Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എംടിക്കു പിന്തുണയുമായി കോടിയേരിയും എംജിഎസും; അഭിപ്രായം പറയാൻ മറ്റാരേക്കാളും അവകാശമുള്ളത് എംടിക്കെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി; അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് ഏകാധിപത്യ പ്രവണതയെന്ന് എംജിഎസ് നാരായണനും

എംടിക്കു പിന്തുണയുമായി കോടിയേരിയും എംജിഎസും; അഭിപ്രായം പറയാൻ മറ്റാരേക്കാളും അവകാശമുള്ളത് എംടിക്കെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി; അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് ഏകാധിപത്യ പ്രവണതയെന്ന് എംജിഎസ് നാരായണനും

 

തിരുവനന്തപുരം: നോട്ടു നിരോധനത്തെ വിമർശിച്ച എം ടി. വാസുദേവൻ നായർക്കെതിരേ സംഘപരിവാർ സംഘടനകൾ ആക്രമണം ശക്തമാക്കിയതിൽ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചരിത്രകാരൻ എം.ജി.എസ്. നാരായണനും അടക്കമുള്ളവർ എംടിക്കു പിന്തുണയുമായി രംഗത്തെത്തി. എംടിയെ അധിക്ഷേപിക്കുന്നതിലൂടെ ബിജെപി, ആർഎസ്എസ് ശക്തികൾ ഫാസിസ്റ്റ് മുഖം തുറന്നുകാട്ടുകയാണെന്ന് കോടിയേരി ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യാൻ ഒരു രാഷ്ട്രീയ പാർട്ടിയും അവകാശമില്ലെന്ന് എംജിഎസും ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലും എംടിക്ക് പിന്തുണ ശക്തമാകുന്നുണ്ട്.

നോട്ട് അസാധുവാക്കലിൽ തെളിയുന്നത് മോദിയുടെ അരാജകത്വ ഭരണനയമാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. സാമാന്യബുദ്ധിയും ദേശക്കൂറുമുള്ള ആരും അതിനോട് വിയോജിക്കും. ജ്ഞാനപീഠജേതാവായ എംടി അത് ചെയ്തത് മഹാ അപരാധമായി എന്നവിധത്തിൽ സംഘപരിവാർ നടത്തുന്ന പ്രതികരണവും എംടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും പ്രാകൃത നടപടിയാണ്. നോട്ട് നിരോധനത്തെപ്പറ്റി പ്രതികരിക്കാൻ എംടി ആരെന്ന ബിജെപി നേതാക്കളുടെ ചോദ്യം അസംബന്ധമാണ്. ഇത്തരം വിഷയങ്ങളിൽ മറ്റാരേക്കാളും അഭിപ്രായം പറയാനുള്ള അർഹതയും അവകാശവും മഹാസാഹിത്യകാരനായ എം ടിക്കുണ്ട്. ബിജെപി വരയ്ക്കുന്ന വരയിൽ നടക്കണമെന്നും സംഘപരിവാർ കുറിക്കുന്ന ലക്ഷ്മണരേഖ കടക്കരുതെന്നും കൽപിച്ചാൽ അത് നടപ്പാക്കാനുള്ള വെള്ളരിക്കാപട്ടണമല്ല ഇന്ത്യ.

'നാലുകെട്ടുകാരൻ' ഇനി പാക്കിസ്ഥാനിൽ താമസിക്കുന്നതാണ് നല്ലതെന്ന് ചില സംഘപരിവാറുകാർ സാമൂഹ്യമാദ്ധ്യമങ്ങളിൽ കുറിച്ചിട്ടുള്ളത് സംസ്‌കാരസമ്പന്നമായ ഇന്ത്യയ്ക്കാകെ അപമാനകരമാണെന്നും കോടിയേരി പറഞ്ഞു. എം ടി ഇന്ത്യയ്ക്ക് അഭിമാനമായ സാഹിത്യകാരമാണ്. ബിജെപിയുടെയും മോദിയുടെയും കുഴലൂത്തുകാരാകാത്ത എഴുത്തുകാർ പിറന്നമണ്ണിൽ ജീവിക്കണ്ടായെന്ന് പ്രഖ്യാപിക്കുന്നത് ഫാസിസമാണ്. എം ടി.ക്കെതിരെ സംഘപരിവാർ ശക്തികൾ നടത്തുന്ന ഉറഞ്ഞുതുള്ളൽ അവസാനിപ്പിക്കാൻ ജനാധിപത്യ.ശക്തികൾ ശബ്ദമുയർത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ അഭ്യർത്ഥിച്ചു.

അഭിപ്രായസ്വാതന്ത്രത്തെ ചോദ്യം ചെയ്യാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശമില്ലെന്ന് എംജിഎസ് നാരായണൻ പറഞ്ഞു. തന്റെ അഭിപ്രായം പറയുവാൻ എല്ലാവർക്കുമെന്ന പോലെ എംടിക്കും അവകാശമുണ്ട്. സാംസ്‌കാരികനായകന്മാരും ബുദ്ധിജീവികളും അഭിപ്രായസ്വരൂപിക്കുന്നവരാണെന്നും ബിജെപിയുടെ എംടി വിമർശനത്തെ തള്ളിക്കൊണ്ട് എംജിഎസ് വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാൻ ഏതെങ്കിലും പാർട്ടി ശ്രമിച്ചാൽ അത് ഏകാധിപത്യമായി വിശേഷിപ്പിക്കപ്പെടുമെന്ന് പറഞ്ഞ എംജിഎസ് നോട്ട് നിരോധനം ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്നത് യഥാർത്ഥ്യമാണെന്നും പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക്ക് രചിച്ച 'കള്ളപ്പണ വേട്ട; മിഥ്യയും യാഥാർഥ്യവും' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ തിരൂർ തുഞ്ചൻപറമ്പിൽ നിർവഹിക്കവേയാണ് എം ടി. വാസുദേവൻ നായർ മോദിക്കെതിരേ വിമർശം ചൊരിഞ്ഞത്. മോദിയുടെ നോട്ട് നിരോധനത്തെ തുഗ്ലക്കിന്റെ പ്രവർത്തികളോടാണ് എംടി ഉപമിച്ചത്. തുഗ്ലക്കിന്റെ തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങൾക്കെതിരേ ജനത്തിന്റെ എതിർപ്പ് ഉയർന്നു വന്ന സാഹചര്യത്തിലാണ്. ഇത്തരം എതിർപ്പുകൾ എല്ലാക്കാലത്തും ഉയർന്നുവരുമെന്നും എംടി മുന്നറിയിപ്പായി പറഞ്ഞു.

മോദിയെ വിമർശിക്കാൻ എംടി വളർന്നിട്ടില്ലെന്ന ധ്വനിയായിരുന്നു ബിജെപിക്കുവേണ്ടി ആക്രമണം നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ വാക്കുകളിൽ നിഴലിച്ചത്. കാര്യങ്ങളറിയാതെയാണ് എംടി പ്രതികരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സേതുവും മോഹനവർമ്മയും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ അത് ഉചിതമാണ്. വീടിന് തൊട്ടടുത്ത് നടന്ന ടിപി വധത്തിനെതിരെ തൂലിക ചലിപ്പിക്കുകയോ അതിനെതിരെ പ്രതികരിക്കുകയോ ചെയ്യാതിരുന്ന എംടി ഇപ്പോൾ ആർക്കോ വേണ്ടി സംസാരിക്കുകയാണെന്നും എ.എൻ. രാധാകൃഷ്ണൻ ആരോപിച്ചു.

എംടിയെപ്പോലൊരു ആദരണീയനായ സാഹിത്യകാരന്മാരെവരെ ആക്രമിക്കുന്നതിൽ സംഘപരിവാർ മടിക്കാത്തതിനെതിരേ സാമൂഹികമാദ്ധ്യമങ്ങളിലടക്കം വൻ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP