Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സഭയ്ക്ക് മന്ത്രിമാരില്ലാത്ത ആദ്യ സർക്കാരിന്റെ മുഖ്യമന്ത്രിയെ തന്നെ സഭാ പ്രതിനിധിയാക്കി ഒരു വിഭാഗം; പോപ്പ് പ്രഖ്യാപിച്ച കാരുണ്യവർഷത്തിന്റെ സമാപനം നടത്താൻ പിണറായിയെ വിളിച്ചതിന്റെ പേരിൽ കത്തോലിക്കാ സഭയിൽ കടുത്ത ഭിന്നത; മാർ ക്ലിമീസും മാർ ആലഞ്ചേരിയും ചേർന്ന് എടുത്ത തീരുമാനം അംഗീകരിക്കാതെ ഭൂരിപക്ഷം മെത്രാന്മാർ

സഭയ്ക്ക് മന്ത്രിമാരില്ലാത്ത ആദ്യ സർക്കാരിന്റെ മുഖ്യമന്ത്രിയെ തന്നെ സഭാ പ്രതിനിധിയാക്കി ഒരു വിഭാഗം; പോപ്പ് പ്രഖ്യാപിച്ച കാരുണ്യവർഷത്തിന്റെ സമാപനം നടത്താൻ പിണറായിയെ വിളിച്ചതിന്റെ പേരിൽ കത്തോലിക്കാ സഭയിൽ കടുത്ത ഭിന്നത; മാർ ക്ലിമീസും മാർ ആലഞ്ചേരിയും ചേർന്ന് എടുത്ത തീരുമാനം അംഗീകരിക്കാതെ ഭൂരിപക്ഷം മെത്രാന്മാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കത്തോലിക്കാ സഭയെയും സഭാമേലധ്യക്ഷന്മാരെയും കടന്നാക്രമിച്ചിട്ടുള്ള പിണറായി വിജയൻ മുഖ്യമന്ത്രിയായാലും സഭാ പരിപാടികളിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന വാദവുമായി ഒരു കൂട്ടം മെത്രാന്മാർ രംഗത്ത്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഇന്നു കോട്ടയത്തു നടത്തുന്ന കാരുണ്യവർഷ സമാപനാഘോഷത്തിന്റെ പേരിൽ കത്തോലിക്കാ സഭയിൽ ഉൾപ്പോര് സജീവമാവുകയാണ്.

സാധാരണ മന്ത്രിസഭയിലെ സഭാ പ്രതിനിധിയെയാണ് ഇത്തരം പരിപാടികൾക്ക് ക്ഷണിക്കാറുള്ളത്. എന്നാൽ പിണറായി മന്ത്രിസഭയിൽ സഭയുടെ പ്രതിനിധികൾ ആരുമില്ല. ഈ സാഹചര്യത്തിലാണ് മാർപ്പാപ്പയുടെ പ്രഖ്യാപിത പദ്ധതിയായ കാരുണ്യ വർഷത്തിൽ പിണറായിയെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്. ഇതാണ് ചർച്ചകൾക്ക് വഴിവക്കുന്നത്.

ഒരു വർഷമായി സഭ വിശ്വാസപൂർവം കൊണ്ടാടുന്ന കാരുണ്യവർഷ സമാപനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കാത്തതും വിവാദങ്ങളെ തുടർന്നാണെന്നാണ് സൂചന. ക്ലിമീസ്  ബാവയുമായി ചേർന്ന് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിന് അദ്ദേഹവും അനുകൂല നിലപാടെടുത്തെങ്കിലും പിന്നീട് എതിർപ്പുയർന്നതോടെ ആലഞ്ചേരി സമാപന ചടങ്ങിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം, മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുകയും പിണറായി അധികാരമേറ്റയുടൻ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്ത ക്ലിമീസ് ബാവ പിണറായിയെ ക്ഷണിച്ചതിനെതിരെ ആരും എതിർപ്പുയർത്തേണ്ട കാര്യില്ലെന്ന ഉറച്ച നിലപാടാണ് സ്വീകരിക്കുന്നത്.

ഇന്നു തെള്ളകത്തു സമാപനസമ്മേളനം നടക്കാനിരിക്കേ ചില രൂപതകളിലും വൈദികർക്കിടയിലും പ്രതിഷേധം ശക്തമായി. മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ഘാടനാക്കിയതാണു പ്രതിഷേധത്തിന്റെ പ്രധാന കാരണം. ചങ്ങനാശേരി രൂപതയാണു പ്രതിഷേധവുമായി മുന്നിലുള്ളത്. സഭയ്ക്ക് മന്ത്രിയില്ലെങ്കിൽ മുഖ്യമന്ത്രി തന്നെയാണ് സഭയുടെ പ്രതിനിധിയെന്നാണ് കർദ്ദിനാൾമാരായ മാർ ക്ലീമീസ് ബാവയുടേയും മാർ ആലഞ്ചേരിയുടേയും നിലപാട്.

എന്നാൽ സഭയെ അധിക്ഷേപിച്ച് വാർത്തകളിൽ നിറഞ്ഞ സിപിഎമ്മിന്റെ മുൻ സെക്രട്ടറിയെ അംഗീകരിക്കില്ലെന്ന് മറുവിഭാഗവും വാദിക്കുന്നു. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ എല്ലാ കത്തോലിക്കാ രൂപതകളുടെയും കെ.സി.ബി.സി. ജസ്റ്റിസ് പീസ് ഡെവലപ്പ്‌മെന്റ് കമ്മിഷന്റെയും ഫാമിലി കമ്മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണു സമാപന വർഷാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

മാസങ്ങൾക്കുമുമ്പേ സമ്മേളനത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. പരിപാടിയെക്കുറിച്ച് ആലോചന തുടങ്ങിയപ്പോൾതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ഘാടകനാക്കാൻ ഒരു വിഭാഗം ചരടുവലികൾ ആരംഭിച്ചിരുന്നു. തുടക്കത്തിൽ തന്നെ ചങ്ങനാശേരി അതിരൂപത ഇതിനെ ശക്തമായി എതിർത്തു. മാനന്തവാടി ബിഷപ്പിനെ പരസ്യമായും മുൻ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ഉൾപ്പെടെയുള്ള സഭാധ്യക്ഷന്മാരെ പരോക്ഷമായും അധിക്ഷേപിച്ചിട്ടുള്ള പിണറായിയെ ഉദ്ഘാടനാക്കുന്നതിലായിരുന്നു അതിരൂപതയ്ക്ക് എതിർപ്പ്.

പരിപാടിയുടെ സംഘാടകസമിതി യോഗങ്ങളിൽ ഇക്കാര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ആരും മുഖവിലയ്ക്ക് എടുത്തില്ല. ഈ സാഹചര്യത്തിൽ ഇന്നു നടക്കുന്ന പരിപാടിയിൽ ചങ്ങനാശേരി രൂപതയിൽ നിന്നുള്ള ഔദ്യോഗിക നേതാക്കളാരും പ്രസംഗിക്കുന്നില്ല.

രാഷ്ട്രീയക്കാരനായ പിണറായി വിജയനെ ക്ഷണിച്ച സമ്മേളനത്തിൽ ഒറ്റ സമുദായ, രാഷ്ട്രീയ നേതാക്കന്മാരെയും ക്ഷണിച്ചിട്ടില്ല. നിരവധി മുൻ മന്ത്രിമാരെയും ജനപ്രതിനിധികളെയും ഒക്കെ പൂർണ്ണമായി ഒഴിവാക്കിയതും വിമർശനത്തിന് കാരണമായിട്ടുണ്ട്. ഈ രാഷ്ട്രീയ നേതാക്കളിലൂടെ ആയിരിക്കണക്കിനു സ്‌കൂളുകളും കോളേജുകളും സഭ സ്വന്തമാക്കി. സർക്കാർ ശമ്പളം നൽകുന്ന ഈ സ്ഥാപനങ്ങളിലാണ് ഏറ്റവും അധികം 'ബന്ധു നിയമനങ്ങൾ' നടന്നിരിക്കുന്നത്.

അദ്ധ്യാപകരായി നിയമിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം മെത്രാനോടടുത്തു നിൽക്കുന്ന വൈദികരുടെ അടുത്ത ബന്ധുക്കളാണ്. ഇതിനെതിരെ വിജിലൻസ് അന്വേഷണത്തിന് പോലും ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചത്. ഇത് കേസുകൾ ഒഴിവാക്കാനുള്ള തന്ത്രമാണെന്നും സഭയിൽ വിമർശനം ഉയരുന്നു.

സഭയിലെ സ്‌കൂളുകളിൽ സർക്കാർ ശമ്പളം നൽകുന്നതിനാൽ ഈ ബന്ധുക്കളുടെ നിയമനവും വിജിലൻസ് അന്വേഷണ പരിധിയിൽ വരേണ്ടതാണ്. ഭരണത്തിലില്ലാത്തതു കൊണ്ടാണ് സമുദായ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിതികളെയും പൂർണ്ണമായി അവഗണിച്ചത് എന്നും ഇവർ പറയുന്നു. ഏതായാലും പോപ്പിന്റെ കാരുണ്യവർഷം പരിപാടി പുതിയ ചർച്ചകൾക്കാണ് കത്തോലിക്കാ സഭയിൽ വഴിവയ്ക്കുന്നത്.

യുഡിഎഫ് സർക്കാർ വരുമ്പോൾ സഭയ്ക്ക് കോൺഗ്രസ്സിലും കേരളാ കോൺഗ്രസ്സിലും പ്രതിനിധികളെ ലഭിക്കാറുണ്ട്. എൽഡിഎഫിലും സഭാ പ്രതിനിധികൾ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി മാണിയെ വിട്ട്് ഇടതുപക്ഷം ചേർന്ന ജനാധിപത്യ കേരളാ കോൺഗ്രസ്സിന്റെ പ്രതിനിധികൾ ആരും ജയിക്കാതിരുന്നതോടെ ആണ്് ഇടതുപക്ഷത്ത് സഭയ്ക്ക് പ്രതിനിധികൾ ഇല്ലാതെ പോയതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, കരുണയുടെ ജൂബിലി വർഷത്തിന്റെ കേരള സഭാതല സമാപനം ഇന്ന് ഒൻപതിനു തെള്ളകം പുഷ്പഗിരി ദൈവാലയത്തിൽ ആരംഭിച്ചു. രാവിലെ മധ്യസ്ഥ പ്രാർത്ഥന തുടങ്ങി. ഉച്ചയ്ക്ക് ഒന്നരയ്ക്കു തെള്ളകം ഹോളിക്രോസ് സ്‌കൂളിൽ നിന്നു ചൈതന്യ പാസ്റ്ററൽ സെന്ററിലേക്കു നടക്കുന്ന കാരുണ്യസന്ദേശ റാലി കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ ഫ്ളാഗ് ഓഫ് ചെയ്യും.

സന്നദ്ധ മേഖലയിൽ മാതൃകാപരമായ ശുശ്രൂഷകൾ ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കാരുണ്യപ്രവർത്തകരെയും ആദരിക്കും. മൂന്നിനു കാരുണ്യസംഗമ പൊതുസമ്മേളനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുക. സിറോ മലങ്കര സഭ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം, ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മനുഷ്യാവകാശ പ്രവർത്തക ദയാബായി സന്ദേശം നൽകും. സിറോ മലബാർ, ലത്തീൻ, സിറോ മലങ്കര റീത്തുകളുടെ മേലധ്യക്ഷന്മാരും വിവിധ രൂപതകളിലെ ബിഷപ്പുമാരും പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP