Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിശോധനയ്‌ക്കെത്തുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പടമെടുത്തു കൊടുത്താൽ നടപടി എടുക്കാമെന്നു കുമ്മനം ഉറപ്പു നൽകിയോ? വ്യാപാരികളുടെ വെളിപ്പെടുത്തൽ നിഷേധിച്ചു കുമ്മനം; ഉറപ്പു നൽകാൻ കുമ്മനത്തിനെന്ത് അധികാരമെന്ന ചോദ്യവുമായി തോമസ് ഐസക്

പരിശോധനയ്‌ക്കെത്തുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പടമെടുത്തു കൊടുത്താൽ നടപടി എടുക്കാമെന്നു കുമ്മനം ഉറപ്പു നൽകിയോ? വ്യാപാരികളുടെ വെളിപ്പെടുത്തൽ നിഷേധിച്ചു കുമ്മനം; ഉറപ്പു നൽകാൻ കുമ്മനത്തിനെന്ത് അധികാരമെന്ന ചോദ്യവുമായി തോമസ് ഐസക്

തിരുവനന്തപുരം: പരിശോധനയ്‌ക്കെത്തുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പടമെടുത്തു കൊടുത്താൽ നടപടി എടുക്കാമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ഉറപ്പു നൽകിയെന്ന വ്യാപാരികളുടെ പ്രസ്താവന വിവാദത്തിൽ. കുമ്മനം രാജശേഖരന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു നാളെ മുതൽ നടത്താനിരുന്ന സമരത്തിൽ നിന്നു പിന്മാറിയതെന്നാണു വ്യാപാരികൾ പറയുന്നത്.

അതേസമയം, വ്യാപാരികളുമായി ചർച്ച നടത്തിയെന്നു സമ്മതിച്ചെങ്കിലും എന്തെങ്കിലും ഉറപ്പു നൽകിയെന്ന കാര്യം കുമ്മനം സമ്മതിച്ചിട്ടില്ല. അതിനിടെ, വ്യാപാരികൾക്ക് ഉറപ്പു നൽകാൻ കുമ്മനത്തിന് എന്താണ് അധികാരമെന്നു ധനമന്ത്രി ടി എം തോമസ് ഐസക് ചോദിച്ചു.

ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച അനിശ്ചിത കാല കടയപ്പ് സമരത്തിൽനിന്ന് വ്യാപാരികൾ പിന്മാറാനുള്ള കാരണം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നൽകിയ ഉറപ്പാണെന്നാണു വ്യാപാരികളുടെ വെളിപ്പെടുത്തൽ. ഇതു കുമ്മനത്തെയും ബിജെപിയെയും വെട്ടിലാക്കി. ധനമന്ത്രി തോമസ് ഐസക് ഈ ചോദ്യം ഉന്നയിച്ചതോടെ 'ഉറപ്പിൽ'നിന്ന് പിന്മാറി വിവാദം ഒഴിവാക്കാനുള്ള വിശദീകരണവുമായി കുമ്മനം രംഗത്തെത്തുകയായിരുന്നു.

വ്യാപാരി വ്യവസായി നേതാക്കളുമായി ചർച്ച നടത്തിയെന്ന് സമ്മതിച്ച കുമ്മനം എന്നാൽ വ്യാപാരികൾ വെളിപ്പെടുത്തിയ 'ഉറപ്പ്' തുറന്ന് സമ്മതിക്കാൻ തയ്യാറായില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണത്തിനും കുമ്മനം തയ്യാറായില്ല. കുമ്മനത്തെ പ്രതിരോധിക്കാൻ മറ്റ് ബിജെപി നേതാക്കളും രംഗത്തത്തിയിട്ടുണ്ട്. ഇതോടെ സമരം പിൻവലിക്കാനുള്ള ഉപാധിയാണ് കുമ്മനം അംഗീകരിച്ചതെന്ന കാര്യത്തിൽ വിവാദം കൊഴുക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നോട്ട് പിൻവലിക്കൽ കാരണം വ്യാപാരം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ ചൊവ്വാഴ്ച മുതൽ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്.

കടയടപ്പ് സമരം പിൻവലിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനാണ് രാവിലെ വ്യക്തമാക്കിയത്. നോട്ട് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉറപ്പ് നൽകിയതായും, ഈ ഉറപ്പിന്റെ പേരിലാണ് സമരം പിൻവലിക്കാൻ തീരുമാനമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്രഗവൺമെന്റ് ഉദാരമായ വ്യവസ്ഥയിൽ നോട്ടുകൾ എടുത്തുകൊള്ളാമെന്നും ഡിസംബർ 30 വരെ കൈവശം വെക്കാമെന്നും ഉദ്യോഗസ്ഥന്മാരെ വച്ച് പീഡിപ്പിക്കുകയില്ലെന്നുമുള്ള കുമ്മനം രാജശേഖരന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം ഉപേക്ഷിച്ചതെന്നായിരുന്നു വാദം.

നോട്ടുകൾ അസാധുവാക്കിയ നടപടി കച്ചവടത്തെ സാരമായി ബാധിച്ചതിനാലാണ് വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ചത്. 500, 1000 നോട്ടുകൾ മാറാൻ അടുത്തമാസം 31 വരെ സർക്കാർ ബാങ്കുകളിൽ സാവകാശം ഏർപ്പെടുത്തിയിട്ടും ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ കടകളിൽ കയറി പരിശോധന നടത്തുന്നെന്നും ഇത്തരം നോട്ടുകൾ കൈവശമുള്ളവരെ ഭീഷണിപ്പെടുത്തുന്നെന്നും വ്യാപാരികൾ പരാതി ഉന്നയിച്ചിരുന്നു. വ്യാപാരികളുടെ ഈ പരാതി പരിഹരിക്കുമെന്നാണ് കുമ്മനം രാജശേഖരൻ ചർച്ചയിൽ വ്യക്തമാക്കിയതെന്നാണ് നസിറുദ്ദീൻ പറഞ്ഞത്. തുടർന്ന് മാദ്ധ്യമപ്രവർത്തകരെ കണ്ടപ്പോൾ കുമ്മനം രാജശേഖരനാകട്ടെ നസറുദ്ദീൻ പറഞ്ഞ കാര്യങ്ങൾ നിഷേധിച്ചു. ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ നിന്ന് വ്യാപാരികളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്നായിരുന്നു കുമ്മനം പറഞ്ഞത്.

അങ്ങനെയുള്ള കാര്യത്തെ സംബന്ധിച്ച് ഞാനൊരു ഉറപ്പും കൊടുത്തിട്ടില്ല. അങ്ങനെയൊരു കാര്യം ചർച്ച ചെയ്തിട്ടുമില്ല. മിനിയാന്നാണ് ഞാൻ ഇവരുമായി സംസാരിക്കുന്നത്. അപ്പോഴും ഈ പ്രശ്‌നമൊന്നും എന്നോട് ആരും പറഞ്ഞില്ല. മിനിയാന്ന് സംസാരിച്ചപ്പോൾ വളരെ വ്യക്തമായി പറഞ്ഞു ഇത് ജനവിരുദ്ധമാണ്. ഈ അവസരത്തിൽ കട അടക്കരുത്. കട അടച്ചുകഴിഞ്ഞാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. ആ ബുദ്ധിമുട്ട് ഒഴിവാക്കാൻ നിങ്ങൾ കട തുറന്നിട്ട് കൊണ്ട് സകല പിന്തുണയും സഹായവും ചെയ്തുകൊടുക്കണം. ഈ അവസരത്തിൽ അതാണ് കച്ചവടക്കാർ ചെയ്യേണ്ടത്. അവർ കടമുടക്കുന്നത് പിൻവലിച്ചെങ്കിൽ വളരെ സന്തോഷം- കുമ്മനം പറയുന്നു.

സംസ്ഥാനത്തെ വ്യാപാരികൾക്ക് ഇക്കാര്യത്തിൽ ഒരുറപ്പ് നൽകാൻ എന്താണ് ബിജെപിക്കുള്ള അധികാരമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ചോദിച്ചു. കുമ്മനം തങ്ങളുടമായി ചർച്ച നടത്തിയിരുന്നെന്ന് വ്യാപാരി വ്യവസായി സമിതി ഏകോപന സെക്രട്ടറി സേതുമാധവനും വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP