Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖം മിനുക്കാൻ അഴിച്ചുപണി; ദി ഹിന്ദു എഡിറ്റോറിയൽ വിഭാഗം മേധാവി പി ഐ രാജീവ് മാതൃഭൂമിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാകും; പിടിമുറുക്കുന്നത് ശ്രേയംസ് കുമാർ; മാദ്ധ്യമത്തിന്റെ തലപ്പത്തും മാറ്റങ്ങൾ

മുഖം മിനുക്കാൻ അഴിച്ചുപണി; ദി ഹിന്ദു എഡിറ്റോറിയൽ വിഭാഗം മേധാവി പി ഐ രാജീവ് മാതൃഭൂമിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാകും; പിടിമുറുക്കുന്നത് ശ്രേയംസ് കുമാർ; മാദ്ധ്യമത്തിന്റെ തലപ്പത്തും മാറ്റങ്ങൾ

കെ സി റിയാസ്

കോഴിക്കോട്: കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ രണ്ടു പ്രമുഖ മാദ്ധ്യമസ്ഥാപനങ്ങളിൽ സുപ്രധാന സ്ഥാനങ്ങളിൽ പുനപ്രതിഷ്ഠയുണ്ടാവും. മാതൃഭൂമി ദിനപത്രത്തിലും മാദ്ധ്യമം ആഴ്ചപ്പതിപ്പിലുമാണ് എഡിറ്റോറിയൽ തലപ്പത്ത് പുതിയ മാറ്റങ്ങൾ.

നഷ്ടപ്പെട്ട വിശ്വാസ്യതയും പരസ്യവരുമാനവും തിരിച്ചുപിടിക്കാൻ മാതൃഭൂമി പുതിയ എഡിറ്റോറിയൽ നേതൃത്വത്തെ അവരോധിക്കാൻ ചർച്ച തുടങ്ങിയിട്ട് മാസങ്ങളായി. ഇതിന്റെ ആദ്യ പടിയെന്നോണം ഒരു എക്‌സിക്യൂട്ടീവ് എഡിറ്ററെ ഉടൻ നിയമിക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ കഴിവ് തെളിയിച്ച ദി ഹിന്ദു പത്രത്തിന്റെ കേരളത്തിലെ എഡിറ്റോറിയൽ വിഭാഗത്തിന്റെ മേധാവി കൂടിയായ പി ഐ രാജീവിനായിരിക്കും ഇതിന്റെ ചുമതല. നവംബർ ഏഴിനായിരിക്കും ഇദ്ദേഹം എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേൽക്കുക.

ഇന്ത്യൻ എക്സ്‌പ്രസ് റസിഡന്റ്് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റർ, ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്റർ, മദ്ധ്യപ്രദേശ് ക്രോണിക്ക്ൾ ഫീച്ചർ എഡിറ്റർ, ദി ഹിന്ദു റസിഡന്റ് എഡിറ്റർ, ഫ്രീ പ്രസ് ജേർണൽ തുടങ്ങിയ വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച പി ഐ രാജീവ് കോഴിക്കോട് സ്വദേശിയാണ്. ജേർണലിസ്റ്റ് ജാടകളില്ലാത്ത മനുഷ്യപ്പറ്റുള്ള മികച്ച എഡിറ്ററായ ഇദ്ദേഹം ഒന്നര പതിറ്റാണ്ടിലേറെക്കാലം കേരളത്തിനു പുറത്താണ് മാദ്ധ്യമപ്രവർത്തനം നടത്തിയത്. ഇദ്ദേഹം ഇന്ത്യൻ എക്സ്‌പ്രസിന്റെ ഗുജറാത്ത് റസിഡന്റ് എഡിറ്ററായി നിൽക്കുമ്പോഴാണ് മദ്ധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പത്രത്തിന് എഡിഷൻ തുടങ്ങി അതിന്റെ തലപ്പത്തു പ്രവർത്തിച്ചത്.

ഗുജറാത്ത് വംശഹത്യ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ നേരിട്ടു റിപ്പോർട്ട് ചെയ്ത് മാദ്ധ്യമരംഗത്ത് ഏറെ ശ്രദ്ധേയനായ രാജീവിന്റെ വരവോടെ മതനിരപേക്ഷ ഭൂമികയിൽ പത്രത്തിനുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതോടൊപ്പം പ്രൊഫഷണൽ മികവോടെ മാതൃഭൂമിയെ കൂടുതൽ മുന്നോട്ടു നയിക്കാൻ സാധിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷ. ഇപ്പോൾ എക്‌സിക്യൂട്ടീവ് എഡിറ്ററായാണ് നിയമനമെങ്കിലും നിലവിലുള്ള എഡിറ്റർ കേശവൻ നായർ ഡിസംബറിൽ വിരമിക്കുന്നതോടെ അദ്ദേഹത്തിന്റെ പിൻഗാമിയായി ചുമതല ഏൽപ്പിക്കാനും സാധ്യത ഏറെയാണ്.

അകത്തും പുറത്തും ഏറെ നാളായി തുടരുന്ന ചർച്ചകൾക്കും അസ്വസ്ഥതകൾക്കുമിടെ എഡിറ്റോറിയൽ വിഭാഗത്തിന്റെ പൂർണ നിയന്ത്രണം മാനേജിങ് എഡിറ്റർ പി വി ചന്ദ്രനിൽ നിന്നും മാനേജിങ് ഡയരക്ടർ എം പി വീരേന്ദ്രകുമാറിന്റെ മകൻ കൂടിയായ എം വി ശ്രേയാംസ്‌കുമാറിലേക്കു കേന്ദ്രീകരിക്കുംവിധമാണ് മാതൃഭൂമിയിലെ മാറ്റങ്ങൾ വരാനിരിക്കുന്നത്. മാതൃഭൂമി ചാനലുൾപ്പെടെ ഇലക്‌ട്രോണിക് മീഡിയയുടെ അധികാരിയായ ശ്രേയാംസ് കുമാറിന്റെ വരുതിയിൽ മാതൃഭൂമി പത്രവും കൂടി എത്തുംവിധമാണ് കാര്യങ്ങളുടെ പോക്ക്. എന്നാൽ ഇത് പൊളിച്ചടുക്കാൻ പി വി ചന്ദ്രനെ തുണയ്ക്കുന്നവർ സജീവ ചരടുവലി നടത്തുന്നുണ്ട്.

സത്യസന്ധമായ മാദ്ധ്യമപ്രവർത്തനം കൈമുതലായുള്ള പി ഐ രാജീവൻ ഏതെങ്കിലുമൊരു പ്രത്യേക പക്ഷത്തുനിൽക്കുന്ന സ്വഭാവക്കാരനല്ലെന്നത് പി വി ചന്ദ്രനെ പിന്തുണക്കുന്നവരിലും പ്രതീക്ഷ പകരുന്നുണ്ട്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിയപ്പോൾ ചില മുസ്‌ലിം സംഘടനകൾ സംഘടിതമായി മാതൃഭൂമി ബഹിഷ്‌കരണം അടക്കമുള്ള പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത് പത്രത്തിന് സർക്കുലേഷനിലും പരസ്യ വരുമാനത്തിലും ഏറെ ഇടിവുണ്ടാക്കിയിരുന്നു. കേരളത്തിന് പുറമെ ഗൾഫ് നാടുകളിലും പത്രപ്രചാരണത്തെ ഇത് കാര്യമായി ബാധിച്ചു. പതിനായിരക്കണക്കിന് കോപ്പികളും, 30 ശതമാനത്തിലേറെ പരസ്യങ്ങളും നഷ്ടമായ മാതൃഭൂമിക്ക്, ദീർഘകാലത്തേക്ക് ബുക്ക് ചെയ്ത പല പരസ്യങ്ങളും പാതിവഴിയിൽ റദ്ദാക്കാനും അത് നിമിത്തമാക്കി.

വാർത്തകളിലും ജീവനക്കാരോടുള്ള ഇടപെടലിലുമെല്ലാം മാദ്ധ്യമരംഗത്ത് മികച്ച അഭിപ്രായമുള്ള രാജീവിന്റെ വരവ് സ്ഥാപനത്തിനു മുതൽകൂട്ടാവുമെന്നാണ് കരുതുന്നത്. പ്രചാരണത്തിൽ മുന്നിലുള്ള മനോരമയെ വെല്ലുംവിധം പ്രൊഫഷണൽ മികവോടെ പുതിയ വായനക്കാരെ കൂടുതൽ ആകർഷിക്കാനാണ് മാനേജ്‌മെന്റ് രാജീവിലൂടെ തന്ത്രം മെനയുന്നത്. അതിനിടെ, മാതൃഭൂമിയിൽ ലൈനർമാരോട് 100 പത്രം ചേർപ്പിക്കാനുള്ള നിർദ്ദേശം മാദ്ധ്യമപ്രവർത്തകരിലും അഡ്‌മിനിസ്‌ട്രേറ്റീവ് ജീവനക്കാരിൽ കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയുടെ ബൗദ്ധിക സമ്പാദ്യമായ മാദ്ധ്യമം ആഴ്‌ച്ചപ്പതിപ്പിന്റെ തലപ്പത്താണ് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് പുതിയ തീരുമാനങ്ങൾ നടപ്പാക്കിയത്്. ദീർഘകാലമായി പീരിയോഡിക്കൽസ് വിഭാഗത്തിന്റെ മേധാവിയായി സേവനമനുഷ്ഠിച്ച പി കെ പാറക്കടവിനെ ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ സ്ഥാനത്തു നിന്ന് മാറ്റി ഗ്രന്ഥകാരനും പ്രവാസ രചനകളിലൂടെ ഏറെ വായനക്കാരെ ആകർഷിക്കുകയും ചെയ്ത വി മുസഫർ അഹമ്മദിനാണ് പുതിയ ചുമതല നൽകിയിട്ടുള്ളത്. റിട്ടയർമെന്റിനു ശേഷം അഞ്ചു വർഷത്തേക്കായിരുന്നു പാറക്കടവിന്റെ കരാർ നിയമനമെങ്കിലും അത് അവസാനിച്ചിട്ട് ഒരു വർഷത്തോളമായി. എങ്കിലും പോസ്റ്റിലും സ്‌കെയിലിലുമെല്ലാം ആകർഷകമായ ചില ഓഫറുകൾ വച്ച് നീട്ടിയാണ് പുതിയ സ്ഥാനചലനങ്ങൾ.

ഡയരക്ടർ, എഡിറ്റോറിയൽ പബ്ലിക് റിലേഷൻസ് എന്ന പുതിയ തസ്തികയുണ്ടാക്കിയാണ് മാനേജ്‌മെന്റ് പാറക്കടവിന് തുടരാൻ അവസരം നൽകുക. മാദ്ധ്യമം 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ചുമതലകൾ അടക്കം ഇദ്ദേഹത്തെ ഏൽപ്പിക്കാനാണ് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതെന്നാണ് വിവരം. വളരെ കുറഞ്ഞ കാലംകൊണ്ട് കേരളത്തിലും ജി സി സി രാജ്യങ്ങളിലും പ്രതീക്ഷകൾക്കപ്പുറമുള്ള നേട്ടമുണ്ടാക്കാൻ പത്രത്തിന് സാധിച്ചതായാണ് മാനേജ്‌മെന്റ് വിലയിരുത്തൽ. ഇടത്-വലത് ചേരികൾക്കിടയിലും കുത്തക പത്രങ്ങൾക്കിടയിലും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളുടെ ജിഹ്വയാകാനും പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമുയർത്താനും സാധിച്ചുവെന്ന് കരുതുന്ന മാനേജ്‌മെന്റ് പൂർണ്ണമായില്ലെങ്കിലും ഘട്ടംഘട്ടമായുള്ള സംഘടനാപരമായ ഇടപെടൽ പത്രത്തിലൂടെ നടപ്പാക്കാനാണ് സാധ്യത.

നേര്, നന്മ എന്ന മുദ്രാവാക്യവുമായി മാദ്ധ്യമം ഗ്രൂപ്പിന്റെ തന്നെ കീഴിൽ ആരംഭിച്ച മീഡിയാ വൺ ചാനലിൽ അത്തരമൊരു ഇടപെടലിന്റെ തുടക്കമെന്നോണമാണ് ചില പ്രോഗ്രാം നിയന്ത്രണങ്ങളും ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളിലേക്കും നീങ്ങാൻ മാനേജ്‌മെന്റിനെ നിർബന്ധിതരാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP