Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊടുപുഴ സ്വദേശിക്ക് പരിശീലനം നൽകിയത് 130 പേരുടെ ജീവൻ എടുത്ത പാരീസ് ആക്രമണത്തിലെ മുഖ്യ പ്രതി; ചോദ്യം ചെയ്യാനായി ഫ്രഞ്ച് പൊലീസിന് കൈമാറും; തുർക്കിയിലൂടെ ഇറാഖിലും സിറിയയിലും എത്തി പരിശീലനം കഴിഞ്ഞ് മടങ്ങിയ സുബാഹാനി ഇന്ത്യൻ ഐസിസിന് ഉറപ്പിച്ച വേരുകൾ ചികഞ്ഞ് എൻ ഐ എ

തൊടുപുഴ സ്വദേശിക്ക് പരിശീലനം നൽകിയത് 130 പേരുടെ ജീവൻ എടുത്ത പാരീസ് ആക്രമണത്തിലെ മുഖ്യ പ്രതി; ചോദ്യം ചെയ്യാനായി ഫ്രഞ്ച് പൊലീസിന് കൈമാറും; തുർക്കിയിലൂടെ ഇറാഖിലും സിറിയയിലും എത്തി പരിശീലനം കഴിഞ്ഞ് മടങ്ങിയ സുബാഹാനി ഇന്ത്യൻ ഐസിസിന് ഉറപ്പിച്ച വേരുകൾ ചികഞ്ഞ് എൻ ഐ എ

കൊച്ചി: ഐസിസിന്റെ ഇന്ത്യൻ തലവൻ സജീർ അബ്ദുള്ളയെന്ന കോഴിക്കോട്ടുകാരനാണെന്ന് കണ്ടെത്തിയ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദത്തിലെ ഇന്ത്യൻ വേരുകൾ തേടി കേരളം അരിച്ചു പറക്കുകയാണ്. ഐസിസുമായി മലയാളികൾക്കുള്ള അടുപ്പത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ തന്നെയാണ് എൻഐഎയ്ക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. ഐസിസിന്റെ റിക്രൂട്ട്‌മെന്റെ താവളമായി കേരളം മാറിയെന്ന സംശയം ബലപ്പെടുത്തുന്നാണ് വിദേശ ക്യാംപുകളിൽ ആയുധപരിശീലനം പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തിയ തൊടുപുഴ സ്വദേശി മാളിയേക്കൽ സുബഹാനി ഹാജ മൊയ്തീന് നൽകിയ മൊഴിയുള്ളത്. അതുകൊണ്ട് തന്നെ കരുതലോടെ അന്വേഷണവും നിരീക്ഷണവും തുടരാനാണ് എൻ ഐ എ തീരുമാനം.

അന്താരാഷ്ട്ര ഭീകരരുമായി പോലും അടുത്ത ബന്ധം സുബഹാനിക്കുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ 130 പേരുടെ ജീവനെടുത്ത പാരിസ് ആക്രമണത്തിൽ പങ്കെടുത്തവരെ അറിയാമായിരുന്നുവെന്ന് സുബഹാനി സമ്മതിച്ചതായി രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, പാരിസ് ആക്രമണത്തേക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഇയാളുടെ നിലപാട്. പാരിസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അബ്ദൽ ഹമീദ് അബാ ഔദാണ് സുബഹാനിക്ക് തീവ്രവാദ് പരിശീലനം നൽകിയതെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെ, പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസ് സുബഹാനിയെ ചോദ്യം ചെയ്യാനും സാധ്യത തെളിഞ്ഞു. തെളിവെടുപ്പിൽ ലഭിച്ച വിവരങ്ങൾ കേരളാ പൊലീസ് ഫ്രഞ്ച് പൊലീസിന് കൈമാറിയിട്ടുണ്ട്.

ഇറാഖിലെ മൊസൂളിൽ ഐസിസ് മേഖലകളിൽ അവർക്കുവേണ്ടി പ്രവർത്തിച്ചു. പരിശീലനകാലത്ത് മാസം 100 യു.എസ് ഡോളർ വീതം (6500 രൂപ) വേതനം ലഭിച്ചിരുന്നതായും ഇയാൾ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻഎന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഒപ്പമാണ് ക്ലാസുകളിലും ആയുധപരിശീലനത്തിലും പങ്കെടുത്തത്. കനകമലയിലെ റെയ്ഡിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് എൻഐഎയെ സുബഹാനിയിൽ എത്തിച്ചത്. ഇന്ത്യയിൽ ഐസിസിന്റെ പ്രവർത്തനങ്ങൾക്ക് നേരിട്ട് നിയന്ത്രണം നൽകിയിരുന്ന വ്യക്തികളിൽ പ്രധാനിയാണ് സുബഹാനി.

കഴിഞ്ഞ വർഷം ഏപ്രിൽ അവസാനമാണ് സുബഹാനി ചെന്നൈ വിമാനത്താവളം വഴി തുർക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. അവിടെവച്ച് പാക്കിസ്ഥാനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും എത്തിയവരോടൊപ്പം സുബഹാനി ഇറാഖിലേക്ക് കടക്കുകയായിരുന്നു. അപ്പോഴാണ് പാരീസ് ആക്രമണത്തിന് നേതൃത്വം നൽകിയ സലാഹ് അബ്ദസ്!ലാം, അബ്ദൽ ഹമീദ് അബാ ഔദ് എന്നിവരെ പരിചയപ്പെട്ടത്. ഇവരിൽ അബ്ദൽ ഹമീദ് അബാ ഔദ് പാരിസിലെ തിയറ്ററിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ സലാഹ് അബ്ദസ്!ലാം ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിലാണ്. നവംബറിൽ ഇന്ത്യയിൽ തിരിച്ചെത്തിയ സുബഹാനി മാദ്ധ്യമങ്ങളിലൂടെയാണ് പാരിസ് ആക്രമണത്തെക്കുറിച്ചറിഞ്ഞത്. ഇറാഖ്, സിറിയ എന്നിവിടങ്ങളിൽവച്ച് ആക്രമണം നടത്തിയവരെ കണ്ട കാര്യം അപ്പോൾ ഓർത്തുവെന്നും സുബഹാനി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

സുബഹാനിയെ ഈ മാസം ആറിനാണ് അറസ്റ്റ് ചെയ്തത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനെന്നു ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചാണു 2015 ഏപ്രിൽ എട്ടിനു സുബഹാനി സന്ദർശക വീസയിൽ തുർക്കിയിലെത്തിയത്. അവിടെ നിന്നു കരമാർഗം ഇറാഖിലെത്തി. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് ക്യാംപുകളിൽ തീവ്രപരിശീലനത്തിനു ശേഷം 2015 സെപ്റ്റംബർ 22നു മുംബൈയിൽ മടങ്ങിയെത്തി. ഒരു വർഷമായി ഇന്ത്യയിലെ ഐഎസിന്റെ രഹസ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാനിയാണു സുബഹാനിയെന്നു സംശയിക്കുന്നു. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം തിരുനൽവേലിയിലാണു സുബഹാനി താമസിക്കുന്നത്. മൊസൂളിലെ പോർമുഖത്തു സുഹൃത്തുക്കളായ രണ്ട് ഐഎസുകാർ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ കൺമുന്നിൽ കരിഞ്ഞുവീഴുന്നതു കണ്ടതോടെ ഭയപ്പെട്ടു ക്യാംപ് വിട്ടുപോന്നതായാണു സുബഹാനിയുടെ വെളിപ്പെടുത്തൽ. സമൂഹമാദ്ധ്യമങ്ങളിലെ ചില രഹസ്യ ഗ്രൂപ്പുകൾ വഴിയാണ് ഐസിസിൽ ചേർന്നതെന്നും ഇയാൾ വെളിപ്പെടുത്തി.

സംസ്ഥാനത്ത് രണ്ട് ജഡ്ജിമാർ അടക്കമുള്ള അഞ്ച് വി.ഐ.പികളെ വകവരുത്താൻ ലക്ഷ്യമിട്ടതും ഏഴു തന്ത്രപ്രധാനമായ ഇടങ്ങളിൽ സ്‌ഫോടനം നടത്താനും പദ്ധതിയിട്ടതും സുബഹാനിയായിരുന്നു. കനകമലയിലെ റെയ്ഡാണ് ഇതിലെ വിശദാംശങ്ങൾ പുറത്തുകൊണ്ട് വന്നത്. സുബഹാനി ശിവകാശിയിൽ നിന്നും വൻ തോതിൽ ആയുധങ്ങൾ വാങ്ങിയതിന്റെ വിവരങ്ങളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇയാൾ ഐഎസിന് വേണ്ടി സിറിയയിലും ഇറാഖിലും അഞ്ച് മാസത്തോളം സൈന്യത്തിനെതിരേ യുദ്ധം ചെയ്തിട്ടുണ്ടെന്നും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.

കണ്ണൂരിലെ കനകമലയിൽ നിന്നും അറസ്റ്റിലായ ദക്ഷിണേന്ത്യയിലെ ഐസിസിന്റെ സ്ലീപിങ്‌സെല്ലിൽ ഉൾപ്പെട്ട സംഘത്തെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സുബഹാനിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP