Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലം കളക്ടറേറ്റിലെ ടെസ്റ്റ് ഡോസിന്റെ പിന്നിലെ ആളെ കണ്ടത്താൻ പൊലീസ് പരാജയപ്പെട്ടപ്പോൾ മലപ്പുറം കളക്ടറേറ്റ് ലക്ഷ്യമിട്ട് ഭീതി വിതറി; പിന്നിൽ നിരോധിക്കപ്പെട്ട സിമിയുടെ പിൻഗാമികൾ രൂപം കൊടുത്ത ബേസ് മൂവ്‌മെന്റ്; ടിഫിൻ ബോക്‌സും പ്രഷർ കുക്കറും ഒക്കെ ഉപയോഗിച്ച് ആളെ കൊല്ലാതെയുള്ള നിയന്ത്രിത സ്‌ഫോടനത്തിന്റെ കാരണം തേടി എൻഐഎ

കൊല്ലം കളക്ടറേറ്റിലെ ടെസ്റ്റ് ഡോസിന്റെ പിന്നിലെ ആളെ കണ്ടത്താൻ പൊലീസ് പരാജയപ്പെട്ടപ്പോൾ മലപ്പുറം കളക്ടറേറ്റ് ലക്ഷ്യമിട്ട് ഭീതി വിതറി; പിന്നിൽ നിരോധിക്കപ്പെട്ട സിമിയുടെ പിൻഗാമികൾ രൂപം കൊടുത്ത ബേസ് മൂവ്‌മെന്റ്; ടിഫിൻ ബോക്‌സും പ്രഷർ കുക്കറും ഒക്കെ ഉപയോഗിച്ച് ആളെ കൊല്ലാതെയുള്ള നിയന്ത്രിത സ്‌ഫോടനത്തിന്റെ കാരണം തേടി എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. അതുകൊണ്ട് തന്നെ ആർക്കും ഭയം കൂടാതെ സഞ്ചിരിക്കാം. ഇവിടെ അപ്രതീക്ഷിതമായുണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങളില്ല. നിലയ്ക്കാത്ത വെടിയൊച്ചകളില്ല. രാഷ്ട്രീയത്തിന്റെ പേരിലെ അടിപിടിയും കത്തിക്കുത്തും കൊലയും മാത്രമായിരുന്നു ക്രിമിനൽ ചിത്രം. ഇതിനൊപ്പം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകകളും. നിരപാരാധികളെ കൊല്ലുന്ന തീവ്രവാദം കേരളത്തിലേക്ക് എത്തി നോക്കിയതേയില്ല. ഐസിസും അൽഖൈയ്ദയുമെല്ലാം ഇവിടെ സജീവമാണെന്ന വാദമെത്തിയെങ്കിലും സാധാരണക്കാർക്ക് അതിന്റെ ഭീതി തിരിച്ചറിയേണ്ടി വന്നില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ചിത്രം മാറുകയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. കേരളവും ഭീകരർ ലക്ഷ്യമിടും. ഭോപ്പാലിൽ 8 സിമി പ്രവർത്തകെ പൊലീസ് വെടിവച്ചു കൊന്നതിന് തൊട്ടു പിറകേ മലപ്പുറം കളക്ടറേറ്റിൽ സ്‌ഫോടനമുണ്ടായി. സിമിയുടെ പുതിയ വിഭാഗമായ ദി ബേസ് മൂവ്‌മെന്റാണ് പിന്നിലെന്ന് പ്രഖ്യാപിക്കുന്ന സ്‌ഫോടനം.

സംഭവത്തെക്കുറിച്ച് വിശദാമയി അന്വേഷിക്കാനാണ് ദേശീയ അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊച്ചയിൽ നിന്നുള്ള എൻ.ഐ.എ സംഘമാണ് അന്വേഷണത്തിന് എത്തുന്നത്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പെൻഡ്രൈവ് വിശദ പരിശോധനക്ക് വിധേയമാക്കും. സ്‌ഫോടനത്തെ തുടർന്ന് സിവിൽ സ്‌റ്റേഷന്റെ സുരക്ഷ ശക്തമാക്കി. സമാനരീതിയിൽ കൊല്ലം കലക്ടറേറ്റിലും മൈസൂരിലും സ്‌ഫോടനം നടന്നതിനാൽ അവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും അന്വേഷണത്തിനെത്തിയിട്ടുണ്ട്. സംസ്ഥാന രഹസ്വാന്വേഷണ വിഭാഗത്തിന്റെ പ്രത്യക സംഘവും ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരം അന്വേഷണം ആരംഭിച്ചു. ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ വേരുകളാണ് എൻഐഎ പ്രധാനമായും തേടുന്നത്. കനകമലയിൽ നിന്ന് പിടിയിലായവരിൽ നിന്നും ഇതുമായി ബന്ധപ്പെട്ട തെളിവ് ശേഖരണവും നടത്താനാണ് നീക്കം.

2015 ജനുവരിയിൽ കർണാടക മുഖ്യമന്ത്രിയുടെ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ലഭിച്ച പോസ്റ്റൽ സന്ദേശത്തോടെയാണ് 'ദ ബേസ് മൂവ്‌മെന്റ്' എന്ന സംഘത്തെക്കുറിച്ച് ആദ്യം അറിയുന്നത്. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നെന്ന അറിയിപ്പാണ് ഇതിലുണ്ടായിരുന്നത്. 2016 ജനുവരിയിൽ ബംഗളൂരുവിലെ ഫ്രഞ്ച് കോൺസുലേറ്റിനാണ് സംഘത്തിന്റെ രണ്ടാമത്തെ കത്ത് ലഭിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസെ ഓലൻഡെയുടെ ഇന്ത്യ സന്ദർശനത്തിനെതിരെ ആയിരുന്നു ഇത്. 2016 ഏപ്രിൽ ഏഴിന് മൂന്നാമത്തെ കത്ത് ആന്ധ്രയിലെ ചിറ്റൂരിലെ കമേഴ്‌സ്യൽ ടാക്‌സ് ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിന് മുന്നിൽ നടന്ന സ്‌ഫോടനത്തെതുടർന്ന് നടത്തിയ പരിശോധനയിലും ലഭിച്ചു. പക്ഷേ ആരാണ് സംഘടനയ്ക്ക പിന്നിലെന്ന് ആർക്കും ഇനിയും കണ്ടെത്താനായിട്ടില്ല. സിമിയിൽ പ്രവർത്തിച്ചിരുന്നവരാകാം ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.

2016 ജൂൺ 15നാണ് കൊല്ലം കലക്ടറേറ്റിൽ സ്‌ഫോടനം നടന്നത്. സംസ്ഥാനത്ത് ജില്ല ഭരണ സിരാകേന്ദ്രങ്ങളിൽ അഞ്ച് മാസത്തിനിടെ നടന്നത് രണ്ട് സ്‌ഫോടനങ്ങൾ. യാദൃച്ഛികമായി രണ്ടിടത്തും സ്‌ഫോടനങ്ങൾ നടക്കുമ്പോൾ കലക്ടറായി ഉണ്ടായിരുന്നത് എ. ഷൈനമോൾ. കൊല്ലം കലക്ടറേറ്റ് വളപ്പിൽ നിർത്തിയിട്ട ജീപ്പിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ടിഫിൻ ബോക്‌സിലാണ് കൊല്ലത്ത് സ്‌ഫോടകവസ്തു സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. കൊല്ലം കലക്ടറേറ്റ് പരിസരത്തുൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ നടന്ന സ്‌ഫോടനങ്ങളുമായി മലപ്പുറത്തേതിന് സാമ്യമുണ്്. കൊല്ലത്തെ സ്‌ഫോടനത്തിൽ ആരും കൊല്ലപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഈ സ്‌ഫോടനത്തെ ആരും കാര്യമായി ഗൗനിച്ചതുമില്ല. ഇതാണ് മലപ്പുറം കളക്ടറേറ്റിലേക്ക് സ്‌ഫോടനം എത്തിച്ചതെന്ന് പൊലീസും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ കരുതലോടെയുള്ള അന്വേഷണത്തിന് എൻ ഐ എ എത്തുന്നു. ദി ബേസ് മൂവ്‌മെന്റ് തന്നെയാണ് കൊല്ലത്തും മലപ്പുറത്തും സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് പറയുന്നുണ്ട് 2016 ഏപ്രിൽ ഏഴിന് ആന്ധ്രയിലെ ചിറ്റൂരിൽ കോടതി വളപ്പിലും ജൂൺ 15ന് കൊല്ലം കലക്ടറേറ്റ് വളപ്പിൽ നിർത്തിയിട്ട ജീപ്പിന് സമീപവുമുണ്ടായ സ്‌ഫോടനത്തിലും ഓഗസ്റ്റ് ഒന്നിന് മൈസൂരിലുണ്ടായ സ്‌ഫോടനത്തിലും 'ദ ബേസ് മൂവ്‌മെന്റി'ന് പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് കിട്ടിയ ലഘുലേഖകളും പെൻഡ്രൈവ് പോലുള്ള ഉപകരണങ്ങളും മാത്രമാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. മാസങ്ങളുടെ ഇടവേളകളിൽ ഒരേ രീതിയിൽ സ്‌ഫോടനങ്ങൾ ആവർത്തിച്ചിട്ടും പിന്നിലുള്ളവരെ കണ്ടത്തൊനായിട്ടില്ല. കൊല്ലത്തെ സ്‌ഫോടനത്തെ തുടർന്ന് പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തെളിവ് ലഭിച്ചില്ല. മലപ്പുറത്ത് നടന്ന സ്‌ഫോടനവും കൊല്ലത്തും മൈസൂരിലും ചിറ്റൂരിലും നടന്ന സ്‌ഫോടനങ്ങളും തമ്മിൽ സമാനതകൾ ഏറെയുണ്ട്. ഇന്ത്യയുടെ മാപ് രേഖപ്പെടുത്തിയ കടലാസിൽ ഇംഗ്‌ളീഷിൽ ടൈപ്പ് ചെയ്ത നാല് വരി സന്ദേശം, ഉസാമ ബിൻലാദന്റെ ചിത്രം തുടങ്ങിയവയടങ്ങിയ പെട്ടി എന്നിവ സ്‌ഫോടനം നടന്ന സ്ഥലങ്ങളിൽനിന്ന് കണ്ടത്തെിയിട്ടുണ്ട്. ടിഫിൻ ബോക്‌സ് ഉപയോഗിച്ചാണ് കൊല്ലത്ത് സ്‌ഫോടനം നടത്തിയതെങ്കിൽ മലപ്പുറത്ത് പ്രഷർ കുക്കറിലാണ് നടപ്പാക്കിയത്.

സ്‌ഫോടനം നടക്കുമ്പോൾ കൊല്ലത്ത് സിസിടിവി പ്രവർത്തിച്ചിരുന്നില്ല. ഇതോടെ എല്ലാ കളക്ടറേറ്റിലും സിസിടിവി ശരിയാക്കാൻ നിർദ്ദേശമെത്തി. എന്നാൽ ഇന്നലെ സ്‌ഫോടനം നടക്കുമ്പോൾ മലപ്പുറത്തും സിസിടിവി ഇല്ല. ഇത്ര ലാഘവത്തോടെയാണ് കൊല്ലത്തെ സ്‌ഫോടനത്തെ അധികാരികൾ കണ്ടത്. അതുകൊണ്ട് തന്നെ തെളിവുകൾ അവശേഷിപ്പിക്കാതെ ബോംബ് പൊട്ടിക്കാൻ ക്രിമിനലുകൾക്കായി. 35 ഏക്കറിൽ പരന്നുകിടക്കുന്ന മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിൽ നിരവധി കെട്ടിടങ്ങൾ പ്രവർത്തിക്കുന്ന ഇടത്താണ് ചൊവ്വാഴ്ച സ്‌ഫോടനം നടന്നത്. മജിസ്‌ട്രേറ്റ് കോടതിക്ക് പുറമെ ജില്ലാ പി.എസ്.സി ഓഫിസ്, ഭൂജലവകുപ്പ്, ചെറുകിട ജലസേചന വകുപ്പ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടറുടെ കാര്യാലയം തുടങ്ങി നിരവധി വകുപ്പുകളുടെ ജില്ലാ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്.

നാല് നിലകളിൽ ചെറുതും വലുതുമായ മറ്റ് വകുപ്പുകളുടെ ഓഫിസുകളുമുണ്ട്. ഇവയിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പുറമെ വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവരും നിരവധി. ശാന്തിതീരം പാർക്കിലേക്കുള്ള റോഡും ഈ കെട്ടിടത്തിന് മുന്നിലൂടെയാണ്. ഇതുവഴി കടന്നുപോകുന്നവരും ഏറെ. ഇത്രയും പേരുടെ കണ്ണുവെട്ടിച്ച് എങ്ങനെ സ്‌ഫോടകവസ്തു കാറിനടിയിൽ സ്ഥാപിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെയും സിവിൽ സ്റ്റേഷൻ ജീവനക്കാരുടെയും സംശയം. ആൾനാശമല്ല, ഭീതി പരത്തുകയാണ് സംഭവത്തിന് പിന്നിലെ ലക്ഷ്യമെന്നും സൂചനയുണ്ട്. സിവിൽ സ്റ്റേഷനിൽ പൊട്ടിത്തെറിയുണ്ടായ കാറിൽ സ്‌ഫോടകവസ്തു ഘടിപ്പിച്ചത് കോടതിവളപ്പിൽ നിന്നെന്ന് പൊലീസ് കരുതുന്നു. രാവിലെ വാഹനം കഴുകുകയും വെള്ളവും ഓയിലും പരിശോധിക്കുകയും ചെയ്താണ് വാഹനവുമായി പുറപ്പെട്ടതെന്ന് വാഹന ഉടമയും ഡ്രൈവറുമായ ആനക്കയം സ്വദേശി ഉസ്മാൻ പറഞ്ഞു. 9.10ന് വീട്ടിൽനിന്ന് പുറപ്പെട്ടു. കാട്ടുങ്ങലിൽനിന്ന് ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. റജി കെ. കുഴിയേലിൽ കാറിൽ കയറി. ഒമ്പതരയോടെ സിവിൽ സ്റ്റേഷനിലെ ഒന്നാം മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്തു. ഇരുവരും മൂന്നാം നിലയിലെ ഹോമിയോ ഓഫിസിലത്തെി. തുടർന്ന്, ഡി.എം.ഒ ഡോക്ടർമാരുടെ യോഗത്തിൽ പങ്കെടുത്തു. ഈ സമയം താൻ ഓഫിസിൽ ഇരിക്കുകയായിരുന്നുവെന്ന് ഉസ്മാൻ പറഞ്ഞു. ഈ സമയമാകാം സ്‌ഫോടകവസ്തു വാഹനത്തിൽ ഘടിപ്പിച്ചതെന്നാണ് സൂചന. മലയാള ദിനാഘോഷവും ഡോക്ടർമാരുടെ അവലോകനയോഗവും കഴിഞ്ഞിറങ്ങവെ അപ്രതീക്ഷിതമായാണ് പൊട്ടിത്തെറി ശബ്ദം കേട്ടതെന്ന് ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. റജി കെ. കുഴിയേലിൽ പറഞ്ഞു.

രണ്ടര വർഷത്തിലേറെയായി ജില്ല മെഡിക്കൽ ഓഫിസിന് വേണ്ടി കരാറടിസ്ഥാനത്തിൽ ഓടിക്കുന്ന വാഹനം മൂന്നുമാസം മുമ്പാണ് അവസാനമായി കരാർ പുതുക്കിയത്. രാവിലെ ഒമ്പതരയോടെ ജില്ല ഹോമിയോ മെഡിക്കൽ ഓഫിസിലത്തെുന്ന വാഹനം മെഡിക്കൽ ഓഫിസറുടെ ആവശ്യാർഥം ഓടുകയാണ് പതിവ്. സ്‌ഫോടനത്തിന്റെ ശബ്ദവും പുകയും ഗന്ധവും സൃഷ്ടിച്ച ഞെട്ടലിലാണ് അരീക്കോട് മൂത്തേടത്ത് മുഹമ്മദും. സ്‌ഫോടനം നടക്കുന്ന സമയം തൊട്ടടുത്ത കാറിൽ വിശ്രമിക്കുകയായിരുന്നു മുഹമ്മദ്. ഹോമിയോ മെഡിക്കൽ ഓഫിസറുടെ അവലോകനയോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഭാര്യ തച്ചണ്ണ ഡിസ്‌പെൻസറി മെഡിക്കൽ ഓഫിസർ ഡോ. ഫൗസിയയെ കാത്ത് കാറിലിരിക്കുകയായിരുന്നു ഇദ്ദേഹം. മൊബൈലിൽ പാട്ട് കേട്ടിരിക്കെ പൊടുന്നനെയാണ് പൊട്ടിത്തെറി ശബ്ദം കേട്ടത്. മൊബൈൽ പൊട്ടിത്തെറിച്ചതാകാമെന്ന സംശയത്തിൽ കാറിൽനിന്ന് ചാടിയിറങ്ങിയപ്പോഴാണ് തൊട്ടടുത്ത വാഹനത്തിൽനിന്ന് പുകയും രൂക്ഷഗന്ധവും ഉയർന്നത്. ഇതോടെ ഓടി മാറുകയായിരുന്നു. സ്‌ഫോടനം നടന്ന കാറിന് തൊട്ടടുത്തായിരുന്നു മുഹമ്മദ് കാർ നിർത്തിയിട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP