Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടാലി ശ്രീധരനെ തേടിയെത്തിയവർ മകനെ തട്ടിക്കൊണ്ടുപോയി; 3.9 കോടിയുടെ ഹവാലാപണം തട്ടിയെടുത്ത സംഘത്തിൽപ്പെട്ട അച്ഛനെയും മകനെയും തേടിയെത്തിയ അധോലോക സംഘമെന്നു സംശയം; കോടാലി കുടുംബസമേതം കോതമംഗലത്ത് കഴിയുന്നുണ്ടെന്നു പൊലീസ് അറിയുന്നത് പരാതി കിട്ടിയപ്പോൾ

കോടാലി ശ്രീധരനെ തേടിയെത്തിയവർ മകനെ തട്ടിക്കൊണ്ടുപോയി; 3.9 കോടിയുടെ ഹവാലാപണം തട്ടിയെടുത്ത സംഘത്തിൽപ്പെട്ട അച്ഛനെയും മകനെയും തേടിയെത്തിയ അധോലോക സംഘമെന്നു സംശയം; കോടാലി കുടുംബസമേതം കോതമംഗലത്ത് കഴിയുന്നുണ്ടെന്നു പൊലീസ് അറിയുന്നത് പരാതി കിട്ടിയപ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ മകനെ ഏഴംഗസംഘം താമസസ്ഥലത്തുനിന്നും തട്ടിക്കൊണ്ടു പോയതായി പരാതി. സംഭവത്തിന് പിന്നിൽ അധോലോകമെന്നു സംശയം, പൊലീസ് അന്വേഷണം തുടങ്ങി. ശ്രീധരന്റെ ഭാര്യ പണിക്കവളപ്പിൽ വീട്ടിൽ വത്സലയാണ് ഇതു സംബന്ധിച്ച് കോതമംഗലം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കോതമംഗലം പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ ഏഴുപേരടങ്ങുന്ന സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറിയെന്നും മുപ്പതുകാരനായ മകൻ അരുണിനെ ബലമായി പിടിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയെന്നുമാണ് വത്സലയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഒരുമാസം മുമ്പാണ് ശ്രീധരനും കുടുംബവും കോതമംഗലത്തുനിന്നും ഏഴുകിലോമീറ്റർ അകലെ കുടമണ്ടയിൽ താമസമാക്കിയത്. വത്സലയും മകനും മകന്റെ ഭാര്യയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്രീധരനെ അന്വേഷിച്ചെത്തിയവർ അയാളെ കിട്ടാത്ത ദേഷ്യത്തിൽ മകനെ കടത്തിയതാവാമൊണ് പൊലീസ് അനുമാനം. റോഡിൽ നിന്നുനോക്കിയാൽ പെട്ടെന്നു കാണാത്ത ഭാഗത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പരാതിയുമായി ഭാര്യ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ഈ കൊടുംകുറ്റവാളി ഇവിടെ താമസമാക്കിയ കാര്യം പൊലീസ് അറിയുന്നത്.

പോൾ മുത്തൂറ്റ് കൊലക്കേസുമായി ബന്ധമുണ്ടെന്നു പൊലീസ് സംശയിച്ചിരുന്ന ശ്രീധരൻ ബാംഗ്ലൂരിൽ നിരവധി കവർച്ച കേസ്സുകളിൽ പ്രതിയാണ്. ചെന്നൈയിൽനിന്നു മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്ന 3.90 കോടിയുടെ ഹവാലാ പണം പൊലീസ് സഹായത്തോടെ തട്ടിയെടുക്കുന്നതിന് ഇയാൾ നീക്കം നടത്തിയതായും വാർത്തകൾ പുറത്തുവന്നിരുന്നു. പൊലീസുമായി ഒത്തുകളിച്ചായിരുന്നു പണം തട്ടിയെടുക്കൽ. കേസിൽ കരൂർ പരമത്തി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറടക്കം നാലുപേർ അറസ്റ്റിലായിരുന്നു. പരമത്തി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ശരവണൻ, ഹെഡ്കോസ്റ്റബിൾ ധർമേന്ദ്ര എന്നിവരും പ്രതികളായുള്ള സംഭവത്തിൽ കോടാലി ശ്രീധരന്റെ മകൻ അരുണും ഉൾപ്പെട്ടിരുന്നെന്നാണ് പുറത്തായ വിവരം.

ഹവാലാ പണവുമായി സംഘം വരുന്ന കാര്യം ശ്രീധരൻ പൊലീസിനെ അറിയിച്ചെന്നും അത് തട്ടിയെടുത്താൽ കമ്മിഷൻ തരാമെന്നു പൊലീസിനെ അറിയിച്ചെന്നും ഇതുപ്രകാരം പൊലീസ് ശ്രീധരന് ഒത്താശചെയ്‌തെന്നുമാണ് ഉന്നത തല അന്വേഷണത്തിൽ വ്യക്തമായത്. പരമത്തി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മുത്തുകുമാർ, തൃശ്ശൂർ സ്വദേശികളായ സുഭാഷ് (42), സുധീർ (33) മലപ്പുറം സ്വദേശി ഷഫീഖ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ എൽ.എൻ.ടി. ബൈപ്പാസ് റോഡിൽ ഇൻസ്പെക്ടർ മുത്തുകുമാർ, എസ്.ഐ. ശരവണൻ, ഹെഡ്കോൺസ്റ്റബിൾ ധർമേന്ദ്ര എന്നിവർ ചേർന്നാണ് പണം തട്ടിയത്. സ്വർണവ്യാപാരിയായ മലപ്പുറം സ്വദേശി അൻസാർ സാദത്ത് (35), ജീവനക്കാരായ മുഹമ്മദ് (33), മുഷീർ (35), ശിതോഷ് (32) എന്നിവർ ചെന്നൈയിൽനിന്നു കാറിൽ കൊണ്ടുവരികയായിരുന്ന ഹവാലാ പണമാണ് തട്ടിയെടുത്തത്.

മധുക്കര- നീലാംബൂർ ബൈപ്പാസ് റോഡിൽ ടോൾ ബൂത്തിന് സമീപത്ത് ഇവർ പൊലീസ് വേഷത്തിൽത്തന്നെ കാർ തടഞ്ഞ് യാത്രക്കാരെ ഇറക്കി പണം കൈക്കലാക്കി. തുടർന്നു കാറുമായി പാലക്കാട്ടേക്കുപോയി പണം കോടാലി ശ്രീധരൻ പറഞ്ഞപ്രകാരം സുബാഷ്, സുധീർ, ഷഫീഖ് എന്നിവർക്ക് കൈമാറി. അതിനുശേഷം സംഘം പാലക്കാെട്ട ലോഡ്ജിൽ കോടാലി ശ്രീധരനെ കണ്ടു. മൂന്നുപേരടങ്ങുന്ന പൊലീസ് സംഘത്തിന് അരക്കോടിയും അവശേഷിക്കുന്ന സംഘാംഗങ്ങൾക്ക് 10 ലക്ഷം വീതവും നൽകി.

പണം പൊലീസ് സംഘം തട്ടിയെടുത്ത ഉടൻ അൻസാർ സാദത്ത് മധുക്കര പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. അങ്ങനെ പരാതി നൽകുമെന്ന് തട്ടിപ്പുസംഘം ചിന്തിച്ചിരുന്നില്ല. തുടർന്ന് എസ്‌പി. രമ്യഭാരതിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഹവാലാ പണം കൊണ്ടുവന്ന കാർ പാലക്കാട്ടെ ചിതലിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ കുറ്റക്കാരെന്നുകണ്ട ഇൻസ്പെക്ടറടക്കമുള്ള പൊലീസുകാരെ തിരുച്ചി ഡി.ഐ.ജി. അന്നു സസ്പെൻഡ് ചെയ്യുകയായിരുന്നു. ബാംഗ്ലൂരിലെ ചിക്പെട്ട എന്ന സ്ഥലത്തു വച്ചാണ് ശ്രീധരനെ ബാംഗ്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരിൽ നടന്ന നിരവധി കവർച്ച കേസുകളുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പിന്നീടു ശ്രീധരൻ പുറത്തിറങ്ങി. പൊലീസുമായി ഒത്തുകളിച്ചായിരുന്നു ഹവാലാപണം തട്ടിയെടുക്കൽ. കേസിൽ കരൂർ പരമത്തി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറടക്കം നാലുപേർ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ടു പരമത്തി പൊലീസ് സ്റ്റേഷനിലെ എസ്.ഐ. ശരവണൻ, ഹെഡ്കോസ്റ്റബിൾ ധർമേന്ദ്ര എന്നിവരെ പൊലീസ് തിരയുന്നു. കോടാലി ശ്രീധരൻ, മകൻ അരുൺ എന്നിവരെയും പൊലീസ് തിരയുന്നുണ്ട്.

താൻ കേരളത്തിലെ നിരവധി നേതാക്കൾക്കു തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുള്ളതായി ഇയാൾ ബാംഗ്ലൂർ പൊലീസിൽ വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതേത്തുടർന്നു കോടാലി ശ്രീധരന് കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്നും വി എം സുധീരന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടാലി ശ്രീധരൻ പണം നൽകി എന്നും മറ്റും അന്നു സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ആരോപിച്ചിരുന്നു.

കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയത് സിപിഐ(എം) നേതാവിന്റെയും പാർട്ടി ഉടമസ്ഥതയിലുള്ള ചാനൽ പ്രവർത്തകന്റെയും പ്രലോഭനത്തിന് വഴങ്ങിയാണെന്നു താമസിയാതെ ശ്രീധരൻ വെളിപ്പെടുത്തിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കൾക്ക് തെരഞ്ഞെടുപ്പ് ഫണ്ട്് നൽകിയെന്നു പറഞ്ഞാൽ ഗുണ്ടാ ലിസ്റ്റിൽനിന്ന് ഒഴിവാക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരത്തിൽ ആരോപണം ഉന്നയിച്ചതെന്നും ഇതിന് പൊലീസിന്റെ സമ്മർദവും ഉണ്ടായിരുന്നെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP