Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാഗർ ചോർദിയ, അതുൽ ചോർദിയ, കൽപേഷ് മേത്ത; വരുന്ന അഞ്ചുകൊല്ലം അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം തീരുമാനിക്കുക ഈ മൂന്ന് റിയൽ എസ്റ്റേറ്റ് രാജാക്കന്മാരോ? ചോർദിയ സഹോദരന്മാരുടെ പഞ്ചശീൽ റിയൽറ്റേഴ്‌സ് ട്രംപിനുവേണ്ടി പൂനയിൽ പണിതത് കണ്ണഞ്ചിപ്പിക്കുന്ന കണ്ണാടി ഗോപുരങ്ങൾ; ഇന്ത്യയിലെ ട്രംപിന്റെ ബിസിനസ് തീരുമാനിക്കുന്നത് കൽപേഷ് മേത്തയും

സാഗർ ചോർദിയ, അതുൽ ചോർദിയ, കൽപേഷ് മേത്ത; വരുന്ന അഞ്ചുകൊല്ലം അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം തീരുമാനിക്കുക ഈ മൂന്ന് റിയൽ എസ്റ്റേറ്റ് രാജാക്കന്മാരോ? ചോർദിയ സഹോദരന്മാരുടെ പഞ്ചശീൽ റിയൽറ്റേഴ്‌സ് ട്രംപിനുവേണ്ടി പൂനയിൽ പണിതത് കണ്ണഞ്ചിപ്പിക്കുന്ന കണ്ണാടി ഗോപുരങ്ങൾ; ഇന്ത്യയിലെ ട്രംപിന്റെ ബിസിനസ് തീരുമാനിക്കുന്നത് കൽപേഷ് മേത്തയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് ബ്രാൻഡ് എന്നു പറയാവുന്ന ട്രംപ് ഓർഗനൈസേഷന്റെ ഉടമയായ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയിലെ പങ്കാളികളായ മൂന്ന് മുൻനിര റിയൽ എസ്റ്റേറ്റ് ബിസിനസുകാർ ഭാവിയിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ഇടപെടലുകളിൽ നിർണായക ശക്തിയായി മാറുമെന്ന് സൂചന. രാഷ്ട്രീയക്കാരനെന്നതിലുപരി ഒരു തികഞ്ഞ ബിസിനസുകാരൻ ആദ്യമായി അമേരിക്കൻ പ്രസിഡന്റാകാൻ നിയോഗിക്കപ്പെട്ടതോടെ തന്നെ ഓരോ രാജ്യങ്ങളുമായും അദ്ദേഹത്തിന്റെ ബന്ധങ്ങൾ കച്ചടവ താൽപര്യങ്ങളിൽ അധിഷ്ഠിതമായിരിക്കും എന്ന ചർച്ചകൾ തുടങ്ങിയിരുന്നു.

ഇതോടൊപ്പം തന്നെ ഇന്ത്യയോട്, പ്രത്യേകിച്ചും കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുതിയ പ്രസിഡന്റിന്റെ നിലപാടുകൾ എന്താവുമെന്ന രീതിയിലും ചർച്ചകൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ഇന്ത്യയിലെ കച്ചവട താൽപര്യങ്ങൾ വീണ്ടും ചർച്ചയാക്കിക്കൊണ്ട് മുംബൈയിലേയും പൂണെയിലെയും റിയൽ എസ്റ്റേറ്റ് രാജാക്കന്മാർ എന്നുതന്നെ പറയാവുന്ന ചോർദിയ സഹോദരന്മാരും ട്രംപിന്റെ ഇന്ത്യയിലെ കച്ചവട താൽപര്യങ്ങൾക്ക് ചുക്കാൻപിടിക്കുന്ന കൽപേഷ് മേത്തയും ട്രംപിനെ സന്ദർശിക്കുന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ അഭിനന്ദിക്കാനാണ് മൂവരും എത്തിയതെന്നാണ് ട്രംപിന്റെ വക്താവ് ബ്രീന്ന ബട്‌ലർ വ്യക്തമാക്കിയതെങ്കിലും ഈ സന്ദർശനം അമേരിക്കൻ മാദ്ധ്യമങ്ങളിലും ഇന്ത്യൻ മാദ്ധ്യമങ്ങളിലും സജീവ ചർച്ചയായി മാറിയിരിക്കുകയാണ്.

പൂണെ ആസ്ഥാനമായുള്ള പഞ്ച്ശീൽ റിയാൽറ്റിയുടെ ഉടമകളാണ് ചോർദിയ സഹോദരന്മാരായ അതുലും സാഗറും. ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മിക്കപ്പോഴും ഇടംപിടിക്കുന്നവരാണ് ഇരുവരും. പൂണെ നഗരത്തിൽ തന്നെ പ്രസിദ്ധമായ ജെഡബ്‌ള്യു മാരിയറ്റ് ഹോട്ടലും വേൾഡ് ട്രേഡ് സെന്ററും പടുത്തുയർത്തി റിയൽ എസ്റ്റേറ്റ് രംഗത്ത് പേരെടുത്തവർ.

രാജ്യത്തിന് വെളിയിൽ ആദ്യമായി മാലിദ്വീപിൽ ബൾഗാരി ഹോട്ടൽ പടുത്തുയർത്തി ഇരുവരും വ്യവസായ സാമ്രാജ്യം രാജ്യത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ ട്രംപിന്റെ ഇന്ത്യയിലെ നിക്ഷേപ താൽപര്യങ്ങളിൽ പങ്കുചേർന്ന് പഞ്ച്ശീൽ റിയാൽറ്റി പൂണെയിൽ പടുത്തുയർത്തി ലോകോത്തര ആഡംബര അപ്പാർട്ടുമെന്റ് ബിസിനസ് ലോകത്ത് വൻ ചർച്ചയായി മാറുകയാണ്.

റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡാണ് ട്രംപ്. ട്രംപ് ബ്രാൻഡിന്റെ ഇന്ത്യയിലെ കച്ചവട താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ചുമതലയുള്ള ബിസിനസുകാരനാണ് കൽപേഷ് മേത്ത. ഇദ്ദേഹം മാനേജിങ് പാർട്ണർ ആയുള്ള ട്രിബേക ഡെവലപേഴ്‌സിനാണ് ട്രംപ് ഓർഗനൈസേഷന് ഇന്ത്യയിൽ ഏതെല്ലാം മേഖലകളിൽ നിക്ഷേപം നടത്തണമെന്ന ഉപദേശം നൽകുന്നതിന്റെ ചുമതല. അടുത്ത പത്തുവർഷത്തേക്ക് ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ ട്രംപ് ഓർഗനൈസേഷന് ഉദ്ദേശ്യമുണ്ടെന്ന് കൽപേഷ് മേത്ത ഈവർഷം ആദ്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ട്രംപ് ബ്രാൻഡിൽ കൂറ്റൻ അപ്പാർട്ടുമെന്റ് സൗധങ്ങൾ പണിതുയർത്തിയതിലൂടെ ബിസിനസ് പങ്കാളിത്തം നേടിയ സ്ഥാപനങ്ങൾക്ക് വൻ നേട്ടമാണ് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഈ സാഹചര്യത്തിലാണ് പൂണെയിലും മുംബൈയിലുമായി ട്രംപ് ഓർഗനൈസേഷൻ പങ്കാളികളായ രണ്ട് സൂപ്പർ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകൾ നടപ്പിലാകുന്നത്. ചോർദിയ സഹോദരന്മാരുടെ പഞ്ച്ശീൽ റിയാൽറ്റി പൂണെയിൽ ഒരുക്കുന്നത് ട്വിൻ ടവർ അപ്പാർട്ടുമെന്റുകളാണ്. ആരുകണ്ടാലും അതിശയിക്കുന്ന, രാജകീയത തുളുമ്പുന്ന സൗകര്യങ്ങളുമായി 46 അപ്പാർട്ടുമെന്റുകളുള്ള ബ്‌ളോക്കാണ് പൂണെയിലേത്. ഈ മനംമയക്കുന്ന ചില്ലുകൊട്ടാരങ്ങൾ ഇപ്പോൾത്തന്നെ ഇന്ത്യയിലെ സമ്പന്നന്മാരെ ആകർഷിച്ചുകഴിഞ്ഞു. സിനിമാ താരങ്ങൾ ഉൾപ്പെടെ പലരും ഇവിടെ അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാൻ മത്സരിക്കുകയാണ്.

 

മുംബൈയിൽ ലോധ ഗ്രൂപ്പുമായി ചേർന്നാണ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്. ഇവിടെ മുംബൈ നഗര ഹൃദയത്തിൽ തന്നെ 300 അപ്പാർട്ടുമെന്റുകളുടെ പ്രൊജക്റ്റാണ് ഇപ്പോൾ നിർമ്മാണത്തിലുള്ളത്. ട്രംപിന്റെ മകനായ ഡൊണാൾഡ് ട്രംപ് ജൂനിയറിനാണ് ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ചുമതല. മുംബൈ, പൂണെ, തലസ്ഥാനമായ ഡൽഹി, ബാംഗഌർ, ചെന്നൈ, ഹൈദരാബാദ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സമീപ ഭാവിയിൽ തന്നെ ട്രംപ് ഓർഗനൈസേഷൻ ബിസിനസ് വ്യാപിപ്പിക്കുമെന്ന് ട്രംപ് ജൂനിയർതന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള പദ്ധതികളിൽ 2002ൽ സ്ഥാപിതമാവുകയും സമ്പന്നരുടെ പ്രീതി പിടിച്ചുപറ്റിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും മേന്മയേറിയ ലക്ഷ്വറി അപ്പാർട്ടുമെന്റുകളുടെ നിർമ്മാതാക്കളാകുകയും ചെയ്ത ചോർദിയ സഹോദരന്മാരുടെ പഞ്ച്ശീൽ റിയൽട്ടേഴ്‌സിന്റെ പൂണെയിലെ ട്വിൻ ടവേഴ്‌സ് ട്രംപിന്റെ ഇഷ്ടപ്പെട്ട പ്രൊജക്ടായതോടെ ഇതിന്റെ ഉടമകളായ അതുലും സാഗറും പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇതോടൊപ്പം അദ്ദേഹത്തിന്റെ ഇന്ത്യയിലെ ബിസിനസ് ഉപദേശിയായ ട്രിബേക ഡവലപേഴ്‌സിന്റെ കൽപേഷ് മേത്തയും.

2014 ഓഗസ്റ്റിൽ മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ് ഇന്ത്യയിൽ എത്തിയിരുന്നു. അന്ന് ഇന്ത്യയിലേക്ക് നിക്ഷേപം ഒഴുക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മോദി വന്നതോടെ രാജ്യത്തെ നിക്ഷേപാന്തരീക്ഷം മാറിയതിൽ സന്തോഷിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ ട്രംപ് മോദിയെ പ്രധാനമന്ത്രിയായതിൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അക്കാലത്തുതന്നെ ഇന്ത്യയും അമേരിക്കയും തമ്മിൽ ഉള്ളബന്ധം ട്രംപ് അമേരിക്കൻ പ്രസിഡന്റാവുന്നതോടെ കൂടുതൽ ദൃഢമാകുമെന്ന് ചോർദിയ സഹോദരന്മാർ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

പൂനയിൽ ചോർദിയ സഹോദരന്മാരുടെ പഞ്ച്ശീൽ ഒരുക്കിയ ട്രംപ് ടവേഴ്‌സ് ആരെയും ആകർഷിക്കുന്ന ചാരുതയുള്ള ട്വിൻ ടവർ ആണ്. രണ്ടു ബ്‌ളോക്കുകളിലായി 23 നിലയുള്ള 46 അപ്പാർട്ടുമെന്റുകളാണ്. ഒരു നിലയിൽ നിറഞ്ഞുനിൽക്കുന്ന ഒരു അപ്പാർട്ടുമെന്റ് എന്നരീതിയിൽ ആണ് പൂർണമായും ചില്ലുകൊട്ടാരമെന്ന് പറയാവുന്ന ട്രംപ് ടവർ ഒരുക്കിയിട്ടുള്ളത്. ബോളിവുഡ് നടൻ ഋഷി കപൂറും മകൻ രൺബീറും ഇവിടെ 13 കോടി മുടക്കി അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കിക്കഴിഞ്ഞു. ഇത്തരത്തിൽ സമ്പന്നരായ നിരവധി പേരാണ് ഇവിടെ അപ്പാർട്ടുമെന്റ് സ്വന്തമാക്കാൻ മത്സരിക്കുന്നത്. ട്രംപിന്റെ ബ്രാൻഡ് സ്വീകരിച്ചതോടെ തന്നെ വിലയിൽ 25 % വർധനവുണ്ടായതായി സാഗർ ചോർദിയ വ്യക്തമാക്കിയിരുന്നു. ചിലർ അപ്പാർട്ടുമെന്റുകൾ വാങ്ങി ലീസിനും നൽകിയിട്ടുണ്ട്. പ്രതിമാസം അഞ്ചുലക്ഷം രൂപവരെ ഇങ്ങനെ ചിലർ നേടുന്നുണ്ടെന്നും സാഗർ പറഞ്ഞിരുന്നു.

ഇത്തരത്തിൽ വലിയതോതിൽ ട്രംപ് ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കച്ചവടത്തിന് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം അമേരിക്കൻ പ്രസിഡന്റായതോടെ ഇന്ത്യക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുമെന്ന് ഉറപ്പാണെന്ന ചർച്ചകളാണ് ഇ്‌പ്പോൾ ഉയരുന്നത്. അതിനാൽത്തന്നെ പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങളിൽ ഇന്ത്യക്ക് അനുകൂലമായ നിലപാട് ട്രംപ് സ്വീകരിക്കാനാണ് സാധ്യത കൂടുതലെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ട്രംപിനെ അഭിനന്ദനം അറിയിക്കാൻ മാത്രമാണ് പോയതെന്നും രണ്ടുമിനിറ്റ് മാത്രമാണ് ആശയവിനിമയം നടന്നതെന്നും ചോർദിയ സഹോദരന്മാരും കൽപേഷ് മേത്തയും പറയുമ്പോഴും അമേരിക്കയിലെ മാദ്ധ്യമങ്ങളിൽ ഇത് ഇന്ത്യൻ ബിസിനസുകാരുമായി നിയുക്ത പ്രസിഡന്റ് നടത്തിയ കച്ചവട ചർച്ചയെന്ന നിലയിലാണ് വിലയിരുത്തപ്പെട്ടത്. മൂവരും ഏറെനേരം ട്രംപിനൊപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ സൽക്കാരം സ്വീകരിച്ചാണ് പിരിഞ്ഞതെന്നും സൂചനകളുണ്ട്.

 

ന്യൂയോർക്കിലെ ട്രംപ് ടവറിൽ വച്ച് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സാഗർ, അതുൽ, കൽപേഷ് മേത്ത എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. ഇവരുടെ സംഭാവഷണം ഇന്ത്യൻ സമ്പദ് വ്യവസ്ഥ , മോദി എന്നിവ കേന്ദ്രീകരിച്ചായിരുന്നുവെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ മകൾ ഇവാൻക, ആൺമക്കളായ എറിക്, ഡൊണാൾഡ് ട്രംപ് ജൂനിയർ എന്നിവരടക്കമുള്ള കുടുംബവും ഇവർക്ക് ആതിഥ്യമരുളാൻ എത്തിയിരുന്നു.

ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കൻ പ്രസിഡന്റുമായുള്ള നയതന്ത്ര ഇടപെടലുകളിൽ മുംബൈ-പൂണെ മേഖലയിലെ ബിസിനസ് രാജാക്കന്മാരായ ഈ മൂവർ സംഘത്തിന് നിർണായക സഹായങ്ങൾ നൽകാനാകുമെന്ന വിലയിരുത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP