Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലത്തീൻ-മലങ്കര-കത്തോലിക്കാ സഭകളുടെ അധിപന്മാരും ക്‌നാനായ സഭയുടെ അധിപനും എത്തിയിട്ടും സീറോ മലബാർ സഭാ അധിപൻ വിട്ടു നിന്നു; സഭാ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വക്താവായ മാർ പവത്തിൽ തിരിഞ്ഞു നോക്കിയില്ല; പിണറായിയെ മുഖ്യാതിഥിയാക്കിയ കാരുണ്യ വർഷം പരിപാടി കത്തോലിക്കാ സഭയുടെ ഭിന്നതയ്ക്ക് കാരണമായത് ഇങ്ങനെ

ലത്തീൻ-മലങ്കര-കത്തോലിക്കാ സഭകളുടെ അധിപന്മാരും ക്‌നാനായ സഭയുടെ അധിപനും എത്തിയിട്ടും സീറോ മലബാർ സഭാ അധിപൻ വിട്ടു നിന്നു; സഭാ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വക്താവായ മാർ പവത്തിൽ തിരിഞ്ഞു നോക്കിയില്ല; പിണറായിയെ മുഖ്യാതിഥിയാക്കിയ കാരുണ്യ വർഷം പരിപാടി കത്തോലിക്കാ സഭയുടെ ഭിന്നതയ്ക്ക് കാരണമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) കെസിബിസി ജസ്റ്റിസ് പീസ് ഡവലപ്പ്‌മെന്റ് കമ്മിഷന്റെയും ഫാമിലി കമ്മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാരുണ്യവർഷ സമാപനത്തിൽ നിറഞ്ഞത് കത്തോലിക്കാ സഭയിലെ ഭിന്നത തന്നെ. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യാതിഥിയാക്കിയതാണ് ഇതിന് കാരണം. കേരളത്തിലെ രണ്ട് കർദിനാൾമാരിൽ ഒരാളായ മാർ ആലഞ്ചേരി ചടങ്ങിൽ പങ്കെടുത്തില്ല. സിറോ മലബാർ സഭയുടെ മാർ പവത്തിലും വിട്ടു നിന്നു. അതായത് സീറോ മലബാർ സഭയുടെ ബഹിഷ്‌കരണമാണ് ചടങ്ങിനെ ശ്രദ്ധേയമാക്കിയത്. മാർപ്പാപ്പയുടെ ആഹ്വാനം അനുസരിച്ച് നടന്ന ചടങ്ങാണ് ഈ വിധത്തിൽ ചർച്ചയാകുന്നത്.

കെസിബിസിയുടെയും അധ്യക്ഷനും സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയായിരുന്നു മുഖ്യ സംഘാടകൻ. ലത്തീൻ കത്തോലിക്കാ സഭ ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം, സിറോ മലബാർ സഭയിലെ സീനിയർ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, ജസ്റ്റിസ് പീസ് ഡവലപ്പ്‌മെന്റ് കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഫാമിലി കമ്മിഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് ഷാജി ജോർജ്, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. മേരി റജീന എന്നിവരും സഭാ പ്രതിനിധികളായെത്തി.

യുഡിഎഫ് സർക്കാർ വരുമ്പോൾ സഭയ്ക്ക് മന്ത്രിസഭയിൽ കോൺഗ്രസ്സിലും കേരളാ കോൺഗ്രസ്സിലും പ്രതിനിധികളെ ലഭിക്കാറുണ്ട്. എൽഡിഎഫിലും സഭാ പ്രതിനിധികൾ ഉണ്ടാകാറുണ്ട്. ഇടതിലും കേരളാ കോൺഗ്രസ് സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. അതിനാൽ ഇടത് ഭരണകാലത്തും മന്ത്രിമാരെ കിട്ടി. ഇക്കുറി മാണിയെ വിട്ട്് ഇടതുപക്ഷം ചേർന്ന ജനാധിപത്യ കേരളാ കോൺഗ്രസ്സിന്റെ പ്രതിനിധികൾ ആരും ജയിക്കാതിരുന്നതോടെ ആണ്് ഇടതുപക്ഷത്ത് സഭയ്ക്ക് പ്രതിനിധികൾ ഇല്ലാതെ പോയതെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് സഭയുടെ മന്ത്രിമാരെ ചടങ്ങ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ കഴിയാതെ പോയത്. പകരം സഭയുടെ മുഖ്യമന്ത്രിയായി പിണറായി വിജയനെ അവതരിപ്പിക്കാനായിരുന്നു നീക്കം. ഇതാണ് വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയത്.

കാരുണ്യ വർഷത്തിന്റെ സന്ദേശം അർഥപൂർണമാക്കുന്ന തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങളാണു കേരള കത്തോലിക്കാ സഭ ഏറ്റെടുത്തു നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്കായി സഭ ചെയ്ത കാര്യങ്ങൾ അഭിനന്ദനാർഹമാണ്. ഇതേ കരുതൽ തന്നെ പങ്കിട്ടു മുന്നോട്ടു പോകാനാണു സംസ്ഥാന സർക്കാരും ശ്രമിക്കുന്നത്. കൃഷി, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം സഭ നടപ്പാക്കുന്ന പദ്ധതികൾ മാതൃകാപരമാണ് – മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ നാലു ദൗത്യ പദ്ധതികളിലും സഭയുടെ സഹകരണം പിണറായി അഭ്യർത്ഥിച്ചു. കരുണയാണ് ക്രിസ്തീയ പാരമ്പര്യത്തിന്റെ അടിസ്ഥാന ശിലയെന്നും കരുണ പകർന്നുനൽകുവാൻ ഉത്തരവാദിത്തമുണ്ടെന്നും കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു.

ഈ വാക്കുകൾക്ക് അപ്പുറം വിട്ടുനിൽക്കലുകളാണ് ചടങ്ങിനെ വാർത്തിയലെത്തിച്ചത്. കത്തോലിക്കാ സഭയെയും സഭാമേലധ്യക്ഷന്മാരെയും കടന്നാക്രമിച്ചിട്ടുള്ള പിണറായി വിജയൻ മുഖ്യമന്ത്രിയായാലും സഭാ പരിപാടികളിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന വാദവുമായി ഒരു കൂട്ടം മെത്രാന്മാർ രംഗത്ത് വന്നിരുന്നു. സാധാരണ മന്ത്രിസഭയിലെ സഭാ പ്രതിനിധിയെയാണ് ഇത്തരം പരിപാടികൾക്ക് ക്ഷണിക്കാറുള്ളത്. എന്നാൽ പിണറായി മന്ത്രിസഭയിൽ സഭയുടെ പ്രതിനിധികൾ ആരുമില്ല. ഈ സാഹചര്യത്തിലാണ് മാർപ്പാപ്പയുടെ പ്രഖ്യാപിത പദ്ധതിയായ കാരുണ്യ വർഷത്തിൽ പിണറായിയെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്. ഒരു വർഷമായി സഭ വിശ്വാസപൂർവം കൊണ്ടാടുന്ന കാരുണ്യവർഷ സമാപനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കാത്തതും ഇതുകൊണ്ടാണ്. മാർ പവത്തിലും വിട്ടുനിന്നു. ചങ്ങനാശേരി രൂപതയാണു പ്രതിഷേധവുമായി മുന്നിലുണ്ടായിരുന്നത്.

മാസങ്ങൾക്കുമുമ്പേ സമ്മേളനത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. പരിപാടിയെക്കുറിച്ച് ആലോചന തുടങ്ങിയപ്പോൾതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ഘാടകനാക്കാൻ ഒരു വിഭാഗം ചരടുവലികൾ ആരംഭിച്ചിരുന്നു. തുടക്കത്തിൽ തന്നെ ചങ്ങനാശേരി അതിരൂപത ഇതിനെ ശക്തമായി എതിർത്തു. മാനന്തവാടി ബിഷപ്പിനെ പരസ്യമായും മുൻ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ഉൾപ്പെടെയുള്ള സഭാധ്യക്ഷന്മാരെ പരോക്ഷമായും അധിക്ഷേപിച്ചിട്ടുള്ള പിണറായിയെ ഉദ്ഘാടനാക്കുന്നതിലായിരുന്നു അതിരൂപതയ്ക്ക് എതിർപ്പ്. പരിപാടിയുടെ സംഘാടകസമിതി യോഗങ്ങളിൽ ഇക്കാര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ആരും മുഖവിലയ്ക്ക് എടുത്തില്ല. രാഷ്ട്രീയക്കാരനായ പിണറായി വിജയനെ ക്ഷണിച്ച സമ്മേളനത്തിൽ ഒറ്റ സമുദായ, രാഷ്ട്രീയ നേതാക്കന്മാരെയും ക്ഷണിച്ചിട്ടില്ല. നിരവധി മുൻ മന്ത്രിമാരെയും ജനപ്രതിനിധികളെയും ഒക്കെ പൂർണ്ണമായി ഒഴിവാക്കിയതും വിമർശനത്തിന് കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP