Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രദേശവാസികളുടെ എതിർപ്പുണ്ടാകില്ല; പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലയിലെ പ്രവാസികൾക്ക് തുണയാകും; കൊല്ലത്തെയും ഇടുക്കിയിലെയും ഒട്ടേറെ പ്രദേശത്തുള്ളവർക്കും സഹായകരമാകും; ശബരിമല സീസണിൽ ആഭ്യന്തര സർവ്വീസ് വമ്പൻ ലാഭം ഉണ്ടാക്കും: എരുമേലി വിമാനത്താവളം കേരളത്തിലെ അവസാനത്തെ അന്താരാഷ്ട്ര വിമാനത്താവളമായി വളരുമ്പോൾ

പ്രദേശവാസികളുടെ എതിർപ്പുണ്ടാകില്ല; പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലയിലെ പ്രവാസികൾക്ക് തുണയാകും; കൊല്ലത്തെയും ഇടുക്കിയിലെയും ഒട്ടേറെ പ്രദേശത്തുള്ളവർക്കും സഹായകരമാകും; ശബരിമല സീസണിൽ ആഭ്യന്തര സർവ്വീസ് വമ്പൻ ലാഭം ഉണ്ടാക്കും: എരുമേലി വിമാനത്താവളം കേരളത്തിലെ അവസാനത്തെ അന്താരാഷ്ട്ര വിമാനത്താവളമായി വളരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ മൂന്നു അന്താരാഷ്ട്ര വിമാനത്തവളങ്ങൾ ആണുള്ളത്. തിരുവനന്തപുരം നേടുമ്പാശ്ശേരി കരിപ്പൂർ എന്നിവ. കണ്ണൂരിൽ പണി പൂർത്തിയായികൊണ്ടിരിക്കുന്ന വിമാനത്താവളം കൂടി ആയാൽ എണ്ണം നാലായി ഉയരും. ഇത്തിരിയോളം ഇല്ലാത്ത കേരളത്തിൽ മറ്റൊരു വിമാനത്താവളത്തിന് കൂടി പ്രസക്തിയുണ്ടെങ്കിൽ അത് എരുമേലിക്ക് മാത്രമാണ്. ആറന്മാളയേക്കാൾ നിർണ്ണാകവും ലാഭാകരമവുമായിരിക്കും ഈ വിമാനത്താവളം. മഖ്യമന്ത്രിയുടെ പ്രസ്താവനയോടെ ഈ വിമാനത്താവളം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ എങ്ങും സജീവമായി കഴിഞ്ഞു.

നാല് ജില്ലകൾക്ക് എരുമേലി വിമാനത്താവളം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൊല്ലം, പത്തനംതിട്ട ജില്ലക്കാർ തിരുവനന്തപുരം വിമാനത്താവളത്തെയാണ് നിലവിൽ ആശ്രയിക്കുന്നത്. എരുമേലി എത്തുന്നതോടെ സ്വാഭാവികമായി ഈ ജില്ലക്കാരുടെ യാത്രാവഴിയായി എരുമേലി മാറും. ആലപ്പുഴയിലേക്കും എരുമേലിയിൽ നിന്ന് വേഗത്തിലെത്താൻ റോഡുണ്ട്. ശബരിമല തീർത്ഥാടകർക്ക് വേണ്ടിയുള്ള റോഡാണിത്. അതുകൊണ്ട് തന്നെ റോഡുമാർഗ്ഗം എരുമേലിയിൽ വേഗത്തിലെത്താനാകും. നിലവിൽ ആലപ്പുഴക്കാർ നെടുമ്പാശ്ശേരിയിലേക്കാണ് പോക്ക്. എന്നാൽ ഗാഗത കുരുക്ക് നെടുമ്പാശ്ശേരിയിലേക്കുള്ള യാത്ര വൈകിക്കാറുണ്ട്. എരുമേലിയിലേക്ക് പോയാൽ ഈ പ്രശ്‌നം മറികടക്കാം. നെടുമ്പാശ്ശേരിയെക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടെങ്കിൽ ആലപ്പുഴയുടേയും പ്രധാന ആശ്രയമായി ഈ പദ്ധതി മാറും. കോട്ടയവും ഇടുക്കിയും നെടുമ്പാശ്ശേരിയെ തന്നെ ആശ്രയിക്കുമെന്നും ഉറപ്പാണ്. കോട്ടയം ജില്ലയിലെ വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി പ്രദേശങ്ങൾക്ക് അപ്പോഴും നെടുമ്പാശ്ശേരി തന്നെയാകും കൂടുതൽ അടുത്ത്.

എരുമേലി വിമാനത്താവളെ ഇടുക്കിയിലെ ഹെറിറ്റേജ് ടൂറിസത്തിനും ഗുണകരമാകും. മുണ്ടക്കയം, കുട്ടിക്കാനം, നെടുംങ്കണ്ടം, പീരുമേട് എന്നിവിടങ്ങളിലേക്ക് എരുമേലിയിൽ വിമാനം ഇറങ്ങുന്നതാകും എളുപ്പം. എരുമേലിയിൽ നിന്ന് റാന്നിക്കുള്ള വഴിയിൽ മുക്കടയിലാണ് ഹാരിസൺ തോട്ടം. ഇവിടെ നിന്ന് എരുമേലിയിലേക്കും നിന്നും മണിമലയിലേക്കും അഞ്ചുമിറ്റ് കൊണ്ടെത്താം. കാഞ്ഞിരപ്പള്ളിയിൽ എത്താൻ 15 മിനിറ്റ് മതി. ചങ്ങനാശ്ശേരിയിലേക്ക് അര മണിക്കൂറിൽ താഴെയും. ആലപ്പുഴയിലേക്ക് ഒരു മണിക്കൂർ യാത്ര മതി. റാന്നിയിലെത്താൻ പത്ത് മിനിറ്റും പത്തനംതിട്ടയിൽ അരമണിക്കൂറും. അങ്ങനെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലേക്ക് അതിവഗമെത്താനുള്ള വഴി ഹാരിസൺ തോട്ടത്തിന് മുന്നിൽ നിന്നുണ്ട്. ഇവിടെയാകും ശബരിമല വിമാനത്താവളമെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് എരുമേലി വിമാനത്താവളം ഏറെ പ്രസക്തമാകുന്നത്. കേരളത്തിൽ അഞ്ച് വിമാനത്താവളങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ. തിരുവനന്തപുരവും നെടുമ്പാശ്ശേരിയും കോഴിക്കോടും പുറമേ കണ്ണൂർ നിർമ്മാണത്തിൽ. എരുമേലിയിൽ കൂടെയാകുമ്പോൾ പുതിയ വിമാനത്താവള ചർച്ചകൾക്കും കേരളത്തിൽ വിരാമമാകും.

ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് പത്തനംതിട്ടയിലാണ്. ഇവരിൽ ഏറെയും അമേരിക്കയിലും യൂറോപ്പിലും. അതുകൊണ്ട് തന്നെ എരുമേലിയിലേക്ക് ആവശ്യക്കാരെത്തുമെന്ന് ഉറപ്പാണ്. എരുമേലിക്കാരും ഏറെ ആവേശത്തിലാണ്. ആറന്മുളയിലുണ്ടായ നാട്ടുകാരുടെ എതിർപ്പൊന്നും ഇവിടെയുണ്ടാകില്ല. ഹാരിസൺ തോട്ടം കൈയാളുന്നത് ബിലിവേഴ്‌സ് ചർച്ചിന്റെ ബിഷപ്പ് കെപി യോഹന്നാനാണ്. കേസിൽപെട്ട വസ്തു എങ്ങനേയും സർക്കാരിന് ഏൽപ്പിക്കാൻ ബിഷപ്പും തയ്യാറാണ്. സിപിഎമ്മിനേയും ബിജെപിയേയും കൂട്ടുപിടിച്ച് യോഹന്നാനാണ് ഈ പദ്ധതി തയ്യാറാക്കിയത്. ഹാരിസൺ ഭൂമിയിൽ രണ്ടായിരത്തോളം ഏക്കറാണുള്ളത്. ഇതിൽ 600 ഏക്കർ വിട്ടുകൊടുത്ത് ബാക്കി സ്വന്തമാക്കാനാണ് നീക്കം. എന്നാൽ മുഴുവൻ ഭൂമിയും ഏറ്റെടുക്കണമെന്ന അഭിപ്രായവും സജീവമാണ്. സർക്കാരിന് അർഹതപ്പെട്ട തോട്ടമാണ് ഹാരിസൺ. അതുകൊണ്ട് തന്നെ ബിഷപ്പിന്റെ കള്ളക്കളിക്ക് കൂട്ടുനിൽക്കേണ്ടെന്നാണ് നിലപാട്. സിപിഐ(എം) ഈ നിലപാട് എടുത്താലും ബിഷപ്പ് എതിർക്കില്ല. വിമനത്താവള വികസനത്തിനായി ഭൂമി വിട്ടുകൊടുത്ത ജനനായകനായി അവതരിക്കാനുള്ള സാധ്യതയാണ് ബിഷപ്പ് തേടുന്നത്.

ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും നിലപാടാണ് നിർണ്ണായകമായത്. ആറന്മുളയിൽ വിമാനത്താവളത്തിന് എതിരെ സമരം നയക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ്. എരുമേലിയിൽ വിമാനത്താവളം എത്തുന്നതോടെ ആറന്മുളയിലെ സാധ്യത പൂർണ്ണമായും അടയും. ഇത് കുമ്മനത്തിന്റെ സമര നായകനെന്ന പരിവേഷത്തിന് ഗുണം ചെയ്യും. ഇതിനൊപ്പം എരുമേലിയിൽ വിമാനത്താവളമെത്തിച്ച് വികസന വിരോധിയെന്ന പേര് ഒഴിവാക്കുകയും ചെയ്യാം. ഇതിനാണ് കുമ്മനം രാജശേഖരന്റെ ശ്രമം. നേരത്തെ തന്നെ ബിലിവേഴ്‌സ് ചർച്ചുമായി ബിജെപി ഐക്യത്തിലെത്തിച്ചിരുന്നു. മോദിയുടെ സ്വച്ഛ് ഭാരത്തിലേക്ക് ഒരു കോടി രൂപ ബിഷപ്പ് നൽകിയതും ജന്മഭൂമിയുടെ ഡൽഹിയിലെ കോൺക്ലേവിൽ മുഖ്യ അതിഥിയായതുമൊക്കെ ഇതിന്റെ ഭാഗമായിരുന്നു.

കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തിപ്രദേശമായ എരുമേലിയിൽ വിമാനത്താളത്തിന് സ്ഥലം കണ്ടത്തെിയതായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കേന്ദ്ര സർക്കാരിനെ അറിയിട്ടിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര വ്യോമയാനമന്ത്രിയെ കണ്ട് അറിയിച്ചതായും പുതിയ വിമാനത്താവളത്തിന് എൻഒസി നൽകാമെന്ന അനുകൂല മറുപടിയാണ് കേന്ദ്രമന്ത്രിയിൽനിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതായത് സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് ഏറെ മുന്നോട്ട് പോയി കഴിഞ്ഞു. സ്ഥലം സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ഒന്നുകൂടി ചർച്ച നടത്തി അന്തിമതീരുമാനമെടുക്കുമെന്നും എൻഒസിക്കായി കേന്ദ്ര സർക്കാറിനെ വൈകാതെ സമീപിക്കും. ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആറന്മുള വിമാനത്താവളത്തിന് പകരമല്ല എരുമേലി വിമാനത്താവളം. പുതിയ വിമാനത്താവളം ശബരിമല തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്നും പിണറായി പറയുന്നു. അടുത്ത രണ്ട് കൊല്ലം കൊണ്ട് എരുമേലിയിൽ വിമാനം ഇറക്കുകയാണ് പിണറായിയുടെ ലക്ഷ്യം. കണ്ണൂരിൽ വിമാനത്താവളം ഒരുക്കുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയായിരിക്കെ അതിന് കഴിഞ്ഞില്ല. പരീക്ഷണപ്പറക്കൽ എന്ന തട്ടിപ്പ് പേരുദോഷമുണ്ടാക്കുകയും ചെയ്തു.

ഇത് മനസ്സിൽ വച്ചാണ് പിണറായിയുടെ നീക്കം. തന്റെ ഭരണകാലത്ത് രണ്ട് കൊല്ലം കൊണ്ട് വിമാനത്താവളം ഒരുക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്നും വിലയിരുത്തുന്നു. മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് മികച്ച പ്രതിച്ഛായ ഉണ്ടാക്കാനും ഇതിലൂടെ കഴിയും. ആറന്മുളയിൽ വിഭാവനം ചെയ്ത വിമാനത്താളം എരുമേലിയിലേക്ക് മാറ്റി ശബരിമല തീർത്ഥാടകർക്ക് ഉപയോഗപ്പെടും വിധത്തിൽ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. സീസണിൽ ആഭ്യന്തര സർവ്വീസ് മാത്രം നടത്തിയാലും വിമാനത്താവളം ലാഭകരമാകുമെന്നാണ് വിലയിരുത്തൽ. അത്രയധികം അന്യസംസ്ഥാനക്കാർ ശബരിമലയിൽ എത്തുന്നുണ്ട്.

ഭൂമി കൈവിട്ടു പോകുമെന്ന് ഉറപ്പായതോടെ ചെറുവള്ളി എസ്‌റ്റേറ്റ് വിമാനത്താവളത്തിനായി വിട്ടു നൽകാൻ പോകുന്നു എന്ന വിധത്തിൽ മെത്രാന്റെ കേന്ദ്രങ്ങൾ പ്രചരണം നടത്തുന്നുണ്ട്. ആറന്മുളക്ക് പകരം ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം ഒരുക്കാൻ 2,500 കോടി മുടക്കാമെന്ന് വിദേശികൾ സമ്മതിച്ചിട്ടുണ്ടെന്ന് പി.സി. ജോർജ് അടുത്തിടെ നിയമസഭയിൽ പറഞ്ഞിരുന്നു. ബിലീവേഴ്‌സ് ചർച്ചിന്റെ സ്ഥലം ഏറ്റെടുക്കണം. കെ പി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കണം. സ്ഥലം വിമാനത്താവളത്തിന് വേണ്ടി നൽകുമെന്ന് ബിഷപ്പ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു പിസി ജോർജിന്റെ പ്രഖ്യാപനം. പി സി ഇങ്ങനെ പറഞ്ഞത് തന്നെ സർക്കാറിൽ നിക്ഷിപ്തമാകേണ്ട ഭൂമി ബിഷപ്പ് വിമാനത്താവളത്തിനായി വിട്ടു കൊടുക്കുന്നു എന്ന ധ്വനി വരുത്താനാണ് നീക്കമെന്നാണ് അന്നുയർന്ന സംശയം.

ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയിൽനിന്നാണ് ബിഷപ് കെ.പി. യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ ഫോർ ഏഷ്യ ചെറുവള്ളി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങിയത്. ഹാരിസൺസിന്റെ കൈവശമുള്ളത് സർക്കാർ ഭൂമിയാണെന്ന് വ്യക്തമായതിനാൽ ഏറ്റെടുത്ത് റവന്യൂ സ്‌പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. അത് ചോദ്യം ചെയ്ത് യോഹന്നാൻ നൽകിയ ഹരജിയിൽ തൽസ്ഥിതി തുടരാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് നിയമസഭയിൽ പിസി ജോർജ് വിമാനത്താവള വിഷയം ചർച്ചയാക്കിയത്. ഇതിലൂടെ നിലവിലെ കോടതി കേസുകളിൽ അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള തന്ത്രമാണ് യോഹന്നാൻ പയറ്റിയതെന്ന സൂചനയും പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP