Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീതി നിർവ്വഹണം വേഗത്തിലാക്കുന്നതിൽ കേരള ഹൈക്കോടതി മുന്നിലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; മാദ്ധ്യമങ്ങളുടെ തുറന്ന കത്തിൽ ഒന്നും മിണ്ടാതെ ടി എസ് താക്കൂറിന്റെ പൂർണ്ണ അവഗണന; ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ വർണ്ണാഭമായി നടന്നു; ചാനലുകൾ ബഹിഷ്‌ക്കരിച്ചപ്പോൾ ഇന്ന് രാത്രി 10ന് ദൂരദർശനിൽ സംപ്രേഷണം

നീതി നിർവ്വഹണം വേഗത്തിലാക്കുന്നതിൽ കേരള ഹൈക്കോടതി മുന്നിലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; മാദ്ധ്യമങ്ങളുടെ തുറന്ന കത്തിൽ ഒന്നും മിണ്ടാതെ ടി എസ് താക്കൂറിന്റെ പൂർണ്ണ അവഗണന; ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ വർണ്ണാഭമായി നടന്നു; ചാനലുകൾ ബഹിഷ്‌ക്കരിച്ചപ്പോൾ ഇന്ന് രാത്രി 10ന് ദൂരദർശനിൽ സംപ്രേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങൾക്ക് കൊച്ചിയിൽ വർണ്ണാഭമായ തുടക്കം. ആഘോഷ പരിപാടികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എ കെ ബാലൻ, ജി സുധാകരൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 

മോഹൻ ശന്തനഗൗഡർ, മറ്റ് ജസ്റ്റിസുമാർ തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കനത്ത മഴയെ തുടർന്ന് ഉദ്ഘാടന പരിപാടികൾ വൈകിയാണ് തുടങ്ങിയത്. ഹൈക്കോടതിയിൽ മാദ്ധ്യമപ്രവർത്തകരുമായുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മലയാളം ചാനലുകൾ പരിപാടി ബഹിഷ്‌ക്കരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് പങ്കെടുത്ത പരിപാടിയിൽ ഭൂരിപക്ഷം മാദ്ധ്യമപ്രവർത്തകരും എത്താതിരുന്നപ്പോൾ ടൈംസ് ഓഫ് ഇന്ത്യ, ദേശാഭിമാനി, മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവർ ഉദ്ഘാടനം കവർ ചെയ്യാനെത്തി.

നീതി നിർവഹണ കാര്യത്തിലും അതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും കേരളം മുൻപന്തിയിലാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പരിഗണിക്കുമ്പോൾ കേരള ഹൈക്കോടതിയുടെ പ്രവർത്തനം സ്തുത്യർഹമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുന്ന കാര്യത്തിലും കേരളാ ഹൈക്കോടതി മുൻപന്തിയിലാണെന്നും ജസ്റ്റിസ് ടി എസ് താക്കൂർ പറഞ്ഞു. കേസുകൾ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിൽ ന്യായാധിപർ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കേരളത്തിലെ മാദ്ധ്യമങ്ങളെല്ലാം ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് തുറന്നകത്ത് എഴുതിയിരുന്നു. ഇതേക്കുറിച്ച് ഒരക്ഷരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞില്ല. മാദ്ധ്യമങ്ങളുടെ പ്രശ്‌നത്തെ തീർത്തും അവഗണിക്കുകയായിരുന്നു അദ്ദേഹവും ചെയ്തത്. അതേസമയം മാദ്ധ്യമങ്ങൾ ചടങ്ങ് ബഹിഷ്‌ക്കരിച്ചതിനെ കുറിച്ച് പ്രാസംഗികർ വേദിയിൽ പറയുകയും ചെയ്തു. നീതി നിഷേധിക്കപ്പെടുമ്പോൾ മാത്രം വരേണ്ട, ഈ മുറ്റത്തു നിന്നു മാറി നിന്നുകൊണ്ടല്ല നീതിക്ക് വേണ്ടി മുറവിളി കൂട്ടേണ്ടതെന്നും അവസാന നിമിഷം നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങൾക്കും നിർഭാഗ്യവശാൽ മാദ്ധ്യമങ്ങൾ തയ്യാറായില്ലെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വർ, അശോക് ഭൂഷൺ തുടങ്ങിയ ന്യായാധിപരും ചടങ്ങിൽ സംബന്ധിച്ചു.

അഭിഭാഷകരും അവരുടെ കുടുംബാംഗങ്ങളും മറ്റ് പ്രമുഖരും അടങ്ങിയ പ്രൗഢഗംഭീരമായ സദസും ചടങ്ങിനെത്ി. ദൃശ്യമാദ്ധ്യമങ്ങൾ പൂർണ്ണമായും അവഗണിച്ച പരിപാടി ദൂരദർശൻ കവർ ചെയ്യുകയും ചെയ്തു. മാദ്ധ്യമ അവഗണനയുടെ പശ്ചാത്തലത്തിൽ ഇന്ന് രാത്രി 10 മണിക്ക് ദൂരദർശൻ ചടങ്ങിന്റെ വിശദമായ ഭാഗങ്ങൾ സംപ്രേഷണം ചെയ്യും. ഗവണ്മെന്റ് പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാൻ പൊതുനിരത്തിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി മാദ്ധ്യമങ്ങൾ വാർത്തയാക്കിയതിനു പിന്നാലെയാണു മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.

ഹൈക്കോടതി വളപ്പിൽ മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ വാക്‌പോരും കൈയാങ്കളിയും സൃഷ്ടിക്കാൻ വരെ ഇതു കാരണമായി. സംസ്ഥാനത്തെ വിവിധ കോടതിപരിസരങ്ങളിൽ ഇരുവിഭാഗവും പരസ്പരം കൊമ്പു കോർക്കുകയും ചെയ്തു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷത്തെക്കുറിച്ചു ഒരു വരി പോലും പത്രങ്ങൾ നൽകിയിരുന്നില്ല. പരിപാടി കവർ ചെയ്യാൻ പോകേണ്ടെന്ന് നേരത്തെ ദൃശ്യമാദ്ധ്യമങ്ങളും തീരുമാനിച്ചിരുന്നു.

സൂപ്രീകേടതി ചീഫ് ജസ്റ്റിസ് പങ്കെടുത്ത പരിപാടി മാദ്ധ്യമങ്ങൾ വാർത്തയാക്കാത്ത സാഹചര്യത്തിൽ നാളെ പത്രങ്ങളും ഈ തീരുമാനം തന്നെ തുടരുമോ എന്നാണ് അറിയേണ്ടത്. മാദ്ധ്യമങ്ങളിൽ വാർത്തകൾ ഉണ്ടായില്ലെങ്കിൽ തങ്ങളുടെ ഭാഗത്തു നിന്നും അതിനനുസരിച്ചുള്ള മറുപടി പ്രതീക്ഷിച്ചാൽ മതിയെന്ന നിലപാടിലാണ് അഭിഭാഷകരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP