Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളികളും മഠങ്ങളും മനോരമ ബഹിഷ്‌കരിച്ചു തുടങ്ങി; സഭാ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾക്കും പത്രം നിർത്താൻ നിർദ്ദേശം; മനോരമ ബഹിഷ്‌കരിച്ചു ദീപികയുടെ പ്രചാരകരാവാൻ നവമാദ്ധ്യമങ്ങളിലും കൊണ്ടുപിടിച്ച പ്രചാരണം; മാതൃഭൂമി പ്രവാചക നിന്ദയിൽ കുടുങ്ങിയത് പരമാവധി മുതലെടുത്ത മനോരമക്കു തിരിച്ചടിയായി പരമാവധി മുതലെടുപ്പിനു ദീപികയും രംഗത്ത്

പള്ളികളും മഠങ്ങളും മനോരമ ബഹിഷ്‌കരിച്ചു തുടങ്ങി; സഭാ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾക്കും പത്രം നിർത്താൻ നിർദ്ദേശം; മനോരമ ബഹിഷ്‌കരിച്ചു ദീപികയുടെ പ്രചാരകരാവാൻ നവമാദ്ധ്യമങ്ങളിലും കൊണ്ടുപിടിച്ച പ്രചാരണം; മാതൃഭൂമി പ്രവാചക നിന്ദയിൽ കുടുങ്ങിയത് പരമാവധി മുതലെടുത്ത മനോരമക്കു തിരിച്ചടിയായി പരമാവധി മുതലെടുപ്പിനു ദീപികയും രംഗത്ത്

കെ വി നിരഞ്ജൻ

കോഴിക്കോട്: എക്കാലവും മതങ്ങളെയും മതമേലധ്യക്ഷന്മാരെയും പറ്റുന്ന രീതിയിലൊക്കെ സുഖിപ്പിച്ച് കോപ്പി വർധിപ്പിച്ച പത്രമാണ് മലയാള മനോരമ. പൈങ്കിളിസംസ്‌ക്കാരത്തിന് വിത്തേകിയെന്നപോലെ, കേരളത്തിലെ വർഗീയത വളർത്തിയതിലും മോശമില്ലാത്ത പങ്ക് ഈ പത്രമുത്തശ്ശിക്കുണ്ടെന്ന് സാംസ്കാരിക വിമർശകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ തങ്ങൾ തുറന്നുവിടുന്ന വിഷപ്പാമ്പുകൾ ഒരിക്കൽ ബൂമറാങ്ങായി തിരിച്ചുവരുമെന്ന് മനോരമ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ കോപ്പിയുള്ള ഭാഷാദിനപ്പത്രത്തിന്റെ അടിത്തറയിളക്കുന്ന രീതിയിലാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കാര്യങ്ങൾ നീങ്ങുന്നത്. 'ഭാഷാപോഷിണി' പ്രസിദ്ധികരിച്ച തിരുവത്താഴ ചിത്രം വിശ്വാസത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മനോരമക്കെതിരെ മലയോര മേഖലയിലടക്കം ക്രൈസ്തവ സഭ പ്രചാരണം ശക്തമായിരക്കയാണ്.

ഞായറാഴ്ച കോഴിക്കോട്ടെ മലയോര മേഖലയായ താമരശ്ശേരിയിലെയും കോടഞ്ചേരിയിലെയും പല ക്രിസ്ത്യൻ ദേവാലയങ്ങളിലും മനോരമ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനമുണ്ടായി. സമാനമായ അവസ്ഥയാണ് ഇടുക്കിയിലും കോട്ടയത്തുമൊക്കെയുള്ളത്. കമ്യൂണിസ്റ്റുകാർ അടക്കമുള്ളവർക്കെതിരെ നിരന്തരം നുണയെഴൂതി സഭയെക്കൊണ്ട് ഇടയലേഖനം എഴുതിപ്പിക്കുന്ന മനോരമ ഇത്തരമൊരു തിരച്ചടി ഒരിക്കലും ഓർത്തിട്ടുണ്ടാവില്ല.കഴിഞ്ഞ രണ്ടുദിവസങ്ങളായി കാൽലക്ഷത്തോളം കോപ്പികളുടെ ഇടിവ് മനേരമയുടെ സർക്കുലേഷനിൽ ഉണ്ടായിട്ടുണ്ട്.പരസ്യബഹിഷ്‌ക്കരണം അടക്കമുള്ള കടുത്ത നടപടി വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നാണ് അറിയുന്നത്. മനോരമ ഓഫീസുകളിലാവട്ടെ ഫോണിലൂടെയും വരുന്ന ഭീഷണികൾക്കും തെറിവിളികൾക്കും കുറവില്ല.

തിരുവത്താഴ ചിത്രം വിവാദത്തെ തുടർന്ന് ഭൂരിഭാഗം ചർച്ചുകളും കോൺവെന്റുകളും പത്രം ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. സഭ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങൾക്കും പത്രം നിർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.കാർഷിക മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കോഴിക്കോട് തിരുവമ്പാടിയിൽ നടന്ന കത്തോലിക്ക കോൺഗ്രസ് പൊതുയോഗം മനോരമ ക്കെതിരെയുള്ള പ്രചാരണ പ്രഖ്യാപനമായി മാറി. വിശ്വാസികൾ മനോരമ യിലെ ജോലി ഉപേക്ഷിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. കോടഞ്ചേരി മേഖലയിൽ ഞായറാഴ്ച പ്രതിഷേധമുയർന്നു. വിശ്വാസികൾ സഭയുടെ ദിനപത്രമായ ദീപിക വരി ചേർക്കണമെന്നും നിർദ്ദേശമുണ്ട്. മനോരമ ബഹിഷ്‌ക്കരിച്ച് ദീപികയുടെ പ്രചാരകരാവാൻ വിശ്വാസികളോട് ആവശ്യപ്പെടുന്ന സന്ദേശങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

മത സ്വാതന്ത്ര്യത്തിനും സ്ത്രീത്വത്തിന്റെ മഹത്വത്തിനും ക്രൈസ്തവ വിശ്വാസത്തിനുമെതിരെ വെല്ലുവിളി ഉയർത്തി, വികലമാക്കിയ തിരുവത്താഴചിത്രം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച പത്രാധിപരുടെ നടപടിക്കെതിരെ താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ പ്രതിഷേധിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇത്തരം തെറ്റായ നടപടികൾ തുടർന്നാൽ അത്തരക്കാർ തക്കതായ വില കൊടുക്കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പുനൽകി.താമരശ്ശേരി രൂപതയുടെ പത്താമത് പാസ്റ്ററൽ കൗൺസിലിന്റെ ഉദ്ഘാടനം ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് നിർവഹിച്ചു.

അതേസമയം മനോരമ വിതച്ചതുകൊയ്യുകയാണെന്ന് അഭിപ്രായമുള്ളവരും നിരവധിയാണ്. ചെറിയ മതവിമർശനംപോലും താങ്ങാനാവാത്ത രീതിയിൽ വിശ്വാസികളുടെ മനസ്സിനെ പരുവപ്പെടുത്തിയെടുത്തതിൽ മനോരമയുടെ മതപ്രീണനത്തിനും നല്ലൊരു പങ്കുണ്ട്. കോളജ് മാഗസിനുകളിൽപോലും ക്രിസ്തുമതത്തെക്കുറിച്ച് ചെറിയ വിമർശനമുള്ള ലേഖനം വന്നാൽ അത് വാർത്തയാക്കി വിശ്വാസികളെ തെരുവിലിറക്കുകയെന്നത് മനോരമ കാലകാലങ്ങളായി ചെയ്തുവരുന്ന സാമൂഹിക ദ്രോഹമാണ്. ഇപ്പോൾ അത് തിരച്ചടിക്കയാണെന്നും നവമാദ്ധ്യമങ്ങളിൽ ശക്തമായ വിമർശനം ഉയരുന്നുണ്ട്.

നേരത്തെ മാതൃഭൂമി പ്രവാചക നിന്ദാ വിവാദത്തിൽ കുടുങ്ങിയപ്പോൾ അത് തന്ത്രപുർവം മുതലെടുത്തത് ഈ മുത്തശ്ശി പത്രമാണ്. മാതൃഭൂമിക്കെതിരെ മനോരമ ഒരക്ഷരം എഴുതിയിട്ടില്ലെങ്കിലും ഫീൽഡിൽ നിശബ്ദ ആക്രമണം നടത്തുകയായിരുന്നു. മനോരമ ജീവനക്കാർ മുസ്ലിം പോക്കറ്റുകളിൽ വീടുവീടാന്തരം കയറിയിറങ്ങി ഈ അവസരം മുതലെടുത്തു. ഇതിനായി പ്രത്യേകം മുസ്ലിം ജീവനക്കാരുടെ സ്‌ക്വാഡുകൾതന്നെ മനോരമ ഇറക്കുകയുണ്ടായി. ഇത്തരം ജീവനക്കാർ പച്ചക്ക് വർഗീയത പറഞ്ഞുതന്നെയാണ് കോപ്പി പിടിച്ചത്. മാത്രമല്ല 'ലൗ ജിഹാദ്' സംബദ്ധിച്ച വാർത്തകൾ ഉണ്ടായ സമയത്ത് മനോരമക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്തത്തെിയിരുന്നു. ആ ചൊരുക്കം മാതൃഭൂമിയുടെ അബദ്ധം മുതലെടുത്ത് മനോരമ മേക്കപ്പ് ചെയ്തു.

ഇപ്പോൾ മനോരമക്ക് കിട്ടിയ പണി അതുപോലെ മുതലെടുക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരക്കുന്നത് ദീപികയാണ്. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പിന്തുണയും അവർക്കുണ്ട്. മാതൃഭൂമിക്കെതിരെ മനോരമ ചെയ്തതുപോലെ ഇപ്പോൾ, മലയോര മേഖലകളിലടക്കം ദീപികയുടെ ഫീൽഡ് സ്റ്റാഫും കോപ്പിപിടിക്കാനായി സജീവമാണ്.അതിനിടെ അപകടം മണത്ത് പ്രശ്‌നം പരിഹരിക്കാനായി മനോരമ മാനേജ്‌മെന്റും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP