Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോടിയേരിയും ഇപി ജയരാജനും തുറന്ന പോരിലേക്ക്; മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം മറികടന്ന് ഇപി ബന്ധുവിനെ നിയമിച്ചെന്ന് ആരോപിച്ച് കോടിയേരി രംഗത്ത്; കോടിയേരിയുടെ ബന്ധു നിയമനത്തെ കുറിച്ച് ആരോപണം ഉന്നയിക്കാൻ എണീറ്റ ശ്രീമതിയെ ശാസിച്ചിരുത്തി; കണ്ണൂർ രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറുമ്പോൾ കോടിയേരിയും ഇപിയും തുറന്ന പോരിനെന്ന് റിപ്പോർട്ടുകൾ

കോടിയേരിയും ഇപി ജയരാജനും തുറന്ന പോരിലേക്ക്; മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം മറികടന്ന് ഇപി ബന്ധുവിനെ നിയമിച്ചെന്ന് ആരോപിച്ച് കോടിയേരി രംഗത്ത്; കോടിയേരിയുടെ ബന്ധു നിയമനത്തെ കുറിച്ച് ആരോപണം ഉന്നയിക്കാൻ എണീറ്റ ശ്രീമതിയെ ശാസിച്ചിരുത്തി; കണ്ണൂർ രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറുമ്പോൾ കോടിയേരിയും ഇപിയും തുറന്ന പോരിനെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവച്ച ഇപി ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയില്ലെന്ന് വരുത്താൻ കള്ളക്കളികൾ നടക്കുന്നുവെന്ന ആരോപണവുമായി കണ്ണൂരിലെ പ്രധാന നേതാക്കൾ തന്നെ സജീവമാകുന്നു. ഇതോടെ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറികൾ പുതിയ തലത്തിലെത്തുകയാണ്. വിവാദ ബന്ധുനിയമനം നടത്തുന്നതിൽനിന്ന് ഇ.പി.ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയിരുന്നുവെന്നു സിപിഐ(എം) സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത് ഗൂഡോദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രി അങ്ങനെയാണു പാർട്ടിയിൽ റിപ്പോർട്ട് ചെയ്തതെന്നും കോടിയേരി വിശദീകരിച്ചിരുന്നു. പിണറായിയെ സമ്മർദ്ദത്തിലാക്കാനാണിതെന്നാണ് വിലയിരുത്തൽ.

ബന്ധുത്വ നിയമനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പിണറായി ആദ്യം മുതൽ വന്നത്. പത്രവാർത്തകളിലൂടെ അറിഞ്ഞപ്പോൾ തന്നെ തിരുത്തൽ നടപടിയെത്തിയെന്നും വിശദീകരണം വന്നു. ഇതിലൂടെ ഉയർന്നത് മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയാണ്. അത് തകർക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും ഇപി ക്യാമ്പ് ആരോപിക്കുന്നു. അതായത് കരുത്തനായ മുഖ്യമന്ത്രി പാടില്ലെന്ന് പറഞ്ഞിട്ടും ജയരാജൻ ചെയ്തു. അത് മുഖ്യമന്ത്രിയെ ധിക്കരിക്കലാണ്. കരുത്തും ആർജ്ജവവുമുള്ള മുഖ്യമന്ത്രിയെ തകർക്കുകയാണ് സെക്രട്ടറിയുടെ ലക്ഷ്യം. ബന്ധു നിയമനം തനിക്ക് മാത്രം പറ്റിയ അബദ്ധമാണ്. അഴിമതിക്ക് വേണ്ടിയല്ല അത് ചെയ്തത്. തെറ്റ് തിരിച്ചറിഞ്ഞപ്പോൾ തിരുത്താൻ ശ്രമിച്ചു. എന്നാൽ മുഖ്യമന്ത്രിയെ കൂടി വിവാദത്തിലെത്തിക്കാൻ പാർട്ടി സെക്രട്ടറി ബോധപൂർവ്വമായി ശ്രമിക്കുന്നതായി ഇപി വിഭാഗം വിലയിരുത്തുന്നു. മുഖ്യമന്ത്രിയും ഇപിയും തമ്മിൽ തെറ്റിയെന്ന് പ്രചരിപ്പിക്കുന്ന തരത്തിൽ മുഖ്യമന്ത്രിയെ വിവാദത്തിലാക്കാനാണ് ശ്രമമെന്നും ഇപി വിഭാഗം പറയുന്നു.

തന്റെ ഒഴിവിൽ എം.എം.മണിയെ മന്ത്രിസഭയിലെടുക്കാൻ തീരുമാനിച്ചതോടെ സംസ്ഥാനകമ്മിറ്റി യോഗം ബഹിഷ്‌കരിച്ച് ജയരാജൻ എകെജി സെന്റർ വിട്ടശേഷമാണു സംസ്ഥാന സെക്രട്ടറി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവാദ നിയമനകാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരസ്യനിലപാടിന് വിരുദ്ധമായിരുന്നു ഇത്. താൻ വിലക്കിയശേഷവും ഇതുമായി ജയരാജൻ മുന്നോട്ടുപോയതു മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഫയലും മുഖ്യമന്ത്രി കണ്ടിട്ടില്ലെന്നും പറഞ്ഞു. അതായത് ജയരാജൻ ധിക്കാരത്തോടെ പ്രവർത്തിച്ചെന്നും പിണറായിയെ അനുസരിച്ചില്ലെന്നും വരുത്തി തീർക്കുകയായിരുന്നു കോടിയേരി. ഈ റിപ്പോർട്ടിങ്ങോടെ കോടിയേരിയും ജയരാജനും തമ്മിലെ അകൽച്ചയും കൂടി. തന്റെ പുറത്താക്കലിന് പിന്നിൽ ആരെന്ന് വ്യക്തമായതായി ജയരാജൻ അടുത്ത വൃത്തങ്ങൾക്ക് സൂചനയും നൽകിയിട്ടുണ്ട്. കണ്ണൂരിൽ പിണറായി വിജയനുള്ള മേൽകോയ്മ തകർക്കാൻ ഇതിലൂടെ കഴിയില്ലെന്ന് ജയരാജൻ പാർട്ടിയിലെ നേതാക്കളോട് വിശദീകരിക്കുകയും ചെയ്തു.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി പി.കെ.സുധീർ നമ്പ്യാരെ നിയമിക്കാൻ ആലോചനയുണ്ടെന്നു ജയരാജൻ ഒരുഘട്ടത്തിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. അതു ശരിയായ നടപടിയാകില്ലെന്നും ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. പക്ഷേ, പിന്നീടു സുധീറിനെ നിയമിച്ചതു വിവാദമായതോടെയാണ് ഇക്കാര്യം തന്റെ ശ്രദ്ധയിൽപെട്ടതെന്നു മുഖ്യമന്ത്രി പാർട്ടിയെ അറിയിച്ചു. ഉടൻ അതു റദ്ദാക്കാനും നിർദ്ദേശിച്ചുവെന്ന സെക്രട്ടറിയുടെ പരാമർശത്തെ തള്ളിക്കളയാൻ പിണറായിക്ക് പറ്റാത്ത തരത്തിലായിരുന്നു കരുനീക്കം. ഇതിനെ തള്ളിപ്പറഞ്ഞാൽ വീണ്ടും വിഭാഗീയതയിലേക്ക് കാര്യങ്ങളെത്തും. സംസ്ഥാന സമിതി യോഗത്തിൽ ജയരാജന്റെ വാദങ്ങൾ അവതരിപ്പിക്കാൻ പികെ ശ്രീമതി എഴുന്നേറ്റും. കോടിയേരിയുടെ ബന്ധു നിയമനങ്ങളെ കുറിച്ച് പാർട്ടിയിൽ ചർച്ചയാക്കാനായിരുന്നു ഇത്. അപ്പോഴേക്ക് ജയരാജൻ എല്ലാം സെക്രട്ടറിയേറ്റിൽ പറഞ്ഞെന്ന ശാസനയോടെ ശ്രീമതിയെ സംസാരിക്കാൻ അനുവദിച്ചില്ല. അങ്ങനെ പറഞ്ഞ സെക്രട്ടറി എന്തുകൊണ്ട് സെക്രട്ടറിയേറ്റിൽ ജയരാജൻ പറഞ്ഞത് സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തില്ലെന്നാണ് ഇപി വിഭാഗം ഉയർത്തുന്ന ചോദ്യം.

പിണറായിയും ജയരാജനും തെറ്റിയെന്ന് വരുത്തേണ്ടത് കോടിയേരിയുടെ ആവശ്യമാണ്. കണ്ണൂരിൽ കോടിയേരിയും മകനും നടത്തുന്ന അഴിമതികൾ സിപിഎമ്മിനെ തകർക്കുമെന്ന അഭിപ്രായവും ഇവർക്കുണ്ട്. പിണറായി വിജയനെ തെറ്റിധരിപ്പിച്ച് പൊലീസിൽ പോലും പലതും നേടിയെടുക്കുന്നു. ഇടത് ഭരണത്തെ അഴിമതിയിലേക്ക് തള്ളിവിട്ട് പിണറായിയുടെ പ്രിതച്ഛായയെ തകർക്കാൻ നീക്കമുണ്ടെന്നും വിലയിരുത്തുന്നു. അതിനിടെ ജയരാജനെതിരെ കേന്ദ്ര കമ്മറ്റിയെ കൊണ്ട് നടപടിയെടുപ്പിക്കാൻ കോടിയേരി കള്ളക്കളി നടത്തുന്നതായും ഇവർ വിലയിരുത്തുന്നു. അതിനായാണ് പിണറായിയുടെ പിന്തുണ ജയരാജന് ഇല്ലെന്ന ചർച്ച സജീവമാക്കുന്നത്. രാജിക്ക് ആദ്യം വഴങ്ങാതെനിന്ന ജയരാജനെ തുണയ്ക്കാതിരിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതും നീരസമാണ് എന്നാണു കോടിയേരിയുടെ വാക്കുകളിലുണ്ട്. അതായത് അധികാര കസേരയോട് ജയരാജൻ താൽപ്പര്യം പ്രകടിപ്പിച്ചെന്ന് വരുത്തുകയാണ് കോടിയേരി. ബന്ധുത്വ നിയമന വിവാദത്തിൽ പാർട്ടിക്ക് വേണ്ടി എതിർപ്പില്ലാതെ രാജി വച്ച സഖാവിനോട് ഇത് ചെയ്യുന്നത് ശരിയില്ലെന്ന വിലയിരുത്തലോടെ കണ്ണൂർ രാഷ്ട്രീയത്തിൽ സജീവമാവുകയാണ് ഇപി വിഭാഗം.

മന്ത്രിസഭയിൽ തിരിച്ചെത്താനുള്ള അവസരം നിഷേധിച്ചു മണിയെ മന്ത്രിയാക്കിയതിനെതിരെയുള്ള ജയരാജന്റെ പ്രതിഷേധമായിരുന്നു സംസ്ഥാന സമിതിയിൽ നിന്നുള്ള വിട്ടുനിൽക്കൽ. കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തുടർന്നു പങ്കെടുക്കാൻ കൂട്ടാക്കാതിരുന്നത് സംഘടനാരീതിയിൽ നിന്നുള്ള വ്യതിചലനമാണ്. ജയരാജനെ ന്യായീകരിക്കാനായി പാർട്ടി രീതി വിട്ട് സംസ്ഥാന കമ്മിറ്റിയിൽ പ്രസംഗിക്കാൻ മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായ ശ്രീമതിയുടെ നടപടിയേയും അംഗീകരിക്കില്ലെന്ന് കോടിയേരി പക്ഷവും പറയുന്നു. ഇരുവരേയും തിരുത്താൻ അച്ചടക്ക നടപടി കൂടിയേ തീരൂ. ഈ രണ്ടു നടപടിയും പാർട്ടി പരിശോധിക്കും. വിവാദ ബന്ധുനിയമനക്കാര്യത്തിൽ ഇവരുടെ ഭാഗത്തു നിന്നുള്ള വീഴ്ച ജനുവരിയിൽ ഇവിടെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും കോടിയേരി പക്ഷം പറയുന്നു. രണ്ട് പേരേയും തരംതാഴ്‌ത്തി സംസ്ഥാന സമിതി അംഗങ്ങളാക്കാനാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ നീക്കം. പകരം കണ്ണൂരിൽ നിന്ന് തനിക്കൊപ്പമുള്ള രണ്ട് പേരെ കേന്ദ്ര കമ്മറ്റിയിലെത്തിക്കാനാണ് നീക്കം. ഇതിലൂടെ കണ്ണൂരിലെ പാർട്ടിയെ കൈയിലെടുക്കാമെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ.

എല്ലാക്കാലവും ആര് മുഖ്യമന്ത്രിയായാലും പാർട്ടി സെക്രട്ടറിയാണ് ഭരണം നടത്താറ്. എന്നാൽ പിണറായിയെന്ന മുഖ്യമന്ത്രി അതിന് വഴങ്ങുന്നില്ല. ഇത് മനസ്സിലാക്കിയാണ് കോടിയേരിയുടെ കരുനീക്കമെന്ന് മറുവിഭാഗവും പറയുന്നു. ജയരാജന്റെ ഇടപെടൽ മൂലം ഭാര്യയുടെ അടുത്ത ബന്ധുവിനെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പ്രതികാരം തീർക്കൽ തുടരുകയാണ്. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കുടുംബ ക്ഷേത്രത്തിൽ പൂജ നടത്തിയതു പോലുള്ള പാർട്ടി വിരുദ്ധ നടപടിയൊന്നു ജയരാജൻ ചെയ്തിട്ടില്ലെന്നും മറു വിഭാഗം പറയുന്നു. ഏതായാലും വിവാദം കണ്ണൂർ രാഷ്ട്രീയത്തിൽ പുതിയ ചലനമുണ്ടാക്കും. എംഎൽഎ സ്ഥാനം ജയരാജനും കണ്ണൂര് എംപി സ്ഥാനം പികെ ശ്രീമതിയും രാജി വയ്ക്കാൻ തയ്യാറാണ്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പാർട്ടിക്ക് വെല്ലുവിളിയാകാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ രാജി വേണ്ടെന്ന് പാർട്ടിയിലെ വിശ്വസ്തർ ശ്രീമതിയോടും ജയരാജനോടും ആവശ്യപ്പെടുന്നു. അതുകൊണ്ട് കൂടിയാണ് കടുത്ത നടപടികളിലേക്ക് ഇരുവരും കടക്കാത്തത്.

തന്റെ എക്കാലത്തേയും വലിയ വിശ്വസ്തൻ ജയരാജനാണെന്ന് പിണറായിക്കും അറിയാം. അതുകൊണ്ട് തന്നെ കണ്ണൂരിലെ പാർട്ടിയിലെ ബലപരീക്ഷണത്തിൽ ജയരാജനെ വിട്ട് പിണറായിയും കളിക്കില്ലെന്നാണ് ഇപി ക്യാമ്പിന്റെ പ്രതീക്ഷ. ജയരാജനും കോടിയേരിയും പരസ്പരം കണ്ടാൽ മിണ്ടാത്ത അവസ്ഥയിലാണുള്ളത്. പാർട്ടിയെ വിഭാഗീയതയിൽ നിന്ന് മുക്തനാക്കാൻ ഏറെ കടുത്ത നടപടിയെടുത്തിട്ടുള്ള പിണറായിയും കരുതലോടെ ഇടപെട്ട് പ്രശ്‌നപരിഹാരം സാധ്യമാക്കുമെന്നാണ് കണ്ണൂരിലെ സിപിഎമ്മിൽ നിഷ്പക്ഷരുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP