Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് അഴിമതിയിൽ മന്മോഹൻ സിങ്ങിനെ ചോദ്യം ചെയ്‌തേക്കും; സിബിഐ നീക്കം ത്യാഗിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ; നോട്ട് നിരോധന തീരുമാനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനെന്ന് കോൺഗ്രസ്

അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് അഴിമതിയിൽ മന്മോഹൻ സിങ്ങിനെ ചോദ്യം ചെയ്‌തേക്കും; സിബിഐ നീക്കം ത്യാഗിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ; നോട്ട് നിരോധന തീരുമാനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെ സിബിഐ ചോദ്യം ചെയ്യാൻ സിബിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ മുൻ വ്യോമസേനാ മേധാവി എസ്‌പി ത്യാഗിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മന്മോഹനെ ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നത്. വിവാദ ഹെലികോപ്ടർ ഇടപാടിലെ വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയത് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണെന്ന് എസ്‌പി ത്യാഗി സിബിഐ കോടതിയിൽ പറഞ്ഞിരുന്നു. ഹെലികോപ്ടറുകളുടെ പരമാവധി പറക്കൽ ഉയരം സംബന്ധിച്ച വ്യവസ്ഥകളിൽ ഇളവു വരുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ് കൂടി ഉൾപ്പെട്ട കൂട്ടായ തീരുമാനമായിരുന്നു. ഹെലികോപ്ടറിന്റെ പറക്കാവുന്ന ഉയരം 6,000 മീറ്റർ പരിധിയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടത് പിഎംഒ ഓഫീസ് ആണെന്നും ത്യാഗി പറഞ്ഞിരുന്നു.

പ്രധാനമന്ത്രി ആയിരുന്ന കാലത്ത് മന്മോഹന്റെ പ്രിൻസിപ്പൾ സെക്രട്ടറി ആയിരുന്ന ടികെഎ നായരേയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണനേയും മുൻ സിബിഐ ഡയറക്ടർ രഞ്ജിത്ത് സിൻഹയേയും മുൻ സ്‌പെഷ്യൽ ഡയറക്ടർ സലീം അലിയേയും ചോദ്യം സിബിഐ ചോദ്യം ചെയ്‌തേക്കും. അതേസമയം അഴിമതിയിൽ കോൺഗ്രസ്സിന് പങ്കില്ലെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. എന്നാൽ അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും, ആരോപണം നോട്ടുനിരോധന തീരുമാനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നുമാണ് കോൺഗ്രസ്സിന്റെ ആരോപണം.

3600 കോടിയുടെ അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടർ ഇടപാടിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് മുൻ വ്യോമസേനാ മേധാവിയെ സിബിഐ അറസ്റ്റ് ചെയ്തത്. കരാർ അഗസ്റ്റാ വെസ്റ്റാലാൻഡിന്റെ മാതൃകമ്പനിയായ ഫിൻ മെക്കാനിക്കയ്ക്ക് അനുകൂലമാക്കാൻ വ്യോമസേനാ മേധാവി ആയിരിക്കെ ത്യാഗി ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നും സിബിഐ പറയുന്നു. 2004 മുതൽ 2007 വരെയാണ് ത്യാഗി വ്യോമസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചത്. ഈ കാലയളവിലാണ് വിവിഐപി ഹെലികോപ്ടറുകൾക്ക് 6000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിവുണ്ടായിരിക്കണമെന്ന പരിധി 4500 മീറ്ററായി ത്യാഗി കുറച്ചത്. 6000 മീറ്റർ ഉയരത്തിൽ പറക്കാനുള്ള ശേഷി അഗസ്റ്റാ വെസ്റ്റാലാൻഡിന് ഉണ്ടായിരുന്നില്ല.

സൈനിക സർവ്വീസ് തലപ്പത്തിരുന്ന ഒരു വ്യക്തി അഴിമതി കേസിൽ അറസ്റ്റിലാവുന്നത് ഇതാദ്യമാണ് രാജ്യത്ത്. സൈനിക മേധാവിയായി അധികാരത്തിലിരിക്കുമ്പോഴോ വിരമിച്ച ശേഷമോ ഇന്ത്യയുടെ മൂന്ന് സേനകളുടേയും മേധാവിയായ വ്യക്തി ഇതിന് മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

വിവിഐപികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകൾ വാങ്ങാൻ 2010ൽ അഗസ്റ്റ വെസ്റ്റ്‌ലാൻഡുമായി മുൻ യുപിഎ സർക്കാരാണ് കരാറുണ്ടാക്കിയത്. കരാർ തുകയുടെ 12 ശതമാനത്തോളം(423 കോടി രൂപ) കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് പ്രധാന ആരോപണം. കരാർ ഉറപ്പിക്കാൻ കൈക്കൂലി നൽകിയ കാര്യം ഇറ്റാലിയൻ അധികൃതരാണ് കണ്ടെത്തിയത്. കൈക്കൂലി നൽകിയതിന് ഫിന്മെക്കാനിക്കയുടെ ചെയർമാനേയും അഗസ്റ്റ സിഇഒയേയും 2013ൽ ഇറ്റാലിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപാട് വിവാദമായ സാഹചര്യത്തിൽ മുൻ സർക്കാർ കരാർ 2014 ജനുവരി ഒന്നിന് റദ്ദാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP