Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർഗീയ വിഷം തുപ്പുന്ന സലഫി പ്രഭാഷകൻ ഒളിവിലിരുന്ന് ലേഖനമെഴുതുന്നു; ശശികല നാടുനീളെ ഇപ്പോഴും പ്രസംഗിച്ചു നടക്കുന്നു; കാട്ടിനുള്ളിൽകയറി മാവോവാദികളെ വെടിവച്ചുകൊന്ന പൊലീസ് നാട്ടിൽ മതവിദ്വേഷത്തിന് വഴിമരുന്നിടുന്നവരെ കാണാത്തതിന്റെ രാഷ്ട്രീയം ഇങ്ങനെ

വർഗീയ വിഷം തുപ്പുന്ന സലഫി പ്രഭാഷകൻ ഒളിവിലിരുന്ന് ലേഖനമെഴുതുന്നു; ശശികല നാടുനീളെ ഇപ്പോഴും പ്രസംഗിച്ചു നടക്കുന്നു; കാട്ടിനുള്ളിൽകയറി മാവോവാദികളെ വെടിവച്ചുകൊന്ന പൊലീസ് നാട്ടിൽ മതവിദ്വേഷത്തിന് വഴിമരുന്നിടുന്നവരെ കാണാത്തതിന്റെ രാഷ്ട്രീയം ഇങ്ങനെ

എം പി റാഫി

കോഴിക്കോട്: നിലമ്പൂർ വനത്തിനുള്ളിൽ രണ്ട് മാവോവാദികളെ വെടിവച്ചു കൊന്ന പൊലീസ്, വർഗീയ വിഷം തുപ്പിയ രണ്ട് പ്രഭാഷകർക്കതിരെയുള്ള നടപടി അനന്തമായി നീട്ടികൊണ്ടു പോകുകയാണ്. സലഫി പ്രഭാഷകൻ ഷംസുദ്ദീൻ ഫരീദ് പാലത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഒന്നര മാസവും ഹിന്ദു ഐക്യ വേദി നേതാവ് കെപി ശശികലക്കെതിരെ കേസെടുത്തിട്ട് ഒരു മാസവും തികയുകയാണ്. ശശികല പ്രസംഗ വേദികളിൽ സജീവമായും ഷംസുദ്ദീൻ ഒളിത്താവളത്തിലിരുന്ന് ലേഖനമെഴുതുമ്പോഴും പൊലീസിന് ചെറുവിരലനക്കാൻ സാധിക്കുന്നില്ല. മാവോവാദികളുമായി ഏറ്റുമുട്ടി വെടിവച്ചെന്നു അവകാശപ്പെടുന്ന അതേ പൊലീസ് തന്നെയാണ് വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ യഥേഷ്ടം വിട്ടിരിക്കുന്നത്.

വലിയ കൊട്ടിഘോഷിച്ചായിരുന്ന രണ്ടു പേർക്കെതിരെയും കേസെടുത്തത്. പൊലീസ് മുഖം നോക്കാതെ കേസെടുത്തപ്പോൾ സർക്കാറിന്റെ ധീരമായ നിലപാടിനു പൊതുസമൂഹം ജാതി മത വ്യത്യാസമില്ലാതെ പ്രശംസിക്കുകയുണ്ടായി. എന്നാൽ പിന്നീടങ്ങോട്ട് വർഗീയ വിഷം നാടുനീളെ തുപ്പിയവർക്കെതിരെ ചെറുവിരലനക്കാൻ പൊലീസും സർക്കാറും തയ്യാറായില്ല. സെപ്റ്റംബർ ഏഴിനായിരുന്നു വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ ഷംസുദ്ദീൻ പാലത്തിനെതിരെ കാസർകോട് ജില്ലാ പൊലീസ് മേധാവിക്കു പരാതി ലഭിച്ചത്. അന്നു വൈകിട്ടു തന്നെ ജാമ്യമില്ലാ വകുപ്പ് 153 എ ചുമത്തി സലഫി പ്രഭാഷകനെതിരെ കാസർകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനായി കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിലേക്ക് കേസ് മാറ്റുകയും ഇവിടെ 933/16 നമ്പർ പ്രകാരം എഫ്.ഐ.ആർ ഇടുകയും ചെയ്തു.

തുടർന്നുള്ള അന്വേഷണത്തിൽ രാജ്യം നിരോധിച്ച ഐസിസിന്റെ അതേ ആശയങ്ങളാണ് പ്രസംഗത്തിലുടനീളം ഉള്ളതെന്ന് കണ്ടെത്തുകയും കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ ഒക്ടോബർ ആറിന് ഷംസുദ്ദീനു മേൽ യു.എ.പി.എ ചുമത്തുകയും ചെയ്തു. ഒക്ടോബർ 15നായിരുന്നു വിദ്വേഷ പ്രസംഗം നടത്തിയ കെപി ശശികലക്കെതിരെ കാസർകോട് എസ്‌പിക്കു വീണ്ടും പരാതി ലഭിച്ചത്. ഈ പരാതിന്മേൽ ശശികലക്കെതിരെ ഒക്ടോബർ 26ന് 1091/16 ക്രൈം നമ്പർ പ്രകാരം 153 എ വകുപ്പ് ചുമത്തി ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാസർകോഡ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മുസ്ലിംലീഗ് നേതാവ് അഡ്വ.സി ഷുക്കൂർ ആയിരുന്നു ഇരു കേസുകളിലും പരാതിക്കാരൻ.

നാടുനീളെ വർഗീയത പറഞ്ഞു നടന്നവർക്കെതിരെ ഇടതു സർക്കാറിൽ നിന്നും കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു സമൂഹം പ്രതീക്ഷിച്ചത്. എന്നാൽ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പകരം യഥേഷ്ടം സ്വൈര വിഹാരത്തിനനുവദിച്ചിരിക്കുകയാണിപ്പോൾ പൊലീസ്. വർഗീയതക്കെതിരെ സന്ധിയില്ലെന്നു പരഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാറിന് ശശികലയെയും ഷംസുദ്ദീനെയും തൊടാൻ പേടിയാണെന്നത് ആരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം കെപി ശശികല പതിവു പോലെ സ്‌കൂളിൽ പോയതും ഉപരോധമുണ്ടായതും ഏറെ ചർച്ച ചെയ്തതായിരുന്നു. ശശികല പതിവു പോലെ വേദികളിൽ തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഷംസുദ്ദീൻ പാലത്ത് ഇസ് ലാഹ് മാസികയിൽ ലേഖനവും മുടക്കാതെ എഴുതുന്നുണ്ട്. അൽ ഇസ് ലാഹ് മാസികയുടെ നബംബറിലെ ലക്കത്തിലും ഷംസുദ്ദീന്റെ ലേഖനങ്ങളുണ്ട്. എന്നാൽ, ഇതൊന്നും പൊലീസ് അറിഞ്ഞിട്ടേയില്ല. വർഗീയ വിഷം എത്രവേണമെങ്കിലും തുപ്പിക്കോളോ ഇവിടെ ആർക്കെതിരെയും നടപടിയുണ്ടാകില്ലെന്ന മനോഭാവമാണ് പൊലീസിനുള്ളത്.

പ്രതികളായ ഷംസുദ്ദീൻനെയും ശശികലയെയും അറസ്റ്റു ചെയ്യാനോ തെളിവു ശേഖരിക്കാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയകളിലും അപ് ലോഡ് ചെയ്ത വീഡിയോകളായിരുന്നു രണ്ട് പരാതിയിലും പരാതിക്കാരൻ ഹാജരാക്കിയിരുന്നത്. പരാതിയിലുന്നയിച്ച ശബ്ദം ഈ രണ്ടു വ്യക്തികളുടേതു തന്നെയാണോ എന്ന് പരിശോധിക്കേണ്ടതും ഇതു സ്ഥാപിക്കേണ്ടതും പ്രോസിക്യൂഷന്റെ ബാധ്യതയാണ്. ഇതു പരിശോധിക്കണമെങ്കിൽ ആദ്യം അറസ്റ്റു ചെയ്ത് ഇരുവരുടെയും ശബ്ദ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ പരാതിയിൽ ഉന്നയിച്ച ശബ്ദവും ഇവരിൽ നിന്നും ശേഖരിച്ച സേമ്പിളുകളും ഒന്നു തന്നെയാണെന്ന് തെളിയിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ യൂട്യൂബിൽ അപ് ലോഡ് ചെയ്തവരും കേസിൽ പ്രതി ചേർക്കപ്പെടേണ്ടതാണ്. എന്നാൽ രണ്ട് കേസുകളുടെയും അന്വേഷണവും എങ്ങുമെത്താതെ ഇഴയുകയാണ്. പൊലീസ് ഷംസുദ്ദീനെതിരെ യുഎപിഎ ചുമത്തിയും ശശികളക്കെതിരെ ഐപിസി 153 എ ചുമത്തിയും കേസെടുത്തുവെന്നല്ലാതെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നതാണ് വസ്തുത.

അതേസമയം രാഷ്ട്രീയ പാർട്ടികൾ പ്രതിചേർക്കപ്പെട്ട ഇരുവരെയും രക്ഷിക്കാനുള്ള ശ്രമവും നടത്തി വരുന്നുണ്ട്. നിക്ഷിപ്ത താൽപര്യങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഈ വിഷയമെങ്കിൽ, ഇത്തരം പ്രഭാഷകർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് മതേതരത്വത്തിൽ വിശ്വസിക്കുന്നവരുടെ ആവശ്യം. വിദ്വേഷ പ്രസംഗങ്ങളെ പൊതു സമൂഹം അങ്ങേയറ്റം എതിർക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. എന്നാൽ ശംസുദ്ദീൻ പാലത്തിനെതിരെ കേസെടുത്തതിനു പിന്നാലെ ഷംസുദ്ദീൻ മതപണ്ഡിതനാണെന്നു പറഞ്ഞായിരുന്നു മുസ്ലിം ലീഗ് രംഗത്തെത്തിയത്. ബിജെപിയാകട്ടെ ശശികല പ്രസംഗിച്ചതെല്ലാം ശരിയാണെന്ന മട്ടിലുമാണ്. ലീഗും ബിജെപിയും ഇരുവരെയും പണ്ഡിത വൽക്കരിച്ചു സംരക്ഷിക്കുമ്പോൾ വർഗീയതയോടുള്ള ഈ പാർട്ടികളുടെ നിലപാടാണ് വ്യക്തമാകുന്നത്. ഇരുവരുടെയും പ്രസംഗത്തോട് ഒരു പാർട്ടി അണികളും യോജിക്കുന്നില്ലയെന്നത് മറ്റൊരു യാഥാർത്ഥ്യം.

ഷംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയതിനു പിന്നാലെ മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പണ്ഡിതനെതിരെ യു.എ.പി.എ ചുമത്തിയ നടപടിയെ എതിർത്തു കൊണ്ടായിരുന്നു നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും ഷംസുദ്ദീനെ പണ്ഡിതൻ എന്നു വിളിച്ചു കൊണ്ടായിരുന്നു. ഒരു പണ്ഡിതർക്കെതിരെയും യുഎപിഎ ഉണ്ടാകില്ലെന്ന് അദ്ദേഹം നിയമസഭയിൽ മറുപടിയും പറയുന്നു. എന്നാൽ വിദ്വംസക പ്രസംഗങ്ങൾ നടത്തുന്നവർക്ക് പണ്ഡിത പട്ടം നൽകി സംരക്ഷണം ഏർപ്പെടുത്തുകയായിരുന്നു ഇതിലൂടെ ചെയ്തത്. ഇതിനു മുൻപുള്ള നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ അന്വേഷണം ത്വരിതഗതിയിൽ കൊണ്ടുപോയ ഉദ്യോഗസ്ഥരുടെ മനോവീര്യവും ചോർന്നു പോയി. കേസ് അന്വേഷണം വൈകിപ്പിക്കുന്നതിനായി കടുത്ത സമ്മർദം ഉണ്ടന്ന് ചില പൊലീസ് ഉദ്യോഗസ്ഥരും മറുനാടൻ മലയാളിയോടു വെളിപ്പെടുത്തുകയുണ്ടായി.

യു.എ.പി.എ വകുപ്പ് ചുമത്തിയാൽ എത്രയും പെട്ടെന്ന് അറസ്റ്റ് രേഖപ്പെടുത്തണമെന്നിരിക്കെ നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാൻ പൊലീസ് ഒത്താശ ചെയ്യുകയാണിപ്പോൾ. യുഎപിഎ യിൽ ഉപവകുപ്പ് 39 പ്രകാരമാണ് ഷംസുദ്ദീനെതരിരെയുള്ള കേസ്. ഇന്ത്യയിൽ നിരോധിച്ച ഐസിസ് സംഘടനക്ക് പ്രോത്സാഹനം നൽകിയെന്നുള്ളതാണ് കുറ്റം. ഇന്ത്യാ രാജ്യം നിരോധിച്ച ഐസിസിന്റെ ആശയം പ്രചരിപ്പിക്കുന്നു എന്നാണ് ഷംസുദ്ദീനെതിരെ പരാതിക്കാരൻ പരാതിയിൽ ഉന്നയിച്ചതും. അതേസമയം, ഷംസുദ്ദീൻ യുഎപിഎ മരവിപ്പിക്കുന്നതിനുള്ള നിയമ നടപടികളുമായി നീങ്ങുകയാണ്. നേരത്തെ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎപിഎ വന്നത്. ആഗോള ഭീഗര സംഘടനയായ ഐസിസിന്റെ അടിസ്ഥാന മൂന്ന് ആശയങ്ങളിലൊന്നായ 'അൽവലാഅ് വൽബറാഅ്' വിഷയത്തിന്മേൽ നടത്തിയ പ്രസംഗമാണ് ഷംസുദ്ദീനെതിരെയുള്ള കേസിനാധാരം. എന്നാൽ ചുമത്തപ്പെട്ട യുഎപിഎ മരവിപ്പിക്കുക അസാധ്യമാണെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കെപി ശശികലയും മുൻകൂർ ജാമ്യത്തിനായുള്ള പരക്കം പാച്ചിലിലാണ്. അറസ്റ്റു ചെയ്യാതെ ഇതിനുള്ള സാവകാശം നൽകുകയാണ് പൊലീസ് ചെയ്യുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

മുസ്ലിംങ്ങളല്ലാത്തവരോട് ചിരിക്കരുത്, ജോലിക്കു നിർത്തരുത്, പ്രശംസിക്കരുത്, അമുസ്ലിം കലണ്ടർ ഉപയോഗിക്കരുത് തുടങ്ങി മതവിദ്വേഷംവളർത്തുന്ന പ്രസംഗമായിരുന്നു സലഫി പ്രഭാഷകൻ ഷംസുദ്ദീൻ നടത്തിയത്. ഷംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണവും പ്രസംഗിച്ച 'അൽ വലാഅ് വൽ ബറാഅ് ' എന്ന ആശയവും ആഗോള ഭീഗര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റുമായുള്ള സാമ്യതകൾ വിശദമായി നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ മുസ്ലിംങ്ങളല്ലാത്തവരെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ വിദ്വേഷ പരാമർശങ്ങളായിരുന്നു ഉണ്ടായിരുന്നത്.

വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും ഈ പ്രസംഗത്തിലൂടെ ഷംസുദ്ദീൻ പാലത്ത് പറയുകയുണ്ടായി., ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് തുടങ്ങി അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒരു വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന സലഫി പരിപാടിയിലായിരുന്നു പ്രസംഗിച്ചത്.

സാധാരണ ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കുന്നതും മതന്യനപക്ഷങ്ങൾക്കെതിരെ വർഗീയ വിഷം ചീറ്റുന്നതായിരുന്നു ശശികലയുടെ പ്രസംഗം. ഗുജറാത്ത് ,ഒഡീഷ, യു.പി തുടങ്ങിയ സ്ഥലങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തും തരത്തിൽ മാറാട് നടത്തിയ പ്രസംഗം, മതർതരേസയെ ആക്ഷേപിക്കുകയും മതം മാറ്റാൻ വന്ന കാട്ടുകള്ളിയാണെന്നും പറഞ്ഞ് നടത്തിയ പ്രസംഗം, ഏറ്റവും ഒടുവിൽ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു കടലുകളെ കുറിച്ചു നടത്തിയ പ്രസംഗങ്ങളെല്ലാമാണ് ശശികലക്കെതിരെയുള്ള കേസിന്റെ ആധാരം. ശശികല നടത്തിയ വർഗീയ വിദ്വേഷം പരത്തുന്ന 12 പ്രസംഗങ്ങളുടെ ലിങ്കുകളും സിഡികളും സഹിതമായിരുന്നു പരാതി നൽകിയയിരുന്നത്.

മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ മത വിഭാഗങ്ങളെ അവേഹേളിക്കുന്നതും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ശശികലയുടെ മതവിദ്വേഷ പ്രസംഗങ്ങൾ സോഷ്യൽ മീഡിയകളിലും ഏറെ കാലമായി നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇത്തരം പ്രസംഗങ്ങൾ ഷെയർ ചെയ്ത് കൂടുതൽ വിദ്വേഷവും കലഹവും ഉണ്ടാവുകയല്ലാതെ പ്രഭാഷകർക്കെതിരെ പൊലീസ് നടപടിയെടുക്കാൻ തയ്യാറാകുന്നില്ല. കേസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതികൾക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും അതാത് കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നുണ്ട്. എന്നാൽ ഇവർ പൊലീസിനെ നോക്കുകുത്തിയാക്കി വേദികളിൽ സജീവമാവുകയും മാസികയിൽ എഴുതുകയും ചെയ്യുന്നു. കാട്ടിനുള്ളിൽ കഴിയുന്ന മാവോയിസ്റ്റുകളെക്കാൾ അപകടകാരികളാണ് നാട്ടിൽ കഴിയുന്നു വിദ്വേഷ പ്രഭാഷകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP