Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിരിച്ചുവിട്ട 36 ജീവനക്കാരിൽ നാലുപേരെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് പറഞ്ഞതോടെ മീഡിയാ വണ്ണിലെ തൊഴിൽ പ്രശ്‌നത്തിന് പരിഹാരം! പത്രപ്രവർത്തക യൂണിയൻ വഞ്ചിച്ചെന്ന് മാദ്ധ്യമ പ്രവർത്തകരുടെ ആക്ഷേപം; ജമാഅത്തെ ഇസ്ലാമിയുടെ ധാർമ്മികത എവിടെപ്പോയെന്ന് സോഷ്യൽ മീഡിയ

പിരിച്ചുവിട്ട 36 ജീവനക്കാരിൽ നാലുപേരെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് പറഞ്ഞതോടെ മീഡിയാ വണ്ണിലെ തൊഴിൽ പ്രശ്‌നത്തിന് പരിഹാരം! പത്രപ്രവർത്തക യൂണിയൻ വഞ്ചിച്ചെന്ന് മാദ്ധ്യമ പ്രവർത്തകരുടെ ആക്ഷേപം; ജമാഅത്തെ ഇസ്ലാമിയുടെ ധാർമ്മികത എവിടെപ്പോയെന്ന് സോഷ്യൽ മീഡിയ

എം ബേബി

തിരുവനന്തപുരം: പത്തുമുപ്പത്താറ് ജീവനക്കാരെ ഒറ്റയടിക്ക് പിരച്ചുവിട്ടിട്ട് നാലുപേരെ തിരച്ചെടുക്കാമെന്ന് പറഞ്ഞാൽ സമരം അവസാനിപ്പിക്കുന്ന ട്രേഡ് യൂണിയനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പക്ഷേ അങ്ങനെയൊന്നാണ് നമ്മുടെ പത്രപ്രവർത്തക യൂണിയൻ. ഒടുവിൽ മീഡിയാ വൺ ടി വി ചാനലിലെ തൊഴിൽ പ്രശ്‌നം പരിഹരിച്ചത് നോക്കുക. ഏകപക്ഷീയമായി പിരിച്ചു വിട്ട 36 ജീവനക്കാരിൽ നാലുപേരെ തിരിച്ചടെുക്കാമെന്ന്, ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയാ വൺ മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് പ്രശ്‌നത്തിന് അവസാനിപ്പിച്ചിരിക്കായാണ്. ഒരാളെക്കൂടി തിരിച്ചടെുക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ടെന്നും പത്രപ്രവർത്തക യൂണിയൻ നേതാക്കൾ വ്യക്തമാക്കി. പ്രോഗ്രാം ഡിവിഷൻ നിർത്തലാക്കുന്നതിനാൽ പിരിച്ചുവിടാൻ നോട്ടീസ് കൊടുത്ത ഒരാളെയും തിരിച്ചടെുക്കാനാവില്ലന്നെ കടുത്ത നിലപാടിലായിരുന്നു മാനേജ്‌മെന്റ്. ഒടുവിൽ ഇതിൽ നിന്ന് മാറി നാലുപേരെ തിരിച്ചടെുക്കാൻ സമ്മതം മൂളിയതിൽ ആശ്വസിക്കുകയാണ് പത്രപ്രവർത്തക യൂണിയൻ. ഇതോടെയാണ് പ്രശ്‌നം പരിഹരിച്ചതായി കാണിച്ച് യൂണിയൻ പത്രക്കുറിപ്പ് ഇറക്കിയത്.

അതേസമയം പത്രപ്രവർത്തക യൂണിയന്റെ നിലപാടിനെതിരെ മാദ്ധ്യമ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ഇത്രയും ദിവസം ചർച്ച നടത്തിയിട്ടും നിസ്സാരമായ നേട്ടമാണ് ഉണ്ടായതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽപോലും പ്രതിസന്ധിയുണ്ടാവുമ്പോൾ സിഐടി.യുവൊക്കെ ഇടപെട്ടുണ്ടാക്കുന്ന നഷ്ടപരിഹാര പാക്കേജുകൾനോക്കുമ്പോൾ പിരിച്ചുവിട്ടവർക്ക് കാര്യമായൊന്നും കിട്ടിയിട്ടില്ല. ഒരു ട്രേഡ് യൂണിയൻ എന്ന നിലയിൽ പത്രപ്രവർത്തക യൂണിയൻ തികഞ്ഞ പരാജയമാണെന്നും മാദ്ധ്യമപ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ട്.

അതേസമയം സദാസമയവും സത്യം ധർമ്മം നീതിയും, ഇരവാദവും പറഞ്ഞു നടക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പും ഈ വിഷയം ചൂണ്ടിക്കാട്ടി നവമാദ്ധ്യമങ്ങളിൽ പലരും വിമർശിക്കുന്നുണ്ട്. ഇപ്പോൾ എവിടെപ്പോയി നിങ്ങളുടെ ധാർമ്മികതയെന്നും, ഇത്രയും തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന നിങ്ങൾക്ക് മാനവികതയെക്കുറിച്ച് സെമിനാർ നടത്താൻ എന്ത് അവകാശമാണെന്നം നവമാദ്ധ്യമങ്ങളിൽ ചോദ്യമുയരുന്നുണ്ട്.

റീജ്യണൽ ജോയന്റ് ലേബർ കമ്മീഷണറൽ കെ എം സുനിലിന്റെയും ജില്ലാ ലേബർ ഓഫീസർ പി വി വിപിൻ ലാലിന്റെയും സാന്നിധ്യത്തിൽ മീഡിയാ വൺ മാനേജ്‌മെന്റുമായി യൂണിയൻ ജില്ലാ ഭാരവാഹികൾ നടത്തിയ ചർച്ചകക്ക് ഒടുവിലാണ് തൊഴിൽ തർക്കത്തിന് പരിഹാരം കാണാൻ കഴിഞ്ഞത്. എട്ടോളം ദിവസങ്ങൾ ചർച്ച നടത്തിയാണ് അവസാനം ധാരണയിലത്തൊനായത്. കെ യു ഡബ്യു ജെ സംസ്ഥാന പ്രസിഡന്റും ജനറൽസെക്രട്ടറിയും പങ്കെടുത്ത് മീഡിയാ വൺ മാനേജ്‌മെന്റുമായും ചർച്ച നടന്നിരുന്നു. മീഡിയാ വണ്ണിൽ തുടരാൻ ആഗ്രഹിക്കുന്നവും പിരിഞ്ഞു പോകാൻ സന്നദ്ധതയുള്ളവരുമായി പല തവണ യൂണിയൻ വിഷയം ചർച്ച ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് യൂണിയൻ മുന്നോട്ട് പോയത്. എന്നാൽ നിയമപ്രകാരം അവകാശപ്പെട്ട ആനുകൂല്യം നൽകാമെന്നും ഒരാളെ പോലും തിരിച്ചടെുക്കാവുന്ന സാഹചര്യമല്ല സ്ഥാനത്തിൽ ഉള്ളതെന്നുമായിരുന്നു മാനേജ്‌മെന്റ് മുൻ നിലപാടെന്ന് പത്രപ്രവർത്തക യൂണിയൻ നേതാക്കൾ വ്യക്തമാക്കി.

അഞ്ച് വർഷത്തിൽ കൂടുതൽ സർവീസുള്ളവർക്കാണ് നിയമപ്രകാരം ഗ്രാറ്റിവിറ്റിക്ക് അർഹതയുണ്ടാവുക. എന്നാൽ പിരിച്ചു വിടുന്ന എല്ലാവർക്കും ഗ്രാറ്റിവിറ്റി നൽകണമെന്ന യൂണിയന്റെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചു. നാല് വർഷവും അതിന് മുകളിലുള്ളവർക്ക് മുഴുവൻ ഗ്രാറ്റിവിറ്റിയും താഴെയുള്ളവർക്ക് ഒരു വർഷം അഞ്ച് ദിവസം എന്ന കണക്കിലും ഗ്രാറ്റിവിറ്റ് അനുവദിക്കും. പിരിച്ചു വിടൽ അലവൻസ് 15 ദിവസമെന്നത് ഓരോ വർഷവും 25 ദിവസം എന്ന കണക്കിൽ ഉയർത്താനും അർഹതപ്പെട്ട 9 മാസത്തെ ബോണസ് ഒരു വർഷത്തേതാക്കി ഉയർത്താനും കഴിഞ്ഞു. ആദ്യം കടുത്ത പിടിവാശി കാട്ടിയെങ്കിലും പിന്നീട് യൂണിയനുമായി സഹകരിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള സമീപനമാണ് മീഡിയാ വൺ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നു.

പത്രപ്രവർത്തക യൂണിയനും മീഡിയ വൺ മാനേജ്‌മെന്റും ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ നടത്തിയ സമവായ ചർച്ചയിലെ വ്യവസ്ഥകൾ മാനേജ്‌മെന്റ്‌നേരത്തെ അട്ടിമറിച്ചിരുന്നു. 36 ജീവനക്കാരെയും ഏകപക്ഷീയമായി പിരിച്ചുവിട്ട് ഡിസംബർ ഒന്നിന് ഉത്തരവിറക്കി. ജനുവരി ഒന്ന് മുതൽ ജോലിക്ക് വരേണ്ടെന്ന് കാട്ടിയാണ് മാനേജ്‌മെന്റ് ഉത്തരവ് നൽകിയത്. ഡിസംബർ ആറാം തിയ്യതി യൂണിയനും മാനേജ്‌മെന്റും ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ഒരു ചർച്ച നിശ്ചയിച്ചിരുന്നു. ഇതിനിടയിൽ യാതൊരു നടപടിയും ഉണ്ടാവരുതെന്ന് ലേബർ ഓഫീസർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് തള്ളിയാണ് ഡിസംബർ ഒന്നിന് മാനേജ്‌മെന്റ് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയത്. ഇതോടെയാണ് കെ യു ഡബ്യു ജെ സമരവുമായി രംഗത്തേക്കത്തെിയത്.

ചാനൽ തുടങ്ങും മുമ്പ് നിയമിതരായ അഞ്ച് വർഷം വരെ സർവ്വീസുള്ള ജീവനക്കാരെയാണ് പിരിച്ചു വിടുന്നതെന്നാണ് മാനേജ്‌മെന്റ് വാദം. പ്രോഗ്രാം വിഭാഗം നിർത്തലാക്കുന്നുവെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പിരിച്ചുവിടുന്നവർ ന്യൂസ്, പ്രോഗ്രാം വിഭാഗങ്ങളിൽ ഒരു പോലെ ജോലി ചെയ്തു വരുന്നവരാണ്. നിയമിക്കുമ്പോൾ അവർക്ക് നൽകിയ ഓഫർ ലെറ്ററിൽ വിഷ്വൽ എഡിറ്റർ, ക്യാമറ പേഴ്‌സൺ എന്നിങ്ങനെയാണ് തസ്തിക കാണിച്ചിരുന്നത്. വാർത്തയും വിനോദ പരിപാടികളും ചാനൽ ഒരുമിച്ചാണ് സംപ്രേഷണം ചെയ്തിരുന്നത്. കോമൺ പൂളിലുള്ള ജീവനക്കാരാണ് ഈ ജോലികളെല്ലാം ചെയ്തിരുന്നതും. പ്രോഗ്രാം വിഭാഗം നിർത്തലാക്കുന്നു എന്ന കാരണം കാണിച്ച് വ്യക്തമായ ഒരു മാനദണ്ഡവും അടിസ്ഥാനമാക്കാതെ വിഷ്വൽ എഡിറ്റർമാരെയും ക്യാമറാമാന്മാരെയും പുറത്താക്കുന്നത് അന്യായവും ലേബർ നിയമങ്ങൾക്കെല്ലാം വിരുദ്ധവുമാണെന്ന് പത്രപ്രവർത്തക യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

വാർത്താധിഷ്ടിത പരിപാടികൾ ചാനലിൽ തുടരുന്നിടത്തോളം ഈ തൊഴിലാളികൾക്ക് തൊഴിലിൽ തുടരാനുള്ള എല്ലാ അർഹതയും നിയമപ്രകാരം ഉണ്ടെന്നും ഇവർ പറഞ്ഞിരുന്നു. പിരിച്ചുവിട്ടതിൽ വെറും നാലുപേരെ മാത്രമാണ് തിരിച്ചടെുത്തതെങ്കിലും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നേടിക്കെടുക്കാനായി എന്നതിന്റെ പേരിൽ ആശ്വസിക്കുകയാണ് പത്രപ്രവർത്തക യൂണിയൻ ഇപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP