത എതിർപ്പിനെ തുടർന്നാണ് സർക്കാർ തിരുത്തിയത്. ഇതോടെയാണ് ബ്രിട്ടോയുടേയും ഭാര്യയുടേയും പരാതി നവമാദ്ധ്യമങ്ങളിൽ ചർച്ചയായത്. ഇങ്ങനെ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഇഷ്ടക്കാരെ കണ്ണൂരിലെ ഉന്നതർ അനധികൃതമായി സർക്കാർ സ്ഥാപനങ്ങളിൽ തിരുകി കയറ്റുമ്പോൾ പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രയത്ന്നിച്ചവർക്ക് അവഗണന മാത്രമാണ് നൽകുന്നത്. ഇതിന് ഒരു ഉദാഹരണമാണ് സൈമൺ ബ്രിട്ടോ എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതമെന്നായിരുന്നു വിലയിരുത്തലുകൾ ഉയർന്നത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും, എൽഎൽബിയുമാണ് സീനയുടെ വിദ്യാഭ്യാസ യോഗ്യത. രണ്ടു മാസം മുമ്പ് വരെ കൊച്ചിയിലെ പ്രാദേശിക ചാനലിൽ ചീഫ് എഡിറ്ററായി ജോലി നോക്കുകയായിരുന്നു ഇവർ. എന്നാൽ പ്രാദേശിക ചാനലിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇവർ രാജിവച്ചു. നിലവിൽ സൈമൺ ബ്രിട്ടോയ്ക്ക് ലഭിക്കുന്ന എംഎൽഎ പെൻഷനായ പതിനായിരം രൂപ കൊണ്ടാണ് ഈ കുടുംബം കഴിയുന്നതെന്ന വാദവുമെത്തി. ഈ വിവാദം മൂക്കുന്നതിനിടെയാണ് സിപിഎമ്മിലെ ഒരു വിഭാഗം ബ്രിട്ടോയ്ക്ക് എതിരെ കടുത്ത നിലപാടുമായി രംഗത്ത് വരുന്നത്. ബ്രിട്ടോയുടെ ഭാര്യക്ക് ജോലി നൽകുന്നതിൽ സിപിഐഎമ്മിലെ കണ്ണൂർ ലോബി എതിർത്തെന്നാണ് വിവരം.

ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖമാണ് എതിർപ്പിനു കാരണമായി പാർട്ടിസഖാക്കൾ പറയുന്നത്. പാർട്ടിയെ പ്രതിരോധത്തിലാക്കി സൈമൺ ബ്രിട്ടോ സംസാരിച്ചെന്ന് കണ്ണൂർ ലോബി ആരോപിക്കുന്നു. എസ്എഫ്‌ഐ തലത്തിൽ ഒരുമിച്ച പ്രവർത്തിച്ചവരായിരുന്നു സൈമൺ ബ്രിട്ടോയും ടി പിയും. രണ്ട് കുടുംബങ്ങൾ തമ്മിൽ അടുത്ത സൗഹൃദവും കാലങ്ങളായി സൂക്ഷിച്ചിരുന്നു. എന്നാൽ, ടി പി ചന്ദ്രശേഖരനെ അതിക്രൂരമായി കൊടി സുനിയും സംഘവും വെട്ടിക്കൊലപ്പെടുത്തിയപ്പോൾ പാർട്ടി ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹം ഉറക്കെ വേളിച്ചു പറഞ്ഞു. ഈ സംഭവത്തിലെ പക മനസിൽ വച്ചെന്ന പോലെയാണ് സൈമൺ ബ്രിട്ടോയോടും കുടുംബത്തോടും പെരുമാറുന്നതെന്നായിരുന്നു ഉയർന്ന വാദം. പത്രപ്രവർത്തകയാകാനോ മറ്റ് ഉയർന്ന സ്ഥാനത്തിരിക്കാനോ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും 15 വർഷമായി ക്ലരിക്കൽ തസ്തികയിൽ ജോലി ചെയ്തിരുന്ന സീനയെ ദേശാഭിമാനിയിൽനിന്നും പിരിച്ചുവിട്ടിരുന്നു. 2011ലാണ് സീനയെ പിരിച്ചു വിട്ടത്. ജോലി ചെയ്ത കാലത്ത് ഒമ്പതിനായിരം രൂപമാത്രമായിരുന്നു ഇവരുടെ ശമ്പളം. ഇതിന് പാർട്ടി അന്ന് പ്രത്യേകിച്ച് കാരണങ്ങളൊന്നും പറഞ്ഞതുമില്ല. ആർഎംപി നേതാവായ ചന്ദ്രശേഖരനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് അന്നത്തെ പ്രതികാര നടപടിയെന്ന ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിലെ തീപ്പൊരി എസ്എഫ്‌ഐ നേതാവായിരുന്നു ഒരുകാലത്ത് സൈമൺ ബ്രിട്ടോ. അന്ന് രാഷ്ട്രീയ എതിരാളികളാൽ ആക്രമിക്കപ്പെട്ടാണ് അദ്ദേഹം വീൽചെയറിലായത്. ഈ എസ്എഫ്‌ഐയിലെ ഈ സുഹൃത് ബന്ധത്തെ തുടർന്നാണ് സീനയെ അദ്ദേഹം ജീവിത സഖിയാക്കിയതും. സിപിഐ(എം) നേതാവ് പിരപ്പൻകോട് മുരളിയുടെ അനന്തിരവൾ കൂടിയാണ് സീന. എസ്എഫ്‌ഐ രംഗത്തും ഇടതുപക്ഷത്തോട് ചേർന്നും തന്നെയായിരുന്നു അവരുടെയും ജീവിതം. ഇക്കഴിഞ്ഞ ആലപ്പുഴ പാർട്ടി സമ്മേളനത്തിൽ സൈമൺ ബ്രിട്ടോയെ പാർട്ടി ഒഴുച്ചു നിർത്തിയിരുന്നു. ഇതിന് കാരണമായത് ടിപിയുടെ വീട്ടിലേക്കുള്ള സന്ദർശനമായിരുന്നു എന്നാണ് ബ്രിട്ടോയുടെ സുഹൃത്തുക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP