Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരുവിൽ എഴുതപ്പെട്ട അയ്യപ്പ ചരിതം: ആൾക്കൂട്ടത്തിലെ ഏകാകിയും ഘോഷയാത്രയിലെ ഒറ്റയാനും ആരവങ്ങളിലെ നിശ്ശബ്ദനും; വൃത്തത്തിലൊതുങ്ങാത്ത കവിതയുടെ പ്രവാചകനായ എ അയ്യപ്പൻ: ആറു വർഷങ്ങൾക്കിപ്പുറവും മലയാളത്തിന്റെ ഓർമ്മകളിൽ തെറ്റിയോടുന്ന ഒരു സെക്കന്റ് സൂചി

തെരുവിൽ എഴുതപ്പെട്ട അയ്യപ്പ ചരിതം: ആൾക്കൂട്ടത്തിലെ ഏകാകിയും ഘോഷയാത്രയിലെ ഒറ്റയാനും ആരവങ്ങളിലെ നിശ്ശബ്ദനും; വൃത്തത്തിലൊതുങ്ങാത്ത കവിതയുടെ പ്രവാചകനായ എ അയ്യപ്പൻ: ആറു വർഷങ്ങൾക്കിപ്പുറവും മലയാളത്തിന്റെ ഓർമ്മകളിൽ തെറ്റിയോടുന്ന ഒരു സെക്കന്റ് സൂചി

അഡ്വ. ശ്രീജിത്ത് പെരുമന

നാഥവും അരക്ഷിതവുമായ ഒരു മനുഷ്യ ജന്മത്തിന്റെ പിറവി പിന്നീട് കാലങ്ങളേറ്റുവാങ്ങിയത് പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന കരിംപച്ചയായ കവിതകളുടെ രൂപത്തിലായിരുന്നു. എ അയ്യപ്പൻ എന്ന മനുഷ്യൻ തന്നിലെ കവിയെ സ്വയം സ്ഥാപിച്ചത് സാഹിത്യ ചരിത്രത്തിലെ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമായ എഴുത്തിന്റെ രാഷ്ട്രീയ സമരങ്ങളിലൂടെയായിരുന്നു.

അയ്യപ്പനെ കുറിച്ചെഴുതുമ്പോൾ കവിതകളുടെ പ്രത്യയശാസ്ത്ര ഇതിവൃത്തത്തെ കുറിച്ച് എട്ടും പൊട്ടും അറിയാത്ത എന്നെ പോലൊരു സാധാരണക്കാരന് പോലും അതിയായ ധൈര്യം ലഭിക്കുന്നത് എ അയ്യപ്പനെന്ന വിപ്ലവ കവി സ്വജീവിതംകൊണ്ട് മണ്ണിലും മനുഷ്യ മനസ്സുകളിലും സ്‌നേഹമായും കരുണയായും പ്രണയമായും ദേഷ്യമായും, കലഹമായും, വഞ്ചനയായും, വെല്ലുവിളിയായും അതിലുപരി ജീവിതമായും എഴുതിച്ചേർത്ത അക്ഷരങ്ങളുടെ പിൻബലത്താലാണ് എന്നതിൽ സംശയമില്ല.

മനുഷ്യന് മനസാക്ഷി കുത്തുണ്ടായപ്പോഴാണ് അയ്യപ്പൻ കവിയായത്. അതിനു പിന്നിൽ മനുഷ്യരുടെ പാപങ്ങളുടെ കഥകളുണ്ട് സ്‌നേഹത്തിന്റെയും വിരഹത്തിന്റെയും പ്രകൃതിയുടെയും വിദ്വേഷത്തിന്റെയും കഥകളുണ്ട്. അവിടെ നിന്നും തുടങ്ങിയ യാത്ര ഒടുവിൽ 2010 ഒക്ടോബർ 21-ന് തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ വച്ച് മരണമില്ലാത്ത ലോകത്തേക്ക് പിച്ചവയ്ക്കുന്ന നിമിഷം വരെ ന്മനുഷ്യ മനസാക്ഷിയോട് ഒപ്പമുണ്ടായിരുന്നു അയ്യപ്പനെന്ന തെരുവിന്റെ കവി.

ഭ്രാന്തിനും യാഥാർഥ്യത്തിനുമിടയ്ക്ക് ഒരു നൂൽപ്പാലമുണ്ടെന്നും അതിലൂടെ സഞ്ചിക്കുന്ന മനുഷ്യൻ ആ യാത്രയെയാണ് ജീവിതമെന്നു വിളിക്കുന്നത് എന്നും അയ്യപ്പനിലെ കവി നമുക്ക് ബോധ്യപ്പെടുത്ത തന്നു. ആ ജീവിതത്തെ പഠിക്കാനായിരുന്നു കവിതകളുടെയും ഉയർത്തപ്പെടലുകളുടെയും പ്രശസ്തിയുടെയും കൊടുമുടിയിൽ നിൽക്കുമ്പോഴും ചകിരിയാൽ നിർമ്മിച്ച സഞ്ചിയുമേന്തി നഗ്നപാദനായ അയാൾ തെരുവോരങ്ങളിൽ അലഞ്ഞു കൊണ്ടേയിരുന്നത്. ഭ്രാന്തിന്റെയും യാഥാർഥ്യങ്ങളുടെയും ഇടയിലുള്ള നൂൽപ്പാലത്തിനെ കവിതയിലേക്കും അക്ഷരങ്ങളിലേക്കും സന്നിവേശിപ്പിക്കുക എന്ന ഭ്രാന്തൻ ജോലിയായിരുന്നു അലസമായ കാഴ്ചയിൽ അതീവ യുക്തിയോടെയും തീവ്രതയോടെയും അയ്യപ്പൻ ചെയ്തുതീർത്ത്.

ട്രാൻസ്പ്ലാന്റു ചെയ്ത അപരിചിത അവയവത്തെ ശരീരം പുറം തള്ളുന്നതു പോലെ അയ്യപ്പന്റെ ചേതന അപ്രിയമായ കാലത്തെയും ജീവിതത്തെയും കവിതയായി പുറംതള്ളുന്നു. മദ്യപാനവും കവിതയും അയ്യപ്പന് യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. യാഥാർത്ഥ്യത്തോടുള്ള കലഹവും യുദ്ധവും കൂടിയാണ്. കവിത അയ്യപ്പനെ മായക്കാഴ്ചകളാൽ വിഭ്രമിപ്പിക്കുന്നു. ആത്മപീഡനങ്ങൾ നിറഞ്ഞ ഇരന്നുവാങ്ങുന്ന ദുരനുഭവങ്ങൾ പകർന്നു നൽകുന്ന ക്രൂരമായ ആത്മസംതൃപ്തിയാണ് അയ്യപ്പന്റെ കവിതകളിൽ നിറയുന്നത്.

വൃത്തങ്ങളുടെയും, പരമ്പരാഗതമായി തടവിലാക്കപ്പെട്ട കവിതയുടെ രാഷ്ട്രീയത്തിൽ നിന്നും പൊരുതി പുറത്തുചാടി എന്ന ഒന്നാംഘട്ടം അയ്യപ്പനെ സംബന്ധിച്ച് ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും പടുകുഴിയായിരുന്നു. എങ്കിലും ചിന്തകൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് അയാളെ സംബന്ധിച്ച് പ്രാണനേക്കാൾ വലുതായിരുന്നു എന്നതാണ് സത്യം.

ഭ്രാന്തും ജീവിതവും മധ്യേയുള്ള യാഥാർഥ്യങ്ങളും അനേഷിക്കാൻ തുടങ്ങിയപ്പോൾ തന്നെ മാർഗ്ഗം തിരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെട്ടു. കവിത എന്ന അക്ഷര കൂട്ടുകളിലേക്കു തന്നെയാണ് മനസ്സ് സഞ്ചരിച്ചതെങ്കിലും പുരോഗമന സമൂഹം തന്നിലെ ഭ്രാന്തിനെ മാത്രമേ കാണുകയുള്ളൂ എന്നദ്ദേഹം സന്ദേഹപ്പെട്ടിരുന്നു. എങ്കിലും മേലെയാകാശവും താഴെഭൂമിയും മാത്രം സ്വന്തമായുള്ള കാബൂളിവാല സർറിയലിസത്തിന്റെ വീഥികളിലൂടെ സഞ്ചരിക്കാൻ തെല്ലും ഭയപ്പെട്ടില്ല.

ചിന്തകളിൽ അപ്പപ്പോൾ രൂപം കൊള്ളുന്ന ചിത്രങ്ങളെ ക്രമപ്പെടുത്തി , ക്രോഡീകരിച്ച് സംവേദനാത്മകമായി രൂപപ്പെടുത്തുക ഒടുവിൽ അതിനെ യാഥാർഥ്യങ്ങളുടെ ബോധമണ്ഡലത്തിൽ രൂപപ്പെടുന്ന ചിന്തകളാൽ തടയുക ബാക്കി കിട്ടുന്നവ അക്ഷരങ്ങളായും കവിത എന്ന പേരിലും മറ്റുള്ളവരുടെ മനോവ്യാപാരങ്ങൾക്കായ് എറിഞ്ഞു നൽകുക, സർറിയലിസത്തിന്റെ ചേരുവകളും രൂപപ്പെടുത്തലുകളും അത്ര എളുപ്പമല്ല എന്ന് ചുരുക്കം. പക്ഷെ ഒരുവേള പോലും യാഥാർഥ്യങ്ങളെ ഭ്രാന്തൻ ചിന്തകളിലേക്ക് ആവാഹിച്ച് ജീവിതത്തിന്റെ തീച്ചൂളയിലൂടെ നടത്തി അവയെ കവിതകളാക്കി വിരിയിച്ചെടുക്കുവാൻ അയ്യപ്പന് അമാന്തിക്കേണ്ടി വന്നിട്ടില്ല.

സ്‌കൂളിലും കോളേജുകളിലും പഠിച്ചു മറന്ന കവിതകളും കവികളും ഏറെയുണ്ടെങ്കിലും സാധാരണക്കാരുടെ മനസ്സിൽ മാമ്പഴമോ അമ്മയെയോ, കുഞ്ഞേടത്തിയോ, ഗ്രീഷ്മവും കണ്ണീരും, വെയിൽ തിന്നുന്നപക്ഷിയോ തന്ന തിരിച്ചറിവുകളേക്കാൾ ചിന്തകളെ ശല്യപ്പെടുത്താൻ സാധിച്ചത് അയ്യപ്പനെന്ന പാവങ്ങളുടെ കവിക്കാണ്. സ്ഥിരമായൊരു വൃത്തമോ, സന്ദേശമോ, ആശയങ്ങളോ , രീതിയോ ഒന്നുമില്ല. ഭ്രാന്തെന്ന് പരിഷ്‌കൃത മനുഷ്യൻ വിളിക്കുന്ന കേവല ചിന്തകളെ സാധാരണക്കാരന്റെ ഭാഷയിൽ, രീതിയിൽ അക്ഷരങ്ങളിലൂടെ സന്നിവേശിപ്പിക്കുന്നു. കവിതയ്ക്കു വേണ്ടി തിടഞ്ഞെടുത്ത വിഷയങ്ങൾ മുതൽ തലക്കെട്ടുകളിൽ വരെ പലതും ഒളിപ്പിച്ച അയ്യപ്പൻ കവിതയുടെ മാസ്ട്രോ ആയിരുന്നു. അലസമായ താടിയു മുടിയും പറപ്പിച്ച് നഗ്‌നപാദനായി കടൽക്കരയിലും, മരത്തണലിലും, റെയിൽവേ സ്റ്റേഷനുകളിലും, ബസ്റ്റാൻഡിലുമൊക്കെയിരുന്നു ജീവിതത്തെ എഴുതിവച്ച കവി. വാക്യബന്ധമോ വരികൾ തമ്മിലുള്ള ചേർച്ചയോ, കോമകൾ കൊണ്ടും, ഫുൾസ്റ്റോപ്പുകൾ കൊണ്ടും സൃഷ്ടിക്കുന്ന സൗന്ദര്യമോ കാണാൻ കഴിയില്ലെങ്കിലും കവിതയിൽ മുഴുവനായി ആസ്വദിക്കുവാൻ കഴിയുന്നവകളെ വിതച്ചിരിക്കുന്നതായി അനുഭവിക്കാൻ കഴിയുന്ന കവിതകൾ സറിയലിസത്തിന്റെ വിത്തുകളും ഫലങ്ങളുമാണ്.

തന്റെ കവിതകൾക്ക് വേണ്ടി ജീവിക്കുന്ന മനുഷ്യനായി മാറുന്ന അയ്യപ്പനെയാണ് വരികളിലൂടെ കാണാൻ കഴിയുന്നത്. അതുപോലെ തന്നെ തനിക്കഭയം കവിതയാണ് എന്ന അയ്യപ്പൻ പറയുന്നുണ്ട്. ഓർമ്മകളും അനുഭവങ്ങളും സ്വപ്നങ്ങളും ഇഴചേർന്നോ ചേരാതെയോ പ്രത്യക്ഷപ്പെടുന്ന കവിതകൾ അയ്യപ്പന്റേതായുണ്ട്. കവിതയിൽ തന്നെ മുഴുവനായും ഉപയോഗിക്കുന്നവനാണ് അയ്യപ്പൻ കവി കവിതയെഴുതി കടംവീട്ടുന്നു. ഓർമ്മയെ വേദനിപ്പിക്കുന്ന സ്മരണകൾ ഭ്രമിക്കുന്ന സ്വപ്നങ്ങൾ എന്നിവ കലർന്ന അയ്യപ്പന്റെ കവിതകൾ പൂക്കളും മുള്ളുകളും ചോറും ചോരയുമൊക്കെ ചിതറിക്കിടക്കുന്ന ഒരൊറ്റ ക്യാൻവാസിലൂടെ തന്നെ അനുവാചക ഹൃദയത്തിലേക്കുകടന്നുവരുന്നു. ഇരുട്ടിൽ അമ്പെയ്യുന്ന അയ്യപ്പന് നക്ഷത്രങ്ങളിലേക്കുള്ള യാത്രയിൽ സൂര്യനെ കീഴടക്കുവാൻ മടിയില്ല. കവിത എപ്പോഴും തനിക്ക് സത്യമാണെന്നു വിശ്വസിക്കുന്നവന് അഭയവും കവിത തന്നെയാണ്. ചരിത്രത്തിന് സാക്ഷിമാത്രമാണ് കവി എന്നു കരുതുമ്പോൾ ജീവിതം ചരിത്രത്തിൽ ആഘോഷവും, ആനന്ദവും ആവേശവുമായി മാറുകയാണ്. ഞാൻ ബലിയാട് മാത്രമല്ല എന്റെ കാലത്തിലെ പ്രവാചകൻ തന്നെയാണ്. എന്നു പറയുന്ന കവി ഉദയാസ്തമനങ്ങളുടെ ചുമപ്പും ആകാശത്തിന്റെ വിശുദ്ധിയും ഭൂമിയുടെ മണവും തന്റെ കവിതകൾക്കുണ്ടെന്നു കാട്ടി തരുന്ന കവിക്ക് മണ്ണും മനുഷ്യനും അപരിചിതമല്ല. ജീവിതത്തെ സ്നേഹിക്കുന്നത് വൈവിധ്യങ്ങൾ കൊണ്ടുനിറഞ്ഞ തന്റെ കവിതകളെപ്പോലെ ഒരു കൊളാഷ് ചിത്രത്തിന്റെ ആസ്വദനത്തിലൂടെ കവിത മുഴുവൻ അന്തമായ സംഗീതത്തിന്റെ പിരിമുറുക്കമുള്ള ചാറ്റുഗദ്യത്തിന്റെ വഴി സ്വീകരിച്ചിട്ടുള്ളത് സ്വാഭാവികമാണ്. എന്നാൽ സ്വാഭാവികതകളിൽ എന്റെ കവിതകളില്ല എന്ന് അയ്യപ്പൻ തുറന്നുപറയുന്നു. ജീവിതത്തിൽ നോവുകൾ ഏറ്റുവാങ്ങുമ്പോൾ പ്രതിഫലനം സമുദ്രത്തിന്റെ ഗർത്തങ്ങളും ചുഴലികളും തെളിഞ്ഞ ശാന്തതയിൽ മുറിവുകളുടെ വസന്തമായി കവിതകൾ മാറുകയാണ്.

സ്ഥിരബുദ്ധിയുടെ സൗന്ദര്യധാരയ്ക്കുള്ളിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള സൗന്ദര്യവീക്ഷണത്തിൽ നിന്നാണ് അയ്യപ്പന്റെ കവിതകൾ പ്രത്യക്ഷപ്പെടുന്നതും അവ ആസ്വദനത്തിൽ എത്തുന്നതും. ആദ്യമായി വായിക്കുന്ന സംവേദനശക്തിയുള്ളവർക്ക് ഈ കവിതകളിലെ വാക്കുകളിലും ഇതിന്റെ ഒഴുക്കിലും കുരുങ്ങിവീഴുന്ന അനുഭൂതിയുണ്ടാകുന്നു. വാക്കുകളുടെ വജ്രസൂചികൾ കൊണ്ട് അനുവാചകന്റെ കരൾ കൊത്തിമുറിക്കുന്ന വല്ലാത്ത ശക്തിയും കരുത്തും അയ്യപ്പന്റെ കവിതകൾക്കുണ്ട്. നിശബ്ദതയും മൗനവും വാചാലതയും വിസ്ഫോടനവും ഒക്കെ അക്ഷരങ്ങളിലും വാക്കുകളിലും നിറച്ച അയ്യപ്പന്റെ കവിതകൾക്ക് സ്വപ്നവും ഭ്രാന്തും ജീവിതവും ലോകവും മേളിക്കുന്നതിന്റെ ഒഴുക്കുകൾക്കിടയിലൂടെയുള്ള യാത്രകളാണ്. മലയാളകവിതയിൽ അയ്യപ്പന്റെ കവിതകളുടെ വ്യത്യസ്തത കുരുത്തംകെട്ട കല്പനകളും വിചിത്രമായ സ്വഭാവവും കൊണ്ടുള്ള സവിശേഷമാണ്.

ആധുനിക കവിതയുടെ ശൈശവ കാലത്തു തന്നെ എഴുത്തിന്റെ അസ്‌കിതയുണ്ടായിരുന്നു അയ്യപ്പനും കടന്നുവന്നിരുന്നു. എന്നാൽ പ്രാചീന കവിത്രയങ്ങളുടെയോ ആധുനിക കവിത്രയങ്ങളുടെ കാവ്യബിംബ രീതിയോ ആശയ ശൈലിയോ , രചനാ രീതിയോ എന്തിനു കവിതാ ഭാഷകൾ പോലും അയ്യപ്പൻ കടംകൊണ്ടിട്ടില്ല എന്ന് അദ്ദേഹത്തെ വായിക്കുന്നവർക്ക് മനസിലാകും. ആദ്യമായി വായിക്കുന്നവരോട് പോലും അയ്യപ്പൻ കവിത ഭ്രാന്തമായി സംവദിച്ചിരുന്നു എന്നതാണ് സാധാരണക്കാരെ കവിയിലേക്ക് ഏറ്റവും അടുപ്പിച്ചത്.

കവിതയുടെ കൊടുവാൾ കൊണ്ട് അധികാരത്തിലിരിക്കുന്ന ആശാന്മാരുടെ കാൽവെണ്ണ വെട്ടിയെടുക്കുന്ന വിപ്ലവകവിയെയാണ്. കമ്യൂണിസത്തിന്റെ പതനം തന്നിലേൽപിച്ച അവബോധം അയ്യപ്പൻ കുറിച്ചു വയ്ക്കുന്നത് ഇങ്ങനെയാണ്, 'മാനിഫെസ്റ്റോ മരിക്കാതിരിക്കട്ടെ' എന്ന കവിതയിൽ.

'അഭിശപ്തനായ ശത്രുവിന്റെ ആയുധം
സഖാവിനു നൽകുക
സ്വന്തം പുസ്തകത്തിലെ തെറ്റുകൾ
അവർ വെട്ടിമാറ്റട്ടെ'

ഉപേക്ഷിതന്റെ, നിസ്വന്റെ ആ വരദാനത്തിൽ ചിരിയുടെയും കണ്ണീരിന്റെയും കലക്കമുണ്ട്. സ്വന്തം കപടതയുടെ മുഖാവരണം വലിച്ചുകീറുന്നതിലൂടെ നമ്മുടെ ചുറ്റുപാടും നിറഞ്ഞ കപടഭക്തിയുടെ പേജ് മറിക്കുകയാണ് അയ്യപ്പൻ 'മുറിവ്' എന്ന കവിതയിൽ.

'ചങ്ങാതി തലവച്ചപാളത്തിലൂടെ
ഞാൻ തീർത്ഥാടനത്തിനുപോയി
യമുന നിറയെ കണ്ണുനീർ
ഗംഗാജലത്തിനു ശവത്തിന്റെ രുചി
ഹിമാലയത്തിൽ
രക്തം ഘനീഭവിച്ച
മഞ്ഞുകട്ടകൾ'

പലപ്പോഴും അയ്യപ്പൻ വിശപ്പാണ്. വിശപ്പിന്റെ വിശ്വരൂപം. വിശപ്പിനു മറക്കാൻ കഴിയുന്ന നേരും നന്മയും അയ്യപ്പന്റെ കവിതകളിൽ നിഴലിക്കുന്നുണ്ട്. ഒപ്പം നമ്മുടെ യാന്ത്രികയുഗത്തിലെ നെറികേടും 'അത്താഴം' എന്ന കവിതയിൽ അയ്യപ്പൻ തുറന്നെഴുതുന്നത് ഇങ്ങനെ.

'കാറപകടത്തിൽ പെട്ടുമരിച്ച
വഴിയാത്രക്കരന്റെ ചോരയിൽ ചവുട്ടി
ആൾക്കൂട്ടം നിൽക്കെ
മരിച്ചവന്റെ പോക്കറ്റിൽ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോൾ
എന്റെ കുട്ടികൾ;വിശപ്പ് എന്ന നോക്കുകുത്തികൾ
ഇന്നത്താഴം ഇതുകൊണ്ടാവാം '
അയ്യപ്പൻ വിശപ്പിനെ കുറിച്ച് ഇങ്ങനെ കോറിയിടുന്നു.
'തേച്ചുമിനുക്കിവച്ച വയറിനെ
ദഹനേന്ദ്രിയത്തിന്റെ
പൂച്ചക്കുഞ്ഞ്'

വാർദ്ധക്യത്തിന്റെ ശാപം തൊട്ടറിഞ്ഞ പോലെ ഒരുൾക്കിടലത്തോടെ അയ്യപ്പൻ പാടുന്നു.

'പ്രാവും പ്രളയവുമില്ലാത്ത കാലത്തെ
വീണപൂക്കളുടെ വസന്തമോ വാർദ്ധക്യം '

മദ്യം സഖിയായ അയ്യപ്പൻ!

ടി പി രാജീവന്റെ ഒരു നിരീക്ഷണം വായിച്ചിട്ടുണ്ട്. 'മദ്യപിച്ച പ്രഫ. ജി കുമാരപിള്ളയെ ഇതുവരെ കണ്ടിട്ടില്ല അതുപോലെതന്നെ, മദ്യപിക്കാത്ത എ. അയ്യപ്പനെയും.' മദ്യത്തോടു ഗാഢപ്രണയമായിരുന്നു അയ്യപ്പന്. വല്ലാത്ത അനാഥത്വം തോന്നിയിരുന്ന ചെറുപ്പത്തിലാണു രുചിയറിയുന്നത്. അയ്യപ്പന്റെ ഒരു സുഹൃത്ത് വെള്ളായണിയിൽ നിന്ന് ഒരു കുപ്പി ദ്രാവകം കൊണ്ടുവന്നു. എല്ലാ അനാഥത്വങ്ങൾക്കും ഔഷധം എന്നു പറഞ്ഞു കുപ്പി നീട്ടി. വീട്ടിനടുത്തുള്ള ഒരു കുളത്തിന്റെ കരയിൽ പോയി ഒരു കവിൾ... കുപ്പി വലിച്ചെറിഞ്ഞു. (ആദ്യമായിമദ്യത്തെ അനുഭവിച്ച ആ ദിവസത്തെ അയ്യപ്പൻ ഓർമിച്ചത് മൂന്നു കുപ്പി കഴിക്കുന്ന കാലത്തായിരുന്നു!)... അയ്യപ്പനെ കുറിച്ചുജേക്കബ് തോമസ് പറയുന്നു.

ഒരേ വൃത്തത്തിൽ നിന്നും ഒരേ തലത്തിൽ ആശയ സമത്വ സംഗമത്തിൽ പുറത്തുവന്ന കവിതകൾ ബാലചന്ദ്രൻ ചുള്ളിക്കാട്, കക്കാട്, കടമ്മനിട്ട, സച്ചിദാനന്ദൻ തുടങ്ങിയ ആധുനിക മുഖമുള്ള കവികളിൽ നിന്നും വ്യത്യസ്തമായി അയ്യപ്പന്റെ കവിതകൾക്ക് ഭ്രാന്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു , ജീവിതത്തിന്റെ അങ്കലാപ്പുകളുണ്ടായിരുന്നു മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിരുന്നു. 

'കരൾ പകുത്തു നൽകാൻ വയ്യെന്റെ പ്രണയമേ..! 
പാതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ'

മദ്യത്തോടും കവിതയോടും അഗാധ പ്രണയമായിരുന്നു അയ്യപ്പന് വിശപ്പിനെ സ്‌നേഹിച്ച മനുഷ്യന് പലപ്പോഴും അപ്പമായതും മദ്യവും കവിതയും ഈ ഭ്രാന്തുമൊക്കെ തന്നെയായിരുന്നു.

താൻ കണ്ട കാഴ്ചകളെ താൻ സഞ്ചരിച്ച വഴികളെ, അങ്ങനെ തന്റെ അനുഭവങ്ങളൊക്കെയും ഭ്രാന്തമായ ഭംഗിയിൽ അതി തീക്ഷണമായി വായനക്കാരിലേക്കെത്തിക്കാൻ അയ്യപ്പന് കഴിഞ്ഞു. അരവയർ പട്ടിണിയിലും കയ്യിലെ കടലാസു തുണ്ടിൽ ജീവിതത്തെ കവിതയായി കോറിയിട്ട അയ്യപ്പന് വിഷയ ദാരിദ്രമോ ആശയ ദാരിദ്രമോ ഉണ്ടായിട്ടില്ല. ജീവിത ദാരിദ്ര്യം വന്നപ്പോൾ കവിതകൾ അയ്യപ്പനെ സംരക്ഷിച്ചു.

ജീവിതത്തിന്റെ വേഷപ്പകർച്ചകളിലൂടെയൊക്കെയും അവരുടെ രൂപത്തിൽ ഭാവത്തിൽ ഭാഷയിൽ അയ്യപ്പൻ ജീവിച്ചു അതുകൊണ്ടു തന്നെ പ്രണയിനിയെ, ദൈവത്തെ, ബാല്യകാലത്തെ, വിശപ്പിനെ പുഴയെ, കടലിനെ, മയിൽപ്പീലിയെ, ഋതുക്കൾ, പ്രവാസത്തെ, മിന്നാമിനുങ്ങിനെ, ഓർമ്മകളെ, വഴിയേ, കുറ്റവാളിയെ, അഭിസാരികയെ, മരണത്തെ, രതിയെ , കുശുമ്പിനെ, എന്തിനേറെ ശാസ്ത്രങ്ങളെ പോലും അവരുടെഅല്ലെങ്കിൽ അവയുടെ മനസ്സിലൂടെ ഭ്രാന്തമായി ആശ്ലേഷിച്ചു.

സാധാരണ കവികൾ ചിന്തിച്ച് നിർത്തുന്നയിടത്തു നിന്നും അയ്യപ്പനെന്ന കവി ചിന്തിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ പ്രശസ്തരായ കവികളെക്കാളും ഏറെ ദൂരം മുന്നിലായിരുന്നു അയ്യപ്പനെന്ന കവിയുടെ സ്ഥാനം. പുഞ്ചിരി എന്നും, മന്ദഹാസവുമെന്നൊക്കെ കവികൾ എഴുതിയപ്പോൾ അട്ടഹാസമെന്നും പൊട്ടിചിരിയെന്നുമൊക്കെ എഴുതി അയ്യപ്പൻ സാധാരണക്കാരനോട് അടുത്തു നിന്നു. കാനനം എന്നതിന് പകരം കാടെന്ന് എഴുതി. ഈ തുറന്നെഴുത്തുകൾ രണ്ടു രീതിയിലാണ് നാം നോക്കികണ്ടത്. സാധാരണക്കാരനോട് കൂടുതൽ അടുത്തു നിന്ന ഭാഷകളും ആശയങ്ങളും കവിതയായപ്പോൾ അയ്യപ്പനെന്ന കവിക്ക് ജന മനസ്സുകളിൽ പ്രതിഷ്ഠകളുണ്ടായി എന്നാൽ ആധുനികമെന്നു സ്വയ പ്രഖ്യാപിതമായ മറ്റുകവികൾ അതിനെ വിമർശിക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിന്റെ ഉപരിതല കവിതാ മാഫിയകളിൽ നിന്നും അയ്യപ്പൻ മാറ്റിയെറിയപ്പെട്ടു.

ആധുനിക കവിതകളും കവികളും ജനകീയമായപ്പോഴും അയ്യപ്പൻ ജനകീയനായില്ല. എന്നാൽ അയ്യപ്പനെന്ന ചിന്ത ജനകീയമായിരുന്നു. ആ തുറന്നെഴുതുകൾ ജനകീയമായിരുന്നു കവിത എന്ന മേമ്പൊടി പലപ്പോഴും ചാർത്തി കിട്ടിയിരുന്നില്ല എങ്കിലും.

കാര്യങ്ങൾ തുറന്നു പറയുന്ന നമ്മുടെ വ്യവസ്ഥിതി അതെ അനീതി അയ്യപ്പനോടും കാണിച്ചു. മദ്യപാനിയായും, ഭ്രാന്തനായും, കഞ്ചാവടിക്കാരനായും അയ്യപ്പൻ അറിയപ്പെട്ടു. വൈകിയ വേളകളിൽ വിവേകങ്ങൾ അംഗീകാരങ്ങൾ ആയെങ്കിലും വേണ്ട രീതിയിൽ അയ്യപ്പനെന്ന മനുഷ്യനും കവിക്കും അംഗീകാരങ്ങൾ നൽകാത്തതിന് ഈ നാട് പശ്ചാത്തപിക്കുന്ന ഒരു കാലം വിദൂരമല്ല.

1949 ഒക്ടോബർ 27-നു തിരുവനന്തപുരത്തുള്ള നേമത്തു ഒരു സ്വർണ്ണപണിക്കാരന്റെ മകനായി ജനനം. സ്വർണത്തിന്റെ ലോകതേയ്ക്കു അദ്ദേഹം പിച്ചവെയ്ക്കും മുൻപേ യുവതിയായ അമ്മയുടെ മിന്നറ്റു.ശേഷം അമ്മയുടെയും രണ്ടു വയസ്സ് മൂത്ത സഹോദരിയോടുമൊപ്പമുള്ള ജീവിതം.പിന്നീട് അമ്മയും പോയി.ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ സെക്രട്ടറിയായിരുന്നു അയ്യപ്പൻ.ആർ.സുഗതന്റെയും,സി.അച്ചുതമേനോന്റെയും സ്വാദീനം അയ്യപ്പനെ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാക്കി.പഠനകാലത്തു തന്നെ ജയിൽവാസം അനുഷ്ഠിച്ച അയ്യപ്പൻ ഇരുപത്തിയൊന്നാം വയസ്സിൽ അക്ഷരം മാസികയുടെ പ്രസാധകനും,പത്രാധിപരുമായി മാറി.ഇടക്കാലത് ബോംബെ വേദി പത്രത്തിന്റെ കറസ്സ് പോണ്ടന്റായി പ്രവർത്തിച്ച അദ്ദേഹം ഈ കാലത് കവിതകളെഴുതി തുടങ്ങി.ബഷീർ കൃതകളോടായിരുന്നു അയ്യപ്പന് പ്രിയം.തന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തിയും.അഭ്രപാളികളിൽ അത്ഭുതം വിരിയിച്ച ജോൺ എബ്രഹാം അദ്ദേഹത്തിന്റെ ആത്മമിത്രമായിരുന്നു.മദ്യമെന്ന താഴ്‌വരയിൽ പൂത്തുലഞ്ഞു, വാടിക്കരിഞ്ഞു, ചേതനയറ്റ രണ്ടു സുഹൃത്തുക്കൾ. മദ്യപിക്കാത്ത അയ്യപ്പൻ മൗനിയായിരുന്നു. ആർത്തുല്ലസിച്ചു കവിതകൾ പാടുന്ന അയ്യപ്പനെ കാണണമെങ്കിൽ മദ്യം വേണമെന്നു സാരം.സിരകളിൽ മദ്യവും,കണ്ണുകളിൽ വിപ്ലവവും,കൈതുമ്പത് കവിതകളും..!അതായിരുന്നു അയ്യപ്പൻ.സ്വന്തം അച്ചുതണ്ടിൽ തിരിഞ്ഞൊരു കവി,അസ്തമയങ്ങളിൽ തന്റെ കൂട്ടുകാരുടെ അടുത്ത് ഏതു ലോകത്തുനിന്നും കാൽനടയായി എത്താൻ കൊതിച്ചവൻ.

മരണക്കിടക്കയിലും അയ്യപ്പന്റെ കീശയിൽ മഷിയുണങ്ങാത്ത ഒരു കവിതയുണ്ടായിരുന്നു. കവിതയുടെ ലോകത്തു ജീവിച് കവിതയുടെ ലോകത്തു അദ്ദേഹം മരിച്ചുവീണു.ആരും തിരിഞ്ഞു നോക്കാനില്ലാതെ തമ്പാനൂരിൽ മണിക്കൂറുകളോളം കിടന്നപ്പോളും അയ്യപ്പൻ പരിഭ്രമിച്ചു കാണില്ല.കാരണം ജീവിതം എന്തെന്ന് പഠിച്ചവന് മരണത്തെക്കുറിച്ചു വിശാലമായ ഒരു കാഴ്ചപാട് കാണും.

'സുഹൃത്തേ, മരണത്തിനപ്പുറവും ഞാൻ ജീവിക്കും 
അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും' (എ.അയ്യപ്പൻ)

അഞ്ചു വർഷം മുൻപാണ് അയ്യപ്പൻ അന്തരിച്ചതു താൻ കവിതകൾ പാടി നടന്ന തലസ്ഥാനത്തെ തെരുവോരത്തു ബോധമറ്റു മണിക്കൂറുകൾ കിടന്ന്, ജനറൽ ആശുപത്രിയിൽ മരിച്ച അയ്യപ്പനെ പിറ്റേന്ന് അജ്ഞാത ജഡമായി മോർച്ചറിയിലേക്കു മാറ്റുമ്പോഴാണ് ആശുപത്രിയിലെ ആർ എം ഒ ആളെ തിരിച്ചറിഞ്ഞത്. ഷർട്ടിന്റെ കൈമടക്കിൽ ഒരു അപ്രകാശിത കവിതയുമുണ്ടായിരുന്നു. മോർച്ചറിയിലെ തണുപ്പിൽ കവിതയിലെ പല വരികളിലെയും അക്ഷരങ്ങൾ ഇനിയൊരിക്കലും വായിച്ചെടുക്കാൻ കഴിയാത്തവിധം വെറും മഷിപ്പടർപ്പായി കഴിഞ്ഞിരുന്നു.

ആ തുണ്ട് കടലാസിലെ കവിതാ ഇങ്ങനെ

പല്ല്

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി

ചെന്നൈയിൽ വച്ച് ആശാൻ പുരസ്‌കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണീ കവിത.

സാധാരണക്കാരന്റെ മഹാകവിക്ക് പ്രണാമങ്ങൾ!

(ആശയങ്ങൾക്ക് കടപ്പാട്)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP