Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എട്ട് മണിയോടെ മുദ്രാവാക്യം വിളിച്ച് ശാഖകൾക്ക് മുമ്പിൽ എത്തും; ജോലിക്ക് കയറ്റിവിടാൻ തയ്യാറായി പൊലീസ് കാവൽ നിന്നിട്ടും ജോലി ചെയ്യാൻ ആരുമെത്തുന്നില്ല; കടമ നിറവേറ്റാൻ എത്തുന്ന മാനേജർമാർ ഉടൻ സ്ഥലം വിടും; സംസ്ഥാനത്തൊട്ടുക്കുമുള്ള ആയിരത്തോളം ബ്രാഞ്ചുകളും അടഞ്ഞു കിടക്കുന്നു; മുതലാളിയുടെ പിടിവാശിക്ക് മുന്നിൽ തലകുനിക്കാതെ ജീവനക്കാർ മുൻപോട്ട്

എട്ട് മണിയോടെ മുദ്രാവാക്യം വിളിച്ച് ശാഖകൾക്ക് മുമ്പിൽ എത്തും; ജോലിക്ക് കയറ്റിവിടാൻ തയ്യാറായി പൊലീസ് കാവൽ നിന്നിട്ടും ജോലി ചെയ്യാൻ ആരുമെത്തുന്നില്ല; കടമ നിറവേറ്റാൻ എത്തുന്ന മാനേജർമാർ ഉടൻ സ്ഥലം വിടും; സംസ്ഥാനത്തൊട്ടുക്കുമുള്ള ആയിരത്തോളം ബ്രാഞ്ചുകളും അടഞ്ഞു കിടക്കുന്നു; മുതലാളിയുടെ പിടിവാശിക്ക് മുന്നിൽ തലകുനിക്കാതെ ജീവനക്കാർ മുൻപോട്ട്

അരുൺ ജയകുമാർ

തിരുവനന്തപുരം: തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള കേരളത്തിൽ സമരം വിജയിക്കാൻ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ തൊഴിലാളികൾ തയ്യാറാണ്. ഇക്കാര്യൽ മുതലാളി ആരായാലും തൊഴിലാളികൾ ഒറ്റക്കെട്ടാണ്. തുച്ഛമായ ശമ്പളം നൽകിയും പ്രതികരിക്കുന്നവരെ പ്രതികാര നടപടിക്ക് വിധേയരാക്കിയും അടിച്ചമർത്തൽ സമീപനം സ്വീകരിച്ച മുത്തൂറ്റ് ഫിനാൻസ് മുതലാളിയുടെ ഹുങ്കിനെതിരെ തൊഴിലാളികളുടെ സമരം ശക്തിപ്രാപിക്കുകയാണ് കേരളത്തിൽ. ദിവസം അഞ്ച് കഴിഞ്ഞെങ്കിലും സിഐടിയുവിന്റെ നേതൃത്വത്തിൽ തുടങ്ങിയ തൊഴിലാളി സമരത്തിന്റെ ആവേശം കൂടുന്നതല്ലാതെ കുറയുന്നില്ല.

കേരളത്തിലാകെ വ്യാപിച്ച സമരം തിരുവനന്തപുരം ജില്ലയിലും ശക്തമാണ്. ഇന്നും സമരത്തിന്റെ വീര്യം ചോരാതെ മുദ്രാവാക്യങ്ങൾ വിളിച്ച സമരക്കാർ എത്തി. ജോലിക്ക് സന്നദ്ധരാകുന്നവർക്ക് പൊലീസ് സുരക്ഷയൊരുക്കാൻ ഉണ്ടെങ്കിലും ആരും കരിങ്കാലികളാകാൻ തയ്യാറായില്ല. സമരപന്തൽ സന്ദർശിച്ച മറുനാടൻ മലയാളി ലേഖകൻ കണ്ടതും സമര തീക്ഷ്ണത തന്നെയാണ്. പിരിച്ച് വിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, യൂണിയൻ രൂപീകരിച്ചതിന്റെ പേരിൽ പ്രതികാര നടപടിയെന്നോണം അനധികൃതമായി വിദൂര സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്ത നടപടികൾ പുനപരിശോധിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ സ്ഥാപനത്തിലെ കേരളത്തിലെ ഇടപാടുകളെല്ലാം സ്തംഭിച്ചിരിക്കയാണ്.

അനിശ്ചിതകാല സമരം ആരംഭിച്ചത് ഈ മാസം മൂന്ന് മുതലാണ്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാൻസ് ശാഖകളിൽ സമരം നടക്കുന്നത്. നാട്ടിൻപുറം മുതൽ നഗരമേഖലകളിൽ വരെ സമരം ശക്തമാണ്. മുത്തൂറ്റ് ശാഖകൾ സംസ്ഥാന വ്യാപകമായി ഇന്നും അടഞ്ഞ് തന്നെ കിടന്നു. രാവിലെ മുതൽ തന്നെ സമരക്കാർ അതത് ബ്രാഞ്ചുകൾക്ക് മുമ്പിലെത്തിയിരുന്നു. സ്ഥാപനം തുറക്കാനെന്ന പേരിൽ മാനേജർമാർ മാത്രമാണ് വന്നത്. ജീവനക്കാരില്ലാത്തതിനാൽ ഒന്നും കാര്യമായ ചെയ്യാൻ സാധിക്കാതെ വന്നതോടെ പതിയെ സ്ഥലം വിടുകയാണ് ചെയ്യുന്നത്.

സിഐടിയുവിന്റെ നേതൃത്വത്തിൽ രാവിലെ 8 മണിയോടെ തന്നെ സമരക്കാർ മുത്തൂറ്റ് ഫിനാൻസിന്റെ ശാഖകൾക്ക് മുന്നിലേക്ക് ജാഥയായി തന്നെ എത്തുന്നുണ്ട്. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് സമരക്കാർ വിവിധ ബ്രാഞ്ചുകൾക്ക് മുന്നിൽ എത്തുന്നത്. പിരിച്ച് വിട്ട 51 ജീവനക്കാരെയും തിരിച്ചടുക്കും വരെ സമരം തുടരുമെന്ന് തന്നെയാണ് മുദ്രാവാക്യം വിളികളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. മാനേജ്‌മെന്റിന്റെ പ്രവണതകൾക്ക് എതിരെ പ്രാദേശിക സിഐടിയു നേതാക്കൾക്കും മുത്തൂറ്റ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എംപ്ലോയീസ് യൂണിയൻ എന്നിവരും ചേർന്നാണ് ഇപ്പോൾ വിവിധ ബ്രാഞ്ചുകളിൽ സമരം നടത്തുന്നത്. ഒൻപത് മണിയോടെയാണ് മുത്തൂറ്റ് ഫിനാൻസിന്റെ ശാഖകൾ തുറക്കുവാൻ ജീവനക്കാരെത്തുന്നത്.

ഓഫീസ് തുറക്കുവാനെത്തുന്നവരോട് കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ച ശേഷം ഓഫീസ് തുറക്കരുതെന്ന ആവശ്യമാണ് സമരക്കാർ മുന്നോട്ട് വെയ്ക്കുന്നത്. തങ്ങളുടെ ഒപ്പം ജോലി ചെയ്തവരെ പറഞ്ഞ് വിട്ടതിലും പ്രതികാരനടപടിയെന്നോണം നൽകിയ ട്രാൻസ്ഫറിനോടും സമരത്തിൽ നിന്ന് വിട്ട് നിൽക്കുന്ന ജീവനക്കാർക്ക് പോലും മാനേജ്‌മെന്റിന്റെ നയത്തോട് യോജിപ്പില്ല. സമരത്തിന് പരസ്യ പിന്തുണ നൽകാത്തവർ പോലും മാനേജ്‌മെന്റിന്റേത് കടുംപിടുത്തമാണ് വിഷയത്തെ വഷളാക്കിയതെന്ന നിലപാടിലാണ്. ഇക്കാര്യം അവർ മറുനാടൻ മലയാളിയോട് പറയുകയും ചെയ്തു.

പ്രധാന ജംങ്ങ്ഷനുകൾ കേന്ദ്രീകരിച്ചുള്ള മുത്തൂറ്റ് ബ്രാഞ്ചുകൾക്ക് മുന്നിൽ സമരക്കാർ കുത്തിയിരുപ്പ് തുടരുകയാണ്. തിരുവനന്തപുരം വട്ടിയൂർക്കാവിലെ മുത്തൂറ്റ് ജീവനക്കാരും സമരക്കാരും തമ്മിൽ ചെറിയ തോതിൽ തർക്കമുണ്ടായി. കഴിഞ്ഞ ദിവസം സമരക്കാരെത്തുന്നതിന് മുൻപ് തന്നെ അതിരാവിലെയെത്തിയ ജീവനക്കാർ പഞ്ച് ചെയ്ത ശേഷം പുറത്ത് നിന്നു. ഇത് മനസ്സിലാക്കിയ സമരക്കാർ ഓഫീസിൽ പ്രവേശിക്കരുതെന്ന ആവശ്യം മുന്നോട്ട് വച്ചു. സമരം നടക്കുന്നതിനിടയിൽ സമരക്കാരെ തോൽപ്പിക്കാനായി മിടുക്ക് കാണിക്കുന്നവർ അവസാനം എന്തെങ്കിലും സംഭവിച്ചിട്ട് സമരക്കാരെ പഴിക്കരുതെന്ന മുന്നറിയിപ്പാണ് നൽകിയത്. പ്രധാനമായും സ്വർണ്ണപ്പണയമാണ് മുത്തൂറ്റിലുള്ളത്. ഇത് പൂർണ്ണസ്തംഭവമാണ്.

ഇതിനിടയിൽ ശാഖയിലെത്തിയ ചില ഇടപാടുകാർ മുത്തൂറ്റിൽ ഇടപാട് നടത്താൻ തോന്നിയത് ഏത് കഷ്ടകാലത്തിനാണോ എന്ന് സ്വയം പഴിച്ചുകൊണ്ട് മടങ്ങിപോകുന്നതും കാണാമായിരുന്നു. ഇതിനിടയിൽ സ്ഥലത്ത് പൊലീസും എത്തിയെങ്കിലും സമരക്കാർക്കെതിരെ പരാതിയില്ലെന്നും തങ്ങളുടെ കൂടെ സഹപ്രവർത്തകർക്ക് വേണ്ടിയാണ് സമരമെന്ന ബോധ്യമുണ്ടെന്നുമാണ് ജീവനക്കാർ പൊലീസിനോടും പറഞ്ഞത്. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും പൊലീസിന് പരാതി നൽകിയെങ്കിലും ജീവനക്കാർ സമരക്കാരുമായി സഹകരിക്കുന്നതിനാൽ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കേണ്ട സാഹചര്യമില്ലെന്ന് പൊലീസും പറയുന്നു.

അതേസമയം സമരം ചെയ്യുന്നത് വെറുതെയാണെന്നും വെറും ന്യൂനപക്ഷം മാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നുമുള്ള കഴിഞ്ഞ ദിവസത്തെ മുത്തൂറ്റ് മാനേജ്‌മെന്റിന്റെ പത്ര പരസ്യം അപഹാസ്യമാണെന്നും സമരക്കാരും ജീവനക്കാരും പറയുന്നു. നൽകുന്ന ശമ്പളമെന്ന പേരിൽ മുത്തൂറ്റ് മാനേജ്‌മെന്റ് നൽകിയ പരസ്യത്തിൽ പറയുന്ന ശമ്പളം നൽകിയിരുന്നെങ്കിൽ ഇങ്ങനെയൊരു സമരം നടക്കില്ലായിരുന്നുവെന്നാണ് ജീവനക്കാരുടെ പക്ഷം.

മുത്തൂറ്റ് ഫിനാൻസ് പൊഴിയൂർ ബ്രാഞ്ച് മാനേജറായിരുന്ന അഭിലാഷ് പറയുന്നത് ഇങ്ങനെ: ബ്രാഞ്ച് മാനേജറായി ജോലി ചെയ്യുന്ന സമയത്ത് തന്നെയാണ് യൂണിയൻ പ്രവർത്തനവുമായി മുന്നോട്ട് പോയത്. അപ്പോഴാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി മേഖലയിലേക്ക് സ്ഥലം മാറ്റിയത്. 22,000 രൂപയാണ് അഭിലാഷിന് മാസശമ്പളമായി നൽകിയിരുന്നത്. ആന്ധ്രയിലേക്ക് സ്ഥലം മാറ്റം നൽകിയപ്പോൾ താമസത്തിനോ ഭക്ഷണത്തിനോ പ്രത്യേക അലവൻസ് ഇല്ലായിരുന്നുവെന്നും മാസ ശമ്പളത്തിൽ നിന്നും അതിനുള്ള മാർഗം കാണുക എന്നതുമായിരുന്നു നിർദ്ദേശം. തുടർന്ന് സ്ഥലം മാറ്റം സ്വീകരിക്കാത്തതിന് സസ്‌പെൻഷനും നൽകുകയായിരുന്നു.

സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരോട് ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നിർദ്ദേശമാണ് നൽകിയിരിക്കുന്നത് എന്ന ചോദ്യത്തിന് ഓഫീസ് തുറക്കണം പഞ്ച് ചെയ്യണം എന്നാണ് എന്നായിരുന്നു മറുപടി. ജോലി ചെയ്യാൻ പറ്റാത്തതിൽ എതിർപ്പുണ്ടോ എന്ന ചോദ്യത്തിന്റെ മറുപടി ഒപ്പമുള്ളവരുടെ വിഷമം കാണാതിരിക്കാനാകില്ല എന്നായിരുന്നു. അതോടൊപ്പം തന്നെ സമരത്തിൽ പങ്കെടുത്തില്ലെങ്കിലും ഓഫീസ് തുറക്കാത്തതിനാൽ അടുത്ത മാസത്തെ ശമ്പളം എന്നത് സ്വപ്‌നം മാത്രമാകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.

ജീവനക്കാരുടെ സമരത്തിൽ തീരുമാനമാകാത്തത് വൻ നഷ്ടമാണ് മാനേജ്‌മെന്റിനും ഉണ്ടായിരിക്കുന്നത്. സമരം ഒത്ത് തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മാനേജ്‌മെന്റ് പ്രതിനിധികളുടെ ബോർഡ് മീറ്റിങ്ങും നിശ്ചയിച്ചിട്ടുണ്ട്. കമ്പനിക്കുണ്ടാകുന്ന നഷ്ടം മനസ്സിലാക്കി തൊഴിലാളികളോട് അനുഭാവപൂർവ്വം തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സമരക്കാരുമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP